2009, ജൂലൈ 28, ചൊവ്വാഴ്ച

ഹവ്വാച്ചിരി....!




ആദത്തെ നിര്‍മ്മിച്ചതിനു ശേഷം ദൈവം അവന്റെ മുഖത്തേക്ക് നോക്കി. പഹയനു ഒടുക്കത്തെ സന്തോഷം. കണ്ണുകള്‍ നക്ഷത്രത്തെക്കാള്‍ തിളക്കം. ദൈവത്തിനു അസൂയ മുഴുത്തു. 'ജ്ജ് ഇവിടെ വാടാ ഹിമാറേ' ന്നും പറഞ്ഞ് വിളിച്ച് ഓപ്പറേഷന്‍ റ്റേബിളില്‍ മയക്കിക്കിടത്തി അവന്റെ വാരിയെല്ലൂരിയെടുത്തു.

ഹവ്വായെ സൃഷ്ടിച്ച് ദൈവം ആശ്വാസത്തോടെ ഒന്നു നടു നിവര്‍ത്തി. 'ങീ, ങീ, എനിക്ക് വിശക്കുന്നേ..' ദൈവം അവള്‍ക്ക് ദോശചുട്ടുകൊടുത്തു. ഉടനെ അവള്‍ ദൈവത്തിനോട് ഒരു ഫേയര്‍ ആന്‍ഡ് ലൗവ്‌ലി ആവശ്യപ്പെട്ടു. ദൈവം കുറച്ച് മഞ്ഞളെടുത്ത് കൊടുത്തു. അവളതെടുത്ത് ഒറ്റയേറുകൊടുത്തു. മര്യാദക്ക് 'ഡോവിന്റെ' ഫേസ് ക്രീമും ഷാമ്പൂവും കൊണ്ടുവന്നു തന്നോണം ഇല്യാച്ചാല്‍ ..'ബാക്കി പറയാതെ ഹവ്വാ നെഞ്ചത്ത് പൊത്തോ പൊത്തോ ന്ന് വെച്ചലക്കി.
ദൈവം സാറ്റിസ്ഫൈഡ്. 'മകളെ, നിനക്ക് പറ്റുന്ന ഒരു കോന്തന്‍ ദാ കിടന്നുറങ്ങുന്നു. ലവനെ ഉണര്‍ത്തി നിന്റെ അടിമയാക്കി തരാം.. നീ നന്നായി കൈകാര്യം ചെയ്യ്‌തോളൂട്ടോ...'


അനന്തരം ദൈവം ആദത്തെ വിളീച്ചുണര്‍ത്തി . മയങ്ങിയപ്പോള്‍ ദൈവത്തിന്റെ നരച്ചമുടിയും മുശുക്കുമണവും മാത്രമായിരുന്നു അരികില്‍. ഇപ്പോള്‍ ഒരു സൗരഭ്യം. ആദം കണ്ണൂകള്‍ മിഴിച്ചു നോക്കിയപ്പോള്‍... ഹോ..! അതിശയത്തിലും അതിശയം... ഹല്ലേലൂയ സോത്രം സോത്രം..!

സൗന്ദര്യത്തിന്റെ മായാമോഹനദൃശ്യത്തില്‍ അവനു വീണ്ടും ബോധക്ഷയം സംഭവിച്ചു.(കാരണം സൂക്ഷമായ് -ഹൗവ്വാ ആദത്തിനെ കണ്ടപ്പോഴേ സൈറ്റ് അടിച്ചു കാണിച്ചിരുന്നു. ദൈവത്തിനു മനസ്സിലാകാത്ത റ്റെക്ക്‌നിക്ക്.)

ദൈവം ആദത്തിന്റെ മുഖത്ത് വെള്ളം തളിച്ചുണര്‍ത്തി. പിന്നീട് അവന്റെ ചെവിയില്‍ പറഞ്ഞു . 'ഇതൊരു കളിപ്പാട്ടം.. ഹൗവ്വാ...! നിനക്കുതരുന്നു.. ഇവള്‍ നിന്റെ സ്വന്തം..'

