2012, ഏപ്രിൽ 3, ചൊവ്വാഴ്ച

ഖസാക്കിനെ ചുറ്റിയ സര്‍പ്പം...

രവിയിലാരംഭിച്ച് രവിയില്‍ അവസാനിക്കുന്ന ഖസാക്കിന്റെ ഇതിഹാസം. രവിയെന്ന അശാന്തനായ യാത്രക്കാരന്‍ ഖസാക്കിലേക്ക് ഒരു നിയോഗം പോലെ എത്തി തന്റെ കര്‍മ്മപരമ്പരപൂര്‍ത്തിയാക്കി മരണത്തിലേക്ക് യാത്രയാവുന്നു. യാത്രയില്‍ തുടങ്ങി യാത്രയ്ക്കായ് കാത്തു കിടക്കുന്നവന്‍.

ഖസാക്കിന്റെ ആദ്യവായനയില്‍ രവിയെ കണ്ടുമുട്ടുമ്പോള്‍ വായനക്കാരന്‍ രവിയില്‍ അഭിരമിച്ചുപോകും. രവി ആത്മഭാവമാണു. അതിലൂടെ അന്വേഷ്ണം ആരംഭിക്കുമ്പോള്‍ ഖസാക്ക് നിഗൂഡമായൊരു താഴ്വാരവും ചിതലിമല ആത്മാക്കള്‍ തുമ്പികളായ് മാറുന്ന സ്വപ്നസന്നിഭവും വന്യവുമായൊരു സ്ഥലമാകുന്നു. അവിടെ

മനുഷ്യര്‍ അത്ഭുതങ്ങളാവുന്നു. മാര്‍ക്കേസിന്റെ ഏകാന്തതയുടെ നൂറുവര്‍ഷങ്ങളിലെ പോലെ കഥാപാത്രങ്ങള്‍

യാഥാര്‍ത്ഥ്യവും കൗതുകവും പ്രഹേളികയായും മാറുന്നു. ഓ.വി വിജയന്‍ ഏകാന്തതയുടെ നൂറുവര്‍ഷങ്ങളിലൂടെ സഞ്ചരിച്ചിട്ടില്ലെങ്കില്‍ ഈ പാത്ര നിര്‍മ്മിതി അസാധാരണവും അതിശയകരവുമാണു.

ഇതിഹാസം വായനയുടെ നിരവധി വാതിലുകള്‍ തുറക്കും. ഒരിക്കല്‍ അകത്തു കടന്നൊരാള്‍ കയറിയ വാതിലിലൂടെ തിരിച്ചിറങ്ങുന്ന പതിവുമില്ല. ഖസാക്കിന്റെ ഇതിഹാസവും വായനക്കാരനെ നിരന്തരം വഴിചുറ്റിക്കുകയും അവനെ ചുഴലിക്കാറ്റില്‍ കറക്കുകയും ചെയ്യുന്നു.

നൈസാമലിയുടെ നെഞ്ചിലുറഞ്ഞ സ്നേഹമായിരുന്ന മൈമൂനയെ അള്ളാപ്പിച്ച മൊല്ലാക്ക മുങ്ങാങ്കോഴിക്ക് നിക്കാഹ് ചെയ്യ്‌തുകൊടുക്കുന്നതുമുതല്‍ വായിക്കുകയാണു.

'ചാക്കടിയന്തിരത്തെപ്പോലെ നിക്കാഹ് കഴിഞ്ഞു. വരണ്ട കവിളുകളെ വെടിപ്പു വരുത്തി, കൊട്ടുകാലിന്മേല്‍ കോടി ചുറ്റി, മുങ്ങാങ്കോഴി എന്ന ചക്രുരാവുത്തര്‍ മണവാളന്‍ ചമഞ്ഞു വന്നു.'

