2009, ഓഗസ്റ്റ് 1, ശനിയാഴ്‌ച

ചിന്താവിഷ്ടയായ ശകുന്തള..

ശകുന്തളക്ക് കരച്ചില്‍ വന്നു. ശരിക്കും ഒരു മുട്ടന്‍ കരച്ചില്‍. അവള്‍ കൈകള്‍ കൊണ്ട് മുഖം പൊത്തിപ്പിടിച്ച് ആര്‍ത്തലച്ച് കരഞ്ഞു. മൂക്കില്‍ നിന്നും പുറത്തേക്ക് വന്ന മൂക്കള ചീറ്റി കൈകൊണ്ട് മൂക്കുപിഴിഞ്ഞ് ചാറെടുത്ത് അവളിരുന്ന മരച്ചോട്ടിലെ ഒരു വേരില്‍ തേച്ചു. പിന്നെ അടുത്തുകിടന്നൊരു കുമ്പിളിലയില്‍ കൈ തുടച്ചു.

"ദുഷ്ടന്‍.! കശ്മലന്‍. കുഷ്യന്തന്‍..!"

ശകുന്തള കരച്ചിലിന്റെ വോള്യം ഒന്നുകൂടെ കൂട്ടി. പിന്നീട് അതൊന്നും കേള്‍ക്കാന്‍ ആരും വരില്ലെന്നറിഞ്ഞും എനര്‍ജി വെറുതെ 'വെയ്സ്റ്റ്' ആക്കിയാല്‍ തന്റെ ശരീരത്തിനാണു കേടെന്നു വിചാരിച്ച് വീണ്ടും ചിന്തയില്‍ വീണുരുണ്ടു..

എന്തെല്ലാം ചാടുവാക്കുകള്‍ പറഞ്ഞാണു തന്നെ പ്രണയ പരവശയാക്കിയത്... ഹോ പ്രണയം.!.
തനിക്കാ സാധനം തന്നെ തിരിച്ചറിയില്ലായിരുന്നു.

കണ്വാശ്രമത്തില്‍ അനസൂയയോടും പ്രിയം‌വദയോടും ചുമ്മാ വര്‍ത്താനം പറഞ്ഞും അവരെക്കൊണ്ട് തലയിലെ പേന്‍ കൊല്ലിച്ചും സുഖിച്ചു ജീവിച്ച താന്‍, ദീര്‍ഘാ പാംഗനെന്ന മാന്‍ കുട്ടിയുടെ നീണ്ട മിഴിയിണയില്‍ തന്റെ മുഖം നോക്കി രസിച്ച താന്‍, വനജ്യോസ്നയെന്ന മുല്ലവള്ളിയില്‍ വിടര്‍ന്ന പൂക്കള്‍ വാസനിച്ച് സ്വര്‍ഗ്ഗീയാനന്ദത്തില്‍ മുഴുകിയിരുന്ന താന്‍ ...... ഇന്നിതാ, ഇവിടെ ആരോരുമില്ലാതെ കുത്തിയിരുന്നു കരയുന്നു...

അന്ന് ആശ്രമത്തിലെ ജോലികളെല്ലാം തീര്‍ത്ത് താനും തോഴിമാരും മള്‍ബറിക്കായ് പറിച്ചു തിന്നും പേരക്കായ് കടിച്ചു തിന്നും നിന്നപ്പോഴല്ലേ... അങ്ങേരു വന്നത്..

(വണ്ടിനെ ഓടിക്കാനെന്നൊക്കെ ഒരു കാളിദാസന്‍ പറഞ്ഞിട്ടുണ്ട്.. ശുദ്ധ നുണ.)

അപ്പോള്‍ ശരിയാണു ഞങ്ങളൊന്നു നോക്കിപ്പോയ്, നല്ല മുട്ടന്‍ കുടവയറും തലനിറയെ തലമുടിയും പുറത്ത് രോമവും പിന്നെ കുറച്ച് സ്വര്‍ണ്ണമാലകള്‍ കഴുത്തില്‍ തൂക്കിയും ഒരു കപ്പടാ മീശയുമായ് മുന്നില്‍ വന്ന രാജാവിനെ ഞങ്ങള്‍ നോക്കി.. അനസൂയയും പ്രിയം വദയും കുറച്ചു നേരം നോക്കി മിഴി പിന്‍‌വലിച്ചപ്പോള്‍, തനിക്കതിനു കഴിഞ്ഞില്ലെന്നതാണു മുഴുവന്‍ തൊന്തരവിനും കാരണം...

രാജാവും തന്റെ ഉണ്ടക്കണ്ണുകൊണ്ട് എന്നെ വീക്ഷിച്ച് രസിച്ചു നില്‍ക്കുകയായിരുന്നു. അനസൂയ ഇടക്ക് എന്റെ ചന്തിക്കൊരു നുള്ളു തന്നപ്പോഴാണു ഞാന്‍ എന്റെ മിഴികള്‍ പിന്‍‌വലിച്ചത്..! കടാക്ഷ ശാസ്ത്ര പഠിപ്പു നേടാത്ത കാനന കന്യയുടെ മിഴികളില്‍ രാജാവ് തെന്നിയടിച്ചു വീണു...