ഹൗ'........അരേ... 'വ്വാ'

ആദം ചാടിയെണീറ്റ് ദൈവത്തിനൊരു ഉമ്മ കൊടുത്തു. അവന്റെ മൂക്കിലും വായിലും ദൈവത്തിന്റെ താടിമീശ കയറി തുമ്മലോട് തുമ്മല്‍...

അപ്പോള്‍ ഹൗവ്വാ അടുത്ത് ചെന്ന് ആദത്തിന്റെ ചെവിയില്‍ പറഞ്ഞു.. 'ഈ മാതിരി മന്ത്രവാദങ്ങള്‍ ദൈവത്തിനുള്ളതല്ല.. അതെനിക്കുള്ളതാണു..' പിന്നീടവള്‍ അവനെ ഭംഗിയായ് ചിരിച്ചു കാണിച്ചു. ആദം അതു കണ്ട് കോരിത്തരിച്ചുപോയ്. പിന്നീട് അവളെ കെട്ടിപ്പിടിച്ച് ഉമ്മവെക്കാന്‍ തുടങ്ങവേ...
ദൈവം പറഞ്ഞൂ.......

'ടേയ്, തോന്ന്യാസം ഇവിടെ നടപ്പില്ല. മര്യാദക്ക് വല്ല കാട്ടുകിഴങ്ങും മാന്തിതിന്ന്, അരുവി ജലവും പാനം ചെയ്യ്‌ത്, മര്യാദക്ക് ഞാന്‍ തന്ന പാരഡൈസ് എസ്റ്റേറ്റില്‍ കഴിഞ്ഞോണം...'

ആദത്തിന്റെ കണ്ണില്‍ അപ്പോഴും നക്ഷത്രങ്ങള്‍ പ്രകാശിച്ചു. ദൈവത്തിനു വീണ്ടും അസൂയ മൂത്ത് കലിയിളകി.. 'ഉം പൊയ്ക്കോ രണ്ടുപേരും...'

ആദവും ഹൗവ്വയും ഇറങ്ങിയോടി, അപ്പോള്‍ ഹൗവ്വാ ആദത്തിന്റെ ആറാം വാരിയെല്ലില്‍ ഒരു കിള്ളുകൊടുത്തു.. ആദത്തിനു ചിരിയോടു ചിരി.. ഇക്കിളി പൂത്തുലഞ്ഞ ശരീരവും മനസ്സുമായ് ആദം ഹൗവ്വയെ നോക്കി കുടുകുടാ ഒന്നുകൂടെ ച്ചിരിച്ചു...

'ഉം.......! ചിരിച്ചോ ചിരിച്ചോ.. ചെക്കന്റെ ചിരി ഞാന്‍ നിര്‍ത്തിത്തരണുണ്ട്...'

ഓടിയോടി അവര്‍ വലിയൊരു ആഞ്ഞിലി മരത്തിന്റെ ചോട്ടിലെത്തി. ആഞ്ഞിലി മരം സന്തോഷത്തിന്റെ ആധിക്യത്തിലായിരുന്നു. നിറയെ പഴുത്ത കായ്കള്‍. ഹൗവ്വാ, മുകളിലേക്കു നോക്കിയപ്പോള്‍, ഒരു അണ്ണാറക്കണ്ണന്‍ അവളെ നോക്കി കൊഞ്ഞനം കുത്തി വാലും പൊക്കി ഒറ്റച്ചാട്ടം..
അവള്‍ക്ക് സഹിക്കാനേ കഴിഞ്ഞില്ല. അണ്ണാറക്കണ്ണന്‍. ദുഷ്ടന്‍, പണ്ട് ശ്രീരാമന്‍ പുറത്തൊന്നു ചൊറിഞ്ഞ് കൊടുത്തൂന്നു വിചാരിച്ച് ഇത്രക്ക് അഹങ്കാരം പാടുണ്ടോ..? അണ്ണാറക്കണ്ണന്‍ ഒരു ആഞ്ഞിലിപ്പഴം പൊളിച്ച് ചുള തിന്ന് കുരു താഴേക്ക് എറിഞ്ഞു.
ഹൗവ്വാ ആദത്തിനെ തോണ്ടി, അവന്‍ നോക്കിയപ്പോള്‍, അഞ്ഞിലി മരത്തിന്റെ മുകളിലേക്ക് നോക്കി വെള്ളമിറക്കി. പുരുഷന്‍ -പൊട്ടനാണെങ്കിലും- കാര്യം മനസ്സിലാക്കി. അവന്‍ ഒരു കാട്ടുവള്ളി പറിച്ചെടുത്ത് തളപ്പുണ്ടാക്കി. ആഞ്ഞിലി മരത്തിനു മുകളിലേക്ക് വലിഞ്ഞു കയറി.. മുകളിലെത്തി, അവന്‍ അഞ്ഞിലിവിള പറിച്ച് ഹൗവ്വായ്ക്ക് എറിഞ്ഞുകൊടുത്തു. പുല്ലുകൊണ്ട് ഒരു കുട്ടമെനഞ്ഞ് അവളതു പിടിച്ചെടുത്തു.
പിന്നെ മൃദുലമായ മുള്ളുള്ള പുറന്തോടിളക്കി ചുള ഓരോന്നായ് തിന്നു..
അപ്പോള്‍, ആദം മുകളിലിരുന്നു നീറുകടി കൊണ്ട് പുളയുകയായിരുന്നു.

