ഹോ! ചേട്ടന്റെ കടയില്‍ നിന്ന് പുറത്തേക്ക് നോക്കി നിന്ന് ഒരു സോഡാ നാരങ്ങാവെള്ളവും ഒരു മുഴുത്ത ബോണ്ടയും ആര്‍ത്തിയോടെ അകത്താക്കുമ്പോഴാണു ആ കാഴ്ച കണ്ടതും ബോണ്ട എന്റെ തൊണ്ടയില്‍ കുരുങ്ങിയതും.
അലസമായ്, എന്നാല്‍ ചുണ്ടിലൊരു മന്ദഹാസവുമായ് - മഴവില്ല് തോണ്ടിയെടുത്തു ചുണ്ടില്‍ തേച്ചപോലത്തെ പുഞ്ചിരിയുമായ്- മെല്ലെ മെല്ലെ നടന്നു വരുന്നു അവള്‍. സിന്ദൂരപ്പൊട്ട്, അത് വിയര്‍പ്പിലലിഞ്ഞ് കുതിര്‍ന്ന് നെറ്റിയില്‍ പടര്‍ന്നിരിക്കുന്നു. മുടിയിഴകള്‍ അലസമായ് മൂന്നാലിഴകള്‍ അവളുടെ മുഖത്തേക്ക് വീണു കിടക്കുന്നു. ഇത്ര ദിവസം കോളേജ് വരാന്തയിലൂടെ തേരാപ്പാരാ അലഞ്ഞിട്ടും ഇവളെ എന്തേ കണ്ടില്ലാ. ചിലപ്പോള്‍ പവിഴങ്ങള്‍ സമുദ്രത്തിനടിത്തട്ടിലെന്ന പോലെ ഇവള്‍ കോളേജിലെ ഏതെങ്കിലും ഇരുണ്ട് കോണീല്‍ എനിക്കായ് കാത്തിരുന്നതാവും.
ഒരിറക്ക് സോഡാ വിഴുങ്ങി, ഞാന്‍ പിന്നാലെ പാഞ്ഞു. പിന്നില്‍ നിന്നും ചേട്ടന്‍ വിളിച്ചു കൂവി, 'കാശു തന്നില്ലാ.. '
'പറ്റിലെഴുതിക്കോ' എന്ന് ഞാന്‍ വിളിച്ചു പറഞ്ഞു.
'ഏതു പറ്റ്?' എന്ന് ചേട്ടന്‍ വീണ്ടും കൂവിയതിനെ പ്രതിപക്ഷ ബഹളത്തിനിടയില്‍ അതു ശ്രദ്ധിക്കാതെ പ്രസംഗിക്കുന്ന മന്ത്രി പുംഗവനെപ്പോലെ ഞാനും എന്റെ കര്‍ത്തവ്യത്തില്‍ നിരതനായ്.
ഇപ്പോള്‍ എനിക്കൊരു ലക്ഷ്യമായ്, ഇനി കിട്ടുന്ന സമയത്ത് നായെപ്പോലെ അലഞ്ഞു തിരിഞ്ഞ് നടക്കേണ്ട്. നങ്കൂരമിടാനുള്ള സ്ഥലം ലഭിച്ചിരിക്കുന്നു!
എന്നും രാത്രിയില്‍ അവള്‍ക്കായ് ഓരോ കത്തെഴുതി, നേരം വെളുക്കുമ്പോള്‍, അതു വായിച്ച് ബോര്‍ അടിച്ച്, കീറിക്കളയും. ഒരു കത്ത്, മനസ്സില്‍ തിളക്കുന്ന ലാവ മുഴുവന്‍ പകര്‍ത്തി വെക്കണം.അതു വായിച്ച് അവള്‍ പ്രണയാഗ്നിയില്‍ ജ്വലിക്കണം.