അങ്ങേര്‍ ഞങ്ങളെ 'ഇംബ്രസ്' ചെയ്യാന്‍ അമ്പും വില്ലും കൊണ്ട് പല വിദ്യകളും കാണീച്ചു. മാവിന്‍ കൊമ്പില്‍ തൂങ്ങിക്കിടന്ന മാമ്പഴത്തിനു നേരെ അമ്പെയ്യ്‌തു.. അമ്പ് അതിന്റെ വഴിക്ക് പോയി. മാമ്പഴം മാവിന്‍ കൊമ്പിലിരുന്നു രാജാവിനെ കോക്രി കാണിച്ചു. അപ്പോള്‍ മാവിന്‍ കൊമ്പിലേക്ക് ചാടിവന്നൊരു അണ്ണാറക്കന്‍ ഒരു മാമ്പഴം കൊത്തി താഴേക്കിട്ടു... രാജാവതെടുത്ത് എനിക്ക് നീട്ടി..... ചുനയുള്ള മാമ്പഴം..
ഞാനതു തിന്നാന്‍ തുടങ്ങുമ്പോള്‍ രാജാവ് പറഞ്ഞു..

"മൂടു കടിച്ച് തുപ്പിയിട്ട് കഴിക്കൂ...ല്യാച്ചാല്‍, വായ് മുഴുവന്‍ കറയാവും...."

"ഹോ..!" ഈ വാക്കുകള്‍ എന്നില്‍ ആഴത്തിലിറങ്ങി... ഇതുവരെ ആരും എന്നെ അത്രയും 'കണ്‍സിഡര്‍' ചെയ്യ്‌തിരുന്നില്ല. ശകുന്തങ്ങള്‍ വളര്‍ത്തിയൊരു കുട്ടി. അതിനപ്പുറം താത കണ്വന്‍ പോലും ഒന്നു അറിഞ്ഞു ചെയ്യ്‌തിട്ടില്ല...

പാവപ്പെട്ടൊരു അനാഥക്കുട്ടിയല്ലേ.. അതിനൊരു പൊട്ടുവേണോ, ചെരുപ്പുവേണോ. കണ്മഷി വേണോ. എന്നൊന്നും ആരും ചോദിച്ചതെ ഇല്ല.. പൊട്ടുകുത്താന്‍ നാലുമണിപ്പൂക്കള്‍ ഇറുത്തെടുത്തവള്‍.. ശകുന്തള !
കണ്മഷിക്കായ് കലത്തില്‍ കരിപിടിപ്പിച്ചവള്‍ ശകുന്തള..!
ചെരുപ്പിനായ് പാള വെട്ടി അതില്‍ വള്ളികോര്‍ത്ത് അടിയില്‍ രണ്ടു ഉരുളന്‍ കല്ലുകള്‍ പിടിപ്പിച്ച് ഹൈ ഹീല്‍ ചെരുപ്പുണ്ടാക്കി ഞെളിഞ്ഞു നടന്ന് താഴെ വീണവള്‍ ശകുന്തള.!
ഹോ..! ആഹ്ലാദ നിര്‍ഭരമായ ബൗദ്ധിക കണ്ടു പിടുത്തങ്ങള്‍... അങ്ങനെയുള്ള ശകുന്തളയെ ആണു രാജാവ് ഒരു വാക്കില്‍ എറിഞ്ഞു വീഴിച്ചിരിക്കുന്നത്...
തിരിഞ്ഞു നടക്കെ ഹൈ ഹീല്‍ ചെരുപ്പിന്റെ വാറുപൊട്ടി.. ഒറ്റക്കാലില്‍ നിന്ന് അത് ശരിയാക്കാന്‍ നിരൂപിക്കവേ...

(ആ ദ്രോഹി കാളിദാസന്‍ അതിനെയും വര്‍ണ്ണിച്ചു.. കാലില്‍ മുള്ളുകൊണ്ട് തിരിഞ്ഞു നോക്കിയതാണെന്നു..അല്ലേലും അങ്ങേര്‍ക്ക് ഉപമകള്‍ അല്പം കൂടുതലാ..)

എന്നാലും ഞാന്‍ രാജാവിനെ ഒന്ന് ഉളിഞ്ഞു നോക്കി... രാജാവപ്പോള്‍ പന്തം കണ്ട പെരുംച്ചാഴി കണക്കെ എന്നെത്തന്നെ നോക്കി നില്‍ക്കുകയായിരുന്നു..


വീട്ടില്‍ വന്ന് അത്താഴപ്പട്ടിണി കിടന്നു. കൂട്ടുകാരികള്‍ക്ക് ചിരിയോടു ചിരി. ഇഞ്ചിപ്പുളിയുടെ ഒരു തുള്ളി നാവിലിറ്റിച്ചൂ അനസൂയ.. എല്ലാം മറന്ന് ചാടിയെണീറ്റിരുന്നു മടുമടാ രണ്ടു ചിരട്ടക്കഞ്ഞി കുടിച്ച് ഏമ്പക്കം വിട്ടു.

ചന്ദ്രികാ ചര്‍ച്ചിതമായ രാത്രി.. ചന്ദ്രന്‍ എന്നില്‍ ഉന്മാദം നിറച്ചു. കിടന്നിട്ടുറക്കം വരുന്നില്ല. ഇന്നുവരെ ഒരിക്കലും ആസ്വദിച്ചിട്ടില്ല രാത്രി.. ഇപ്പോള്‍, രാവിനെന്തൊരു സൗന്ദര്യം.. രാവിനു സൗന്ദര്യം മാത്രമല്ല സുഗന്ധവും ഉണ്ട്.. ഇലഞ്ഞിപ്പൂമണം ഒഴുകി വരുന്നു.. പാലപ്പൂവിന്റെ രൂക്ഷ ഗന്ധം കരളിനെ കൊത്തിവലിക്കുന്നു. ഹോ..! എന്താണു തനിക്ക് സംഭവിക്കുന്നത്..? ഹൃദയതാളം തെറ്റുന്നു. ദേഹം വിയര്‍ക്കുന്നു. മടുമടാ വെള്ളം കുടിച്ചു. പോത്തുപോലെ കിടന്നുറങ്ങുന്ന അനസൂയക്കിട്ടും പ്രിയം വദക്കിട്ടും ഒരോ ചവിട്ടുകൊടുക്കാന്‍ തോന്നി... താന്‍ കണട് അതേ കാഴ്ചകളേ അവരും കണ്ടിട്ടുള്ളൂ.. എന്നിട്ടും രണ്ടിനും ഒരു കൂസലും ഇല്ല. ഇരുന്നാഴി വരിനെല്ലിന്റെ കഞ്ഞി കുടിച്ച് കൂര്‍ക്കം വലിച്ചുറങ്ങുന്നു.ഭയങ്കരികള്‍..!