അന്നു രാത്രി ഖസാക്കിലെ പാടങ്ങള്‍ മുറിച്ച് ഒരാള്‍ കൂമന്‍ കാവിനുനേരെ നടക്കുന്നത് ആരും കണ്ടില്ല. മാനത്ത് കാലവര്‍ഷം കാത്തു നിന്നു. ഇടിമിന്നലില്‍ വഴി തെളിഞ്ഞു. മനുഷ്യന്‍ ചവിട്ടിപ്പോയ വഴിത്താരയല്ല.

വിണ്ടുകീറിയ കട്ടകളും നെരിഞ്ഞല്‍ മുള്ളുകളും പാമ്പിന്‍ പുറ്റുകളും. അശാന്തരായ ഇഫിരിത്തുകളുടെ സഞ്ചാരപഥം. നൈസാമലി അതിലൂടെ മുന്നോട്ട് നടന്നു. ചെതലി അകന്നു കാണാതായി. കലിയടങ്ങാതെ അയാള്‍ പിന്നെയും നടന്നു.

പിന്നീട് ഒരു വര്‍ഷത്തിനു ശേഷം തിരിച്ചുവരുന്ന നൈസാമലി, ബീഡിക്കമ്പനിയില്‍ വീണ്ടും ജോലിക്കു ചേരുകയും കമ്യൂണിസ്റ്റായ് തൊഴിലാളികളെ സംഘടിപ്പിച്ച് സമരം ചെയ്യുന്നതിന്റെ പേരില്‍ ജയിലില്‍ പോവുകയും ചെയ്യുന്നു.

ജയില്‍ മുറിയില്‍ തല്ലുകൊണ്ട് അവശനായി കിടന്ന നൈസാമലി ഒരു ചോദ്യത്തിനു വ്യര്‍ത്ഥമായി ഉത്തരം തേടി. 'അള്ളാപ്പിച്ചമൊല്ലാക്കയും താനുമായുള്ള യുദ്ധത്തില്‍ പോലീസിനെന്തു കാര്യം..?

നെസാമലി തിരിച്ചറിവിന്റെ പാതയിലേക്കെത്തുകയാണു. മതമാണു രഹസ്യകലാപങ്ങള്‍ക്ക് രാഷ്ട്രീയത്തെക്കാള്‍ നന്നെന്ന്.

പോലീസ് ഇന്‍പെക്ടറുടെ അടുത്തെത്തി അയാള്‍ പറയുന്നു..." ഏജമാ, ഞമ്മള്‍ ഇതീന്നൊക്കെ വ്ടാണു..' സൂക്ഷിച്ച് മുഖത്തേക്ക് നോക്കി എന്തേ ഈ ബുദ്ധി നേരത്തെ തോന്നിയില്ലെന്ന ഇന്‍സ്പെക്ടറോട് നൈസാമലി പറയുന്നത് " ഒക്കെ മായയാക്ക്ം. ഏജമാ.!"

സെയ്യദ് മിയാന്‍ ശെയ്ഖ് തങ്ങളിന്റെ ഖാലിയാരായ് പോലീസ് സ്റ്റേഷനില്‍ വെച്ചേ നൈസാമലി രൂപാന്തരം പ്രാപിക്കുന്നു. അവിടെ മുതല്‍ നൈസാമലി ഖസാക്കിന്റെ മണ്ണില്‍ ശിക്ഷകനും രക്ഷകനുമായി മാറുന്നു.അറബിക്കുളത്തിലെ പാതിരാക്കുളി, രാജാവിന്റെ പള്ളിയില്‍ സര്‍പ്പശയനം. മീസാന്‍ കല്ലുകളും കത്തിയെരിഞ്ഞ ചന്ദനത്തിരികളുടെ കുറ്റികളും കണ്ണു ചൂഴ്ന്നെടുത്ത പെരിച്ചാഴിത്തലകളും ,മഞ്ഞള്‍പ്പൊടിയും വെടിമരുന്ന് കത്തിക്കരിഞ്ഞ ചതുപ്പുമണ്ണുമായി ഖസാക്കില്‍ നൈസാമലി പുതിയ സാമ്രാജ്യം സ്ഥാപിച്ചു. മൈമൂനയുമായുള്ള രതിയും പ്രണയവും അയാള്‍ വീണ്ടെടുത്തു..

