2009, ഫെബ്രുവരി 8, ഞായറാഴ്‌ച

കൃഷ്ണനും ക്രിസ്തുവും കണ്ടുമുട്ടിയപ്പോള്‍.....

രാവിലെ ഒരു ചായകുടിക്കാന്‍ ക്രിസ്തു പുറത്തിറങ്ങി. ഡിസംബര്‍ ആരംഭിച്ചിരിക്കുന്നു. സ്വര്‍ഗ്ഗത്തെ മൂടി നില്‍ക്കുന്ന മഞ്ഞിലൂടെ ഒരു മൂളിപ്പാട്ടും പാടി ക്രിസ്തു നടന്നു..

"കാളിന്ദീ തീരം തന്നില്‍...നീ വാ വാ' അതി മനോഹരമായൊരു ഗാനം .

ക്രിസ്തു അവിടെക്കു ചെന്നപ്പോള്‍ മുളന്തണ്ടിലൂടെ ഗാനം പൊഴിച്ചൊരാള്‍. നല്ല സുന്ദരന്‍. ക്രിസ്തുവിന് ആളെക്കണ്ട് ഇഷ്ടായി, പാട്ടും ഇഷ്ടപ്പെട്ടു. ഗാനം ആസ്വദിച്ച് അതില്‍ അലിഞ്ഞ് ക്രിസ്തു അവിടിരുന്നു..
മെല്ലെ തോളില്‍ തലോടുന്നതറിഞ്ഞ് ക്രിസ്തു കണ്ണു തുറന്നു. നിറ മന്ദഹാസത്തോടെ പാട്ടുകാരന്‍ പറഞ്ഞു..

"ഞാന്‍ കൃഷ്ണന്‍, കണ്ണന്‍ എന്നും വിളിക്കും. നൊസ്റ്റാള്‍ജിയ കൊണ്ടു പാടിയതാണു.."
"എന്തു നൊസ്റ്റാള്‍ജിയാ?" ക്രിസ്തു അതിശയിച്ചു.
കാര്‍‌വര്‍ണ്ണന്‍ വൃന്ദാവനത്തിലെ കഥകള്‍ പറഞ്ഞുകേള്‍പ്പിച്ചു. കണ്ണും മിഴിച്ച് ക്രിസ്തു അതുകേട്ടിരുന്നു. സാധാരണ ഭൂമി എന്നു കേള്‍ക്കുമ്പോള്‍ ഒരു ഞെട്ടലാണു മനസ്സില്‍.. എന്നാല്‍ ഇപ്പോഴിതാ കണ്ണന്‍ ഭൂമി സ്വര്‍ഗ്ഗത്തെക്കാള്‍ മനോഹരമെന്നു പറയുന്നു...

'എന്നിട്ടന്താ തിരിച്ചു പോന്നത്...?'

അതോ തിരിച്ചുപോന്നതല്ലാ.. ഒരുത്തന്‍ എന്നെ അമ്പെയ്ത് തിരിച്ചയച്ചതാ.....കശ്മലന്‍..!

ക്രിസ്തുവിനു സമാധാനമായ്.........അനന്തരം ക്രിസ്തുവും കൃഷണനും ഒരുമിച്ച് ചായകുടിക്കാന്‍ പോയി...
"ഈ ചായക്കു മധുരമില്ലാ, ഈ പരിപ്പുവട വെന്തിട്ടില്ലാ..." എന്ന് ക്രിസ്തു പരാതി പറഞ്ഞപ്പോള്‍ കൃഷ്ണന്‍ അമ്പരന്നു.....
"അപ്പോള്‍ നിങ്ങളും കേരളത്തില്‍ പോയിട്ടുണ്‍ടല്ലേ...?"
ക്രിസ്തു തന്റെ കരമുയര്‍ത്തി, ആണിപ്പാടുകള്‍ കാണിച്ചുകൊടുത്തു...
ക്രിഷണനു തന്റെ കാല്പ്പാദം ഓര്‍മ്മ വന്നു..രണ്ടുപേരും നിശ്ശബ്ദരായിരുന്നു ചായകുടിച്ചു....

ആദ്യാനുരാഗം .... താറാവു പൂട.......