രാവില്‍ ഒരു തുള്ളിക്കണ്ണടക്കാതെ കാത്തിരുന്നു. കണ്ണൊന്നടച്ചാല്‍ കുടവയറും കുലുക്കി ഓടിയെത്തും രാജകുമാരന്‍ ദുഷ്യന്തന്‍.

നേരം വെളുത്തപ്പോള്‍ കള്ളടിച്ച് കോണ്‍തെറ്റിയൊരു കുടിയനെപ്പോലെ എന്റെ കണ്ണുകള്‍ കലങ്ങിയതു കണ്ട് പ്രിയംവദ പ്രിയം ചോദിച്ചു.. 'ഏതു ബ്രാന്‍ഡാ കീച്ചിയത്..?'

മാവില കടിച്ച് ചവച്ച് പല്ലുകളെ മുത്തുപോലെ മിന്നിക്കാനുള്ള ശ്രമത്തിലായിരുന്നതിനാല്‍ അവള്‍ക്ക് ഉചിതമായൊരു മറുപടി കൊടുക്കാന്‍ സാധിച്ചില്ല. പകരം കണ്ണുകളില്‍ അഗ്നി പായിച്ചൊരു നോട്ടം നോക്കി. അവള്‍ നേരെ... ബാത്ത് റൂമിലേക്ക് പായുന്നതു കണ്‍ടു.

തന്റെ മനോഗതമറിഞ്ഞ അനസൂയ ഒരു താമര ഇലയുമായി വന്നു. എന്നിട്ട് നാണത്തോടെ പറഞ്ഞു: "ആ രാശാവിനോട് പറയാനുള്ളത് ഇതിലെഴുതൂ മുനികുമാരീ...'

'അനസൂയേ, എങ്ങനാ ഇതില്‍ എഴുതുക.? അച്ഛന്റെ നാരായം കിട്ടിയിരുന്നെങ്കില്‍...'

'ഹോ!.മുനി കുമാരീ, നഖം കൊണ്‍ട് പോറിച്ചെഴുതൂ...'

'അനസൂയെ, അതിനെനിക്ക് അക്ഷരം മുഴുവന്‍ അറിയില്ലല്ലോ...'

'അങ്ങനിരിക്കും. പണ്ട് ആശാന്‍ പള്ളിക്കൂടത്തില്‍ വിട്ടപ്പോള്‍ ദീര്‍ഘാ പാംഗന്റെ പിന്നാലെ തെണ്ടി നടന്നതല്ലേ.. എന്തായാലും അറിയാവുന്ന അക്ഷരങ്ങള്‍ വെച്ച് ഒരു കിച്ച് കീച്ച്... ആ രാശാവിന്റെ നോട്ടം ക്ണ്ടിട്ട് അങ്ങേര്ക്കും ഇതിലൊന്നും അത്ര പിടി പോരെന്നാ തോന്നുന്നത്..'

താമരയില തറയില്‍ വെച്ച് ശകുന്തളാ ചിന്താമഗ്നയായ്, താടിക്ക് കൈകൊടുത്തിരുന്നു. പ്രണയലേഖനം എങ്ങനെ എഴുതണം.......പ്രിയതമ.. പ്രിയതമ.. എന്നു മനസ്സില്‍ നൊമ്പരപ്പെട്ടു. പിന്നെ ധൈര്യം അവലംബിച്ച് ഒരു കീച്ചു കീച്ചി...

പ്രിയ കമുക,
നിന്നെക്കുറിച്ചോര്‍ത്ത് എന്റെ മനസ്സിനു വരട്ടു ചൊറി പിടിച്ചു. അവിടെ മാന്തി മാന്തി എന്റെ മനസ്സിന്റെ ഭിത്തി പൊളിഞ്ഞു. നിന്റെ കുടവയറും കുലുക്കിയുള്ളൊരാ നടത്തം എന്നെ വികാരവിലോലയാക്കുന്നു. മര്യാദക്ക് എന്നെ കൊട്ടിയില്ലെങ്കില്‍ ഞാന്‍ നിന്നെ കെല്ലും. എന്റെ അപ്പന്‍ ഒരു മഹാ മന്ത്ര വാദിയാണു. കോഴിവെട്ട് അങ്ങേരുടെ ഒരു മെയിന്‍ ഐറ്റം ആണു. എന്നെ കെട്ടിയില്ലെങ്കില്‍ ഞാന്‍ നിന്നെ എന്റെ അപ്പനെ കൊണ്ട് ഒരു മാക്കാച്ചി തവളയാക്കി മാറ്റും. 'പോ ക്രോം പോ ക്രോം'എന്നു കരഞ്ഞു നിലവിളിച്ച് നീ നടക്കും.

സ്നേഹ പൂര്‍‌വ്വം സ്വന്തം കമുകി.

വിരല്‍ അടയാളം....( ഉമിക്കരി പൊടിച്ച് അതില്‍ വിരല്‍ മുക്കിയാണു ആ സൂത്രം ഒപ്പിച്ചത്..)


