2009, ഡിസംബർ 27, ഞായറാഴ്‌ച

പാലക്കാട് .........നന്മപ്പൂക്കളുടെ നാട്........




പുറത്ത് മഴപെയ്യുന്നു...കോട്ടയം റെയിവേ സ്റ്റേഷനിലെ തിരക്കിലേക്ക് മഴ അതിന്റെ അഹങ്കാരം പൊഴിച്ചിട്ടു. കമ്പാര്‍ട്ട് മെന്റിലേക്ക് ഓടിക്കയറിയപ്പോള്‍ എന്നെ ഒടിച്ചിട്ട് പിടിച്ച് മഴ അല്പം നനച്ചിരുന്നു..

'എല്ലാവര്‍ക്കും പനിയും ജലദോഷവും.. എടാ കള്ളുകുടിയന്‍ ചെക്കാ നീ മാത്രം അങ്ങനെ രക്ഷപ്പെടേണ്ട..'. എന്നവള്‍ ചിണുങ്ങുന്നതുപോലെ എനിക്ക് തോന്നി. ബാഗില്‍ നിന്നും തോര്‍ത്തെടുക്കാന്‍ നോക്കിയപ്പോള്‍ ഭാഗ്യത്തിനു അതു എടുത്തിട്ടില്ല. പിന്നെ റ്റീ ഷേര്‍ട്ടിന്റെ തുമ്പിനാല്‍ തല തുവര്‍ത്തി.. ഹോ.. തണുപ്പ്..! തണുതണുപ്പ്.. ഒരു കോഫി കിട്ടിയിരുന്നെങ്കില്‍..

ട്രെയിനില്‍ കാപ്പിക്ക് മറ്റൊരു രുചിയാണു. എരുമപ്പാലിനാലാണോ ഇവര്‍ കാപ്പികൂട്ടുന്നത് ? ഒരു കപ്പുകാപ്പി ഊതിക്കുടിച്ച് ഞാന്‍ ജാലക വാതിലിലേക്ക് എന്റെ മുഖം ചേര്‍ത്തു പിടിച്ചു.. ചില്ലില്‍ മുത്തമിടുന്ന മഴത്തുള്ളികള്‍.. ഞാന്‍ അവരെ നോക്കി കൊഞ്ഞനം കുത്തി... 'നീ ഇങ്ങോട്ട് ഇറങ്ങി വരുമല്ലോ അപ്പോള്‍ നിന്നെ ഞങ്ങള്‍ പിടിച്ചോളാം' എന്ന രീതിയില്‍ മഴത്തുള്ളികള്‍ എന്നെ തിരിച്ചും കൊഞ്ഞനം കുത്തി..

'പിന്നെ പിന്നെ പാലക്കാടു വരെ നീ നിന്റെ കറുത്ത ഫുള്‍പ്പാടയും ചുരുട്ടിപ്പിടിച്ച് വരുവല്ലേ.. പോ കൊച്ചേ.. പോ...'

ട്രെയിന്‍ നീട്ടി ചൂളമടിക്കുന്നു.. 'എന്തടാ ചെക്കാ നിന്റെ കാമുകി ട്രെയിന്‍ച്ചി അപ്പുറത്തെങ്ങാനും ഉണ്ടോ..? എടാ പൂവാലന്‍ ട്രെയിനേ.. കുറച്ചൂടെ വേഗത്തില്‍ പായെടാ..!

മഴത്തുള്ളികള്‍ പ്രതികാരത്തോടെ എന്റെ കാഴ്ചമറച്ചു. ഞാന്‍ മഴനൂലുകള്‍ക്കിടയിലൂടെ പുറത്തേക്ക് നോക്കി.. പച്ചച്ച ഇലച്ചാര്‍ത്തുകളില്‍ കാറ്റ് മൂടിപ്പിടിക്കുന്നു. അമ്മച്ചി ചെറുപ്പത്തില്‍ തലയില്‍ എണ്ണതേക്കുന്നതുപോലെ... കാറ്റ് ഇലച്ചാര്‍ത്തിന്റെ ഉച്ചിതിരുമ്മുന്നു...!
ട്രെയില്‍ അതിന്റെ ചലന സ്വാതന്ത്ര്യം വീണ്ടെടുത്തിരുന്നു. തിമിര്‍ത്തുപെയ്യുന്ന മഴയിലൂടെയും ആര്‍ത്തലക്കുന്ന കാറ്റിന്റെ മാറു പിളര്‍ന്നും ആ രാക്ഷസന്‍ മുന്നോട്ട് കുതിച്ചു..

ഞാന്‍ എന്റെ സീറ്റില്‍ സ്വസ്തനായ്... ബാഗ് സീറ്റിനടിയിലേക്ക് തള്ളിവെച്ചു.. കാലില്‍ നിന്നും ഷൂസ് ഊരിയെറിഞ്ഞു.. ട്രെയിനില്‍ ഒരു കനച്ച മണം. ഏ.സി കമ്പാര്‍ട്ട്മെന്റുകളില്‍ യാത്ര ചെയ്യാന്‍ പാടില്ല. അവിടെ വായു ശുദ്ധമല്ല..!

ഞാന്‍ പുറത്തേക്ക് നടന്നു.. വാതില്‍ക്കല്‍ നിന്നു... പ്രകൃതി എന്നിലേക്ക് ഓടി വന്നൂ...

മുഖത്തേക്ക് കാറ്റും മഴയും വന്നു തൊട്ടു.. ഞാന്‍ എന്റെ കവിള്‍ അവര്‍ക്കു നീട്ടി നല്‍കി.. ഇന്നാ..ഇന്നാ...
തിരിച്ച് സീറ്റിലെത്തിയപ്പോള്‍....
ഒരു മധ്യവസ്ക്കന്‍ എന്റെ സീറ്റിനെതിര്‍ വശത്ത്.. അയാളുടെ കാലുകള്‍ മടിയിലെടുത്തുവെച്ച് അയാളുടെ ഭാര്യ.. നഖം വെട്ടിക്കൊടുക്കുന്നു.. അയാള്‍ എന്തോ മധുരപലഹാരം തിന്നുന്നു.. ആ സ്ത്രീ മുറുക്കാന്‍ ചവക്കുന്നു.. കേരളീയരല്ല.. അല്ലെങ്കില്‍ ഈ തെണ്ടിത്തരം കാണിക്കില്ല.. സ്നേഹം കാണിക്കുന്നേ... എന്നിലെ മലയാളിയെന്ന കശ്മലന്‍ പുറത്തു ചാടി.. ഏതൊരു ശരാശരി മലയാളിയേയും അസൂയപ്പെടുത്തുന്ന , ഭ്രാന്തുപിടിപ്പിക്കുന്ന കാഴ്ച. അവര്‍ എന്നെ അല്പം പോലും ഗൗനിച്ചില്ല. ഞാന്‍ ആ സ്ത്രീയെ നോക്കി, ഭര്‍ത്താവിന്റെ വിരലുകളില്‍ ഒരു നേരിയ വേദന പോലും ഏല്പ്പിക്കാതെ അവര്‍ നഖം മുറിക്കുന്നു...

