2008, സെപ്റ്റംബർ 10, ബുധനാഴ്‌ച

അമ്മൂ പൂച്ച..പൂച്ച...........

അമ്മു എന്റെ മുഖത്തേക്കു നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു. അവളുടെ പുഞ്ചിരിയുടെ തണുപ്പിലേക്കിറങ്ങി ഞാനും വശ്യമായൊന്നു ചിരിക്കാന്‍ ശ്രമിച്ചു. എന്റെ ശ്രീമതിയുടെ വലിഞ്ഞുമുറുകിയ മുഖത്തേക്കു നോക്കിയപ്പോള്‍ ഹൃദയത്തിലങ്കുരിച്ച ചിരി പാതി വഴിക്കു ചിലമ്പി, തൊണ്ടയില്‍ നിറഞ്ഞു.
അതിരാവിലെ അമ്മുവിനെ വിളിച്ചുണര്‍ത്തി കുളിപ്പിച്ചൊരുക്കുമ്പോള്‍പോലും ലിഷ വല്ലാത്ത ടെന്‍ഷനിലായിരുന്നു.അവളുടെ ഉച്ചത്തിലുള്ള വര്‍ത്തമാനത്തിന്റെ അലകളാണു എന്നെ ഉണര്‍ത്തിയതു. സാധാരണ ഉണറക്കമുണര്‍ന്നാല്‍ ഒരു ഗ്ലാസ് കട്ടന്‍ കാപ്പി കൊണ്ടുവന്നു തന്ന് അരികിലിരുന്ന് ഒരു ചെറുവാക്കിന്‍ മധുരം വിളമ്പാറുള്ളവളാണു. പക്ഷേ, ഇന്ന് എന്തൊക്കയോ പണികള്‍ ചെയ്യ്‌തു തീര്‍ക്കാനുള്ള വ്യഗ്രതയോടെ പാവം ഓടി നടക്കുന്നു.ഇടക്ക് അമ്മുവിനെ ശകാരിക്കുന്നുമുണ്ട്.
അപ്പനെ പോലെ തന്നാ .ഒന്നിനും ഒരു ചൂടും അനക്കോം ഇല്ല. കണ്ടില്ലേ, എത്ര ദിവസമായി ഞാന്‍ പഠിപ്പിക്കുന്നതാ..പെണ്ണ് എല്ലാം മറന്നു.
അമ്മുവിന്റെ കരച്ചില്‍ ഉച്ചത്തില്‍ മുഴങ്ങി. ഇന്നലെ രാത്രിയില്‍ ഞാനവളുടെ കാതിലിറ്റിച്ച കഥകളിലും താരാട്ടിലും മുങ്ങി ശാന്തമായ ഉറക്കത്തിലലിഞ്ഞു കിടന്ന എന്റെ മോളെ രാവിലെ കുലുക്കിയുണര്‍ത്തി, പഠിപ്പിച്ച പാഠങ്ങളെക്കുറിച്ചു ചോദിച്ചു. വഴക്കിന്റെ വടികൊണ്ടു പേടിപ്പിച്ചപ്പോള്‍, അമ്മു ഓടിവന്ന് എന്നെ പൊത്തി പിടിച്ചു കിടന്നു.
സോപ്പിന്റെയും സ്നേഹത്തിന്റെയും സുഗന്ധക്കുളിരോടെ എന്റെ മാറില്‍ മുഖമമര്‍ത്തി ഏങ്ങലടിച്ചു.ഞാനവളെ വാല്‍സല്യത്തികവോടെ ചേര്‍ത്തുപിടിച്ചു. അടുക്കളയില്‍ നിന്നും ലിഷ പാഞ്ഞുവന്നു.അവളുടെ പദചലനവും സാരിയുടെ ഉലച്ചിലും കേട്ടപ്പോള്‍ മോള്‍ എന്നോടു വീണ്‍ടും ചേര്‍ന്നു കിടന്നു.