അനസൂയയോടും പ്രിയം വദയോടും മാറിമാറി താന്‍ ചോദിച്ചു. പ്രണയലേഖനം തന്റെ പ്രാണേശ്വരനെ കണ്ട് എല്പ്പിക്കാമോയെന്നു. അതിനവര്‍ പറഞ്ഞ മറുപടി തന്റെ ചങ്കുതകര്‍ത്തു.

'ആ രാജാവിനെ കണ്ടാലേ ഒരു പീഡക ലുക്കാ.. കത്തുമായി ചെല്ലുന്ന ഞങ്ങളെ വെറുതെ വിടുമെന്ന് എന്താ ഉറപ്പ്?'
എന്നാലും പ്രിയ തോഴിമാര്‍ ഒരു ഐഡിയ പറഞ്ഞു തന്നു.

'താമരയില കണ്വാശ്രമത്തിന്റെ അരികിലൂടെ ഒഴുകുന്ന അരുവിയിലൂടെ നമുക്ക് താമരയില ഒഴുക്കിവിടാം മുകളില്‍ ഒരു റോസാപ്പൂകൂടി വെയ്ക്കാം..'

ഇലയില്‍ ഒരു കമ്പു കുത്തിയിറക്കി പ്രണയത്തിന്റെ ഒരു ഇമേജ് സൃഷ്ടിക്കുന്നതിനെക്കുറിച്ചും പ്രിയം‌വദ പറഞ്ഞു.

എന്നാല്‍ ഇല വെള്ളത്തില്‍ താണുപോയാലോ...? ആര്‍ക്കമിഡീസിന്റെ പ്ലവനതത്ത്വം അക്കാലങ്ങളില്‍ പത്രത്തില്‍ വലിയ കോലാഹലമുണ്ടാക്കിയ നാളുകളായിരുന്നു

അനന്തരം അനസൂയ പറഞ്ഞതുപോലെ ഞങ്ങള്‍ താമരയില അരുവിയിലൂടെ ഒഴുക്കി വിടാന്‍ തീരുമാനിച്ചു. അപ്പോഴും എനിക്കൊരു സംശയം, അതെങ്ങനെ രാജാവിനു കിട്ടും.. അപ്പോള്‍ അനസൂയ ഒരു രഹസ്യം പോലെ പറഞ്ഞു:

'രാവിലെ പത്തുമണിക്ക് നമുക്ക് പണി പറ്റിക്കാം.. രാശാവ് പള്ളിയുറക്കം കഴിഞ്ഞ് വെടിപ്പായി പള്ളി ശൗചത്തിനു വരുന്ന സമയമാണു....'

'ഹമ്പടീ ഭയങ്കരീ...!' എന്നാ പെരിയ ബുദ്ധി..?'അനസൂയയെ കെട്ടിപ്പിടിച്ച് അമര്‍ത്തിയൊരു ഉമ്മകൊടുത്തു. ദീര്‍ഘാ പാം‌ഗന്‍‌ എന്റെ കാലിനിട്ട് ശക്തിയായ് ഒരു തൊഴി തൊഴിച്ചു.

താമരയില മെയിലു കിട്ടിയപ്പോള്‍ തന്നെ ദുഷ്യന്തന്‍, കുതിച്ചെത്തി. ഓടിവന്നതിന്റെ കിതപ്പ് തീരുന്നതിനു മുന്നെ രാജാവ് ഗല്‍ഗദ കണ്ഠനായ് മൊഴിഞ്ഞു..

'ഞാന്‍ വിശ്വസിച്ചതേ ഇല്ല, ഇത്രവേഗം നീ എന്റെ കെണിയില്‍ കുരുങ്ങുമെന്ന്...'

'ഹെന്ത്.?'താന്‍ മുഖമുയര്‍ത്തി അദ്ദേഹത്തെ നോക്കിയപ്പോള്‍,പ്രണയപൂര്‌വ്വം രാജാവു മന്ത്രിച്ചു.

'എന്റെ സുന്ദരി, നിന്നെപ്പോലൊരു സുരസൗന്ദര്യത്തെ പനം കള്ളുപോലെ മടുമടെ കുടിക്കാന്‍ ഭാഗ്യം സിദ്ധിച്ച എനിക്ക് എന്നോടു തന്നെ അസൂയ തോന്നുന്നു.'

രാജാവിന്റെ മധുരവചനങ്ങളില്‍ തന്റെ ഉള്ളം കുതിര്‍ന്നു. വാക്കുകള്‍ക്ക് എങ്ങനെയാണു ഇത്രക്ക് സുഗന്ധിയാവാന്‍ കഴിയുന്നത്. പ്രണയിക്കുന്നവര്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ വാക്കുകള്‍ അവിടെ വര്‍ണ്ണങ്ങളും സുഗന്ധവുമായ് മാറുന്നു.

അതുകൊണ്ടല്ലേ കണ്വാശ്രമത്തിലെ കമ്പോസ്റ്റ് കുഴിക്കരുകില്‍ നിന്നു പ്രണയിച്ചിട്ടുപോലും അതിന്റെ നാറ്റം അറിയാതിരുന്നത്.. ഒപ്പം വന്ന അനസൂയയും പ്രിയം വദയും അവിടെ നിന്നും ഓടി രക്ഷപ്പെട്ടിട്ടുപോലും ഞങ്ങളുടെ പ്രണയം അതൊന്നും അറിഞ്ഞില്ല.