എനിക്ക് വല്ലാതെ ദേഷ്യം വന്നപ്പോള്‍, ഞാന്‍ വായിക്കാനായ് ഒരു പുസ്തകമെടുത്ത് നിവര്‍ത്തി.. ഹോ ഓഷോ.. പ്രിയ ഓഷോ ഞാന്‍ ആകുലനാകുമ്പോള്‍ നീ എവിടെ നിന്നാണു എന്നിലേക്ക് എത്തുന്നത്..?
ഓഷോ പറയുന്നു.. ജീവിതത്തെ തിരിച്ചറിയൂ.. ചെറിയ ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തൂ...
ഞാന്‍ പുസ്തകം മടക്കി അവരെ കൗതുകപൂര്‍‌വ്വം നോക്കിയിരുന്നു..!
പാലക്കാട്, മഴയൊഴിഞ്ഞ ആകാശം. കരിമ്പനകള്‍ തലയുയര്‍ത്തി നില്‍ക്കുന്നു.. നിശ്ചലമാണു ആകാശം.ഇതൊക്കെ സാധാരണ കാണുന്ന കാഴ്ചകള്‍, എനിക്ക് ആരും കാണാത്ത വല്ല കാഴ്ചയും ഒരുക്കിവെച്ചിരിക്കുന്നോ നീ പാലാക്കാടന്‍ സുന്ദരീ........
ട്രെയില്‍ കുലുങ്ങിക്കുലുങ്ങിയൊരു ചിരി........ 'പിന്നേയ്, നിനക്കായ് കാഴ്ചകള്‍ സൂക്ഷിച്ചുവെക്കാന്‍ ഇനി ഈ പാലക്കാട്ട് എന്തോന്ന്.. അത്രക്ക് ആക്രാന്തത്തോടെ അതെല്ലാം വാരിക്കുടിച്ചതല്ലേ നമ്മുടെ സാഹിത്യവും സിനിമയും.......' പറഞ്ഞു തീര്‍ന്നിട്ടും തീരാത്തൊരു പ്രതികാര സുഖത്തോടെ ട്രെയില്‍ ചൂളം വിളിച്ചു..
ഹോ...... ഒറ്റപ്പാലത്തെത്തി... !

നിള പറഞ്ഞത്..........




മെല്ലിച്ച് കോലം കെട്ട് നിളയൊഴുകുന്നു...നീളത്തില്‍.. പണ്ട് ഒഴുകുന്നുവോ എന്ന് സംശയിക്കുന്ന രീതിയില്‍ നിറഞ്ഞു തുളുമ്പിയൊരു ജയഭാരതീസൗന്ദര്യമായിരുന്നു ഇവള്‍...
എന്തു പറ്റീ നിളേ നിനക്ക്.. അവള്‍ ആദ്യമൊന്നും എന്നെ ഗൗനിച്ചതേ ഇല്ല... ഒരു കോട്ടയം കാരനോട്, റബ്ബര്‍ നാറുന്ന നിന്നോട് മിണ്ടാന്‍ ഈ നിളക്ക് സൗകര്യമില്ലെടാ എന്ന മട്ടില്‍ ഒഴുകി.. ഞാന്‍ ഒരു കോട്ടയം കാരനു മാത്രം കഴിയുന്നത്ര അലിവോടെ നീണ്ടുവലിഞ്ഞു സംസാരിച്ചൂ.. എന്റെ സുന്ദരി നിളക്കുട്ടീ, പറയൂന്നേ.. ഞാന്‍ റബ്ബര്‍ മണം മാറ്റാന്‍ നല്ല അസല്‍ മരക്കള്ള് കുടിക്കുന്ന ഒരു തനി സാദാരണ മലയാളിയാണു... ആണോ... നിളയൊന്നു നീട്ടി ചോദിച്ചു.. അവളില്‍ നിന്നും പറന്നുവന്നൊരു കാറ്റില്‍ അവള്‍ ഉണ്ടായിരുന്നു.. എന്നെ ഉമ്മവെക്കാന്‍... അതേ അതേ.. നിനക്ക് റബ്ബര്‍ നാറ്റമല്ല നല്ല അസല്‍ പനം കള്ളിന്റെ സുഗന്ധം.. അവളെന്നെ ഉമ്മവെച്ചപ്പോള്‍ മത്തുപിടിച്ച് പറയാന്‍ തുടങ്ങീ.......

അതേയ്, എംടി എന്നൊരു വിദ്വാനെ നീ അറിയോ..? മലയാളത്തിലെ വല്യ എഴുത്തുകാരനാന്നാ ഭാവം. അവന്‍ എന്നും രാവിലെ വന്നു പത്തു വരി എന്നെക്കുറിച്ച് പുകഴ്ത്തും, എന്റെ നീണ്ട കാര്‍ക്കൂന്തല്‍, നിതംബം, മാറിടങ്ങള്‍... അങ്ങനെ അങ്ങനെ... എന്നിട്ട് അയാള്‍ സിനിമ പിടിക്കുമ്പോള്‍, നല്ല തടിച്ചികളെ നായികകളാക്കി ഇവിടെ കൊണ്ടുവരും.. ഷീല, ജയഭാരതി, പിന്നെ ആ സുന്ദരിയുണ്ടല്ലോ.. നിന്റെ ഇഷ്ടമുഖം ശ്രീവിദ്യ.... അങ്ങനെ അങ്ങനെ ഞാന്‍ ഒരു അഹങ്കാരിയായ് മാറി....... ഒഴുകി വന്ന പോക്ഷകമൂല്യങ്ങളെല്ലാം തിന്നു കുടിച്ച് ഞാന്‍ ഒരു തടിച്ചിയായ് മാറി... അന്നൊക്കെ സൂര്യന്‍ അസ്തമിക്കാന്‍ കുറച്ചു സമയം കൂടുതല്‍ എടുക്കുമായിരുന്നു... എന്നോട് വര്‍ത്താനം പറഞ്ഞു നിന്നതാണെന്നേ...

