2009, ജൂൺ 22, തിങ്കളാഴ്‌ച

യാത്ര.....





അതിരാവിലെ ഉറക്കമുണര്‍ന്നാലും നടക്കാനിറങ്ങുമ്പോള്‍ ആറുമണി കഴിയുമായിരുന്നു.
എന്തായാലും അതു നന്നായി, പുലര്‍ വേളയിലെ ആ നടപ്പ് എന്റെ കണ്ണുകള്‍ക്ക് ഉല്‍സവമായിരുന്നു..

ഞാന്‍ കണ്ട മനുഷ്യര്‍, അവരുടെ ജീവിതങ്ങള്‍, കല്ലുകരടുകാഞ്ഞിരക്കുറ്റി മുതല്‍ മുള്ളുമുരടു മൂര്‍ഖന്‍ പാമ്പുവരെയുള്ള വിഷയങ്ങള്‍ എന്നെ ആനന്ദിപ്പിച്ചു..

നമ്മുടെ നാട്... അതൊരു കാഴ്ചയാണു..അതു കണ്ടതിനുശേഷമായിരിക്കണം ഒരുവന്‍ വിശാലമായ മറ്റുലോകങ്ങള്‍ തേടിപ്പോകേണ്ടതെന്നും ഞാനെന്ന മന്ദ ബുദ്ധി മനസ്സിലാക്കിയെന്നതാണു ഇത്തവണത്തെ യാത്ര എന്നെ പഠിപ്പിച്ചത്.


സ്വര്‍ണ്ണമഷിയൊഴിച്ച് എഴുതുന്നത്....




സുനിലും ഞാനും രാഷ്ട്രീയം പറഞ്ഞ് അല്പം ഉടക്കി പരിഭവിച്ചു നടക്കുകയായിരുന്നു. അപ്പോഴാണു എബ്രഹാം മാഷ് പത്രവുമായി വീട്ടിലേക്ക് നടക്കുന്നതു കണ്ടതും ഞങ്ങള്‍ അദ്ദേഹത്തിനരികിലേക്ക് ചെന്നതും. സുനിലിനെ സാറിനു നല്ല പരിചയമായിരുന്നു. കാലങ്ങള്‍ക്കു ശേഷം കണ്ട എന്നെ മനസ്സിലായതുമില്ല. എന്നിട്ടും എല്ലാ വിശേഷങ്ങളും സ്നേഹ സൗമനസ്യത്തോടെ സാര്‍ ചോദിച്ചു മനസ്സിലാക്കി.

'സാറെന്തേ വിദേശത്ത് മക്കളുടെ അടുത്തൊന്നും പോകാത്ത'തെന്നു സുനില്‍ ചോദിച്ചപ്പോള്‍

സാര്‍ പറഞ്ഞു : ഈ വിദേശയാത്രയുടെ പേപ്പേഴ്സ് ശരിയാക്കാനൊക്കെ എനിക്ക് മടിയാടോ;
ഇമ്മാനുവല്‍ കാന്റ് എന്ന ഫിലോസഫര്‍ കോനിസ്ബര്‍ഗ്ഗ് എന്ന തന്റെ നഗരം വിട്ട് ഒരിക്കലും പുറത്തുപോയിരുന്നില്ലെന്നു ഒരു ചിരിയോടെ പറഞ്ഞൊതുക്കി...

പിന്നീടാണു സാറ് ഒരു മഴപോലെ വാക്കുകള്‍ ചൊരിഞ്ഞ് ഒരു പുഴപോലെ ഒഴുകിയത്...

മലയാളത്തിലെ സാറിന്റെ പ്രിയ എഴുത്തുകാരന്‍ ആരെന്നു അറിയാനുള്ള എന്റെ ആഗഹത്തിനു സാര്‍ പറഞ്ഞു കുഞ്ചന്‍ നമ്പ്യാര്‍...!

കോളേജില്‍ ഗണിത ശാസ്ത്രം പഠിപ്പിച്ചൊരാളാണു കുഞ്ചന്‍ നമ്പ്യാരെക്കുറിച്ചും വിശ്വ എഴുത്തുകാരെക്കുറിച്ചും തേനൂറും ഭാഷയില്‍ സംസാരിക്കുന്നത്...