അദ്ദേഹം പ്രണയപൂര്‌വ്വം എന്റെ കൈയ്യിലൊന്നു തൊട്ടപ്പോള്‍, തന്നിലേക്ക് ഒരു ഇലക്ട്രിക്ക് ഷോക്ക് കടന്നതുപോലെ തോന്നിയില്ലെ. ആദ്യം കൈവലിച്ചെങ്കിലും വീണ്ടും വീണ്ടും അദ്ദേഹം തന്നെ തൊട്ട് ഷോക്കടിപ്പിക്കാന്‍ താന്‍ മോഹിച്ചില്ലേ.. അതുകൊണ്ടല്ലേ.. താന്‍ പതിയെ പാടിയത്..

'നേരുപറയണമങ്ങ വിളിക്കെയെന്‍
പേരു മധുരമായ് തീരുന്നതെങ്ങനെ ?
നേരുപറയണമങ്ങ തൊടുമ്പോള്‍
തരുപോലെ മൃദുവായ് തീരുന്നതെങ്ങനെ ?'

അദ്ദേഹം കണ്ണുമിഴിച്ചു. താന്‍ പറഞ്ഞു 'ജി' യുടെ കവിതയാ. ആഹാ വമ്പത്തീ, കവിതയിലൊക്കെ കമ്പമുണ്ടല്ലേ.? മിടുക്കി. അങ്ങനെ തനിക്ക് തന്റെ ജി.കെയും അദ്ദേഹത്തിനെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു.

പ്രിയം വദയും അനസൂയയും പറഞ്ഞതു കാര്യമാക്കാതെ താന്‍ അദ്ദേഹത്തെ വിശ്വസിച്ചു.


'ഇല ചെന്ന് മുള്ളില്‍ വീണാലും മുള്ള് ചെന്ന് ഇലയില്‍ വീണാലും ഇലക്കാണു കേട്'എന്ന് പ്രിയം വദ പറഞ്ഞപ്പോള്‍ 'പഴംചൊല്ലില്‍ പതിരില്ലെന്നു'അനസൂയ താക്കീതു നല്‍കിയിട്ടും തനിക്കതൊന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.

ഭ്രാന്തിനു ചികില്‍സ ഷോക്കടിപ്പിക്കല്‍ എന്നു കേട്ടിരുന്നു. എന്നാല്‍ പ്രണയത്തിനു ചികില്‍സയും അതു തന്നെയെന്നു തനിക്ക് അന്നാണു മനസ്സിലായത്. ഹൃദയത്തില്‍ കറണ്ട് അടിപ്പിക്കുക. ദുഷ്യന്തന്‍ ആ കാര്യത്തില്‍ ഒരു പവര്‍ ഹൗസ് മുഴുവന്‍ കൊണ്ടു നടക്കുന്ന ആളും..

ശരീരത്ത് കേറിയ കറണ്ടിന്റെ പവറില്‍ കണ്ണടച്ചു കിടന്ന തന്നോട് രാജാവ് പറഞ്ഞു:
'നമ്മള്‍ തമ്മില്‍ ഗാന്ധര്‍‌വ്വം കഴിഞ്ഞു. നോക്കൂ പ്രിയേ, കൂട്ടിയിട്ട് കത്തിച്ചിരിക്കുന്ന കരിയിലകള്‍, അഗ്നി സാക്ഷിയായ് നമ്മള്‍ വിവാഹിതരായിരിക്കുന്നു. രാജാക്കന്മാര്‍ക്ക് പലമാതിരി കല്യാണം പറഞ്ഞിട്ടുണ്ട്. മോഹിച്ച കോന്തിയെ സ്വന്തമാക്കാന്‍. ഞാനിപ്പോള്‍ നിന്നെ ഗാന്ധര്‍‌വ്വവിവാഹം കഴിച്ചിരിക്കുന്നു. ഇനിമുതല്‍ നീ പൊതു സ്വത്തല്ല. ദുഷ്യന്ത മഹാരാജാവിന്റെ പ്രൈവറ്റ് പ്രോപ്പര്‍ട്ടിയാണു..

അതിന്റെ അടയാളമായ് ഈ മോതിരം നീ വിരലില്‍ അണിയൂ.....'

രാജാവ് അങ്ങേരുടെ പോന്തന്‍ കൈയില്‍ കിടന്ന ഒരു മോതിരം ഊരി തന്നപ്പോള്‍ താന്‍ അദ്ദെഹത്തിന്റെ വിരലുകളിലേക്കു നോക്കി......'ദൈവമേ,'
വിരല്‍ നിറയെ മോതിരങ്ങള്‍.. 'ചതിച്ചോ ഭഗോതി'എന്നൊരു ആന്തല്‍ അപ്പോഴേ മനസ്സില്‍ തോന്നിയതാണു.. അതിന്റെ വിറയലില്‍ മഹാരാജാവിനെ നോക്കി. 'എന്നെ ഉപേക്ഷിക്കരുതേ..'എന്നൊരു യാചന മുഖത്ത് നിറച്ചിരുന്നു...
'ഭവതി വിഷമിക്കേണ്ട്. നീയുമൊത്തുള്ള പയറ്റ് എനിക്ക് ഇഷ്ടായി. നിന്നെ ഞാന്‍ കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍.. ബെന്‍സ് കാറില്‍ വരും.. ബെഞ്ചാമരം വീശി നിന്നെ കൊട്ടരത്തിലേക്ക് ആനയിക്കാന്‍ തോഴിമാര്‍ വരും..'

'എനിക്ക് അണിയാന്‍ അങ്ങ് അറ്റ്ലസ് ജൂവലറിയിലെ സ്വര്‍ണ്ണം കൊണ്ടുവരുമോ.....?'തനിക്ക് അതറിയാനായിരുന്നു ആഗ്രഹം........

രാജാവ് ചിരിച്ചു......'അറ്റ് ലസ് ജൂവലറി !ജന കോടികളെ പിച്ചച്ചട്ടിയെടുപ്പിച്ച വിശസ്ത സ്താപനം തന്നെയാണു നമ്മുറ്റെ പ്രിയക്കും ഇഷ്ടം അല്ലേ..?'