ഹോ! ചേട്ടന്റെ കടയില്‍ നിന്ന് പുറത്തേക്ക് നോക്കി നിന്ന് ഒരു സോഡാ നാരങ്ങാവെള്ളവും ഒരു മുഴുത്ത ബോണ്ടയും ആര്‍ത്തിയോടെ അകത്താക്കുമ്പോഴാണു ആ കാഴ്ച കണ്ടതും ബോണ്ട എന്റെ തൊണ്ടയില്‍ കുരുങ്ങിയതും.

അലസമായ്, എന്നാല്‍ ചുണ്ടിലൊരു മന്ദഹാസവുമായ് - മഴവില്ല് തോണ്ടിയെടുത്തു ചുണ്ടില്‍ തേച്ചപോലത്തെ പുഞ്ചിരിയുമായ്- മെല്ലെ മെല്ലെ നടന്നു വരുന്നു അവള്‍. സിന്ദൂരപ്പൊട്ട്, അത് വിയര്‍പ്പിലലിഞ്ഞ് കുതിര്‍ന്ന് നെറ്റിയില്‍ പടര്‍ന്നിരിക്കുന്നു. മുടിയിഴകള്‍ അലസമായ് മൂന്നാലിഴകള്‍ അവളുടെ മുഖത്തേക്ക് വീണു കിടക്കുന്നു. ഇത്ര ദിവസം കോളേജ് വരാന്തയിലൂടെ തേരാപ്പാരാ അലഞ്ഞിട്ടും ഇവളെ എന്തേ കണ്ടില്ലാ. ചിലപ്പോള്‍ പവിഴങ്ങള്‍ സമുദ്രത്തിനടിത്തട്ടിലെന്ന പോലെ ഇവള്‍ കോളേജിലെ ഏതെങ്കിലും ഇരുണ്ട് കോണീല്‍ എനിക്കായ് കാത്തിരുന്നതാവും.

ഒരിറക്ക് സോഡാ വിഴുങ്ങി, ഞാന്‍ പിന്നാലെ പാഞ്ഞു. പിന്നില്‍ നിന്നും ചേട്ടന്‍ വിളിച്ചു കൂവി, 'കാശു തന്നില്ലാ.. '
'പറ്റിലെഴുതിക്കോ' എന്ന് ഞാന്‍ വിളിച്ചു പറഞ്ഞു.
'ഏതു പറ്റ്?' എന്ന് ചേട്ടന്‍ വീണ്ടും കൂവിയതിനെ പ്രതിപക്ഷ ബഹളത്തിനിടയില്‍ അതു ശ്രദ്ധിക്കാതെ പ്രസംഗിക്കുന്ന മന്ത്രി പുംഗവനെപ്പോലെ ഞാനും എന്റെ കര്‍ത്തവ്യത്തില്‍ നിരതനായ്.

ഇപ്പോള്‍ എനിക്കൊരു ലക്ഷ്യമായ്, ഇനി കിട്ടുന്ന സമയത്ത് നായെപ്പോലെ അലഞ്ഞു തിരിഞ്ഞ് നടക്കേണ്ട്. നങ്കൂരമിടാനുള്ള സ്ഥലം ലഭിച്ചിരിക്കുന്നു!

എന്നും രാത്രിയില്‍ അവള്‍ക്കായ് ഓരോ കത്തെഴുതി, നേരം വെളുക്കുമ്പോള്‍, അതു വായിച്ച് ബോര്‍ അടിച്ച്, കീറിക്കളയും. ഒരു കത്ത്, മനസ്സില്‍ തിളക്കുന്ന ലാവ മുഴുവന്‍ പകര്‍ത്തി വെക്കണം.അതു വായിച്ച് അവള്‍ പ്രണയാഗ്നിയില്‍ ജ്വലിക്കണം.
കഷ്ടം ! മലയാള ഭാഷ എത്ര ശുഷ്കം...? എനിക്ക് അതിന്റെ മോന്തക്കിട്ട് ഒരു ചവിട്ട് കൊടുക്കാന്‍ തോന്നി. വെറുതെയല്ലാ ഇവിടെ പ്രണയങ്ങളൊന്നും പൂക്കാത്തത്.. ഭാഷ അപൂര്‍ണ്ണം...!