സാറിന്റെ വാക്കുകള്‍ക്ക് നിശ്ചലമാകാന്‍ അറിയില്ലായിരുന്നു. അതൊരു ഒഴുക്കായിരുന്നു. നമ്മള്‍ അതില്‍ വെറുതെ കിടന്നാല്‍ മതി അറിവിന്റെ മഹാസാഗരത്തിലേക്ക് നമ്മളെയും വഹിച്ചത് യാത്രയാവും...
(മൂന്നു വര്‍ഷക്കാലം ഞാനാ സൗഭാഗ്യം കോളേജില്‍ അനുഭവിച്ചതാണു.)

ഇടക്ക് സാര്‍ മാര്‍ക്കേസിനെക്കുറിച്ച് എന്തു പറയുന്നുവെന്നറിയാന്‍ എനിക്ക് ആകാംക്ഷയുണ്ടായി.. ഞാനതു ചോദിച്ചപ്പോള്‍ സാര് നിഷ്കളങ്കമായും സൗമ്യമായും പറഞ്ഞു..

'എടോ എനിക്കാ വണ്‍ ഹണ്ടഡ് ഇയേസ് ഓഫ് സോളീറ്റ്യൂഡ് മനസ്സിലായതേ ഇല്ല. ഒരു അമ്പതു പേജുകള്‍ക്കപ്പുറം ഞാനതു വായിച്ചില്ലാ' എന്നു...
എന്നാല്‍ മാര്‍കേസിന്റെ മറ്റെല്ലാ നോവലുകളും സാര്‍ വായിച്ചിരുന്നു..

ഞാന്‍ ഓര്‍ക്കുകയായിരുന്നു. തനിക്ക് മനസ്സിലാകാത്ത കാര്യങ്ങള്‍ മറച്ചുവെക്കുന്ന സമൂഹത്തില്‍ തനിക്ക് മനസ്സിലാകാത്തൊരു കാര്യത്തെ ഉള്ളുതുറന്ന് ആദ്യമേ പറയുന്ന ഒരു മഹാ മനുഷ്യന്‍.....

കാന്റിനെപ്പൊലെ മഹാ തത്ത്വജ്ഞാനിയായൊരു ജര്‍മ്മന്‍ ചിന്തകനെ അരച്ചുകലക്കിക്കുടിച്ചയാള്‍...



മരം... ഞങ്ങളുടെ മരം.......





ഞങ്ങളുടെ നാടിന്റെ നെറ്റിയില്‍ ഒരു വര്‍ണ്ണക്കുടപോലെ ഒരു തണല്‍ മരം തലയുയര്‍ത്തി നിവര്‍ന്നു നില്‍ക്കുന്നു. അതിനു ചുവട്ടില്‍ ബസുകള്‍ വന്നു നില്‍ക്കുന്നു. അവിടെ നിന്നു മൂന്നു പ്രദേശത്തേക്ക് റോഡുകള്‍ നീണ്ടു കിടക്കുന്നു.

ആ മരം അവിടെ വന്നത് അന്‍പതോ അറുപതോ വര്‍ഷങ്ങള്‍ക്കു മുന്നെ. അന്ന് അവിടെ ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. മാനസിക അസ്വാസ്ഥ്യം ചിലപ്പോള്‍ അദ്ദേഹത്തെ അനുഗ്രഹിക്കുമായിരുന്നു. ആ മനുഷ്യനാണു ഒരു ചെടിയവിടെ നട്ടതും, അതിനു ചുറ്റും ഓലമെടഞ്ഞ് ഒരു വേലി കെട്ടിവെച്ചതും അന്ന് റോഡ് റ്റാര്‍ ചെയ്യ്‌തിരുന്നില്ല. വല്ലപ്പോഴും വരുന്ന വാഹനങ്ങള്‍ പൊടി ഉയര്‍ത്തുമായിരുന്നു. പിന്നീട് ആ പൊടികള്‍ ഈ ചെറിയ ചെടിയെ മൂടുമായിരുന്നു. അപ്പോള്‍ കാരുണ്യത്തോടെ ആരെങ്കിലും അതിന്റെ ചോട്ടില്‍ ഒരു കുടം വെള്ളമൊഴിച്ച് അതിനെ കുളീപ്പിച്ച് ഉഷാറാക്കി. അങ്ങനെ നാട്ടുകാരുടെ സ്നേഹം ഏറ്റുവാങ്ങിയും വെയിലത്ത് തലയൊന്നു താഴ്ത്തി പ്രകൃതിയെ വണങ്ങിയും, മഴയില്‍ കുളിക്കുമ്പോള്‍ കുടുകുടാ വിറച്ച് മഴയെ പുല്‍കിയും ആ മരം വളര്‍ന്നു...!