മൊല്ലാക്കയുടെ ഓത്തുപള്ളിയുടെ അധീശത്വം തകരണമെങ്കില്‍ രവിയുടെ ഏകാദ്യാപക വിദ്യാലയം വരണമെന്ന് നൈസാമലിക്ക് നിശ്ചയമുണ്ടായിരുന്നു. ഓത്തുപള്ളിയിലെ ഭദ്രാസനത്തിലിരുന്നുകൊണ്ട് മൊല്ലാക്ക ഖസാക്കിന്റെ പുരാണം പഠിപ്പിച്ചവരില്‍ പുതിയൊരു ബോധം സൃഷ്ടിക്കുന്നതിലൂടെയേ തനിക്ക് വിജയം വരിക്കാനാവു എന്ന് നൈസാമലി തിരിച്ചറിഞ്ഞതിന്റെ ഭാഗമായാണു അയാള്‍ മൊല്ലാക്കയ നേരിട്ടെതിര്‍ക്കുകയും മൊല്ലാക്കയെ അടക്കിയിരുത്തുന്നതും..!

'പായലും പിടിച്ച് പാതിരയ്ക്ക് കൂടുപറ്റുന്ന മുങ്ങാങ്കോഴിയെ അവള്‍ മടിയില്‍ കിടത്തുകയും കൊഞ്ചിത്താലോലിക്കുകയും ചെയ്തു.' മുങ്ങാങ്കോഴിയുമായുള്ള നിക്കാഹിനു ശേഷവും മൈമൂനയുടെ സ്വാതന്ത്ര്യത്തിനു തെല്ലും കോട്ടം തട്ടിയിരുന്നില്ല. തലയില്‍ തട്ടനില്ലാതെ , നീലഞരമ്പോടിയ കൈകളില്‍

കരിവളയിട്ട്, അവള്‍ പിന്നെയും നാട്ടുമ്പറമ്പിലൂടെ നടന്നു.

മുങ്ങാങ്കോഴിയോട് ,പെങ്ങള്‍, ആബിദ മൈമൂനയും നൈസാമലിയും തമ്മിലുള്ള രഹസ്യബന്ധത്തെക്കുറിച്ച് പറഞ്ഞ രാവില്‍ മുങ്ങാങ്കോഴി പെങ്ങളെ മര്‍ദ്ദിച്ച് വീട്ടില്‍ നിന്നും ഇറക്കിവിടുന്നു. സത്യം തിരിച്ചറിഞ്ഞതിന്റെയോ പെങ്ങളുടെ നഷ്ടത്തിന്റെയോ വേദനയില്‍ മുങ്ങാങ്കോഴി കിണറ്റിലേക്ക് കൂപ്പുകുത്തി,

ഉള്‍ക്കിണറ്റിലേക്ക്. വെള്ളത്തിന്റെ വില്ലീസുപടുതകളിലൂടെ അയാള്‍ നീങ്ങി. അയാള്‍ക്ക് പിന്നില്‍ ചില്ലുവാതിലുകള്‍ ഒന്നൊന്നായടഞ്ഞു.

അടഞ്ഞതോ അതോ അടച്ചതോ...?

'പള്ളിക്കാട്ടില്‍ മുങ്ങാങ്കൊഴിയുടെ വിശ്രമത്തിനു മുകളില്‍ കാലൂന്നിക്കൊണ്ട് ഖാലിയാര്‍ നിന്നു. ഇന്നലെ കിളച്ച മണ്ണ് അപ്പോഴും കറുത്തു കിടന്നു.'

എത്രക്ക് ആഴമുള്ള കിണറ്റില്‍ നിന്നും അതില്‍ ആണ്ടുപോയിരുന്ന സാധനങ്ങള്‍ മുങ്ങിയെടുത്തിരുന്ന മുങ്ങാങ്കൊഴി തന്നെ നീട്ടിവിളിച്ച പൊരുളിന്റെ നേര്‍ക്ക് സ്വയം യാത്രയായെന്നത് വിശ്വസനീയമാവുന്നില്ല.