അങ്ങനെ ആ സുദിന കാലഘട്ടം വന്നണഞ്ഞു. കോളേജിലക്ഷന്‍ എന്ന സുന്ദര സുരഭില കാലം. എല്ലാ പെണ്ണൂങ്ങളെയും സ്വൈര്യമായ് പഞ്ചാരയടിക്കാനുള്ള ലൈസന്‍സ് കിട്ടിയ സ്വര്‍ഗ്ഗീയ നിമിഷങ്ങള്‍.കോളേജില്‍ വെച്ച് പഞ്ചാരയടിക്കുന്നതും പോരാതെ വീടു തെണ്ടി വോട്ടു പിടിക്കാനുള്ള ഭാഗ്യവും.

സാധാരണ വെയിലു കൊണ്ടു നടന്ന് നടത്തുന്ന ഈ തെണ്ടലില്‍ എനിക്ക് വലിയ താല്പര്യമൊന്നും ഇല്ലായിരുന്നു. കാരണം ഇഷ്ടം പോലെ വായിക്കാം. ക്രിക്കറ്റ് കളിക്കാം. എന്നാല്‍ ഇത്തവണ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന ചില കൂട്ടുകാരുമായ് വീടു തെണ്ടാം എന്നു വിചാരിച്ചു. യാത്ര തിരിച്ചപ്പോഴാണു പ്രശ്നം! എന്നെപ്പോലെ തന്നെ അവന്മാര്‍ക്കും ഓരോ ലക്ഷ്യം.... ഒരുത്തനു തലനാട് ആണെങ്കില്‍ മറ്റൊരുത്തനു അടിവാരം വേറൊരുത്തനു പൂഞ്ഞാര്‍....

അവളുടെ വീട്ടിലെത്തിയപ്പോള്‍ എന്റെ കാലുകള്‍ക്ക് ഒരു വിറയല്‍. ഹേയ്, തോന്നലാ... മനസ്സിനെ മെരുക്കാന്‍ ദീര്‍ഘമായ് ശ്വാസം വിട്ട് കരുത്തുനേടി....നല്ലൊരു വീട്, കൊള്ളാം സുന്ദരിക്ക് ചേരുന്ന വീടു തന്നെ.... വീടിന്റെ മുറ്റത്ത് നിറയെ ചെടികള്‍, ഒരു ചട്ടിയില്‍ കള്ളിമുള്‍ ച്ചെടി. അതില്‍ സൂക്ഷിച്ചു നോക്കിയപ്പോള്‍ എനിക്ക് സന്തോഷം സഹിക്കാന്‍ കഴിഞ്ഞില്ലാ. അവളുടെ പേര്‍, നഖം കൊണ്ട് അതില്‍ പോറിച്ചു വെച്ചിരിക്കുന്നു. ആ ചെടി പറിച്ച് വേരോടെ തിന്നാന്‍ എനിക്കു തോന്നി....

ഹോ..! മുള്ളൂകള്‍, ദരിദ്രവാസികള്‍..! എന്റെ പ്രണയത്തെ അനുവദിക്കാത്തവര്‍.. മുള്ളേ നീ മുടിഞ്ഞു പോകട്ടേ...!

സ്വീകരണമുറിയില്‍ ഞങ്ങള്‍ ഉപവിഷ്ടരായ്, അവളുടെ അപ്പന്‍, ഒരു മഹാ കത്തി. കോളേജില്‍ രാഷ്ട്രീയം പാടില്ലാ എന്നൊക്കെ കിളവന്‍ വെച്ചു കീച്ചുന്നു. മന്ദന്‍ മാത്രം രസിച്ചു കേള്‍ക്കുന്നുണ്ട്. ഷൈന്‍ തിന്നാന്‍ കോണ്ടുവരുന്ന സാധനങ്ങളെക്കുറിച്ച് ആലോചിച്ചാണെന്നു തോന്നുന്നു വെള്ളം വിഴുങ്ങുന്നു... കിളവന്റെ കത്തികേട്ട് ബോറടിച്ച് അനൂബ് ഇടക്ക് എന്റെ ചെവിയില്‍ പറഞ്ഞു മൂപ്പിലാനെ അങ്ങു പൂശിയാലോ... ഞാന്‍ അവനോട് മിണ്ടാതിരിക്കാന്‍ കണ്ണുകാണിച്ചു..