ഞാന്‍ അവളെ വിഷാദത്തോടെ നോക്കി നിന്നു അവള്‍ ആകെ മെലിഞ്ഞിരിക്കുന്നു.. എനിക്ക് സങ്കടം വന്നൂ... 'എന്തിനാ കള്ളുചെക്കാ നീ വിഷമിക്കുന്നെ.?'
' അല്ല നീ ഇങ്ങനെ കോലം കെട്ടല്ലോ...?'

ങ്ഹി ഹി ഹ്..! നിളയൊരു ഇക്കിളിച്ചിരി... അല്ലടാ പൊട്ടാ ഞാന്‍ കാലത്തിനനുസരിച്ച് കോലം മാറിയതാ.. ഞാന്‍ ഇപ്പോള്‍ ഒരു ഐശ്വര്യാ റായ് സുന്ദരിയല്ലേ... ഇനി ഒരിക്കലും ഞാന്‍ വണ്ണം വെക്കാന്‍ ഉദ്ദേശ്ശിക്കുന്നില്ല...
'അപ്പോള്‍ എം.ടി............."
' അയാളോട് പോയി പണി നോക്കാന്‍ പറ..'

എന്നിട്ട് നിള തന്റെ അഴകളവുകള്‍ പ്രദര്‍ശ്ശിപ്പിച്ച് പാറക്കല്ലുകളുടെ ഹൈ ഹീല്‍ ചെരുപ്പില്‍ തെന്നിതെന്നി നീങ്ങി....

അല്ലാഹു അക്‌ബര്‍......


ട്രെയിന്‍ അല്പമൊന്നു വേഗം കുറച്ചുവോ...? ബാങ്ക് വിളിയുടെ ആസ്വാദ്യത കാറ്റിലൂടെ പറന്നു വന്നു.. വളരെ നേര്‍ത്തൊരു ശബ്ദം.. അപ്പോള്‍ കാറ്റൊന്നു വീശി.... ഞാന്‍ നോക്കിയപ്പോള്‍..... ആറ്റുവഞ്ചി.... കാറ്റിലേക്ക് വളയുന്നു... പിന്നെ... ആറ്റുവഞ്ചിപൂക്കള്‍ ഭൂമിയെ മുത്തുന്നു... ആറ്റുവഞ്ചിയുടെ നിസ്ക്കാരം.. ഒരു നിമിഷം ഞാന്‍ എല്ലാം മറന്നു.. മനുഷ്യനെക്കാള്‍ എത്ര ശ്രേഷ്ഠമീ പൂക്കള്‍.....
തന്റെ വേരുകള്‍ ആഴ്ന്നിറങ്ങിയ മണ്ണിനെ മുത്തിയിരുന്ന ആറ്റുവഞ്ചിപ്പൂക്കള്‍ അപ്പോഴേക്ക് നിവര്‍ന്നിരുന്നു... അവയുടെ നെറ്റിയില്‍ നിസ്ക്കാര മുദ്ര... !

മനുഷ്യന്‍ മണ്ണിനെ ചവിട്ടിക്കുഴച്ച് വീടാക്കുന്നു... ചെടികള്‍ സ്നേഹപൂര്‍വ്വം അവയുടെ നിലനില്പിനെ ആദരിക്കുന്നു...
മനുഷ്യാ നീ മണ്ണാണു...... വെറും മണ്ണ്.. സ്വര്‍ഗ്ഗവും നരകവും നിന്റെ സങ്കല്പം.. നീ സൂക്ഷിക്കണേ അല്പം മണ്ണ് ഒടുവില്‍ നിന്നെ കുഴിച്ചിടാന്‍...

റെയില്‍ വേ സ്റ്റേഷന്‍, വിഷാദത്തിന്റെയും സന്തോഷത്തിന്റെയും ഫ്ലാറ്റുഫോമുകള്‍, അതി സാന്ദ്ര പ്രണയത്തിന്റെ ഇരിപ്പിടങ്ങള്‍. വിഹ്വലമായ കാത്തിരിപ്പിന്റെ നീളന്‍ ബെഞ്ചുകള്‍...
നീളന്‍ പെരുമ്പാമ്പുപോലെ പാഞ്ഞുവരുന്ന തീവണ്ടി സ്റ്റേഷനിലേക്ക് സന്തൊഷവും സന്താപവും കക്കി, അവിടെ നിന്നും അതിനു വേണ്ടുന്ന ഇരവിഴുങ്ങി ചൂളം വിളിച്ച് പാഞ്ഞു പോകുന്നു...

ഞാന്‍ പാലക്കാട് സ്റ്റേഷനിലെ ഇരുട്ടിലേക്കിറങ്ങി. തണുപ്പുമാസം അതിന്റെ ആദ്യ ദിനങ്ങള്‍ ആരംഭിച്ചിരിക്കുന്നു. ബാഗ് തോളില്‍ തൂക്കി, അലസമായ് ഞാന്‍ നടന്നു. ചെറിയ കടകള്‍, അവയ്ക്കുമുന്നില്‍ നിന്നു കാപ്പിയും ചായയും കുടിക്കുന്നവര്‍,

ഓരോ ട്രെയിനും സ്റ്റേഷനെ സജീവമാക്കുന്നു.. ട്രെയിനില്‍ കയറാന്‍ തിരക്കിട്ട് പായുന്നവര്‍.. ഇറങ്ങിയവര്‍ വീട്ടിലേക്കെത്താനുള്ള ത്വരയില്‍ പുറത്തേക്ക്..ചായ.. ചായ... കാപ്പി... കാപ്പിയേ.. ശാപ്പാട്... ശബ്ദമുഖരിതമായ തണുത്ത അന്തരീക്ഷം എന്നെ സജീവമാക്കി

ഒരു ചെറുക്കന്‍ അവന്റെ പെണ്‍കുട്ടിയെ വട്ടം ചുറ്റിപ്പിടിച്ച് തണുപ്പിലൂടെ പതിയെ വളരെ പതിയെ നടക്കുന്നു.. കശ്മലന്‍ , എന്നെ അസൂയപ്പെടുത്താന്‍ എല്ലായിടത്തും ഒരുത്തന്‍ കാണും ഇങ്ങനെ..