മുങ്ങാങ്കോഴിയുടെ ഖബറിനു മീതേ കാലുയര്‍ത്തി നിന്ന ഖാലിയാര്‍ പിന്നീട് നീലിയിലേക്കെത്തുന്നു. അപ്പുക്കിളിയെ ബാധിച്ച പൂതത്തെ കുടിയൊഴിപ്പിക്കാന്‍ പൂജ ചെയ്യണം എന്ന് നിര്‍ദ്ദേശിക്കുന്നു.കുട്ടാപ്പു നരി ഖാലിയാരെ പരസ്യമായ് അധിക്ഷേപിക്കുന്നു. 'ഡാ, കാലീ..! നീ ആരെ വേണങ്കി ഊതിയ്ക്കോ,

നങ്ങണ്ടെ കുട്ടീനെ മാത്തിരം ഊതാമ്പരേണ്ടാ..! ഊതിയാ, നിയ്ക്ത് നല്ലതിനല്ല. ഈ ക്ഷോഭത്തിന്റെ സാരം ആര്‍ക്കും മനസ്സിലാവുന്നില്ല.

കുട്ടാപ്പു നരി പേടിച്ചു പനിപിടിച്ചു മരിക്കുന്നതിനു മുന്നെ അയാളെ രക്ഷിക്കാന്‍ കാളിയും നീലിയും ഖാലിയാരെ ശരണം പ്രാപിച്ചു. പക്ഷേ, ഖാലിയാര്‍ ക്ഷമിക്കാന്‍ തയ്യാറായിരുന്നില്ല. ക്ഷമയുടെയും സ്നേഹത്തിന്റെയും ഉറവ വറ്റിയ നൈസാമലിയെ തിരിച്ച് പിടിക്കാന്‍ മൊല്ലാക്കയുടെ മരണം വരെ പോകേണ്ടി വരുന്നു.

'എന്ത് ചെരിപ്പാണീ, ദ് !' മല്ലിച്ചെറുമന്‍ മൊല്ലാക്കയുടെ കാലില്‍ കടിച്ച

ചെരുപ്പിനെക്കുറിച്ച് അത്ഭുതം കൂറവേ ഖാലിയാര്‍ പറഞ്ഞു.

"കൊടിയ ചെര്പ്പ്. അന്ത ചെര്പ്പ്ക്ക് പാമ്പിനോടെ വെഷം വന്തത്, രാജമൂക്കനോടെ

വെഷം"

"നൊമ്പടെ ചെര്പ്പില്ം വീട്ടില്ം ഒക്കെ പാമ്പിന്റെ പല്ലാ, കാലായാരേ,"

മാധവന്‍ നായര്‍ പറഞ്ഞു.

"പാമ്പ് എങ്കെത്താന്‍ കെടയാത്?" ഖാലിയാര്‍ പറഞ്ഞു, "നമ്മ വെരലൊടെ നെകം കൂടി

പാമ്പോടെ പല്ലാഹലാം."

മൊല്ലാക്കയെ ബാധിച്ച അസുഖം നൈസാമലിയെ സന്തുഷ്ടനാക്കുന്നുണ്ട്. അതാണു ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം നൈസാമലി ബാങ്ക് വിളിക്കുന്നത്. നൈസാമലി പഴയ സ്നേഹസമ്പന്നതയിലേക്ക് തിരിയുകയായിരുന്നു.

മൊല്ലാക്കയുടെ അസുഖവും മൊക്കാക്കയെ ശ്രുശ്രൂഷിക്കാനുള്ള അവസരവും നൈസാമലിയെ എല്ലാം മറക്കാന്‍

പ്രേരിപ്പിച്ചിരുന്നു. അപ്പോഴാണു മൈമൂന വീണ്ടും മറ്റൊരാളുടേതാവുന്നത്. മുങ്ങാങ്കോഴിയില്‍ നിന്നും സ്വതന്ത്രയാക്കിയ മൈമൂനയെ നൈസാമലി സ്വന്തമാക്കിയിരുന്നു.

