2009 ഫെബ്രുവരി 8, ഞായറാഴ്‌ച

ആദ്യാനുരാഗത്തിന്‍..... കോഴിത്തൂവലുകള്‍.....

കോളേജിലെത്തി,അലമ്പിന്റെ അത്യാവശ്യം കാര്യങ്ങളൊക്കെ പഠിച്ച് ഇനി ഏതു ചേട്ടന്മാരോടും ഒരു കൈ നോക്കാം എന്ന് ഒരു ഗമയൊക്കെ ആയപ്പോഴാണു. എനിക്ക് ഒരു പ്രണയമില്ലാത്തതിന്റെ ശൂന്യത ബോധ്യമായത്, നല്ല ചുള്ളത്തി പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജില്‍ എനിക്കു മാത്രം ഒരു പ്രണയമില്ലാതിരിക്കുക. ആലോചിച്ചാലോചിച്ച് എന്റെ മനസ്സിനു വരട്ടു ചൊറി പിടിച്ചു. പിന്നെ എപ്പോഴും മനസ്സില്‍ ചൊറിഞ്ഞുകൊണ്ടിരുന്നു,.

ഒരു പെണ്‍കുട്ടിയെ എങ്ങനെയാണു ലൈന്‍ ആക്കുക. ബിജുവാണു അതിനുത്തരം പറഞ്ഞത്. ആദ്യം നമുക്ക് ലൈന്‍ ആക്കേണ്ട കുട്ടിയെ തെരഞ്ഞെടുക്കുക. എന്നിട്ട് മൂന്നാലു വട്ടം വരാന്തയിലൂടെ തെക്കു വടക്കു നടക്കുക. ഒരു അലവലാതി വരാന്തയിലൂടെ ചുമ്മാ തേരാപ്പാരാ നടക്കുന്നത് അവള്‍ക്കു ബോധ്യപ്പെട്ടാല്‍ രണ്ടാം ഘട്ടമായ്, അവള്‍ നമ്മെളെ നോക്കും നമ്മുടെ നോട്ടം എപ്പോഴും ആ പോയിന്റില്‍ ആയതിനാല്‍ ഉടനെ പാക്ക് വിമാനം ഇന്ത്യന്‍ റഡാറില്‍ പതിക്കുന്നതിനെക്കാള്‍ സൂക്ഷമ‌മായും സുവ്യക്തമായും നമ്മുടെ റെറ്റിന പിടിച്ചെടുക്കും
നമ്മള്‍ അവളുടെ കണ്ണുകളിലേക്ക് നമ്മുടെ നോട്ടത്തെ ഫോക്കസ് ചെയ്യ്‌തിട്ട് ഒരു തവണ സൈറ്റ് അടിക്കുക (എങ്ങനാടാ സൈറ്റ് അടിക്കുന്നത്, ഞാന്‍ അറിയാതെ ഒന്നു ചോദിച്ചു പോയതിനു അവന്‍ വിളിച്ച തെറിക്ക് കണക്കില്ലാ, എങ്ങാണ്ടെത്തെ മഞ്ഞള്‍ മാറുന്നതിനു മുന്നെ കോളേജില്‍ വന്നവനാണു ഞാന്‍ എന്നൊക്കെ പറഞ്ഞു. എന്നിട്ടും ഞാന്‍ മിണ്ടിയില്ലാ, ഗുരുവേ നമഃ ഹ എന്നണല്ലോ. )ഒരു കണ്ണ് ട്യൂബ് ലൈറ്റ് പോലെ ഒന്നു മിന്നിക്കുന്നതാണു സൈറ്റ് അടിക്കുന്നതിലെ ശാസ്ത്രീയത എന്നവന്‍ പറഞ്ഞു തന്നു ഒരു നല്ല പുളിച്ച ചീത്തയുടെ അകമ്പടിയോടെ. ഞാന്‍ ഒന്നു ലൈന്‍ ആക്കിക്കോട്ടടാ എന്നിട്ട് നിന്നെ ഇതിന്റെ പത്തിരട്ടി തിരിച്ചു വിളിക്കുമെന്നു മനസ്സില്‍ പറഞ്ഞ് ആവശ്യം പോലെ മനസ്സില്‍ അവനെ ചീത്ത വിളിച്ചു സന്തൊഷിച്ചു.

മൂന്നാലു ദിവസത്തെ ശ്രമ ഫലമായ് ഒരു സുന്ദരിയെ കണ്ടു പിടിച്ചു. നല്ല ഉയരം, വെളുത്ത നിറം , നീണ്ട മുടി പിന്നാതെ അറ്റം കെട്ടിയിട്ടിരിക്കുന്നു.പോരാതെ ഫുള്‍ പാവാടയും ബ്ലൗസും. എന്നിലെ കാമുകനു സ്വപ്നം കാണാനും കവിത കുറിക്കാനും കഴിയുന്ന കണ്ണുകള്‍ (ഇത്രയും ഞാന്‍ ഒളിച്ചു നിന്നാണു കണ്ടത്)