ആദം താഴെയിറങ്ങിവന്നപ്പോള്‍, അവന്റെ ദേഹം മുഴുക്കെ നീറുകടിച്ച് വീര്‍ത്തിരുന്നു. അപ്പോള്‍ ഹവ്വാ, ഒരു ഡയലോഗ്,

'ആഹാ നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും ആദം ചേട്ടാ..'(എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരെ വന്നില്ലാരും ... എന്ന വരികള്‍ അവള്‍ വിഴുങ്ങി.)

അതുകേട്ടപ്പോള്‍ ആദം ഒരു അഹങ്കാരിയായ് നെഞ്ചുവിരിച്ചു നിന്നു. അവന്റെ മസില്‍സ് കിടുകിടാന്നു വിറപ്പിച്ചു കാണിച്ചു.
ഹവ്വാ, ഒരു തേന്‍ കൂട് പറിച്ചെടുത്ത്, തേന്‍ പിഴിഞ്ഞ് ആദത്തിന്റെ ബലിഷ്ടമായ ദേഹത്ത് തേച്ചു പിടിപ്പിച്ചു.. അവന്റെ മധുരീകരിച്ച ദേഹത്ത് അവളൊരുമ്മ കൊടുത്തു... തേനിന്റെയും ആദത്തിന്റെ സ്നേഹത്തിലും കുരുങ്ങി അവളുടെ ചുണ്ടുകള്‍ അവനെ വിട്ടുപോരാന്‍ വിസമ്മതിച്ചു.
ഒടുവില്‍ തന്റെ ചുണ്ടുകള്‍ സ്വതന്ത്രമാക്കി അവള്‍ ചുണ്ടുകള്‍ നുണഞ്ഞപ്പോള്‍.... നാവില്‍ തേന്‍ രുചി നിറഞ്ഞു. പൂക്കള്‍ നാവില്‍ നൃത്തം ചെയ്യുന്നു....

ഹവ്വാ തന്റെ നീണ്ടു വളര്‍ന്ന നഖങ്ങള്‍ കടിച്ചു വൃത്തിയാക്കുന്ന സമയത്താണു ചെകുത്താന്‍ അതുവഴി വന്നതും. അവളെ നോക്കി വിശാലമായ് ചിരിച്ചതും. ചെകുത്തന്റെ വാലും അവന്റ് മൊരഞ്ഞ നോട്ടവും കണ്ട് ഹവ്വക്ക് കലിയിളകി. അവള്‍ മുഖം തിരിച്ചു. അപ്പോള്‍ ചെകുത്താന്‍ വിളിച്ചു .
'സുന്ദരീ...'

ഹവ്വയുടെ ശരീരത്തില്‍ ഇടിമിന്നല്‍ പാഞ്ഞു. അവള്‍ മുഖമുയര്‍ത്തി ചെകുത്താനെ നോക്കി. അവന്‍ അതി സുന്ദരനും ശിശുമുഖനുമായ് അവള്‍ക്കു തോന്നി...