ആ മരം നട്ടു വളര്‍ത്തിയ മനുഷ്യന്‍ പ്രായമായി.. എന്നാലും അയാള്‍ ചിലപ്പോഴൊക്കെ ആ മരത്തിനു ചുവട്ടിലെത്തുകയും അതിനെ സ്നേഹപൂര്‍‌വ്വം നോക്കി നില്‍ക്കുയും ചെയ്യുമായിരുന്നു.. മരം അതിനെക്കാള്‍ കാരുണ്യത്തോടെ ആ മനുഷ്യനെ വെയിലേല്‍ക്കാതെ തന്റെ തണലില്‍ നിര്‍ത്തി സ്നേഹിച്ചു........

ഒരിക്കല്‍ ഞങ്ങളുടെ മരം മുറിച്ചു മാറ്റാന്‍ ചിലര്‍ തീരുമാനിച്ചു. ശീതളപാനീയങ്ങള്‍ വിറ്റുപോകാത്തത് അതുകൊണ്ടാണെന്നു അവര്‍ വിചാരിച്ചു. മരത്തിന്റെ വേരുകള്‍ അടുത്തുള്ള വലിയ കെട്ടിടങ്ങളുടെ അസ്ഥിവാരത്തിലേക്ക് പാഞ്ഞു കയറി കെട്ടിടങ്ങള്‍ തകര്‍ക്കപ്പെടുമെന്നു ചിലര്‍ ഭയപ്പെട്ടു. അതിനാല്‍ ഞങ്ങളുടെ മരത്തെ മുറിച്ചു മാറ്റാന്‍ അവര്‍ തീരുമാനിച്ചു....... ഞങ്ങളുടെ നാട്ടിലെ ചുമട്ടുകാരും സാധാരണക്കാരും, ആ മരത്തിന്റെ ചുവട്ടില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടവര്‍ക്ക് അത് സഹിക്കാന്‍ കഴിഞ്ഞില്ല. അവര്‍ ഒറ്റ ദിവസം കൊണ്ട് ആ മരത്തിനു ചുവട്ടില്‍ ഒരു ഉയര്‍ന്ന തറകെട്ടിയുയര്‍ത്തി..ശിഖരങ്ങളില്‍ 'പ്ലക്കാര്‍ഡു'കള്‍ തൂക്കി.

'എന്നെ വെട്ടരുതേ' എന്ന് ദയനീയമായി ഞങ്ങളുടെ മരം വിളിച്ചു പറഞ്ഞു......

ഇല്ല ! കഴിഞ്ഞില്ല ഞങ്ങളുടെ നാടിന്റെ സ്നേഹ ഞരമ്പ് മുറിക്കാന്‍... ഇന്നും ഞങ്ങളുടെ മരം ഞങ്ങളൊട് നന്ദി കാണിച്ച് തലയുയര്‍ത്തി നില്‍ക്കുന്നു..തണല്‍ നല്‍കി ഞങ്ങളെ നിരന്തരം അശ്വസിപ്പിച്ചുകൊണ്ട് സ്നേഹത്തിന്റെയും കരുതലിന്റെയും പ്രതീകമായ്...
ഞങ്ങളുടെ സ്നേഹ മരം......!ഞങ്ങള്‍ക്കു നല്‍കുന്നു തണലുമ്മ...;കുളിരുമ്മ..!

വഴിയില്‍ വീണൂകിടന്ന മാമ്പഴം....