അപ്പോള്‍ അതാ അവള്‍ വരുന്നു. ചുണ്ടില്‍ ആ പുഞ്ചിരിയുണ്ട്, അവള്‍ എന്നെ സൂക്ഷിച്ചു നോക്കിയതുപോലെ, അവളുടെ ചിരി എനിക്കായ് മാത്രമാണെന്നു ഞാന്‍ വിചാരിച്ചു. എല്ലാര്‍ക്കും ഓരോഗ്ലാസ് ജൂസ്, പിന്നെ ഒരു താലത്തില്‍ ബിസ്ക്കറ്റ്.. ഞാന്‍ അവളെ നോക്കി നന്നായ് ചിരിച്ചു.

ഞാന്‍ ഒരു സ്വപ്നത്തില്‍ അലിഞ്ഞതുപോലെ.... അവളുടെ കൈ പിടിച്ച് ഞാന്‍ ഓടുന്നു... വാഗമണ്ണിലെ യൂക്കാലിക്കാടുകള്‍ക്കിടയിലൂടെ, ആ മൊട്ട കുന്നിലേക്ക് ഓടിക്കയറുന്നു.. ഓട്ടം ഓട്ടം... പിന്നെ അവളൂടെ തോളില്‍ ചാരി നിന്നു കിതക്കുന്നു.... പ്രണയം മഞ്ഞായ് എന്നില്‍ നിറയുന്നു..അവള്‍ക്ക് എന്തു നല്ല സുഗന്ധം..ഞാന്‍ ഒന്നുകൂടെ മണത്തു... അവളുടെ പിന്‍ കഴുത്തില്‍.......
ച്ചേയ്, ഒരു മീനുളൂമ്പിന്റെ നാറ്റം.....!!!
ഞാന്‍ സ്വപനത്തില്‍ നിന്നും ഇട്ടപ്പൊത്തോന്ന് താഴെ വീണൂ.....എല്ലാരും ജ്യൂസ് കുടിച്ച് ചിറി തുടച്ച് ബിസ്ക്കറ്റ് തിന്നുന്നു...ഞാന്‍ ഗ്ലാസില്‍ ഒന്നുകൂടെ മണത്തു നോക്കി.........

മത്തിയുടേ നാറ്റം..!ചിഞ്ഞ മത്തിയുടെ നാറ്റം.. !!
എനിക്ക് ഓക്കാനം വന്നു... അതു കണ്ട് കൂട്ടുകാര്‍ എന്നെ നോക്കി, ഏതു ഷാപ്പില്‍ നിന്നാ ഞാന്‍ അവരറിയാതെ വീശിയതെന്ന രൂക്ഷതയോടെ....!
അവിടെ നിന്നിറങ്ങിയപ്പോള്‍... എന്നില്‍ സ്വപ്നങ്ങളില്ലയിരുന്നു....
എവിടെയെങ്കിലും എന്റെ പ്രണയം ഒന്നു ഛര്ദ്ദിച്ചു കളയണമെന്നേ ഉണ്ടായിരുന്നുള്ളൂ.

ആദ്യാനുരാഗത്തിന്‍..... കോഴിത്തൂവലുകള്‍.....

കോളേജിലെത്തി,അലമ്പിന്റെ അത്യാവശ്യം കാര്യങ്ങളൊക്കെ പഠിച്ച് ഇനി ഏതു ചേട്ടന്മാരോടും ഒരു കൈ നോക്കാം എന്ന് ഒരു ഗമയൊക്കെ ആയപ്പോഴാണു. എനിക്ക് ഒരു പ്രണയമില്ലാത്തതിന്റെ ശൂന്യത ബോധ്യമായത്, നല്ല ചുള്ളത്തി പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജില്‍ എനിക്കു മാത്രം ഒരു പ്രണയമില്ലാതിരിക്കുക. ആലോചിച്ചാലോചിച്ച് എന്റെ മനസ്സിനു വരട്ടു ചൊറി പിടിച്ചു. പിന്നെ എപ്പോഴും മനസ്സില്‍ ചൊറിഞ്ഞുകൊണ്ടിരുന്നു,.