താന്‍ നമ്രമുഖിയായി നിന്ന് നഖം മുഴുവന്‍ കടിച്ചു തീര്‍ത്തു...

രാജാവ് പോയിക്കഴിഞ്ഞാണു അനിക്സ് സ്പ്രേയുടെ പരസ്യം വമ്പിച്ച പ്രചാരം നേടിയത്.. പൊടിപോലുമില്ല കണ്ടു പിടിക്കാന്‍.

പ്രിയതമന്‍ തന്ന മോതിരം സത്യത്തില്‍ എന്റെ വിരലുകളില്‍ അല്ല അതൊരു വളപോലെ കൈയിലിടാന്‍ മാത്രം വലുപ്പമുണ്ടായിരുന്നു. എന്നിട്ടും വാഴനാരു ചുറ്റിച്ചുറ്റി താനത് തന്റ കൈയിലിട്ടു. അതിനെ ഇടക്കിടക്ക് ചും‌ബിച്ച് നിര്‍‌വൃതികൊണ്ടു. താനൊരു മായാ ലോകത്തായിരുന്നു. വെളിച്ചത്തിനെന്തൊരു വെളിച്ചം എന്ന് ബഷീര്‍ എഴുതിയത് വായിച്ച് താന്‍ അതിശയിച്ചു...! തനിക്ക് ഇരുട്ടത്തിരിക്കാനും ഇരുട്ടിനെ പ്രകാശമാനമാക്കാനും കഴിയുന്ന സൂത്രം അറിയാടോ ബഷീറേ എന്ന് അഹങ്കരിച്ചു.

എന്നാല്‍ ഒരു ദിവസം താത കണ്വന്‍ തന്നെ വിളിച്ചു. ഗൗതമി മുത്തശ്ശി അദ്ദേഹത്തോട് കാര്യം പറഞ്ഞിരിക്കുന്നു. ആരാണ് ഇതിനു ഹേതു..? എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിനു താന്‍ ധൈര്യമായ് മറുപടി പറഞ്ഞു.. 'വെല്‍ ഡണ്‍' അദ്ദേഹം അഭിനന്ദിച്ചു. 'അമ്മയുടെ മകളു തന്നെ.. ഇനി എന്താണു മകളുടെ പ്ലാന്‍,'

'അദ്ദേഹം എന്നെ കൂട്ടിക്കൊണ്ടുപോകാന്‍ വരും.....'

താത കണ്വന്‍ ഒരു ചിരി ചിരിച്ചു. 'ഇത്രയും കാലം നിന്നെ പോറ്റിയതു തന്നെ വളരെ വിഷമിച്ചാണു. ഇനിയും ഇവിടെ നീ നിന്നാല്‍ പ്രസവച്ചെലവും പ്രസവ രക്ഷയുമായ് വലിയൊരു സാമ്പത്തിക പ്രതിസന്ധി നമ്മള്‍ നേരിടേണ്ടി വരും... സോ നേരേ കൊട്ടാരത്തിലേക്ക് വെച്ചു പിടിച്ചോ... പോകുമ്പോള്‍ കുറച്ച് അവലോസുണ്ടയും പരിപ്പുവടയും ( അവന്‍ കമ്മ്യൂണിസ്റ്റല്ലാത്തതിനാല്‍ കുഴപ്പമില്ല) കൊണ്ടുപൊയ്ക്കോളൂ..'

തനിക്ക് സന്തോഷം കൊണ്ട് ശ്വാസം മുട്ടി. എത്രയും വേഗം പ്രിയതമന്റെ അടുത്തെത്താനുള്ള ആഗ്രഹം കണ്ണീരായ് പുറത്തുവന്നു. താത കണ്വനും ഗൗതമി മുത്തശ്ശിയും കൂട്ടുകാരികളും അത് അവരെ പിരിയാനുള്ള സങ്കടമെന്നു കരുതി. കൂട്ടത്തില്‍ കണ്ണീര്‍ പൊഴിച്ചു..

കണ്വന്റെ ശിഷ്യന്മാര്‍ അസൂയയോടെ കണ്ണുരുട്ടി. പഹയന്മാര്‍ വിചാരിച്ചിരുന്നത്, അവരില്‍ ആരെയെങ്കിലും കെട്ടി അവിടെ ഒരു മുനിച്ചിയായ് കഴിയുമെന്നായിരുന്നു... ! എല്ലവന്റ്യും മുഖം കടന്നല്‍ കുത്തിയതു പോലെ വീര്‍ത്തിരുന്നു. തനിക്ക് അതു കണ്ട് നല്ല രസം തോന്നി.

വനജ്യോത്സന കുറെ മുല്ലപ്പൂക്കള്‍ കൊഴിച്ചിട്ടു... ദീര്‍ഘാപാം‌ഗന്‍ കണ്ണീര്‍ ചുരത്തി എന്നൊക്കെ ആ കാളിദാസന്‍ പറഞ്ഞത് ശുദ്ധ പൊഴി..... ഒന്നും സംഭവിച്ചില്ല. പോരാന്‍ നേരം ഞാന്‍ ആ മുല്ലച്ചെടി പിടിച്ചൊരു കുലുക്കു കുലുക്കി... ഇത്രകാലം വെള്ളമൊഴിച്ച് കൊടുത്തതല്ലേ. പത്ത് പൂവെങ്കിലും കൂലിയായ് കിട്ടട്ടേ എന്നു വിചാരിച്ചു. ദീര്‍ഘാ പാംഗന്‍ അനസൂയ കൊടുത്ത കാടിവെള്ളം കുടിച്ച് എന്നെ ഒരു കണ്ണുകൊണ്ട് പുശ്ചിച്ചു നോക്കി.. നീ പോനാല്‍ പോകട്ടും പോടീന്ന മട്ടില്‍.. ഞാനും അവനെ കാര്യമാക്കാതെ ചുണ്ടു കോട്ടിക്കാണിച്ചു.!