കണ്ടില്ലേ, അപ്പനാ ഇവളെ വഷളാക്കുന്നത്.ഇവിടെ വാടീ. മോളേ എന്നില്‍ നിന്നും പറിച്ചെടുത്തു പോകാനാഞ്ഞ അവളോട് ലിഷേ, എന്താടീയിദ്, അവള്‍ കുഞ്ഞല്ലേ എന്ന വാചകത്തെ ഒട്ടും മാര്‍ദ്ദവമില്ലാത്തൊരു നോട്ടത്തോടെ നേരിട്ട് അവള്‍ അമ്മുവുമായി കിച്ചണിലേക്കു മറഞ്ഞു.
രാവിലെ മുതല്‍ റിസപ്ഷനില്‍ ഇരിക്കുന്നു. ഇതിനകം മൂന്നു ഫോമുകള്‍ പൂരിപ്പിച്ചു കൊടുത്തു. എല്ലാം ലിഷ തനിയെ പൂരിപ്പിച്ചു.അവള്‍ പറഞ്ഞിടത്തൊക്കെ ഞാന്‍ ഒപ്പിട്ടു കൊടുത്തു.ഇവള്‍ക്ക് എന്തൊരാധിയാണു? ഞാന്‍ റിസപ്ഷനിലെ സുന്ദരിപ്പെണ്ണീലേക്ക് ദൃഷ്ടി എടുത്തു വെച്ചതും എന്റെ കൈയില്‍ ലിഷ ശക്തമായ് നുള്ളീ. അമ്പടീ കള്ളീ.. എന്നു വേദനക്കിടയിലും ഞാന്‍ പുഞ്ചിരിച്ചു.
ആഷാ ആദത്യന്‍. - പേരുവിളിച്ചപ്പോള്‍ ലിഷ എണീറ്റു. വാ നമ്മളെ വിളിക്കുന്നു.
നീ പോയിട്ടു വാ, ഞാനിവിടിരിക്കാം.
അവള്‍ രൂക്ഷമായി എന്നെ നോക്കി. പ്രേമിച്ചു നടന്ന കാലത്തു നിന്റെ കണ്ണുകള്‍ എന്തു സൗമ്യമായിരുന്നു.ഇത്രയും ക്രൗര്യം നീ എവിടയാ സൂക്ഷിച്ചിരുന്നത്?
ഒരു വലിയ ഗ്ലോബിന്റെ മുന്നില്‍ തിളങ്ങി നില്‍ക്കുന്ന കഷണ്ടിത്തല. മേശയില്‍ കംപ്യൂട്ടര്‍. അതിന്റെ കീ ബോര്‍ഡില്‍ വിരലുകള്‍ ഇഴയിച്ചു തടിച്ചൊരു മനുഷ്യന്‍. കഴുത്തില്‍ ടൈ. ചന്ദനക്കളര്‍ കോട്ട്. ചാഞ്ചാടുന്ന കണ്ണൂകള്‍. പ്രിന്‍സിപ്പാള്‍. ഏസിയുടെ തണുപ്പില്‍ നിശ്ചലമായ വായു ഞങ്ങള്‍ പ്രവേശിച്ചപ്പോള്‍ ഉലഞ്ഞു.
കമോണ്‍ ആദിത്യന്‍.
എന്താടാ നിന്റെ പേര്?
ആദ്യത്യന്‍ സി.പി.
നന്നായ് പഠിച്ചോണം, കേട്ടോ.
മോനേ, സാറിന്റെ കാലില്‍ തൊട്ടു തൊഴ്. - അച്ഛ
ന്‍ഞാന്‍ അരികിലെത്തിയപ്പോള്‍ ആറടി ഉയരമുള്ള, വെള്ള മുണ്ടും ഷേര്‍ട്ടും അണിഞ്ഞ ആള്‍ എണീറ്റു നിന്നു. വിരലുകള്‍ തൊട്ടപ്പോള്‍ തണുപ്പ്. എന്റെ തലയില്‍ കൈവെച്ചു സാറിന്റെ അനുഗ്രഹം:
നന്നായ് വരും.
പ്ലീസ് ഹാവ് യുവര്‍ സീറ്റ്.
ലിഷയുടെ തീപാറുന്ന നോട്ടം എന്നില്‍ പതിഞ്ഞുവോ? മോളേ നടുവിലിരുത്തി ഞങ്ങള്‍ അപ്പുറവും ഇപ്പുറവും കിടന്ന കസേരയിലിരുന്നു.