നീ എന്താ പറഞ്ഞത് എന്ന് തെല്ലു ലഞ്ജയോടെ ഹവ്വാ അവനോട് ചോദിച്ചു.
'അല്ല. നിനക്ക് എന്തൊരു സൗന്ദര്യമാണു. ചന്ദ്രിക നിന്നെ കണ്ടാല്‍ പിന്നെ ഒരിക്കലും ഉദിക്കുകയേ ഇല്ല. മയിലുകള്‍ അവയുടെ പീലി വിടര്‍ത്താന്‍ നാണിക്കും. കുയിലുകള്‍ നിന്നെക്കുറിച്ച് വര്‍ണ്ണിക്കാന്‍ വാക്കുകള്‍ കിട്ടാതെ ഗാനാലാപനം നിര്‍ത്തും..'

ഹവ്വാ, സമ്പൂര്‍ണ്ണമായ് പ്രസാദിച്ചു. അവള്‍ തല മാന്തിച്ചൊറിഞ്ഞ് ചിരിച്ചു. ചെകുത്താന്‍ ചോദിച്ചു. 'സുരസുന്ദരീ ഞാന്‍ നിന്റെ കാര്‍മേഘകൂന്തലില്‍ വിരാജിക്കുന്ന കഴുവേറി പേന്‍ കൂട്ടത്തെ തര്‍ക്കൊല പണ്ണട്ടേ..?'

അഴിച്ചിട്ട കരിമുടിച്ചുരുളുമായ് ഹവ്വാ ഒരു മരത്തിന്റെ വേരില്‍ കുത്തിയിരുന്നു. പിന്നില്‍ ഭവ്യതയോടെ നിന്ന് ചെകുത്താന്‍ പേന്‍ നിവാരണ യഞ്ജം ആരംഭിച്ചു.

തലമുടി വകഞ്ഞു മാറ്റി, തലയില്‍ ഓടിക്കളിച്ചിരുന്ന സുന്ദരന്‍ പേനുകലെ ദയാരഹിതമായ് ചെകുത്താന്‍ വേട്ടയാടി. കൈയ്യില്‍ കിട്ടിയ പേനുകളെ കൈ നഖങ്ങള്‍ക്കിടയില്‍ വെച്ച് 'ടക് ടക്' എന്നു പൊട്ടിച്ചു. ചെകുത്തന്റെ വിരലുകളിലൂടെ രക്തമൊഴുകി..!

അവന്‍ ആത്മഗതം നടത്തി........ 'ഹോ..! മനുഷ്യരുടെ ഒരു ഗതിയേ...'!

ഹവ്വാ തലയുയര്‍ത്തി ചോദിച്ചു 'എന്താ മിസ്റ്റര്‍ ചെകുത്താന്‍, ഞങ്ങള്‍ക്ക് എന്താണു പ്രശ്നം.?'

'അതേയ് ഹവ്വാ മാഡം, നിങ്ങള്‍ ആകാശത്തിലെ പറവകളെ നോക്കൂ...'

ഹവ്വാ, തന്റെ വിജ്ജ്ഞാനം വിളമ്പി. 'അവ വിതക്കുന്നില്ല, കൊയ്യുന്നില്ല കളപ്പുരകളില്‍ കൂട്ടി വെക്കുന്നില്ല.'

'മണ്ണാംങ്കട്ട..! അതല്ല. അവര്‍ക്കൊക്കെ ഭൂമിയില്‍ അനന്തരാവകാശികള്‍ ഉണ്ടാകുന്നു......
എന്നാല്‍ മനുഷ്യനെ മാത്രം ദൈവം ആ റ്റെക്ക് നിക്ക് പഠിപ്പിച്ചിട്ടില്ല...
എന്താ കാരണം...?

ദൈവത്തിന്റെ തലയില്‍ കയറി മനുഷ്യന്‍ ഇരിക്കും എന്ന് മനസ്സിലാക്കിയ ദൈവം , ഈ രണ്ടെണ്ണത്തിനോടെ മനുഷ്യന്‍ അവസാനിച്ചോട്ടെ എന്നു വിചാരിച്ചു.......'