കാലുകള്‍ പൊട്ടിയിരുന്നു. ഇറുകിയ ചെരുപ്പിനുള്ളിലിരുന്ന് എന്റെ പാദങ്ങള്‍ വേദനിച്ചു നിലവിളിച്ചു. എന്നാലും നടപ്പിനു ഒട്ടും വേഗത കുറക്കാതെ ഞാന്‍ നടന്നു. പുലര്‍ മഞ്ഞ് എന്നെ തലോടി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഒരു കാറ്റുവന്ന് എന്റെ മൂക്കില്‍ മുട്ടി. പിന്നെ എന്നെ ആകെ മൂടി.. ഒരു മാമ്പഴ സുഗന്ധം. ഞാന്‍ മൂക്ക് ഒന്നുകൂടെ ആഞ്ഞു വലിച്ചു. പിന്നെ മുകളിലേക്കു നോക്കി. അകാശം മൂടി ഒരു നാട്ടുമാവ്, ഞാന്‍ അതിന്റെ ചുവട്ടിലേക്ക് നോക്കിയപ്പോള്‍ അതാ ഒരു കുഞ്ഞു മാമ്പഴം.കൈയില്‍ എടുത്തപ്പോള്‍ അതില്‍ മണ്ണു പറ്റിയിരുന്നു.ഞെട്ടില്‍ നിന്നും ഒഴുകിയിറങ്ങിയ മാങ്ങാച്ചുനയും .
ഞെട്ടില്‍ നിന്നടര്‍ന്നപ്പോള്‍ പൊഴിഞ്ഞ കണ്ണീര്‍ തുള്ളി !

ഞാന്‍ പതിയെ മണ്ണും കണ്ണീരും തുടച്ചു മാറ്റി. പിന്നെ അരുമയോടെ ഒന്നു വാസനിച്ചു...!

എന്തിനാണു മനസ്സുമടുപ്പിക്കുന്ന ക്ലോറോ ഫോം വൈദ്യശാസ്ത്രം ഉപയോഗ്ഗിക്കുന്നത്...?

ഈ മാമ്പഴത്തിന്റെ ഹൃദ്യ സുഗന്ധത്തില്‍ അലിയിച്ച് ഒരാളുടെ ബോധമണ്ഡലത്തെ മരവിപ്പിച്ച് അവര്‍ക്ക് ഓപ്പറേഷന്‍ നടത്തിക്കൂടേ..?

വൈദ്യ ശാസ്ത്രം എന്നാണു ക്രൂരത കൈ വെടിയുക എന്നോര്‍ത്തു ഞാനെന്റെ കാലുകളിലേക്കു നോക്കി... ഇല്ല ! വേദന ഇല്ല


മയില്‍ കുറ്റി അഥവാ സന്യാസിക്കല്ല്



നടപ്പ് അവസാനിപ്പിക്കുന്നത് ചെമ്മലമറ്റം എന്ന പള്ളിയുടെ മുമ്പിലാണു... ഉയരത്തില്‍ ആകാശത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്ന കുരിശ്.. പള്ളിയിലേക്ക് നടന്നു കയറാന്‍ പടികള്‍.

ചെമ്മലമറ്റം എന്ന പേര് എങ്ങനെയുണ്ടായതാണു എന്നു ഞാന്‍ സുനിലിനോട് ചോദിച്ചു. ആള്‍ മറ്റെന്തോ ഗൗരവ ചിന്തയിലായിരുന്നു. അതിനാല്‍ എന്നെ നോക്കി വശ്യമധുരമായൊരു ചിരിചിരിച്ചു. ചെമ്മല മറ്റം അല്ല ചെമ്മല മുറ്റം ആയിരിക്കും എന്നു ഞാനും ചിരിച്ചു.. ചെമന്ന മലയുടെ മുറ്റം..! അതുകേട്ടപ്പോള്‍ സുനിലിനു കുറച്ചുകൂടി ഉദാരമായി ചിരിക്കേണ്ടി വന്നു.

റോഡില്‍ തപസ്സനുഷ്ഠിക്കുന്ന ആ മയില്‍ കുറ്റി എന്നിട്ടും ചിരിച്ചില്ല...!