എവിടെ നിന്നോ കട്ടെടുത്ത ഒരു പുഞ്ചിരി ചുണ്ടില്‍ ഉറപ്പിച്ചു പ്രിന്‍സിപ്പാള്‍ ഞങ്ങളെ നോക്കി. ഞാന്‍ ഹൃദയം തുറന്നു ചിരിക്കാന്‍ ശ്രമിച്ചു. ചുണ്ടുകള്‍ താഴിട്ടു പൂട്ടിയപോലെ. ലിഷയുടെ ചുണ്ടില്‍ പുഞ്ചിരി.ഇവള്‍ എവിടെ നിന്നാണു അധിനിവേശത്തിന്റെ പാഠങ്ങള്‍ ഇതവേഗം കരഗതമാക്കുന്നത്?
സോ, യു ആര്‍ ആഷാ ആദിത്യന്‍?
പ്രിന്‍സിപ്പാളിന്റെ കണ്ണൂകള്‍ അമ്മുവില്‍ തറച്ചു. അവള്‍ എന്നെ നോക്കിയപ്പോള്‍ ഞാന്‍ നിറഞ്ഞു ചിരിച്ചു.
യേസ്...... അമ്മു പതിയെ മൂളീ.
വേര്‍ ഡു യൂ സ്റ്റേ?
അമ്മു മൗനത്തില്‍ വീണൂ. അവള്‍ക്കു മനസ്സിലായില്ല ചോദ്യം. ലിഷയുടെ പരിഭ്രമിച്ച വിരലുകള്‍ നീണ്ട നഖമുനകളോടേ കുഞ്ഞിന്റെ തുടയിലേക്കു നീളുന്നു.
അമ്മൂ, ഹീ ഈസ് ആസ്കിങ്ങ്, വേര്‍ ഡു യു ലീവ് ?
അമ്മു കൃത്യമായ് ഉത്തരം പറഞ്ഞു.
അരേ വാ.....
പ്രിന്‍സിപ്പാള്‍ ആഹ്ലാദ ചിത്തനായി.
വാട്ട് ഈസ് ദിസ് ? ഒരു പേന ഉയര്‍ത്തിക്കാട്ടി പ്രിന്‍സിപ്പാള്‍.
ഇറ്റ് ഈസ് എ പെന്‍. അമ്മു വിജയിയെപ്പോലെ പ്രഖ്യാപിച്ചു.
ഒരു പെന്‍സില്‍ ഉയര്‍ത്തിക്കാട്ടി അമ്മുവിനോടു പഴയ ചോദ്യം.
അമ്മുവിന്റെ കൃത്യമായ ഉത്തരം.
സ്പെല്‍ ഇറ്റ്. പ്രിന്‍സിപ്പാള്‍ ഉന്മാദത്തോടെ
അമ്മു അതിലും പ്രകാശത്തോടെ:
പി-ഇ-എന്‍-സി-ഐ-എല്‍.
ഒരു ഗുസ്തിക്കളത്തിന്നിറയത്തു നിന്നു ഗുസ്തി മല്‍സരം ആസ്വദിക്കുന്നതുപോലെ ഞാന്‍ ആഹ്ലാദചിത്തനായി.
പ്രിന്‍സിപ്പാള്‍ എല്‍.സി.ഡി. പാനലിലേക്കു ചൂണ്ടി.
അമ്മു തോല്‍‌വി സമ്മതിച്ചു മുഖം കുനിച്ചു.റഫറി നിലത്തടിക്കുന്നു. മൂന്നാം വട്ടത്തിനുമുന്നെ അമ്മു പതിയെ പറഞ്ഞു: ടി.വി.
പുത്തന്‍ പുസ്തകത്തിന്റെ മണം ആസ്വദിച്ച് ...തറ..പറ... പന..ചിത്രം നോക്കി ഞാന്‍ പറഞ്ഞപ്പോള്‍ അമ്മയുടെ മുഖത്തൊരു തിളക്കം.