ഹവ്വാക്ക് ദൈവത്തിന്റെ കൊലച്ചതി മനസ്സിലായി.
അവള്‍ വികാരവിമൂഡവിലോലയായ്.... ചെകുത്താനോട് ചോദിച്ചു.. 'നീ എന്തര് പറയണൂ.. കാര്യങ്ങള് വിശദമായി പറയടെ അപ്പീ...'

ചെകുത്താന്‍ ഹവ്വായുടെ ക്ലാസ് റ്റീച്ചറായ്........
ആദ്യത്തെ വാല്‍‌സ്യായനന്‍... ഹവ്വയുടെ മനസ്സില്‍ കാമസൂത്രം പറഞ്ഞുകൊടുത്തു..
അതു കേള്‍ക്കെ ഹവ്വക്ക് ഇക്കിളീ നുരനുരയായ് പതഞ്ഞു പതഞ്ഞു പൊങ്ങി........
ശോ... ആ കശമലന്‍ ! ആദം ചേട്ടന്‍ ഒന്നു വന്നുകിട്ടിയിരുന്നെങ്കില്‍.........!

ആദം വന്നൂ...
ഹവ്വ അവനെ പാപിയാക്കി...(ചിലസമയത്ത് എഴുത്തിനു റോക്കറ്റ് സ്പീഡാണു ആരോഗ്യത്തിനു നല്ലത്..:)

ദൈവം വൈകിട്ട് തന്റെ കൃഷി സ്ഥലത്തുകൂടെ വടിയും കുത്തി പതിയെ നടന്നു. കപ്പയുടെ മൂട് എലി മാന്തിയിരിക്കുന്നു. കരിമണ്ണില്‍ എലിതിന്ന കപ്പയുടെ വെളുപ്പ് കണ്ട് ദൈവത്തിനു കലിയിളകി. എലികളെ സൃഷ്ടിച്ചത് തെറ്റായെന്നു മനസ്സിലാക്കി, താന്‍ സൃഷ്ടിച്ച ചേരകളൊക്കെ എവിടെ ? അവനെ കണ്ടിരുന്നുന്നെങ്കില്‍ നടുവിനു ഒരു കുത്തുകൊടുക്കാമായിരുന്നു. കശ്മലന്‍, ജോലി ചെയ്യാതെ വല്ല മാളത്തിലും ചുരുണ്‍ടു കിടന്നുറങ്ങുന്നുണ്ടാവും.

'ദൈവമേ നിന്‍ സ്നേഹം എത്ര മോഹനം
നിന്‍ ഗൃഹത്തില്‍ വാഴുവോര്‍ ഭാഗ്യവാന്മാര്‍..'

മാവിന്റെ മുകളിലിരുന്നു മാന്തളില്‍ തിന്നു മദിച്ച് ഒരു കുയില്‍ പാടി. ദൈവത്തിനു സന്തോഷമായി.. 'തിന്നോ തിന്നോ ഇഷ്ടം പോലെ മാന്തളില്‍ തിന്നോളൂ...'

ആദത്തിന്റെയും ഹവ്വയുടെയും ഗുഹക്കരികിലെത്തിയപ്പോള്‍, അകത്തു നിന്നും ഹവ്വയുടെ ചിരിയും സീല്‍ക്കാരങ്ങളും. ദൈവം ചെവി വട്ടം പിടിച്ചു. ചെവി ക്ലീന്‍ ചെയ്യാതിരുന്നതിനാല്‍ കേള്‍‌വി അത്ര പോരായിരുന്നു. എന്നാലും ദൈവം അപകടണം കേട്ടറിഞ്ഞു.

'ഡാ...... ആദാം...!"

ദൈവം അരിശത്തോടെ അട്ടഹസിച്ചു. ആകാശത്ത് ഇടിവെട്ടി. ( കഥാപ്രസംഗത്തിനു സിം‌മ്പല്‍ അടിക്കുന്നതുപോലെ ദൈവം വല്ലതും ശക്തമായി പറഞ്ഞാല്‍ ദൈവകിന്നരന്മാര്‍ ഉടന്‍ ആകാശത്ത് ഇടിവെട്ടിക്കും)

ശബ്ദം കേട്ടതും ആദം ഇറങ്ങിയോടി.. ദൈവം അവനെ തന്റെ കൈയിലിരുന്ന വടിവെച്ച് എറിഞ്ഞു വീഴ്ത്തി.
എന്നിട്ട് അടുത്തു ചെന്ന് അവന്റെ കൊങ്ങക്ക് കുത്തിപ്പിടിച്ചു.