എല്ലാ അര്‍ത്ഥത്തിലും നൈസാമലിയുടേത് മാത്രമായ മൈമൂനയെ രവി കവര്‍ന്നെടുക്കുകയായിരുന്നു.നൈസാമലി ഖസാക്കിലില്ലെന്ന അറിവ് അസുഖബാധിതനായും ലഹരിയുടെ നിറവിലും രാജാവിന്റെ പള്ളിയില്‍ കിടന്ന രവിയെ സുഖത്തിന്റെ ഉമിത്തീപോലെ നീറിപ്പിടിപ്പിച്ചു. മൈമൂനയുടെ കൈകളിലെ നീല

ഞരമ്പിന്റെ അന്വേഷണത്തിലൂടെ അവളിലെ സ്ത്രീയെ രവി അന്വേഷിച്ചുതുടങ്ങുകയും അവളുടെ മൃദു പ്രതിരോധങ്ങളെ തകര്‍ക്കാനും രവിക്ക് സാധിക്കുന്നു.

മൈമൂന സ്വതന്ത്രമായ ലൈംഗികതയുടെ നേര്‍ത്ത വരമ്പിലൂടെ നടക്കുന്നൊരു പെണ്ണാണു. രവിയുടെ ഒരു നിമിഷത്തെ തന്ത്രത്തില്‍ അവള്‍ രവിക്ക് വശപ്പെടുന്നു. ലൈംഗികതയുടെ ഉദാതരത രവിക്ക് നല്‍കുമ്പോഴും രവിയുടെ അസുഖത്തെക്കുറിച്ചാണു അവള്‍ക്ക് ആശങ്ക.

“ഒടമ്പെ പാത്ത്ട്ങ്കോ” ഇറങ്ങുമ്പോള്‍ അവള്‍ പറഞ്ഞു. അവള്‍ നടന്നകന്നു. അവളുടെ സമൃദ്ധമായ പിന്‍പുറത്തേയ്ക്ക് അയാള്‍ നോക്കിയില്ല. അതിന്റെ ഓര്‍മ്മ നുണഞ്ഞുകൊണ്ട് പള്ളിത്തണുവിന്റെ ആലിലയില്‍ അയാള്‍ കിടന്നു.

ആലിലയെ മൂടിക്കൊണ്ട്, കറുത്ത കടലിനു മുകളില്‍ അശാന്തിയുടെ മൂടല്‍മഞ്ഞുയരുകയായിരുന്നു.

പിന്നീട് രവിയുമായുള്ള ലൈംഗികത മൈമൂനയുടെ ആഗ്രഹത്തോടെയാണു സംഭവിക്കുന്നത്. അതും നൈസമാലി മൊല്ലാക്കയെ കാണാന്‍ ആശുപത്രിയില്‍ പോയ നേരത്ത്. അവരുടെ ലൈംഗികതയുടെ അവസാനം ഖാലിയാര്‍ മൊല്ലാക്കയുടെ മയ്യത്തുമായി ഖസാക്കിലെത്തുന്നു. രവിയെ പുറത്തേക്ക് നി‌ര്‍ബ്ബന്ധപൂര്‍‌വ്വം പറഞ്ഞയച്ചതിനു ശേഷം മൈമൂന അറബിക്കുളത്തിലേക്കാണു ഇറങ്ങുന്നത്... അറബിക്കുളത്തിലേക്ക് തിരിഞ്ഞു നോക്കേ അലയുടെ നെറുകകള്‍ പാഷാണം പോലെ തിളങ്ങുന്നതായി രവിക്ക് തോന്നി.!..