പാലക്കാട് റെയില്‍ വേ സ്റ്റേഷന്‍, വൃത്തിയുള്ളതും ഭംഗിയുള്ളതുമാണു. ഞാന്‍ പുറത്തേക്ക് കാലുവെച്ചതും ആകാശത്ത് ഒരു വെള്ളിടി മുഴങ്ങി.. മഴ എന്നെ പിടിക്കാന്‍ ഓടി വരുന്നു.. ഞാന്‍ ഒരു ടാക്സിക്കായ് മുന്നോട്ട് നടന്നു... പെട്ടെന്നു ഇലക്ട്രിസിറ്റി പോയി.. ഇരുട്ടില്‍ മുങ്ങി റെയിവേ സ്റ്റേഷന്‍. പൗരാണികമായ ഭംഗിയോടെ അത് തല ഉയര്‍ത്തി നില്‍ക്കുന്നു.

ടാക്സിക്കാര്‍ വളരെ നല്ല സ്വഭാവമുള്ളവരാണു. അംബാസിഡര്‍ കാറിന്റെ പിന്നില്‍ അലസമായിരുന്നു സഞ്ചരിക്കുന്ന സുഖം, ഈ ലോകത്ത് മറ്റൊരു കാറിനും നല്‍കാന്‍ ആവില്ല.
പാലക്കാട് വളരെ വേഗം ഉറങ്ങുന്ന ഒരു നഗരമാണു. അമ്പലത്തില്‍ പോയി വരുന്ന ചില പെണ്‍കുട്ടികളെക്കണ്ടു. ഒട്ടും ജാഡക്കുട്ടികള്‍ അല്ല. പാലക്കാട്ട് ഇപ്പോഴും ഫുള്‍ പാവാടക്കാരികള്‍ ധാരാളം.

രാത്രിയില്‍ പുറത്തിറങ്ങി കുറെ നടന്നു. നഗരം മിക്കവാറും വിജനമായിരുന്നു. ശ്വാനന്മാര്‍ ധാരാളം. നഗരത്തിന്റെ കാവല്‍ക്കാരെപ്പോലെ എന്നെ നോക്കി. സാരമില്ലെടാ കൂവേ ഞാനും നിന്നെപ്പോലെ ഒരു നായ് തന്നെ...
നടന്നിട്ട് ഒട്ടു കാര്യോമില്ല, ഇരിക്കാന്‍ നേരോം ഇല്ല...
അതു കേട്ട് അവന്‍ ആകാശത്തേക്ക് നോക്കി നീട്ടി ഒന്നോരിയിട്ടൂ... നിനക്കിതു പറ്റുവോടാ കൂവേ ന്ന്...

ശിവദാസേട്ടന്‍...

രാത്രിയില്‍ ഫുഡ് കഴിക്കാന്‍ ഒരു ഹോട്ടലില്‍ കയറി, മുഖം നിറയെ പ്രകാശവുമായാണു സപ്ലെയര്‍ അടുത്തുവന്നത്. ഫൈ സ്റ്റാര്‍ ഹോട്ടലുകളില്‍ റും സേര്‍‌വ്വീസിനു വരുന്ന കുട്ടികളെപ്പോയുള്ള ഒതുക്കമുള്ള പ്രൊഫഷന്‍ ഔപചാരികതകളൊന്നുമില്ലാതെ അദ്ദേഹം ഏറ്റവും അടുപ്പമുള്ളൊരാളിനോടെന്നെ പോലെ എന്നോട് എന്താണു വേണ്ടതെന്നു ചോദിച്ചു...

എന്തൊക്കൊയുണ്ടെന്ന എന്റെ ചോദ്യത്തിനു കുറച്ചേറെ ആഹാരങ്ങളുടെ പേരു പറഞ്ഞു. അതൊക്കെ ഞാന്‍ കേട്ടിരുന്നു. നൂലപ്പം എന്നു പറഞ്ഞപ്പോഴേ, അതാണു കഴിക്കേണ്ടതെന്നു ഞാന്‍ തീരുമാനിച്ചിരുന്നെങ്കിലും അദ്ദേഹം സംസാരിക്കട്ടെ എന്നു വിചാരിച്ച് ഞാന്‍ കാത്തിരുന്നു.. അവസാനം ആള്‍ പറഞ്ഞു ആപ്പം... ആപ്പം അതെന്തൂട്ട് ഫുഡാ... ആപ്പം... ഹോ.. കോട്ടയം കാരന്റെ അപ്പം ഇവിടെ കുറച്ചൂടെ നീണ്ടുവലിയുന്നു...

ഒരുമനുഷ്യനെ നമ്മള്‍ എത്ര വേഗത്തിലാണു സ്നേഹിക്കുക.. ആ ഭക്ഷണം കഴിച്ചു തീര്‍ന്നപ്പോഴേക്കും ആ സപ്ലെയര്‍ എനിക്ക് പ്രിയപ്പെട്ടൊരാള്‍ ആയിക്കഴിഞ്ഞിരുന്നു... ശിവദാസേട്ടന്‍..
ഞാന്‍ ഇരുന്ന മേശയുടെ ഒരു വശത്തുള്ള ജനാലയിലൂടെ ഞാന്‍ പുറത്തേക്ക് നോക്കി... ഒരു ചെറിയ പൂന്തോട്ടം.. പൂക്കള്‍ ...പൂക്കള്‍.. പൂക്കള്‍


ടിപ്പുവിന്റെ കോട്ടയിലെ അധിനിവേശം........ ഹനുമാന്‍ സ്വാമി...



ടിപ്പു സുല്‍ത്താന്റെ ബാപ്പാ ഹൈദരാലി സാഹിബ് നിര്‍മ്മിച്ച കോട്ട, ചുറ്റും കിടങ്ങുകുഴിച്ച് വെള്ളം നിറച്ചിരിക്കുന്നു. ശത്രുക്കളായ് വരുന്നവന്മാര്‍ നീന്തല്‍ പഠിച്ചതാണെങ്കിലും കാര്യമില്ല. വെള്ളത്തിലേക്ക് ഡൈവ് ചെയ്യുന്നതേ ഓര്‍മ്മ കാണൂ.. നല്ല മുഴുമുഴുത്ത മുതലകള്‍ ആ കിടങ്ങില്‍ നീന്തി നടക്കുന്നത്, ചുമ്മാതല്ല..
കല്പ്പ്പണിയുടെ കാല്പനിക സൗന്ദര്യം, കല്ലുകള്‍ അടുക്കിയിരിക്കുന്നതിലെ സര്‍ഗ്ഗാത്മകത. ഒരു ഉറുമ്പിനു പോലും കയറിയിരിക്കാന്‍ വിടവില്ല. ഒന്‍പതു പേരവര്‍ കല്പ്പ്പണിക്കാര്‍/ ഓരമ്മ പെറ്റവരായിരുന്നു.. എന്ന ഓ.എന്‍.വിക്കവിത ഞാന്‍ ഓര്‍ത്തൂ.. ഈ മതിലിലും തന്റെ പൊന്നുണ്ണിക്കായ് മാറു ചുരത്തി നില്‍ക്കുന്ന ഒരു അമ്മയുടെ ആത്മാവ് ഉണ്ടാകുമോ..?