മോനേ, രാവിലെ എണീക്കണം, കേട്ടോ?അമ്മയുടെ കൈയില്‍ തൂങ്ങി ഞാന്‍ സ്ക്കൂളിലേക്ക്. വിവിധ വര്‍ണ്ണങ്ങളീല്‍ പുത്തന്‍ മണമുള്ള കുട്ടികള്‍. ചിലര്‍ ഉറക്കെ കരയുന്നു.കാഴ്ചകളില്‍ മതി മറന്നു നിന്നപ്പോഴാണു അമ്മ നടന്നു മറയുന്നതു കണ്ടത്. ക്ലാസില്‍ നിന്നും ഒറ്റച്ചാട്ടത്തിനു അമ്മയൂടെ പിന്നാലെ പാഞ്ഞ എന്നെ ആരോ പിടിച്ചെടുത്തു വീണ്ടും ക്ലാസ്സിലാക്കി.കഴിയുന്നത്ര ഉച്ചത്തില്‍ ഞാന്‍ നിലവിളിച്ചു
എന്നെ ചേര്‍ത്തു പിടിച്ച റ്റീച്ചര്‍ പറഞ്ഞു:
മോനേ, അമ്മ ഇപ്പോള്‍ വരും. ഇതേ നോക്കിക്കേ അദിത്യന്റെ കൂട്ടുകാരല്ലേ എല്ലാം.ഞാന്‍ കരച്ചിലിനിടയിലൂടെ നോക്കി. എന്നെ നോക്കി സ്നേഹച്ചിരി പകരുന്നവര്‍. അതിന്റെ കാഴ്ചയില്‍ എന്റെ കരച്ചലടക്കി. തേങ്ങള്‍ വെറുതേ ചുണ്ടില്‍ തത്തിക്കളിച്ചു.
വാട്ട് ഈസ് ദിസ്?പ്രിന്‍സിപ്പാളിന്റെ കൈയില്‍ മൗസ്.
അമ്മു: ഇറ്റീസ് എ മൗസ്.
അരേ വാ.....പ്രിന്‍സിപ്പാള്‍ ആര്‍ത്തു ചിരിക്കുന്നു.
മനോഹരമായൊരു പാട്ടില്‍ മുങ്ങി ഞാനിരിക്കുന്നു. അമ്മ എന്നെ പാട്ടു പാടി ഊട്ടാറുള്ളതുപോലെ.ശാന്തമ്മ റ്റീച്ചറിന്റെ പാട്ടില്‍ വീണലിഞ്ഞു കുട്ടികള്‍. ഞാന്‍ തേങ്ങല്‍ മറന്നു.ക്ലാസിനെ അറിയുകയായിരുന്നു.അടുത്തിരുന്ന കുട്ടിക്ക് പനി നീര്‍ചാമ്പക്കയുടെ ഗന്ധം. ഞാനവനെ നോക്കിച്ചിരിച്ചു.അപ്പോഴാണു ഒരു പെണ്‍കുട്ടി കരഞ്ഞു കൊണ്ടു വന്നതും റ്റീച്ചര്‍ അവളെ സ്നേഹത്തോടെ എന്റെ അടുത്തിരുത്തിയതും. അവളുടെ കണ്ണീല്‍ മഷി പുരണ്ടിരുന്നു. മുടി രണ്ടായി പിന്നി ഒരു ചുവന്ന റിബണ്‍കൊണ്ട്.... വീണ്ടും പാട്ടിന്റെ ലഹരി ഞങ്ങളെ മൂടി.
അവസാനം പ്രിന്‍സിപ്പാളിന്റെ ചോദ്യങ്ങളൊന്നും ഞാന്‍ കേട്ടില്ല. ശാന്തമ്മ റ്റീച്ചറിന് അമ്മയുടെ സുഗന്ധം.!
ലിഷ തോണ്ടി വിളിച്ചപ്പോഴാണു ഞാനുണര്‍ന്നത്ലിഷയുടെ ചുണ്ടില്‍ പുഞ്ചിരി പൂര്‍ണ്ണമായിരുന്നു.
പുറത്തേക്കു നടന്നപ്പോള്‍ ലിഷ എന്നോടു ചേര്‍ന്നു നടന്നു. അവളുടെ കൈകള്‍ എന്റെ അരക്കെട്ടില്‍ ചിതറി വീണു. പ്രണയത്തിന്റെ എല്ലാ ലാസ്യഭംഗിയും നിറഞ്ഞ മുഖം. ഇത്തിരി മുന്നെ കണ്ട എന്റെ ഭാര്യയേ അല്ലല്ലോ എന്ന എന്റെ അതിശയത്തിലേക്ക് അവളുടെ സ്നേഹമസൃണമായ വിളീ.