മൈമൂനയും രവിയും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞ ഖാലിയാര്‍, രവിയെ ഞാറ്റുപുരയില്‍ നിന്നും വാറ്റുചാരായം കുടിക്കാനായി രാജാവിന്റെ പള്ളിയിലേക്ക് കൂട്ടിക്കൊണ്ടു പോയി, ലഹരിയുടെ ആഴത്തില്‍ ശാരീരികമായി ആക്രമിക്കുന്നു. പണ്ട് കമ്യൂണിസ്റ്റായി പോലീസ് പിടിയിലായി അവിടെ നിന്നും ഖാലിയാരായി ഇറങ്ങിയതിനു

ശേഷം നൈസാമലിയുടെ ആദ്യത്തെ വിഡ്ഡിത്തം ഇതായിരുന്നു. എന്നാല്‍ ശത്രു തന്നെക്കാള്‍ പ്രബലന്‍ എന്ന് അറിഞ്ഞ നിമിഷം അയാള്‍ രവിക്ക് നേരേ സൗഹൃദത്തിന്റെ കരങ്ങള്‍ നീട്ടി. ഖാലിയാരുടെ നീട്ടിയ കൈകള്‍ രവി ഏറ്റുവാങ്ങി.

'ഖാലിയാര്‍ എന്തോ ഓര്‍ത്തു നിന്നു മൈമൂന ഈറനഴിച്ച് ആറയിട്ട അയക്കോലിലേക്ക് അയാള്‍ നോക്കി. ഇടവക്കോളിലെ വെള്ളം പോലെ ഖാലിയാര്‍ പുറത്തു കടന്നു. മുറ്റത്തെ മീസാന്‍ കല്ലുകളിലൊന്നിന്മേല്‍ കേറി അയാള്‍ നിന്നു ചെതലിയുടെനേര്‍ക്കു കൈ നീട്ടി ഉരുവിട്ടു, " അല്‍ഹം ദുലില്ലാഹി റബ്ബില്‍

ആലമീന്‍ ആര്‍ റഹമാനി റഹിം.... അല്‍ ഫാത്തിഹാ !"

രവി ഞാറ്റുപുരയിലേക്കു തിരിച്ചു നടന്നു. നടുപ്പറമ്പു കടന്ന് പള്ളമിറങ്ങുമ്പോള്‍ നിലാവ് പൊങ്ങുകയായിരുന്നു.ശ്രാദ്ധത്തിരുനാളിന്റെ അവശിഷ്ടങ്ങള്‍ അയാള്‍ കണ്ടു. ആടിന്റെ കുരുതി കെട്ടിയ തെച്ചിമാലകള്‍, വാഴപ്പോളകള്‍, എണ്ണത്തിരികള്‍, ഒരു ശസ്ത്രക്രിയയുടെ അവശിഷ്ടങ്ങളെപ്പോലെ,

ഭൂണങ്ങളെപ്പോലെ, ആര്‍ത്തവരക്തം കട്ടകെട്ടിയ പഴന്തുണികളെപ്പോലെ അവ ചിതറിക്കിടന്നു.

പിന്നെ, സ്വച്ഛമായ കാറ്റും മഴയും. സ്നേഹവും പാപവും തേഞ്ഞു തേഞ്ഞില്ലാതാവുന്ന വര്‍ഷങ്ങള്‍, അനന്തമായ കാലത്തിന്റെ അനാസക്തി.

രവി തണുക്കുകയായിരുന്നു !

ഖാലിയാര്‍ തിളക്കുകയും !

കൗശലത്തിന്റെയും കണിശമായ കണക്കുകൂട്ടലിന്റെയും വഴികള്‍ വീണ്ടും നൈസമലി വീണ്ടെടുക്കുകയായീരുന്നു.

രവിക്കെതിരെ ആരാണു റിപ്പോര്‍ട്ട് കൊടുത്തെതെന്ന് സംശയം ഉണ്ടാക്കുവാന്‍ ഖാലിയാര്‍ ശ്രമിക്കുന്നത് ശ്രദ്ധേയമാണു.

"ഇന്ത വേല ശ്യ്ത നായ് ആര് ?"