ഒരു ദിവസം ഞാന്‍ വരാന്ത വഴി വന്നപ്പോള്‍, ദാ ആ കുട്ടി, ഒരു ചന്ദനക്കളര്‍ ബ്ലൗസും കറുത്ത ഫുള്‍ പാവാടയും ധരിച്ച്, മോഹിനിയായ് നില്‍ക്കുന്നു. ഹൃദയത്തില്‍ ഒരു മിന്നല്‍ , ഞാന്‍ അവളെ നോക്കിയപ്പോള്‍ അവള്‍ വശ്യമായ് ചിരിക്കുന്നു. ആ ചിരി എന്നില്‍ ആവേശത്തിന്റെ കൊടുങ്കാറ്റിളക്കി.
അടിച്ചൂ ഞാന്‍ സൈറ്റ്....!
ഒരു നിമിഷം ദാ ഫ്യൂസാവാന്‍ പോകുന്ന ട്യൂബ് ലൈറ്റ് പോലെ അവളുടെ കണ്ണുകള്‍ അടഞ്ഞു തുറക്കുന്നു.എനിക്ക് ബോധം പോയതുപോലെ തോന്നി.......ഒരു പാച്ചില്‍, എങ്ങനെ രക്ഷപ്പെട്ടുവെന്ന് എനിക്ക് അറിയില്ലാ. പണ്ടൊരിക്കല്‍ ഒരു എമണ്ടന്‍ പട്ടി എന്നെ ഓടിച്ചപ്പോഴും ഈ റ്റെക്ക്‌നിക്ക് ഞാന്‍ നന്നായ് പ്രയോഗിച്ചിരുന്നു.
ക്ലാസിലെത്തി, പിന്നിലത്തെ ബഞ്ചിലിരുന്നു,( ഒന്നാം ക്ലാസുമുതല്‍ അതാണു നമ്മുടെ രാജകീയ സ്ഥാനം,മുന്നിലിരുന്നാല്‍ പിന്നിലിരിക്കുന്ന ഒരുത്തനും ഒന്നും കാണാന്‍ പറ്റില്ലാ.)
വല്ലാത്ത കിതപ്പ്, "ഹേയ്, ഈ ക്ലാസിലാ പഠിക്കുന്നത്?"
തല ഉയര്‍ത്തിയപ്പോള്‍ ദാ, നിക്കണു നമ്മുടെ സൗന്ദര്യ ധാമം.. സത്യം പറയാല്ലോ അപ്പോള്‍ അവള്‍ക്ക് ഒട്ടും സൗന്ദര്യം തോന്നിയില്ലാ. അതോ തല മന്ദിച്ചിരിക്കുമ്പോള്‍ ഇങ്ങനാവും എല്ലാരും.
"ടാ മോനേ, കുറച്ചു നാളൂടെ കഴിഞ്ഞ് ഈ പരിപാടിക്കിറങ്ങിയാല്‍ മതീട്ടോ...."എന്നിട്ട് ആള്‍ ഒരു ബഹളച്ചിരിയും. ഞാനതു കണ്ടില്ലാ അതു കേട്ടു...

എന്തായാലും ആ ചേച്ചിയായിരുന്നു പിന്നീട് കോളേജിലെ എന്റെ ഏറ്റവും വലിയ ഒരു കൂട്ടുകാരി. ഒരിക്കല്‍ പാലായില്‍ വെച്ചു കണ്ടപ്പോള്‍ കെട്ടിയവനോട് എന്തോ പറഞ്ഞു ചിരിക്കുന്നു... അദ്ദേഹത്തിനും ചിരി..ഇന്ത്യന്‍ ഹോഫീ ഹൗസില്‍ കയറി കോഫി കുടിച്ച് ഇരുന്നപ്പോഴാ, തോമസ് ചേട്ടന്‍ എനിക്കിട്ട് ഒന്നു കുത്തിയത്. അന്ന് ഇവള്‍ മനോജിനെ പേടിപ്പിക്കാതിരുന്നെങ്കില്‍ ഞാന്‍ രക്ഷപ്പെടുമായിരുന്നല്ലേ.. ഗ്ലു..ഗ്ല്... ചൂട് കാപ്പി തൊണ്ടയില്‍ കുരുങ്ങുന്നത് അത്ര നല്ല കാര്യമല്ലാ..........

1 അഭിപ്രായം:

Unknown പറഞ്ഞു...

ചുമ്മാ ഒന്നു കേറി നോക്കിയപ്പോ അലമാരയില്‍ നിറച്ചും വിഭവങ്ങള്‍. എന്നാപ്പിന്നെ ആസ്വദിച്ച്‌ ഓരോന്നായി രുചിച്ചിട്ട്‌ പോകാമെന്ന്‌ കരുതി. എല്ലാം ഒന്നിനൊന്ന്‌ മെച്ചം.
ഈ കഥ വായിച്ചപ്പോള്‍ പണ്ട്‌ എന്റെ കെട്ടിയോന്‍ പറഞ്ഞ കഥയാണ്‌ ഓര്‍മ്മ വന്നത്‌. അങ്ങേര്‌ പ്രീ ഡിഗ്രി ഒന്നാംവര്‍ഷം പഠിക്കുമ്പോള്‍ രണ്ടാംവര്‍ഷത്തിലെ സിന്ധുചേച്ചിക്ക്‌ ഫൈവ്‌സ്റ്റാര്‍ വാങ്ങിക്കൊടുത്ത്‌ ലൈനടിക്കാന്‍ ശ്രമിച്ച കഥ. ഈ സിന്ധുചേച്ചീടെ കല്യാണത്തിന്‌ ഞങ്ങളും രണ്ടാളും പിന്നീട്‌ ഒരുമിച്ചുപോയി എന്നത്‌ പിന്നത്തെ കഥ.