രാജകൊട്ടാരത്തിലേക്കുള്ള യാത്ര കഠിനമായിരുന്നു. കാട്ടില്‍ വഴി ചോദിക്കാന്‍ ആദിവാസികള്‍ മാത്രം. അവരോട് ദുഷ്യന്ത മഹാരാജാവിന്റെ കൊട്ടാരം എവിടെയെന്ന ചോദ്യത്തിനു കണ്ണുമിഴിച്ചു കാണിച്ചു. ഒടുവില്‍ ഉണ്ടക്കണ്ണന്‍ കുടവയറന്‍ മുടിയന്‍ കഴുത്തിലും കൈയിലും രണ്ടുകിലോയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ചവന്‍ എന്നൊക്കെ പറഞ്ഞപ്പോള്‍ ആദിവാസികള്‍ക്ക് ആളെ മനസ്സിലായി.. കണ്ടുകിട്ടിയാല്‍ അവനെ തങ്ങള്‍ക്ക് ഇടിച്ചു മൂക്കുചളുക്കാന്‍ തരണമെന്നും അതിനു തക്ക പ്രതിഫലം തേനായി നല്‍കാമെന്നും അവര്‍ പ്രലോഭിപ്പിച്ചു.. !

മൂന്നുദിവസം കാട്ടിലൂടെ നടന്നു നടന്ന് ക്ഷീണിച്ചപ്പോള്‍, കളകളാരവത്തോടെ ഒഴുകുന്നൊരു നദിയുടെ കരയിലെത്തി ഞങ്ങള്‍. പുഴ അതിന്റെ എല്ലാ സ്നേഹഭാവത്തോടെയും ചിരിച്ചുകൊണ്ട് എന്നെ വിളിച്ചു. പുഴയിലേക്കിറങ്ങിയ എന്നെ നോക്കി നിന്ന കണ്വശിഷ്യന്മാരെ ഗൗതമി മുത്തശ്ശി ചീത്തവിളിച്ച് അടുത്ത കടവിലേക്ക് ഓടിച്ചു........

' ഹോ.......! പുഴ... ആയിരം കൈകളാല്‍ അവളെന്നെ ആശ്വസിപ്പിച്ചു. അവളുടെ കുളിരിനാല്‍ എന്റെ ഉഷ്ണ ഹൃദയത്തെ തണുപ്പിച്ചു. ഞാന്‍ എന്നെ പൂര്‍ണ്ണമായി നദിയിലര്‍പ്പിച്ചു. എന്നിലേക്ക് പുഴ കുടഞ്ഞിട്ട ആശ്വാസം എന്നെ ഊര്‍ജ്ജ്വസ്വലയും പ്രതീക്ഷയുറ്റവളുമാക്കി. ഞാന്‍ എന്റെ അടിവയറ്റില്‍ തലോടി. പുഴയുടെ സ്നേഹം എന്റെ കുഞ്ഞും അറിയട്ടെ.. മകനേ ഇതാണു പുഴ... ഇതാണു അവളുടെ സ്നേഹം.. അവനെന്റെ വയറ്റില്‍ തൊഴിച്ചു. ഞാന്‍ പുഴയില്‍ കൈകള്‍ എറിഞ്ഞെറിഞ്ഞു നീന്തി.. ഒപ്പം എന്റെ മകനും.

ഗൗതമി മുത്തശ്ശി ശകാരിച്ചപ്പോഴാണു പുഴയില്‍ നിന്നും ഞാന്‍ കയറിയത്.


ദൂരെ നിന്നേ രാജകൊട്ടാരത്തിന്റെ ഗോപുരം കണ്‍ടു. അഹങ്കാരത്തോടെ തല ഉയര്‍ത്തി നില്‍ക്കുന്നു. കാവല്‍ക്കാര്‍ അകത്തേക്ക് കടത്തിവിടാതെ വഴി തടഞ്ഞു.
'
രാജാവിനെ കാണണം. അദ്ദേഹത്തിന്റെ പട്ടമഹിഷിയാണു ഇവള്‍'എന്നു ഗൗതമി മുത്തശ്ശി പറഞ്ഞപ്പോല്‍ ദ്വാരപാലകര്‍ ആര്‍ത്തട്ടഹസിച്ചു.

രാജാവിനു നാടു നീളെ ഇതുപോലെ ധാരാളം പെണ്‍കൊടികള്‍. തന്റെ ഉള്ളില്‍ കനല്‍ക്കട്ടകള്‍ പതിച്ചത് താന്‍ സഹിച്ചു.
ഒടുവില്‍ അവസാന നമ്പര്‍ എന്ന നിലയില്‍ അവര്‍ക്ക് കൈക്കൂലിയായ് രണ്ടു പരിപ്പുവടകൊടുത്ത് അകത്തു കടന്നു.

രാജകൊട്ടാരം. കണ്ണഞ്ചിക്കുന്ന സൗകര്യങ്ങള്‍ . പ്രജകളെ ചൂക്ഷണം ചെയ്യ്‌ത് ഓരോ രാജാവും സുഖിക്കുന്നു. ഈ സുഖത്തിനു വേണ്ടിയായിരുന്നോ താന്‍ അദ്ദേഹത്തെ സ്നേഹിച്ചത്..? ശകുന്തളക്ക് ഉള്ളില്‍ അവളോടു തന്നെ വെറുപ്പു തോന്നി.