അതിവിശാലമായ കോട്ടവാതിലിലൂടെ ഉള്ളിലേക്ക് നടന്നപ്പോള്‍, ഞാന്‍ ഒരു രാജാവാണെന്നു നടിച്ചൂ.. ചുമ്മാതിരിക്കട്ടെ അല്പം ഗമ. മിന്നുന്ന കുപ്പായം പത്രാസു കാണിക്കാന്‍ ഇല്ലെങ്കിലും നീണ്ട സ്വര്‍ണ്ണപ്പാദുകങ്ങള്‍ കാല്പ്പാദങ്ങളെ സം‌രക്ഷിക്കാനില്ലെങ്കിലും... ഇപ്പോള്‍ മനസ്സില്‍ ഞാന്‍ ഒരു രാജാവാണു.. ഹേയ്, എന്റെ രാഞ്ജിയായ് നീ വരൂ പിന്നാലെ.... എന്നു തിരിഞ്ഞു വിളിക്കെ.. സ്വപ്നത്തില്‍ നിന്നവളൊരാട്ട് ആട്ടി.. 'ഫ് പോടാ പന്ന ചെക്കാ...'

കോട്ടക്കുള്ളിലെ മാവ്............


ആകാശത്തെ ഉമ്മവെക്കാനായ് ഉയര്‍ന്നുയര്‍ന്നുപോയൊരു നാട്ടുമാവ്... അങ്ങനെ പോകെ അതിലൊരു ശിഖരത്തിനു ഒരു മോഹം.. ഭൂമിയെ ഒന്നുമ്മ വെക്കാന്‍.. അത് ഭൂമിയിലേക്ക് വളര്‍ന്നു.. ഭൂമിയുടെ ചുണ്ടുകടിച്ചു കീറിയൊരുമ്മ... ! അതി തീവ്രാനുരാഗത്തിന്റെ ആഴങ്ങളില്‍ അഭിരമിച്ച് സ്വാസ്ഥ്യം നേടി വീണ്ടും ആ ശിഖരം ആകാശത്തേക്ക് വളര്‍ന്നൂ.. അപ്പോള്‍ ഭൂമി ആ മാമ്പഴച്ചാറു കുടിച്ച് മതിവരാതെ മാവിന്റെ ഉടലിനെ കടിച്ചു പിടിച്ചു.......... !

കുട്ടികള്‍ അണ്ണാര്‍ക്കണ്ണനെപ്പോലെ അതില്‍ ഓടിക്കയറുന്നു... ഞാന്‍ അത് കൗതുകപൂര്‍‌വ്വം നോക്കി നില്‍ക്കേ.. മാവു പറയുന്നു.. നീ കുറച്ചു മാസം കഴിഞ്ഞു വരൂ...... നിനക്ക് ഞാന്‍ ഒരു മാമ്പഴം തരാം.. നല്ല മധുരമുള്ള മാമ്പഴം..!

ഹോ.. ഇപ്പോള്‍ തന്നെ നീ എന്റെ കണ്ണില്‍ മാമ്പഴച്ചാറിറ്റിച്ചില്ലേ.... എന്റെ കണ്ണുകള്‍ മധുരിക്കുന്നു...!

സ്വര്‍ണ്ണത്തുമ്പികള്‍ ചെയ്യുന്നത്...


കോട്ടക്കുമുകളില്‍ ഒരു ചെറിയ സ്ഥലത്ത് മഴവില്ലിന്റെ ഒരു കഷ്ണം മിന്നുന്നു.. ഞാന്‍ അവിടേക്ക് ചെന്നു. ഹനുമാന്‍ കോവിലിന്റെ മുകളില്‍, പെണ്‍കുട്ടികള്‍ അവരുടെ കുപ്പിവളകള്‍ പൊട്ടിച്ചിട്ടിരിക്കുന്നു...

"ഹോ..! എത്ര രൂപയുടെ വളകള്‍..."

"എടാ കോട്ടയം കാരാ, നിന്നെപ്പോലെയുള്ള മരമാക്രികളെ കെട്ടാന്‍ മനസ്സില്ലാതെ ഹനുമാന്‍ സ്വാമിയെ പ്രണയിച്ച് ഇവിടെ വരുന്ന സുന്ദരിപ്പെണ്‍കുട്ടികള്‍, ഹനുമാന്‍ സ്വാമി നിത്യബ്രഹ്മചാരിയെന്നു അറിയുന്ന സങ്കടത്തില്‍ അവരുടെ വളകളുടച്ച് ആശ്വസിക്കുന്നതാ...."

"ഉവ്വേ, ഉവ്വുവ്വേ...നീയും നിന്റെ ഒരു ഹനുമാന്‍ സ്വാമിയും.. ഹനുമാനു വാല് അരയില്‍, അതുവെച്ച് ആ പാവം ബാലി ചെക്കനെ ഏഴു സമുദ്രത്തില്‍ മുക്കി ദ്രോഹിച്ചു...
നിനക്കൊക്കെ വാലു തലയില്‍ അതില്‍ ആണുങ്ങളെ കെട്ടിവരിഞ്ഞ് ജീവിത സാഗരത്തിലെ ഉപ്പുവെള്ളം മുഴുവന്‍ കുടുപ്പിക്കുന്നു..."

അവളു കെറുവിച്ചൊരു നടത്തം........ പിന്നെ കോട്ടയിലെ മഞ്ഞ തുമ്പികളെല്ലാം ചെന്ന് അവളുടെ നെറ്റിയില്‍ ഉമ്മ വെച്ചപ്പോഴാണു അവള്‍ അവനെ നോക്കിയൊന്നു ചിരിച്ചത്..

രണ്ടു ചെറുപ്പക്കാരെ പോലീസുകാര്‍ വിലങ്ങുവെച്ചു നടത്തിക്കൊണ്ടു പോകുന്നു... കോട്ടക്കുള്ളിലാണു സബ് ജയില്‍.