മാധാവന്‍ നായര്‍ ശിവരാമന്‍ നായരുടെ പേരു പറയുമ്പോള്‍ ഖാലിയാര്‍

"കോലമ്മേഷ്ടരാകലാം" എന്നൊരു വഴികൂടി തുറന്നിടുന്നു.

രവി അറിവിന്റെ നല്‍കലിലൂടെ ഖസാക്കില്‍ വേരുകളുറപ്പിച്ചിരുന്നു. ഖസാക്കില്‍ രവി ശക്തനായിരുന്നു. കുട്ടാപ്പു നരി ഖാലിയാരുമായുള്ള വഴക്കിന്റെ ഫലമായ് ഖസാക്ക് വിട്ടുപോയെങ്കിലും തിരിച്ച് ഖസാക്കിലേക്ക് തന്നെ തിരിച്ചു വന്ന് മരണം ഏറ്റു വാങ്ങുന്നു. മുങ്ങാങ്കോഴിയും ഖസാക്കിലെ ഏതോ നാലുകെട്ടിലെ

കിണറിന്റെ അഗാധതയില്‍ മരണം ഏറ്റുവാങ്ങുന്നു.

ഖസാക്ക് രവിയുടെ ഒപ്പമായിരുന്നു. രവിയിലെ പുതിയ മനസ്സില്‍ കടം കഥകളുടെ ശ്വാസം മുട്ടലോ പേടിസ്വപ്നങ്ങളുടെയൂം കരിമൂര്‍ഖന്മാരെയോ സൃഷ്ടിക്കാന്‍ കഴിയില്ലെന്ന് നൈസാമലിയ്ക്കറിയാം. ഖസാക്ക് വിട്ടുപോകുന്ന, ഖസാക്കിന്റെ ബന്ധുത്വം നഷ്ടമാകുന്നൊരു രവിയെ മാത്രമേ നൈസാമലിക്ക് കീഴടക്കാന്‍

സാധിക്കുമായിരുന്നുള്ളൂ..

രവിയുടെ ഏകാധ്യാപക വിദ്യാലയം അടക്കുന്നു. രവി തിരിച്ച് പോകുന്നു. രവിയുടെ യാത്രയ്ക്ക് നിയതമായൊരു ലക്ഷ്യവും ഇല്ല.

കൂമന്‍ കാവില്‍ മഴ എല്ലാം നശ്ശിപ്പിച്ചിരുന്നു.മാര്‍ക്കേസിന്റെ ഏകാന്തതയുടെ നൂറുവര്‍ഷത്തില്‍

മക്കോണ്ട നഗരം മാഞ്ഞുപോകുന്നതുപോലെ...!

നാശത്തിന്റെ മഴ കനത്തുപെയ്യുമ്പോള്‍ രവിയെ കാത്ത് നൈസാമലി എവിടെയാവും പമ്മി നിന്നിരിക്കുക.. അയാളുടെ കാലിലേക്ക് ആ സര്‍പ്പത്തെ എറിഞ്ഞ്, അല്ലെങ്കില്‍ അയാളുടെ കാല്‍ച്ചുവട്ടിലേക്ക് ആ സര്‍പ്പത്തെ നല്‍കി നൈസാമലി കാത്തു നിന്നിരിക്കില്ല. അയാള്‍ തിരിച്ച് നടന്നിരിക്കും. തന്റെ ആവാസ സ്ഥലത്തേക്ക്, പ്രതികാരം നിര്‍‌വ്വഹിച്ചതിന്റെ സുഖത്തില്‍..