രാജ സദസ്സ്. എല്ലാവിധ ആടയാഭരണങ്ങളോടെയും തന്റെ പ്രിയതമന്‍ സിംഹാസനത്തില്‍ വാണരുളുന്നു. ഓടിച്ചെന്നു അദ്ദേഹത്തിന്റെ മാറില്‍ മുഖം പൂഴ്ത്താന്‍ താന്‍ ആഗ്രഹിച്ചു. അത്രമേല്‍ മനസ്സും ശരീരവും തളര്‍ന്നുപോയിരുന്നു ഈ പാവം ശകുന്തളക്ക്. എന്തേ അദ്ദേഹം തന്നെക്കണ്ട് അല്‍ഭുതപ്പെടുന്നില്ല..? എന്തേ എന്നിലേക്ക് ഓടി വരുന്നില്ല. എന്നെ എന്തേ മഹാരാജന്‍ അങ്ങ് എന്നെ ആശ്വസിപ്പിക്കുന്നില്ല.

ഗൗതമി മുത്തശ്ശി, അദ്ദേഹത്തോട് കാര്യങ്ങള്‍ വിശദീകരിച്ചു. പ്രൗഡമായും മാന്യമായും. എന്നാല്‍ അതൊന്നും രാജാവ് ചെവിക്കൊണ്ടില്ല. അടയാളങ്ങള്‍ എന്തെങ്കിലും..........?

കാണിച്ചുകൊടുക്കൂ കുട്ടീ,ഈ മഹാരാജാവിനു അദ്ദേഹം നിന്നെ സ്നേഹിച്ചിരുന്നുവെന്നതിനു തെളിവ്..? ആ വാക്കുകളില്‍ നിറയെ അവഞ്ജയും വെറുപ്പുമായിരുന്നു..

താന്‍ തന്റെ വിരലുകളില്‍ വേപഥുവോടെയും ആകംക്ഷയോടെയും പരതി.. ഇല്ല..! മോതിരം ഇല്ല..! എന്നെ സ്നേഹിച്ച് പുഴയതു കവര്‍ന്നിരിക്കുന്നു......!

രാജാവ് വിളിച്ചു ചോദിക്കുന്നു........ അടയാളങ്ങളെന്തെങ്കിലും........? അതു കാണിക്കൂ


ശകുന്തള ഒരു എങ്ങലോടെ മുഖം തിരിച്ചു. അടയാളം. പ്രണയത്തിനു ഞാനെന്ത് അടയാളമാണു മഹാരാജന്‍ കാണിക്കുക. വെറുമൊരു മോതിരമോ..? കഴിയുമായിരുന്നെങ്കില്‍ ഞാന്‍ എന്റെ ചങ്കുപിളര്‍ന്നുകാണിക്കുമായിരുന്നു. അവിടെ വൈഡൂര്യക്കല്ലുപോലെ ജ്വലിക്കുന്ന അങ്ങയുടെ മുഖം കാണിച്ചുതരാമായിരുന്നു. അല്ലെനില്‍ അങ്ങയോട് ഞാന്‍ ആവശ്യപ്പെടുന്നു എന്റെ ഉദരം പിളര്‍ന്നു നോക്കൂ.. അവിടെ താങ്കളൊരു കുഞ്ഞായ് കിടക്കുന്നതു കാണാം...... ഇതിലും വലിയൊരു അടയാളം എനിക്ക് നല്‍കാനില്ല. എന്നാല്‍ ഇപ്പോള്‍ എനിക്ക് എന്റെ കുഞ്ഞ് അതു മാത്രമാണു പ്രധാനം......
ശകുന്തള മെല്ലെ കുനിഞ്ഞ് രാജസദസ്സിനെ വന്ദിച്ച് തിരിഞ്ഞ് നടന്നു. കണ്ണീര്‍ ചേലത്തുമ്പാല്‍ ഒപ്പിക്കൊണ്ട്. കാലടികള്‍ ഇടറിക്കൊണ്ട്.......

രാജ സദസ്സ് നിശ്ശബ്ദമായിരുന്നു.

രാജഗുരുവിന്റെ വാക്കുകളാണു ദുഷ്യന്തനെ ഉണര്‍ത്തിയത്...

'രാജന്‍, അങ്ങേക്ക് അവളുടെ മുഖം ഓര്‍മ്മയില്ലേ...?'

'ഗുരോ ഞാനൊരു സ്ത്രീയുടെയും മുഖത്തേക്കേ നോക്കാറില്ല..'


'രാജന്‍, അങ്ങ് അപ്രിയം പറയുന്നു.. ഒന്നുകൂടെ ആലോചിച്ചു നോക്കൂ.....'

'ഗുരോ, ഞാന്‍ ഒരു സ്ത്രീയുടെയും മുഖം നോക്കാറില്ലെന്നതു സത്യമാണു. ആലില വയറുകളും അഴകൊത്ത പുക്കിള്‍ച്ചൊഴികളും എന്റെ ഓര്‍മ്മയിലുണ്ട്.........

'എന്നാല്‍ കുട്ടകം കമഴ്ത്തിയ മാതിരി ഒരു വയര്‍ എന്റെ ഓര്‍മ്മയിലേ ഇല്ല.....!'

'ആഹാ രാജന്‍, ഉചിതമായ് സംഭാഷണം..! ഒഴിക്കട്ടെ.. ഒന്ന്..?'

'ആവാം.... വാറ്റ് തന്നെയായിക്കോട്ടെ.. റ്റച്ചിങ്ങ്സ് എന്തുണ്ട്......?'

'പരിപ്പുവടയും അരിയുണ്ടയും........!'