കഷ്ടം ! മലയാള ഭാഷ എത്ര ശുഷ്കം...? എനിക്ക് അതിന്റെ മോന്തക്കിട്ട് ഒരു ചവിട്ട് കൊടുക്കാന്‍ തോന്നി. വെറുതെയല്ലാ ഇവിടെ പ്രണയങ്ങളൊന്നും പൂക്കാത്തത്.. ഭാഷ അപൂര്‍ണ്ണം...!
അങ്ങനെ ആ സുദിന കാലഘട്ടം വന്നണഞ്ഞു. കോളേജിലക്ഷന്‍ എന്ന സുന്ദര സുരഭില കാലം. എല്ലാ പെണ്ണൂങ്ങളെയും സ്വൈര്യമായ് പഞ്ചാരയടിക്കാനുള്ള ലൈസന്‍സ് കിട്ടിയ സ്വര്‍ഗ്ഗീയ നിമിഷങ്ങള്‍.കോളേജില്‍ വെച്ച് പഞ്ചാരയടിക്കുന്നതും പോരാതെ വീടു തെണ്ടി വോട്ടു പിടിക്കാനുള്ള ഭാഗ്യവും.
സാധാരണ വെയിലു കൊണ്ടു നടന്ന് നടത്തുന്ന ഈ തെണ്ടലില്‍ എനിക്ക് വലിയ താല്പര്യമൊന്നും ഇല്ലായിരുന്നു. കാരണം ഇഷ്ടം പോലെ വായിക്കാം. ക്രിക്കറ്റ് കളിക്കാം. എന്നാല്‍ ഇത്തവണ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന ചില കൂട്ടുകാരുമായ് വീടു തെണ്ടാം എന്നു വിചാരിച്ചു. യാത്ര തിരിച്ചപ്പോഴാണു പ്രശ്നം! എന്നെപ്പോലെ തന്നെ അവന്മാര്‍ക്കും ഓരോ ലക്ഷ്യം.... ഒരുത്തനു തലനാട് ആണെങ്കില്‍ മറ്റൊരുത്തനു അടിവാരം വേറൊരുത്തനു പൂഞ്ഞാര്‍....
അവളുടെ വീട്ടിലെത്തിയപ്പോള്‍ എന്റെ കാലുകള്‍ക്ക് ഒരു വിറയല്‍. ഹേയ്, തോന്നലാ... മനസ്സിനെ മെരുക്കാന്‍ ദീര്‍ഘമായ് ശ്വാസം വിട്ട് കരുത്തുനേടി....നല്ലൊരു വീട്, കൊള്ളാം സുന്ദരിക്ക് ചേരുന്ന വീടു തന്നെ.... വീടിന്റെ മുറ്റത്ത് നിറയെ ചെടികള്‍, ഒരു ചട്ടിയില്‍ കള്ളിമുള്‍ ച്ചെടി. അതില്‍ സൂക്ഷിച്ചു നോക്കിയപ്പോള്‍ എനിക്ക് സന്തോഷം സഹിക്കാന്‍ കഴിഞ്ഞില്ലാ. അവളുടെ പേര്‍, നഖം കൊണ്ട് അതില്‍ പോറിച്ചു വെച്ചിരിക്കുന്നു. ആ ചെടി പറിച്ച് വേരോടെ തിന്നാന്‍ എനിക്കു തോന്നി....
ഹോ..! മുള്ളൂകള്‍, ദരിദ്രവാസികള്‍..! എന്റെ പ്രണയത്തെ അനുവദിക്കാത്തവര്‍.. മുള്ളേ നീ മുടിഞ്ഞു പോകട്ടേ...!