മനുഷ്യന്‍, എന്നാണു അവനിലെ അക്രമവാസനകളില്‍ നിന്നും രക്ഷപ്പെടുക ? മറ്റുള്ളവനെ ദ്രോഹിക്കാതെ അവനെ ആദരിക്കുന്ന, സ്നേഹിക്കുന്ന ഒരു കാലം... എല്ലാവര്‍ക്കും ജീവിക്കാനുള്ള സമ്പത്ത് ഉണ്ടായാല്‍ തന്നെ പകുതിയിലേറെ അക്രമങ്ങള്‍ അവസാനിക്കും. പിന്നീട് മനോരോഗികളായവര്‍ മാത്രമാകും അക്രമം നടത്തുക. അതിനു ജയിലുകള്‍ അല്ല, മനോരോഗാശുപത്രി ഉണ്ടാക്കിയാല്‍ മതി.....

ചിന്തിച്ചു ചിന്തിച്ച് ഞാന്‍ കോട്ടയുടെ മറുവശത്തെത്തിയിരുന്നു. അവിടെ ചെറിയ ഗുഹപോലുള്ള ജയിലുകള്‍.. പണ്ട് ശത്രുക്കളെ പിടിച്ചിട്ടിരിക്കുക ഇവിടെയാവും.. ഇവിടെ കിടന്ന് എത്രപേര്‍ അവരുടെ പ്രണയങ്ങളോര്‍ത്ത് വിലപിച്ചിരിക്കാം... മക്കളെക്കുറിച്ചോര്‍ത്ത് നിലവിളിച്ചിരിക്കാം....

ഒരാള്‍ക്ക് ധീരനും ചരിത്ര നായകനും ആകാന്‍ എത്രയെത്ര നരബലികള്‍ വേണം..!

മനുഷ്യന്‍........ ഹോ ! എത്രക്ക് നിഗൂഡമായ പദം.

സിക്സര്‍ വീരന്‍ ധോണിയുടെ പേരില്‍ ഒരു വെള്ളച്ചാട്ടം....
അതിരാവിലെ ഞാനവിടെ എത്തുമ്പോള്‍ ആരും എനിക്ക് മുന്നെ കാട്ടിലേക്ക് കയറിയിരുന്നില്ല. ഇന്നലെ മയങ്ങിയ കാട്, അതിന്റെ കണ്ണുകള്‍ തിരുമ്മി ആദ്യം എന്നെ കണി കണ്ടു. കാടിന്റെ ആദ്യത്തെ മിഴിതുറക്കല്‍. നനുത്തൊരു കുളിരായ് കാട് എന്നെ തൊട്ടു. മരങ്ങളുടെ വേര്‍പ്പു മണം.. പൂക്കളുടെ ആദ്യവിടരലിന്‍ സുഗന്ധം.. മനുഷ്യനായ് ഇപ്പോള്‍ ആ കാട്ടില്‍ ഞാന്‍ മാത്രം..

എന്നില്‍ ജന്തുവാസന ഉണര്‍ന്നു.. കാടിന്റെ നടുവില്‍ ഞാന്‍ മൂത്രമൊഴിച്ചു. ആരും കാണാനില്ലാത്തപ്പോള്‍ ഞാന്‍ എന്തൊരു വഷളനും തോന്ന്യാസിയും സ്വാതന്ത്ര്യദാഹിയും എന്നോര്‍ത്ത് കുടുകുടാ ചിരിച്ചു.. ചിരിച്ചു ചിരിച്ച് കിതച്ചപ്പോള്‍ തണുതണുത്ത വായു ധാരാളം എന്റെ നെഞ്ചിലേക്ക് വലിച്ചെടുക്കപ്പെടുകയും ഞാന്‍ വര്‍ദ്ധിതവീര്യനായ് തീരുകയും ചെയ്യ്‌തു...

അങ്ങകലെ വെളുവെളുത്തൊരു രൂപം. അത് അനങ്ങുന്നു. എനിക്ക് കൗതുകം അടക്കാനായില്ല.. ഞാന്‍ അവിടേക്ക് നടന്നു ചെന്നപ്പോള്‍.. ഒരു മുത്തശ്ശി, വിറക് പെറുക്കി കൂട്ടുന്നു...
എന്നെ കണ്ടതും.. 'മക്കളേ.' എന്നൊരു വിളി, അവരുടെ തൊണ്ടയുടെ കമ്പനത്തില്‍ ഞാന്‍ വിറച്ചു പോയ്, ഈ പുലര്‍ച്ചെ ഇത്രയും പ്രായമായൊരു മുത്തശ്ശി ഈ കാട്ടില്‍....

'മക്കളെവിടുന്ന.......?' ഞാന്‍ അവരെ സൂക്ഷിച്ചു നോക്കുകയായിരുന്നു. ചുളിവുകള്‍ ..ചുളിവുകള്‍ ..മുഖവും ശരീരവും നിറയെ വാര്‍ദ്ധക്യം നിറഞ്ഞിരിക്കുന്നു. പക്ഷേ കണ്ണുകള്‍ അതി സൗമ്യവും സ്നേഹതീവ്രവുമായിരുന്നു..
'അതേയ്, എനിക്കൊരു ചായ കുടിക്കാന്‍ കാശു തരുവോ..?'
'എന്താ വല്ല്യമ്മച്ചീടെ പേരു...?' എന്നു ഞാന്‍ ചോദിച്ചു... 'മുത്തി...'
ഞാന്‍ കൈയിലിരുന്ന കുറച്ച് ചില്ലറകള്‍ അവര്‍ക്കു നല്‍കി.. മക്കളു കാടിനെ അകത്തേക്ക് അധികം പോകേണ്ടാ കേട്ടോ.... 'ഇല്ല ' എന്നു പറഞ്ഞ് ഞാന്‍ മുന്നോട്ട് നടന്നു.. വളവു തിരിഞ്ഞ് ഞാന്‍ നോക്കിയപ്പോള്‍ അവരില്ല...

കുറച്ചുകൂടെ മുകളിലേക്ക് കയറിയപ്പോള്‍ എനിക്ക് ശരിക്കും പേടി തോന്നി. ആരാവും ഈ മുത്തി.? ഞാന്‍ വേഗത്തില്‍ തിരിച്ചിറങ്ങി... അവര്‍ പെറുക്കിക്കൂട്ടിയ വിറകുകള്‍ അവിടുണ്ട്.. പക്ഷേ മുത്തി ഇല്ല..
ഞാന്‍ ചുറ്റിനും നോക്കി, അപ്പോഴാണു മക്കളു ഇത്ര വേഗം തിരിച്ചു വന്നോ.. എന്ന ചോദ്യം.. ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ കൈയില്‍ മറ്റൊരു വിറകു കഷ്ണവുമായ് അവര്‍ കാട്ടില്‍ നിന്നും കയറി വരുന്നു...