എങ്ങനെ ചിരിക്കാനാ ? അവനെ മണ്ണില്‍ കുഴിച്ചിട്ട മനുഷ്യനോട് അവന്‍ പിണങ്ങിയതുപോലെയല്ലേ നില്‍ക്കുന്നത്..! എത്ര കുടിയന്മാരുടെ ചവിട്ട് അവനു സഹിക്കേണ്ടി വരുന്നു. എന്നിട്ടും അവന്‍ നിഷ്കാമ കര്‍മ്മയോഗിയെപ്പോലെ നില്‍ക്കുന്നു...

ദൂരങ്ങളെ സാക്ഷിപ്പെടുത്തി...!

ആല്‍ച്ചുവട്ടിലെ പ്രണയം...




അവന്‍ അവളെ നോക്കിയത് ആരും അറിഞ്ഞില്ല. അവള്‍ മാത്രം അവന്റെ നോട്ടത്തിന്റെ ശരമുന തിരിച്ചറിഞ്ഞു, തിരിഞ്ഞു നോക്കി മന്ദഹസിച്ചു. അവനു വേണ്ടിമാത്രം ചിരിക്കാന്‍ ഈ പെണ്ണു എങ്ങനെ ശീലിച്ചു.

ഹോ..! പ്രണയം പഠിപ്പിച്ചതാവും.

ആല്‍ച്ചുവട്ടില്‍ നിന്നപ്പോള്‍ ആലിലകളുടെ മര്‍മ്മരം അവളെ കാതരയാക്കി. നെറ്റിയില്‍ കുതിര്‍ന്ന സിന്ദൂരപ്പൊട്ടും ചന്ദനപ്പൊട്ടും മൂക്കിന്‍ തുമ്പിലേക്ക് അലിഞ്ഞിറങ്ങുന്നത്, അവനിലെ പ്രണയത്തെ ആര്ദ്രമാക്കി..

അവനെന്തോ പറഞ്ഞു.. അവളതു കേട്ടില്ലെന്നേ, ആ ഇലകളുടെ മര്‍മ്മരം അവന്റെ പ്രണയത്തെ മുക്കിക്കളഞ്ഞു.. ഒന്നൂടെ പറയൂന്നേ എന്നവള്‍ കണ്ണുകളാല്‍ യാചിക്കേ.. അവനതു പറയാന്‍ തുടങ്ങവേ..

"തൊഴുതു കഴിഞ്ഞാലും വീട്ടില്‍ പോവില്ലാ ല്ലേ....?" എന്നൊരു ക്രൂരമ്പ് അവരില്‍ തറച്ചു..

അവര്‍ വേപഥുവോടെ ഞെട്ടിയകന്നു നടക്കേ,

"നല്ലൊരു പ്രണയം പോലും അനുവദിക്കാത്ത കശ്മലന്മാരുടെ മുഖം എനിക്കൊന്നും കാണേണ്ടേ" എന്നും പറഞ്ഞ്...കൃഷ്ണന്‍ മുഖം തിരിച്ചിരുന്നു...!

ഹോ..!



അതിരാവിലെ മഞ്ഞ് വീണു കുതിര്‍ന്നു കിടന്ന റോഡിലൂടെ, അവന്‍ ഓടിവരുന്നു. പിന്നാലെ കൈയില്‍ കത്തിയുമായി മറ്റൊരാളും..
മുന്നേ ഓടിവരുന്നവന്റെ ഷേര്‍ട്ടിന്റെ പിന്‍ ഭാഗം ചോരയില്‍ നനഞ്ഞു കുതിര്‍ന്നിരുന്നു. അതില്‍ നിന്നും ചോര റോഡിലേക്ക് ഒഴുകിവീണുകൊണ്ടിരുന്നു. അമ്പലത്തിനു മുന്നിലെ മൈതാനത്തിലേക്ക് അവന്‍ ഓടിക്കയറവേ, നാട്ടുകാരില്‍ ചിലര്‍ പിന്നാലെ പാഞ്ഞു ചെന്നു..
അപ്പോഴേക്കും പിന്നാലെ പാഞ്ഞുവന്നയാള്‍ അവന്റെ നെഞ്ചില്‍ കയറിയിരിക്കുകയായിരുന്നു.. കൊല്ലരുതേടാ.. എന്ന അവന്റെ അലര്‍ച്ചക്ക് അപ്പുറത്തേക്ക് അപരന്റെ ശബ്ദം ഉയര്‍ന്നു. അത് മഞ്ഞുപോലെ തണുത്തിരുന്നു.. ഇനി നീ ജീവിക്കേണ്ടാ..
കഴുത്ത് അറുക്കുകയായിരുന്നു.. കൊല്ലല്ലേടാ എന്ന ശബ്ദം ശ്വാസനാളത്തിലൂടെ വികൃതമായൊരു കാറ്റായ് പുറത്തേക്ക് പരന്നു ചാടി, ഒപ്പം ഒരു കുടം ചോരയും....