ഏട്ടാ.......
ഞാനവളുടെ മുഖത്തേക്കു നോക്കി. എന്നിലും പ്രണയത്തിന്റെ പ്രഭാതം ഉദിച്ചു.
നമുക്ക് അമ്മൂനെ ആരാക്കണം? ഞാന്‍ ഞെട്ടിത്തരിച്ചു. ലിഷ ഗര്‍ഭിണീയായിരുന്ന നാളുകളില്‍ ഒരു ദിവസം അവളുടെ വീര്‍ത്ത വയറിനോടു കാതു ചേര്‍ത്തുവെച്ചു ജീവന്റെ തുടിപ്പറിഞ്ഞു നിറയെ സന്തോഷിച്ചു ഞാന്‍ പറഞ്ഞു: പെണ്‍കുഞ്ഞു തന്നാ!
ആരായാലും വേണ്ടില്ല, നമുക്ക് ഡോക്ടറാക്കണം എന്ന അവളുടെ വാശിയിലേക്കു ഞാന്‍ മന്ദഹസിച്ചു:
നീ ഒരു നേഴ്സ് ആയതിന്റെ കോം‌പ്ലെസാവും, അല്ലേ? നീ പോടാ ചെക്കാ എന്ന പരിഭവത്തില്‍ മുങ്ങി അവള്‍ തിരിഞ്ഞു കിടന്നു.
ഏട്ടാ, എന്താ ഒന്നും പറയാത്തെ ? നമുക്കവളെ ഒരു ഡോക്ടര്‍ തന്നെയാക്കണം.
എടോ, എന്റെ മോനേ കാണാനില്ലാ. സാമുവലിന്റെ ശബ്ദം വിറച്ചിരുന്നു; ഇന്നു രാവിലെ അവന്റെ മമ്മിയുമായി പിണങ്ങിപ്പോയതാ.പഠിക്കാത്തതിനു അവളെന്തോ പറയുകയോ അടിക്കുകയോ ചെയ്തു. ഇപ്പോള്‍ അവനെ കാണുന്നില്ലെടോ. എന്താ ചെയ്യുക ? താനൊന്നു വാ. ലിഷേം കൂട്ട്, സൂസി ആകെ അപ്സെറ്റാ..
ഞങ്ങള്‍ മുപ്പത്തിയാറു മണിക്കൂര്‍ സച്ചിനെ തിരക്കി നടന്നു. ഡല്‍ഹിയിലെ ചേരികള്‍, ഭിക്ഷക്കാരുടെ സങ്കേതം, ആശുപത്രികള്‍, റയില്‍‌വേ സ്റ്റേഷനുകള്‍, മോര്‍ച്ചറികള്‍......ഒരിടത്തും സച്ചിനെ കണ്ടു കിട്ടിയില്ലാ.
ഇതിനെയൊക്കെ വളര്ത്തുന്നതിന്റെ കുഴപ്പമാ, ഞാനെങ്ങാനും ആയിരിക്കണം.....
വിജയന്‍ നായര്‍ കലിപ്പോടെ പറഞ്ഞു.
ഞാനയാളെ രൂക്ഷമായി നോക്കി.
എല്ലാ പ്രതീക്ഷകളും അസ്തമിച്ചപ്പോഴാണു എന്റെ മൊബൈയ്ല്‍ റിങ്ങ് ചെയ്തത്.
വിജയന്‍ നായരുടെ വീട്ടില്‍ നിന്നും മോള്‍ നീതുവിന്റെ കോള്‍:
അങ്കിള്‍, സച്ചിന്‍ റെഡ്ഫോര്‍ട്ടിലുണ്ട്. അങ്കിള്‍ ഒറ്റക്കു ചെന്നാല്‍ മതി.
എന്നെ കാത്ത് ഒട്ടും ആകാംക്ഷയില്ലാതെ സച്ചില്‍. ഞാനവനെ അരുമയോടെ ചേര്‍ത്തു പിടിച്ചു. കാറിന്റെ പിന്‍ സീറ്റില്‍ ചാരിക്കിടന്ന അവനോടു ഞാന്‍ ചോദിച്ചു:
മോനേ നീ എന്തു ചെയ്യുകയായിരുന്നു?