ഒരു പെണ്‍കുട്ടിയെ എങ്ങനെയാണു ലൈന്‍ ആക്കുക. ബിജുവാണു അതിനുത്തരം പറഞ്ഞത്. ആദ്യം നമുക്ക് ലൈന്‍ ആക്കേണ്ട കുട്ടിയെ തെരഞ്ഞെടുക്കുക. എന്നിട്ട് മൂന്നാലു വട്ടം വരാന്തയിലൂടെ തെക്കു വടക്കു നടക്കുക. ഒരു അലവലാതി വരാന്തയിലൂടെ ചുമ്മാ തേരാപ്പാരാ നടക്കുന്നത് അവള്‍ക്കു ബോധ്യപ്പെട്ടാല്‍ രണ്ടാം ഘട്ടമായ്, അവള്‍ നമ്മെളെ നോക്കും നമ്മുടെ നോട്ടം എപ്പോഴും ആ പോയിന്റില്‍ ആയതിനാല്‍ ഉടനെ പാക്ക് വിമാനം ഇന്ത്യന്‍ റഡാറില്‍ പതിക്കുന്നതിനെക്കാള്‍ സൂക്ഷമ‌മായും സുവ്യക്തമായും നമ്മുടെ റെറ്റിന പിടിച്ചെടുക്കും
നമ്മള്‍ അവളുടെ കണ്ണുകളിലേക്ക് നമ്മുടെ നോട്ടത്തെ ഫോക്കസ് ചെയ്യ്‌തിട്ട് ഒരു തവണ സൈറ്റ് അടിക്കുക (എങ്ങനാടാ സൈറ്റ് അടിക്കുന്നത്, ഞാന്‍ അറിയാതെ ഒന്നു ചോദിച്ചു പോയതിനു അവന്‍ വിളിച്ച തെറിക്ക് കണക്കില്ലാ, എങ്ങാണ്ടെത്തെ മഞ്ഞള്‍ മാറുന്നതിനു മുന്നെ കോളേജില്‍ വന്നവനാണു ഞാന്‍ എന്നൊക്കെ പറഞ്ഞു. എന്നിട്ടും ഞാന്‍ മിണ്ടിയില്ലാ, ഗുരുവേ നമഃ ഹ എന്നണല്ലോ. )ഒരു കണ്ണ് ട്യൂബ് ലൈറ്റ് പോലെ ഒന്നു മിന്നിക്കുന്നതാണു സൈറ്റ് അടിക്കുന്നതിലെ ശാസ്ത്രീയത എന്നവന്‍ പറഞ്ഞു തന്നു ഒരു നല്ല പുളിച്ച ചീത്തയുടെ അകമ്പടിയോടെ. ഞാന്‍ ഒന്നു ലൈന്‍ ആക്കിക്കോട്ടടാ എന്നിട്ട് നിന്നെ ഇതിന്റെ പത്തിരട്ടി തിരിച്ചു വിളിക്കുമെന്നു മനസ്സില്‍ പറഞ്ഞ് ആവശ്യം പോലെ മനസ്സില്‍ അവനെ ചീത്ത വിളിച്ചു സന്തൊഷിച്ചു.

മൂന്നാലു ദിവസത്തെ ശ്രമ ഫലമായ് ഒരു സുന്ദരിയെ കണ്ടു പിടിച്ചു. നല്ല ഉയരം, വെളുത്ത നിറം , നീണ്ട മുടി പിന്നാതെ അറ്റം കെട്ടിയിട്ടിരിക്കുന്നു.പോരാതെ ഫുള്‍ പാവാടയും ബ്ലൗസും. എന്നിലെ കാമുകനു സ്വപ്നം കാണാനും കവിത കുറിക്കാനും കഴിയുന്ന കണ്ണുകള്‍ (ഇത്രയും ഞാന്‍ ഒളിച്ചു നിന്നാണു കണ്ടത്)