ആരും സാക്ഷിപറയാനില്ലാതിരുന്നതിനാല്‍, കൊലപാതകം നടത്തിയ ആള്‍ ശിക്ഷിക്കപ്പെട്ടില്ല.. ആ കൊലപാതകം നാടിനൊരാശ്വാസവും ആയിരുന്നു.



ആറടി മണ്ണിലേക്ക്... ശാന്തരായ്...യാത്രയുടെ ഒടുക്കം...!





ബോഗന്‍ വില്ലകള്‍ അതിരിട്ട സെമിത്തേരി, ശവക്കുഴിക്കുമീതെ മാര്‍ബിള്‍ പാകി അതില്‍ പേരെഴുതി വെച്ച്, ഇങ്ങനെയൊരു മനുഷ്യന്‍ ഈ ലോകത്ത് ജീവിച്ചിരുന്നുവെന്നു വരും തലമുറയെ ഓര്‍മ്മിപ്പിക്കുന്ന ധാരാളം കുഴിമാടങ്ങള്‍..

പാവപ്പെട്ടവന്റെ നെഞ്ചിനു മുകളില്‍ പച്ചപ്പു പടര്‍ന്നു പിടിക്കുന്നു. അവരുടെ വിശപ്പിന്റെ തീവ്രത പുല്ലുകളിലെ കട്ടിയുള്ള ഹരിതകമായി മാറി സൂര്യര്‍ശ്മികളെ വാരിയെടുത്ത് ഭക്ഷണമാക്കുന്നു.

പ്രേമിച്ചു കൊതി തീരാതെ ആത്മഹത്യ ചെയ്യ്‌തവരുടെ കുഴിമാടങ്ങളിലെ പൂക്കള്‍ക്ക് പ്രണയത്തിന്റെ തീവ്ര ഗന്ധവും നിറവും.

കാലിലുടക്കി വലിക്കുന്ന തൊട്ടാവാടികള്‍.. ചിലപ്പോള്‍ അവയുടെ മുള്ളുകള്‍ കാലില്‍ ചോര പൊടിക്കും.. എന്തിനാവും അവ ഉടക്കി വലിക്കുന്നത്...? ഏതോ രഹസ്യം ഹൃദയത്തില്‍ സൂക്ഷിച്ചു മരിച്ചൊരാള്‍ അത് നിങ്ങളോടു പറയാന്‍ ശ്രമിക്കുന്നതാവും...!

ആത്മാക്കള്‍..........!ഏറ്റവും വിശുദ്ധിയുള്ളവര്‍ ... അവരുടെ ആവാസ ഭൂമിയിലേക്ക് ഒരു നാള്‍ ഞാനും.. അന്ന് എന്നെ അവിടേക്ക് ചുമന്നുകൊണ്ട് പോകാന്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ വേണം..

അവരുടെ കണ്ണിര്‍ എന്റെ കുഴിമാടത്തില്‍ പതിക്കുമ്പോള്‍, അവര്‍ക്ക് നല്‍കാനൊന്നുമില്ലല്ലോ എന്ന ദുഃഖത്തോടെ, എന്നാല്‍ അളവറ്റ സന്തോഷത്തോടെ ഞാന്‍ അവിടെ മയങ്ങിക്കിടക്കും..