'ഡാ, ദൈവത്തിനു പിറക്കാത്തവനേ.. നീ എന്റെ വാക്കു തെറ്റിച്ചു അല്ലേ...?'

'അയ്യോ.. അയ്യോ..'എന്ന് ആദം നിലവിളിച്ചു. ശബ്ദം വളരെ വികൃതമായ് ദൈവത്തിന്റെ ചെവിയില്‍ ചെന്നു തറച്ചു.

'മൂപ്പിലാനേ...... അങ്ങേരെ വിട്, ഞാനാ കാരണക്കാരി..'

ഹവ്വാ, യാതൊരു കൂസലും ഇല്ലാതെ ഗുഹാമുഖത്ത് ദൈവമുഖത്തിനെതിരു നിന്നു.

ദൈവത്തിനു സഹിക്കാവുന്നതിനു അപ്പുറമായിരുന്നു ഹവ്വയുടെ ദാര്‍ഷ്ട്യം.

'നിന്നെ ഞാനീ പറുദീസയില്‍ നിന്നും പുറത്താക്കുമെടീ... കശ്മലേ...'

'ധൈര്യമുണ്ടെങ്കില്‍ ചെയ്യ്‌തു കാണിക്ക് മൂപ്പീന്നേ..'

'ആദം എടാ, അവളുടെ മരവുരീം ചിരട്ടപ്പാത്രവും എല്ലാം എടുത്ത് വെളിയിലെറിയെടാ..'

ആദം തന്റെ തൊണ്ടയില്‍ തടവി, അവിടൊരു മുഴ.. അവനു കരച്ചില്‍ വന്നു. അവന്‍ സങ്കടത്തോടെ മിണ്ടാതെ നിന്നു.

'പിന്നെ പിന്നെ കേള്‍ക്കും.'
ഹവ്വാ ഗര്‍‌വ്വിഷ്ടയായ് ദൈവത്തിനെ വെള്ളുവിളിച്ചു.

ദൈവം. ആദത്തിനെ ചുട്ടുപൊള്ളുന്നൊരു നോട്ടം നോക്കി. അവന്‍ ഒറ്റച്ചാട്ടത്തിനു ഹവ്വയുടെ പിന്നിലൊളീച്ചു.

'രണ്ടും കൂടെ ഇറങ്ങിക്കോണം...കാട്ടിലേക്ക് ചെല്ല്. അവിടെ എങ്ങനെയെങ്കിലും ജീവിച്ചോ.. ഇനി എനിക്ക് നിന്റെ മുഖം പോലും കാണേണ്ട'
'
ഹോ..! ഞങ്ങളു പൊയ്യ്‌ക്കൊള്ളാം കാര്‍ന്നോര്‍ സ്വത്തെല്ലാം കെട്ടിപ്പിടിച്ച് ഇവിടിരുന്നോ.. വയസ്സുകാലത്ത് കഞ്ഞിവെള്ളം തരാന്‍ ഒരുത്തനും ഉണ്ടാവില്ല...'
ഹവ്വ ഉറഞ്ഞു തുള്ളി..
'ഹവ്വാച്ചീ ദൈവദോഷം പറയാതെടീ നമുക്കിവിടെ ദൈവത്തിന്റെ കാലുപിടിച്ച് കഴിയാം..'

'മിണ്ടരുത്..നിന്നെ ഞാന്‍ സ്വാതന്ത്ര്യത്തിലേക്കു കൊണ്ടുവരികയാ ചെയ്‌തത്..
നീ കേട്ടിട്ടില്ലേ...

'സ്വാതന്ത്ര്യം തന്നെ അമൃതം
സ്വാതന്ത്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയെക്കാള്‍ ഭയാനകം.."

എവിടെ? വല്ലതും വായിക്കുന്ന സ്വഭാവം നിനക്കില്ലല്ലോ...!നിന്നെ ഒരു മഹാപൊട്ടനാക്കി ദൈവം നിന്നെ ചൂഷണം ചെയ്യുകയായിരുന്നു.'