സ്വീകരണമുറിയില്‍ ഞങ്ങള്‍ ഉപവിഷ്ടരായ്, അവളുടെ അപ്പന്‍, ഒരു മഹാ കത്തി. കോളേജില്‍ രാഷ്ട്രീയം പാടില്ലാ എന്നൊക്കെ കിളവന്‍ വെച്ചു കീച്ചുന്നു. മന്ദന്‍ മാത്രം രസിച്ചു കേള്‍ക്കുന്നുണ്ട്. ഷൈന്‍ തിന്നാന്‍ കോണ്ടുവരുന്ന സാധനങ്ങളെക്കുറിച്ച് ആലോചിച്ചാണെന്നു തോന്നുന്നു വെള്ളം വിഴുങ്ങുന്നു... കിളവന്റെ കത്തികേട്ട് ബോറടിച്ച് അനൂബ് ഇടക്ക് എന്റെ ചെവിയില്‍ പറഞ്ഞു മൂപ്പിലാനെ അങ്ങു പൂശിയാലോ... ഞാന്‍ അവനോട് മിണ്ടാതിരിക്കാന്‍ കണ്ണുകാണിച്ചു..
അപ്പോള്‍ അതാ അവള്‍ വരുന്നു. ചുണ്ടില്‍ ആ പുഞ്ചിരിയുണ്ട്, അവള്‍ എന്നെ സൂക്ഷിച്ചു നോക്കിയതുപോലെ, അവളുടെ ചിരി എനിക്കായ് മാത്രമാണെന്നു ഞാന്‍ വിചാരിച്ചു. എല്ലാര്‍ക്കും ഓരോഗ്ലാസ് ജൂസ്, പിന്നെ ഒരു താലത്തില്‍ ബിസ്ക്കറ്റ്.. ഞാന്‍ അവളെ നോക്കി നന്നായ് ചിരിച്ചു.
ഞാന്‍ ഒരു സ്വപ്നത്തില്‍ അലിഞ്ഞതുപോലെ.... അവളുടെ കൈ പിടിച്ച് ഞാന്‍ ഓടുന്നു... വാഗമണ്ണിലെ യൂക്കാലിക്കാടുകള്‍ക്കിടയിലൂടെ, ആ മൊട്ട കുന്നിലേക്ക് ഓടിക്കയറുന്നു.. ഓട്ടം ഓട്ടം... പിന്നെ അവളൂടെ തോളില്‍ ചാരി നിന്നു കിതക്കുന്നു.... പ്രണയം മഞ്ഞായ് എന്നില്‍ നിറയുന്നു..അവള്‍ക്ക് എന്തു നല്ല സുഗന്ധം..ഞാന്‍ ഒന്നുകൂടെ മണത്തു... അവളുടെ പിന്‍ കഴുത്തില്‍.......
ച്ചേയ്, ഒരു മീനുളൂമ്പിന്റെ നാറ്റം.....!!!
ഞാന്‍ സ്വപനത്തില്‍ നിന്നും ഇട്ടപ്പൊത്തോന്ന് താഴെ വീണൂ.....എല്ലാരും ജ്യൂസ് കുടിച്ച് ചിറി തുടച്ച് ബിസ്ക്കറ്റ് തിന്നുന്നു...ഞാന്‍ ഗ്ലാസില്‍ ഒന്നുകൂടെ മണത്തു നോക്കി.........
മത്തിയുടേ നാറ്റം..!ചിഞ്ഞ മത്തിയുടെ നാറ്റം.. !!
എനിക്ക് ഓക്കാനം വന്നു... അതു കണ്ട് കൂട്ടുകാര്‍ എന്നെ നോക്കി, ഏതു ഷാപ്പില്‍ നിന്നാ ഞാന്‍ അവരറിയാതെ വീശിയതെന്ന രൂക്ഷതയോടെ....!
അവിടെ നിന്നിറങ്ങിയപ്പോള്‍... എന്നില്‍ സ്വപ്നങ്ങളില്ലയിരുന്നു....
എവിടെയെങ്കിലും എന്റെ പ്രണയം ഒന്നു ഛര്ദ്ദിച്ചു കളയണമെന്നേ ഉണ്ടായിരുന്നുള്ളൂ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