എനിക്ക് ആര്‍ത്തൊന്നു ചിരിക്കാന്‍ തോന്നി.. ഏ.റ്റി കോവൂര്‍, ഐരൂര്‍, നിരീശ്വരവാദ പുസ്തകങ്ങള്‍ വായിച്ച്... ഞാനും ഒരു മിടുക്കന്‍ എന്നു വിചാരിച്ചിരുന്നു.. പക്ഷേ.. ഞാന്‍ ഒരു പേടിച്ചു തൂറിയാണു.. മഹാ പേടിച്ചു തൂറി..!

ഞാന്‍ മുത്തിയമ്മയുടെ കൂടെക്കൂടി, അവരുടെ വിറകു കെട്ടിക്കൊടുത്തു..
മക്കളുണ്ട്, പക്ഷേ, മുത്തിയമ്മക്ക് അവരെ വിഷമിപ്പിക്കാന്‍ വയ്യ, അതുകൊണ്ട് രാവിലെ കാട്ടില്‍ വന്നു വിറകു ശേഖരിച്ച് ചായക്കടയില്‍ കൊടുത്ത് അവിടെ നിന്നും ഭക്ഷണം കഴിക്കും...

നല്ല ഭാരമുള്ള ആ വിറകു കെട്ട് അവരുടെ തലയില്‍ വെച്ചു കൊടുത്തപ്പോല്‍ സത്യമായും എനിക്ക് വല്ലാതെ വിഷമം തോന്നി..........

ഞാന്‍ കാടിന്റെ ഇറയത്തെത്തി, അവിടെ നിന്നും കിണറ്റിലെ വെള്ളം കോരി മുഖവും കാലും കഴുകുമ്പോള്‍ അമ്മയുടെ വിളി....... മോനേ..... എപ്പോഴാ വരിക..അമ്മയുടെ ശബ്ദത്തില്‍ ഒരു പനിച്ചൂട്.?

ഇന്നു തന്നെ ... രണ്ടു ദിവസത്തേക്ക് എന്നു വിചാരിച്ച് പോയ എനിക്ക് അമ്മയുടെ അടുത്തേക്ക് പറന്നു ചെല്ലാന്‍ തോന്നി...


മലമ്പുഴ യക്ഷി....




യക്ഷി ഇപ്പോള്‍ ഏകയാണു. ആരും അവളെ ശ്രദ്ധിക്കുന്നില്ല. ദേഹത്ത് ചൊറി വന്നതുപോലെ അടര്‍ന്നു പോയിരിക്കുന്നു. ചുറ്റും കാടു വളര്‍ന്നിരിക്കുന്നു.
എന്റെ പ്രിയപ്പെട്ട യക്ഷീ, നിന്നെ ഞാന്‍ ആദ്യമായാണു കാണുന്നത് . ചെറുപ്പത്തില്‍ നിന്റെ ഫോട്ടോ ഞാന്‍ മലയാള മനോരമയില്‍ കണ്ടിട്ടുണ്ട്. സ്ത്രീ നഗ്നത ഒപ്പിയെടുക്കുന്നതില്‍ ഏറ്റവും വിരുതനായൊരു ഫോട്ടോഗ്രാഫര്‍ നിന്നെ എന്റെ മനസ്സില്‍ എടുത്തുവെച്ചിരുന്നു. നിന്നെക്കാണാന്‍ അവിടേക്ക് ഒഴുകി വന്നിരുന്ന പുരുഷാരത്തെക്കുറിച്ച് വായിച്ച് ഞാന്‍ നിന്നെ രഹസ്യമായ് പ്രണയിച്ചിരുന്നു. കാനായ് കുഞ്ഞിരാമനോട് എനിക്ക് എന്തെന്നില്ലാത്ത ആദരവും സ്നേഹവും പിന്നെ അല്പം അസൂയയും തോന്നി. നിന്നെ ഞങ്ങള്‍ക്കു കാണിച്ചു തരുന്നതിനു മുന്നെ എത്രകാലം ആ ദുഷ്ടന്‍ മനസ്സില്‍ കൊണ്ടു നടന്നിട്ടുണ്ട് നിന്നെ..

എന്നാല്‍ നിന്റെ ദയനീയമായ അവസ്ഥകണ്ട്, എനിക്ക് സഹതാപം തോന്നി. അതാണു ഞാന്‍ നിന്നെ നോക്കി അങ്ങനെ നിന്നത്, പണ്ടായിരുന്നെങ്കില്‍ നിന്നെ കെട്ടിപ്പിടിച്ച് ഞാന്‍ ഒരു ഫോട്ടോ എടുക്കുമായിരുന്നു.. ഇപ്പോള്‍, എന്റെ പ്രണയിനിയെ ഞാന്‍ യക്ഷി എന്നു വിളിച്ചു തുടങ്ങിയതിനു ശേഷം, നിന്നെ കെട്ടിപ്പിടിക്കുക എന്ന മോഹം ഞാന്‍ ഉപേക്ഷിച്ചു. നീ പിണങ്ങരുതു കേട്ടോ.. ഒരു മനസ്സില്‍ രണ്ടു യക്ഷികള്‍ ചേരില്ലെന്നേ...

അല്ല, ഈ യക്ഷി, എന്ന വിളി, അത് എന്തൊരു പ്രണയമാണു എന്നില്‍ ഉല്പാദിപ്പിക്കുന്നതെന്നോ? എന്റെ പ്രണയിനിയും ആദ്യം എന്നോട് വഴക്കു കൂടി, എടാ എന്നെപ്പോലെ നിന്നെ സ്നേഹിക്കുന്നൊരുവളെ യക്ഷി എന്നു വിളിക്കാന്‍ നിനക്ക് എങ്ങനെ ധൈര്യം വന്നൂ എന്നൊക്കെ ചോദിച്ച് വലിയ വഴക്ക്...