ഒരു ദിവസം ഞാന്‍ വരാന്ത വഴി വന്നപ്പോള്‍, ദാ ആ കുട്ടി, ഒരു ചന്ദനക്കളര്‍ ബ്ലൗസും കറുത്ത ഫുള്‍ പാവാടയും ധരിച്ച്, മോഹിനിയായ് നില്‍ക്കുന്നു. ഹൃദയത്തില്‍ ഒരു മിന്നല്‍ , ഞാന്‍ അവളെ നോക്കിയപ്പോള്‍ അവള്‍ വശ്യമായ് ചിരിക്കുന്നു. ആ ചിരി എന്നില്‍ ആവേശത്തിന്റെ കൊടുങ്കാറ്റിളക്കി.
അടിച്ചൂ ഞാന്‍ സൈറ്റ്....!
ഒരു നിമിഷം ദാ ഫ്യൂസാവാന്‍ പോകുന്ന ട്യൂബ് ലൈറ്റ് പോലെ അവളുടെ കണ്ണുകള്‍ അടഞ്ഞു തുറക്കുന്നു.എനിക്ക് ബോധം പോയതുപോലെ തോന്നി.......ഒരു പാച്ചില്‍, എങ്ങനെ രക്ഷപ്പെട്ടുവെന്ന് എനിക്ക് അറിയില്ലാ. പണ്ടൊരിക്കല്‍ ഒരു എമണ്ടന്‍ പട്ടി എന്നെ ഓടിച്ചപ്പോഴും ഈ റ്റെക്ക്‌നിക്ക് ഞാന്‍ നന്നായ് പ്രയോഗിച്ചിരുന്നു.
ക്ലാസിലെത്തി, പിന്നിലത്തെ ബഞ്ചിലിരുന്നു,( ഒന്നാം ക്ലാസുമുതല്‍ അതാണു നമ്മുടെ രാജകീയ സ്ഥാനം,മുന്നിലിരുന്നാല്‍ പിന്നിലിരിക്കുന്ന ഒരുത്തനും ഒന്നും കാണാന്‍ പറ്റില്ലാ.)
വല്ലാത്ത കിതപ്പ്, "ഹേയ്, ഈ ക്ലാസിലാ പഠിക്കുന്നത്?"
തല ഉയര്‍ത്തിയപ്പോള്‍ ദാ, നിക്കണു നമ്മുടെ സൗന്ദര്യ ധാമം.. സത്യം പറയാല്ലോ അപ്പോള്‍ അവള്‍ക്ക് ഒട്ടും സൗന്ദര്യം തോന്നിയില്ലാ. അതോ തല മന്ദിച്ചിരിക്കുമ്പോള്‍ ഇങ്ങനാവും എല്ലാരും.
"ടാ മോനേ, കുറച്ചു നാളൂടെ കഴിഞ്ഞ് ഈ പരിപാടിക്കിറങ്ങിയാല്‍ മതീട്ടോ...."എന്നിട്ട് ആള്‍ ഒരു ബഹളച്ചിരിയും. ഞാനതു കണ്ടില്ലാ അതു കേട്ടു...

എന്തായാലും ആ ചേച്ചിയായിരുന്നു പിന്നീട് കോളേജിലെ എന്റെ ഏറ്റവും വലിയ ഒരു കൂട്ടുകാരി. ഒരിക്കല്‍ പാലായില്‍ വെച്ചു കണ്ടപ്പോള്‍ കെട്ടിയവനോട് എന്തോ പറഞ്ഞു ചിരിക്കുന്നു... അദ്ദേഹത്തിനും ചിരി..ഇന്ത്യന്‍ ഹോഫീ ഹൗസില്‍ കയറി കോഫി കുടിച്ച് ഇരുന്നപ്പോഴാ, തോമസ് ചേട്ടന്‍ എനിക്കിട്ട് ഒന്നു കുത്തിയത്. അന്ന് ഇവള്‍ മനോജിനെ പേടിപ്പിക്കാതിരുന്നെങ്കില്‍ ഞാന്‍ രക്ഷപ്പെടുമായിരുന്നല്ലേ.. ഗ്ലു..ഗ്ല്... ചൂട് കാപ്പി തൊണ്ടയില്‍ കുരുങ്ങുന്നത് അത്ര നല്ല കാര്യമല്ലാ..........