എല്ലാ യാത്രകളും അവസാനിപ്പിച്ച്...... !


മഴത്തുള്ളീ മഴത്തുള്ളീ ....



കണ്ണുകളടച്ച് ആദിമ സൗഭാഗ്യ ശാന്തിയില്‍ നിറഞ്ഞ് ഞാന്‍ കണ്ണുകള്‍ അടച്ചു കിടന്നു. എന്റെ ഉടലിനെ പരിപൂര്‍ണ്ണമായി ഉറക്കിക്കിടത്തി . മരണം എന്നത് യാത്രചെയ്യാന്‍ മനസ്സില്ലാതെ ശരീരം ഉറങ്ങിവീഴുന്നതാണെന്നു ഞാനറിഞ്ഞു. മണ്ണിനടിയില്‍ എന്റെ ആത്മാവിനു ശ്വസിക്കാനും സ്വപ്നം കാണാനും കഴിയുമായിരുന്നു. എന്നിട്ടും അതിലൊന്നും താല്പര്യമില്ലാതെ ഞാനെന്റെ മരണം ആഘോഷിച്ചു കിടന്നു...

ഹേയ്, ആരാണു ആര്‍ദ്രലളിതമായ് എന്റെ നെറ്റിയില്‍ ഉമ്മവെച്ചത്..? കുളിര്‍ എന്റെ കവിളിലേക്ക് പകര്‍ന്നിങ്ങി... ഞാന്‍ കണ്ണുകള്‍ തുറന്നില്ല.. എന്നിട്ടും കാതില്‍ ഒരു കാതര ശബ്ദം. ! ഇത്രക്ക് മൃദുവായൊരു ശബ്ദത്തെ ഇതുവരെ എന്റെ കാതു കേട്ടിട്ടില്ല. 'സുഖമല്ലേ..?' എന്ന് ആ ശബ്ദം ശബ്ദമില്ലാതെ എന്നോട് ചോദിച്ചു.. ശബ്ദം അല്‍പം കൂടിയാല്‍ ഞാന്‍ മരണത്തിന്റെ ആലസ്യത്തില്‍ നിന്നും ഉണര്‍ന്നാലോ എന്ന് പേടിക്കുന്നതുപോലെ..

പിന്നീട് അനുരാഗലോലയായ് മൊഴിഞ്ഞു....... 'എന്നെ മനസ്സിലായില്ലേ..? ഞാന്‍ മഴത്തുള്ളിയാ..'!
നിന്നെ തേടി വന്നപ്പോള്‍ നീ ഭൂമിയുടെ ഗര്‍ഭപാത്രത്തിലുറങ്ങിയെന്നറിഞ്ഞു.. അപ്പോള്‍ മണ്ണിലേക്ക് ഊര്‍ന്നിറങ്ങി...

'അതേയ്, ഞാന്‍ യാത്ര മതിയാക്കാന്‍ എത്ര വട്ടം ആലോചിച്ചതാ.. എന്നിട്ടും സൂര്യന്‍ എന്നെ നീരാവിയാക്കും.. ആകാശത്ത് ഞാന്‍ മഴമേഘമായ് ഒഴുകി നടക്കും... അലസ യാത്ര.. പിന്നെ ടപ്പോന്ന് താഴോട്ട്.. പുഴയില്‍ വീണാല്‍ പുഴ എന്നെയും കൊണ്ട് അങ്ങനെ ഒഴുകിക്കോളൂം.. പുഴയാത്രയാണു ഏറ്റവും ആനന്ദിപ്പിക്കുന്നത്.. എന്തും സംഭവിക്കാവുന്ന യാത്ര...
ഹോ.! ഞാനിതാ വീണ്ടും നീരാവിയാകാന്‍ പോകുന്നൂ.... ഇനിയും അടുത്തവരവില്‍ കാണാം ട്ടോ...'

ശക്തമായി കഴുത്തിലൊന്നു ചുംബിച്ച്.. ആ മഴത്തുള്ളി നീരാവിയായ്...

യാത്ര തുടരാന്‍...!