അപ്പോള്‍ ഞാന്‍ ചോദിച്ചൂ.... യക്ഷികള്‍ എന്താണു ചെയ്യുക, അവര്‍ ഇഷ്ടപ്പെടുന്നവരെ സ്നേഹത്തോടെ കൂട്ടിക്കൊണ്ടു പോകുന്നു. അവരെ എല്ലാ രീതിയിലും സന്തോഷിപ്പിച്ച്,അവരുടെ മാംസം കാര്‍‌വ്വുചെയ്യ്തു തിന്ന്, രക്തം കോള കുടിക്കുന്നതുപോലെ കൊരവള്ളി പൊട്ടിച്ച് സ്ട്രോയിലൂടെ എന്ന രീതിയില്‍ പാനം ചെയ്യ്‌ത്, മുടിയും നഖവും എല്ലുകളും പനച്ചോട്ടില്‍ ഉപേക്ഷിക്കുന്നു....
ഒരു സ്ത്രീ പ്രണയത്തിന്റെ ഏറ്റവും അങ്ങേയറ്റത്തെത്തുമ്പോള്‍, ഒരു പുരുഷനെ അങ്ങനെയല്ലേ ചെയ്യുക, എന്നെ കൊന്നു തരൂ എന്നല്ലെ ഒരു പുരുഷനു ഒരു സ്ത്രീയോടു പറയുവാനുണ്ടാവുക...
യക്ഷിയും അവളുമായ് ബന്ധപ്പെട്ട കഥയും ഇന്നോളം ഞാന്‍ കേട്ടതില്‍ ഏറ്റവും സുന്ദരമാണു.. പ്രിയപ്പെട്ട യക്ഷികളേ..... നിങ്ങള്‍ നല്ലവരാണു..... നിങ്ങള്‍ മാത്രമാണു നല്ലവര്‍.. നിങ്ങളുടെ സൗന്ദര്യം നിങ്ങളുടെ നിണ്ട മുടിയഴക്, നിങ്ങളുടെ പാലപ്പൂ ഗന്ധം... എന്റെ പ്രിയ യക്ഷികളേ സുന്ദരിക്കോതകളേ...
ദേയ്, മനുഷേനേ അധികം യക്ഷിപ്രേമം പറഞ്ഞാല്‍ നിങ്ങളുടെ എല്ലും നഖവും മുടിയും കൂടെ ഞാന്‍ ബാക്കി വെച്ചേക്കില്ലെന്നു...അവള്‍ മുരളുന്നതു ഞാന്‍ കേട്ടു...

ങാ, മലമ്പുഴ യക്ഷീ..... നീ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ അപാരതയില്‍ അഭിരമിക്കുകയായിരുന്നു...(ഇനി പതിനെട്ടു വയസ്സ് ആകാത്തവര്‍ ഒന്നു കണ്ണടച്ചേക്കുക..)

കാനായി കുഞ്ഞിരാമന്‍ അവതരിപ്പിച്ച യക്ഷി, സാംസ്കാരിക കേരളത്തിലെ കപട സദാചാരത്തിന്റെ മുഖത്തേക്ക് അഞ്ഞൊരു തുപ്പായിരുന്നു. സ്ത്രീ എവിടെയും അടിച്ചമര്‍ത്താനുള്ള ഉപകരണമാണെന്ന ചിന്തക്ക് ഒരു കൊഞ്ഞനം കുത്തല്‍. രതി എന്നത് , കേവലം പാപമാണെന്നും സ്ത്രീയെ അതില്‍ കീഴ്പ്പെടുത്തുന്നതാണു പൗരുഷം എന്ന് കരുതുകയും ചെയ്യുന്ന കേരളീയ മണുക്കൂസ് രതിവീരന്മാര്‍ക്ക് മലമ്പുഴയിലെ യക്ഷി, ഒരു ചോദ്യമാവുന്നു. ഇത്തരമൊരു സ്ത്രീയെ പുരുഷന്‍ ഭയക്കും, ഒരു ശലഭത്തെപ്പോലെ പുരുഷനില്‍ പാറിപ്പറക്കുന്നൊരു സ്ത്രീ... അതിനിടയില്‍ അഴിഞ്ഞുപോയ അവളുടെ കേശഭാരത്തെ അവള്‍ കൈ ഉയര്‍ത്തി കെട്ടിവെക്കാന്‍ തുടങ്ങുന്നു.. സമ്മോഹനമായൊരു ചിന്ത. കാനായിയുടെ വിരല്‍ത്തുമ്പില്‍ എന്റെ സ്നേഹ ചുംബനം.



ഞാന്‍ യക്ഷിയെ കണ്ടതിനു ശേഷമാണു മലമ്പുഴ ഡാമില്‍ ബോട്ടില്‍ സഞ്ചരിച്ചത്........ അതാ അങ്ങകലെ ഒരു യക്ഷി... മുടി പിന്നിലേക്ക് വഴിഞ്ഞൊഴുകിയിരിക്കുന്നു... അവളുടെ മുലകള്‍ ആകാശത്തേക്കുയര്‍ന്നിരിക്കുന്നു... അവളുടെ കാലുകള്‍ അവള്‍ ഉയര്‍ത്തിവെച്ചിരിക്കുന്നു.. അവളുടെ ദൃഡമായ മുഖത്ത്, അതി ശക്തമായ സ്നേഹം... മലമ്പുഴയുടെ യക്ഷിയെ പ്രകൃതി കൊത്തിവെച്ചിരിക്കുന്നു.... ഹെന്റെ പ്രകൃതീശ്വരീ.. നീ ആ വിരലൊന്നു നീട്ടൂ... ചുംബിക്കാനല്ല.. അതില്‍ എനിക്കൊന്നു വീണുറങ്ങാന്‍...!

വൈകിട്ട് തിരിച്ചു ബസില്‍ , ഇരുട്ടിലൂടെ ബസ് കുതിച്ചുപായുന്നു.. തണുത്തകാറ്റ് ,... ഹോ ഞാന്‍ മറന്നിരുന്ന മഴ, അവളുടെ വരവാണു.... എന്നാല്‍ എന്നെ ഓടിച്ചിട്ട് പിടിക്കാന്‍ കഴിയാത്തതില്‍ അവള്‍ മുഖം വീര്‍പ്പിച്ചു നിന്നു.... ഞാനൊരു സ്വപ്നക്കോണിയില്‍ കയറി അവളുടെ അരികിലേക്ക് കയറിച്ചെന്നു കവിളില്‍ ആഞ്ഞൊരു ഉമ്മവെച്ചു........ അവള്‍ അവളുടെ പരിഭവം മതിയാക്കി..!

(ഇതിലെ ചിത്രങ്ങള്‍ക്ക് ഗൂഗിളേ നന്ദി ഗൂഗിളേ സോത്രം..)