ആദം വായും പൊളിച്ച് കേട്ടു നിന്നു...

'ഹവ്വാച്ചി, എന്റെ മറ്റേ വാരിയെല്ലിനു നിന്നെപ്പോലെ ഒരാളെക്കൂടി ഉണ്ടാക്കിയാരുന്നെങ്കില്‍ ..'

മുഴുവന്‍ പറയാന്‍ ഹവ്വാ സമ്മതിച്ചില്ല...
'അപ്പടിയാനാല്‍ ഉന്നെയും അവളെയും തര്‍ക്കൊല പണ്ണിടുമേ.' എന്നവള്‍ കണ്ണുരുട്ടി.

ആദം ഒന്നും പറയാതെ ഹവ്വയുടെ പിന്നാലെ നടന്നു.

ഒടുവില്‍ നടന്നു നടന്ന് അവര്‍ ഭൂമിയിലെത്തി. ഭൂമിയില്‍ കാലുകുത്തിയപ്പോള്‍ ഹവ്വാ ഒരു ചെറിയ വലിയ വാക്യം പറഞ്ഞു.
'ഇത് മനുഷ്യന്റെ ഒരു ചെറിയ ചുവടുവെപ്പ്, മാനവരാശിയുടെ വലിയ കുതിച്ചു ചാട്ടം'

ആദത്തിനു ഒന്നും മനസ്സിലായില്ല. എന്നാലും അവനു ഹവ്വയോട് സ്നെഹവും ബഹുമാനവും തോന്നി. ഇവള്‍ തന്നെ പട്ടിണിക്കിടാതെ നോക്കിക്കൊള്ളും എന്നവന്‍ വിചാരിച്ചു..

അന്നു രാത്രി അവര്‍ വിശന്നിരുന്നു. ചെകുത്താന്‍ പഠിപ്പിച്ചുകൊടുത്ത കര്‍മ്മ പരിപാടികളില്‍ വ്യാപൃതരായ് അവര്‍ തങ്ങളുടെ വിശപ്പു മറന്നു...


നേരം വെളുത്തു.. ബെഡ് കോഫിക്കായ് കൈ നീട്ടിയ ആദത്തിനെ ഹവ്വാ വലിച്ചെണീല്പ്പിച്ചു. പിന്നെ വിശാലമായ് മുന്നില്‍ നീണ്ടു മലര്‍ന്നടിച്ചു കിടന്ന ഭൂമി ചൂണ്ടിക്കാണിച്ചു.
മനുഷേനേ, ഇദാ, ഈ പച്ചവെള്ളവും കുടിച്ചേച്ച്, പറമ്പിലേക്ക് ഇറങ്ങ്,
ആദം ആലസ്യത്തോടെ ഹവ്വയെ ഉമ്മവെക്കാന്‍ നോക്കി. അവള്‍ ചവിട്ടിത്തുള്ളി നടന്നകന്നു.. 'നേരംപോക്കിനുള്ള സമയം കഴിഞ്ഞു... മര്യാദക്ക് മണ്ണില്‍ കൃഷി ചെയ്യൂ..'

ഹവ്വ നല്‍കിയ കപ്പത്തണ്ടുമായ് ആദം പറമ്പിലേക്കിറങ്ങി..പോകുന്ന പോക്കില്‍ ആദം ഹവ്വയോട് ചോദിച്ചു..
'ഹവ്വാച്ചീ, നീ എന്നാ ചെയ്യാന്‍ പോകുവാന്നേ'
'...ഞാനോ....... ഞാനേയ്........ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെയും കടല്‍ത്തീരത്തെ മണല്‍ത്തരികളെപ്പോലെയും നിന്റെ കുട്ടികളെ പ്രസവിക്കാന്‍ പോകുന്നു........'

'അയ്യോ..! അപ്പോള്‍ നിനക്ക് നോവില്ലേ...?'

അവള്‍ ആദത്തിനെ ചുറ്റിപ്പിടിച്ചൊരു ഉമ്മ നല്‍കി.. പിന്നെ പറഞ്ഞു...

"എന്റെ പൊന്നേ......

പ്രതികാരത്തിനു നോവ് ഒരു സുഖമാണു....!"