വര്‍ഗ്ഗീയ ഭ്രാന്തുല്‍സവം....... ഇന്ത്യയുടെ മോചനം ഇതിലൂടെ മാത്രം

ആദ്യം തന്നെ ആള്‍ക്കാരെ തെരഞ്ഞെടുക്കണം. നല്ല മുഴുത്ത ഹിന്ദു ഭ്രാന്തന്മാര്‍, ക്രിസ്ത്യന്‍ ഭ്രാന്തന്മാര്‍, ഇസ്ലാം ഭ്രാന്തന്മാര്‍.

തെരഞ്ഞെടുപ്പു കഴിഞ്ഞ് എല്ലാത്തിനെയും കൊണ്ട് എഗ്രിമെന്റില്‍ ഒപ്പീടീക്കണം. വിരല്‍ മുറിപ്പിച്ച് പതിപ്പിച്ചാല്‍ ബഹു ജോര്‍. തോക്ക്, തോട്ടാ, ആവശ്യത്തിനു മെറ്റല്‍, വെട്ടുകത്തി, ബോംബ്, പന്നിപ്പടക്കം ഇത്യാതി സാധനങ്ങള്‍ സംഘടിപ്പിക്കാന്‍ സംഘാടകര്‍ തന്നെ മുന്നിട്ടിറങ്ങണം.. മത ഭ്രാന്തില്ലാത്ത സാധാരണ ഭ്രാന്തന്മാര്‍ ഇതിലേക്ക് ഉദാരമായി സംഭാവന നല്‍കണം.ഫുഡ്ബോള്‍ ഗ്രൗണ്ടുകള്‍, ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ എന്നിവ നേരത്തേ കൂട്ടി ബുക്ക് ചെയ്യുക. ഉല്‍സവ ദിനത്തില്‍. മൂന്നു വാതിലുകളിലൂടെ മത തീവ്രവാദികളെ ആയുധ ധാരികളാക്കി സ്റ്റേഡിയത്തിലേക്ക് ആനയിക്കുക...

അല്ലാഹു അക്ബര്‍,....... ഹേയ് റാം........., പ്രൈസ് ദ് ജീസസ്...........വിളികള്‍ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിക്കട്ടെ...

ഗ്യാലറിയിലിരുന്നു ഉല്‍സവം കാണുന്ന സാദാ വട്ടന്മാര്‍ കൈയ്യടിച്ചും കൂവി വിളിച്ചും ഇവരെ പോല്‍സാഹിപ്പിക്കുക. ആദ്യം ആരു വെട്ടും കുത്തും എന്ന കണ്‍ഫ്യൂഷന്‍ ഒഴിവാക്കാന്‍ അത് റ്റോസ് ചെയ്യുക. അതിനു ശേഷം റഫറി ഓടി രക്ഷപ്പെടുക......
ആര്‍ത്തനാദം, ചോരപ്പൂക്കളുടെ ചിതറല്‍ എന്നിവ ലൈവായി കണ്ട് സാദാ വട്ടന്മാര്‍ സായൂജ്യമടയുക.. ഒരു മണിക്കൂറിനു ശേഷം റഫറി ശംഖ് മുഴക്കുക.
അപ്പോള്‍ ചാവാതിരിക്കുന്നവന്മാര്‍ ഒരിടത്തു കുത്തിയിരുന്ന് വിയര്‍പ്പാറ്റുകയോ, കോള കുടിച്ച്,
'കോള ഈസ് ദ് സീക്രട്ട് ഓഫ് മൈ മാഡ്നെസ്' എന്ന് പറയുകയോ ചെയ്യാം..
വീണ്ടും ഉല്‍സവം ആരംഭിക്കാന്‍ മണിയടിക്കും. അപ്പോള്‍ വീണ്ടും പൂര്‍‌വ്വാധികം ശക്തിയായി ആരംഭിക്കുക......ഉല്‍സവം കഴിഞ്ഞ് വല്ലവനും ജീവനോടെ അവശേഷിക്കുന്നുവെങ്കില്‍ അവരെ സാദാ വട്ടന്മാര്‍ എറിഞ്ഞു കൊല്ലുക....... എന്നിട്ട് ജേ.സി.ബിക്ക് മണ്ണുകോരിയിട്ട് സ്റ്റേഡിയം മൂടുക........!

ഇതുമാത്രമേ ഇനി ഭാരതത്തെ രക്ഷിക്കാനൊരു വഴിയുള്ളൂ........!