അങ്കീള്‍, ഞാന്‍ ഇന്ത്യാഗേറ്റിന്റെ മുന്നിലെ ആ പുല്‍ത്തകിടിയില്‍ മലര്‍ന്നു കിടന്നു. ആകാശത്ത് എന്തേരെ നക്ഷത്രങ്ങളാ, അല്ലേ?
സച്ചിന്‍,മമ്മീം ഡാഡീം എത്ര വിഷമിച്ചെന്നറിയോ?
നോ..... ഡോണ്ട് സേ ദാറ്റ്. യു ഡോണ്ട് നോ..... ദേ ആര്‍ ഡെവിള്‍സ്!
അവന്‍ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.അങ്കിളിനറിയണോ, മാര്‍ക്കു കുറഞ്ഞതിനു നീതുവിന്റെ ഡാഡി അവളെ ഷോക്കടിപ്പിച്ചു.
എന്റെ തലയലൂടെ ഇടിമിന്നല്‍ പാഞ്ഞു.
ഓള്‍ ദ് പേരന്‍സ് ആര്‍ ഹണ്ടിങ്ങ് ദേര്‍ ചില്‍ഡ്രന്‍.
സച്ചിന്‍ പൊട്ടിക്കരഞ്ഞു.
മോനേ....... ഞാനവനെ ചേര്‍ത്തുപിടിച്ചു.
ഏട്ടാ, അമ്മൂനെ നമുക്ക് ഡോക്ടര്‍ തന്നെയാക്കണം.
ഞാന്‍ അമ്മുവിനെ വാരിയെടുത്തു..
മോളേ വാ..നമുക്ക് രക്ഷപ്പെടാം. ഇനിയും ഇവിടെ നിന്നാല്‍ നിന്റെ അഛനു ഒന്നിനുമാവില്ലാ.
ഞാന്‍ അവളെയും കൊണ്ടു കുതിച്ചു പാഞ്ഞു.
പിന്നില്‍ ലിഷയുടെ നിലവിളി. എല്ലാവരെയും ഉപേക്ഷിച്ച്, എന്നെ മാത്രം വിശ്വസിച്ച് ഇറങ്ങി വന്നവള്‍. അവളുടെ ആര്‍ദ്രമായ കരച്ചിലില്‍ കാല്‍തട്ടി ഞാന്‍ നിന്നു.
നമുക്ക് പോവാം അച്‌ഛാ......വാ...
അമ്മുവിന്റെ കുഞ്ഞിക്കൈകള്‍ എന്നെ പിടിച്ചു വലിക്കുന്നു.
ലിഷയുടേയും അമ്മുവിന്റെയും ഇടയില്‍ മറഞ്ഞുപോയ എന്റെ മുഖത്തേക്കു നോക്കിയ അമ്മു അലറിക്കരഞ്ഞു. എന്റെ വിരലുകളില്‍ നിന്നും നീണ്‍ടു വന്ന നഖമുനകള്‍ കണ്ടു ഞാന്‍ ഞെട്ടി. എത്ര നിയന്ത്രിച്ചിട്ടും അമ്മുവിലേക്ക് എന്റെ കൈകള്‍ നീണ്‍ടു ചെന്നു.
കാറില്‍ ഞങ്ങള്‍ക്കു നടുവില്‍ അമ്മു. പരീക്ഷ ജയിച്ച കുട്ടിയെപ്പോലെ ലിഷ സന്തോഷവതിയായിരുന്നു.
എന്റെ മൗനത്തിലേക്കും ലിഷയുടെ സ്വപ്നത്തിലെക്കും അമ്മുവിന്റെ വാക്കുകള്‍ തെറിച്ചു വീണു.
ഐ ഡോണ്ട് സ്കെയര്‍ എനിവണ്‍.........
എന്റെ കൈയില്‍ നിന്നും വണ്ടിയുടെ നിയന്ത്രണം വിട്ടു..അമ്മു ഉച്ചത്തില്‍ ചിരിച്ചുകൊണ്ടിരുന്നു.............