അതോ, മൊല്ലാക്ക ആദ്യമായ് കണ്ട നൈസാമലി.(എമിലി ബ്രോണ്ടിയുടെ വൂതറിങ്ങ്

ഹൈറ്റിസിലെ ഹീത്ത്ക്ലീഫിനെ ഓര്‍മ്മ വരുന്നു..) മൈമൂനയുടെ പ്രായം, നീണ്ടു സ്‌ത്രൈണമായ ചുണ്ടുകള്‍, പുക ചുറ്റിയ കണ്ണുകള്‍, പെണ്ണിന്റേതെന്നപോലെ ഒടിഞ്ഞ ചുമലുകള്‍. ഗൗളിയുടെ ശബ്ദം, മഞ്ഞക്കിളികളുടെ കലമ്പല്‍: അള്ളാപ്പിച്ച മൊല്ലാക്ക അവയത്രയും ചെവിക്കൊണ്ടു. ചെറുക്കന്‍ അയാളുടെ മുന്നില്‍ നിന്നു. അവന്‍

ചിരിച്ചു.

"നീ എങ്കേ പ്പോരെ ? മൊല്ലാക്ക ചോദിച്ചു.

"പാമ്പ് പിടിയ്ക്ക് പോരേന്‍," അവന്‍ പറഞ്ഞു.

"എന്ത വിതമാന പാമ്പ്?"

"മൂര്‍ക്കന്‍, രാജവെമ്പാല"

പേരു ചോദിച്ച് പരിചയത്തിന്റെ ആഴത്തിലേക്ക് നീങ്ങവേ മൊല്ലാക്കയുടെ കണ്ണുകള്‍ നൈസാമലിയുടെ സ്‌ത്രൈണതയെ ഊറ്റിക്കുടിച്ച്, ദിവാസ്വപ്നത്തില്‍ അലയവേ,ഒരു പച്ചിലക്കൊത്തിയുമായി അവന്‍ വീണ്ടു മൊല്ലാക്കയുടെ ബോധത്തിലുദിച്ചു.

"നീ ഏന്‍ മൂര്‍ക്കന്‍പാമ്പെ പിടിക്കലൈ ?" മൊല്ലാക്ക ചോദിച്ചു.

"ഇന്ത പാമ്പ് മൂര്‍ക്കനാഹലാം" ചെറുക്കന്‍ പറഞ്ഞു.

"എന്ത കാലത്തിലേ ?"

"അതിനൊടെ കാലം വരപ്പോ"

പാമ്പിനെ വിടുവിച്ച് മൊല്ലാക്ക നൈസാമലിയുടെ കരം കവര്‍ന്നു.

'ഈ നൈസാമലിയാണു തന്നില്‍ നിന്നും മൈമൂനയെ അകറ്റിയ മൊല്ലാക്കയുടെ മയ്യത്തുമായി പാലക്കാട്ടു നിന്നും ഖസാക്കിലേക്ക് വരുന്നത്. മുമ്പേ നടന്ന ഖാലിയാരുടെ നിഴല്‍, പാനീസിന്റെ വെട്ടത്തില്‍ ഒരു കരിമ്പാമ്പിനെപ്പോലെ പുളിന്തോപ്പിലേക്ക് പടര്‍ന്നു.'

കാലമെത്തിയ കരിമൂര്‍ഖനുമായി നൈസാമലി മുന്നില്‍ നിന്നപ്പോള്‍രവി,പുഞ്ചിരിച്ചിരിക്കാം..ലക്ഷ്യമില്ലാത്തവനു ലക്ഷ്യം നല്‍കുന്ന കാരുണ്യമായ് നൈസമലിയെ സ്നേഹിച്ചിരിക്കാം. അവനിലെ സ്‌ത്രൈണത മൊല്ലാക്കയെപ്പോലെ വാരിക്കുടിച്ചിരിക്കാം.

നൈസാമലിയെന്ന സര്‍പ്പത്തെ വാല്‍സല്യത്തോടെ നോക്കിയ രവിയുടെ കാല്പടത്തില്‍ വീണ്ടും വീണ്ടും ദംശിച്ച്, പത്തിചുരുക്കി, കൗതുകത്തോടെ , വാല്‍സല്യത്തോടെ , രവിയെ നോക്കിയിട്ട് അവന്‍ വീണ്ടും

മണ്‍കട്ടകള്‍ക്കിടയിലേക്ക്,ഖസാക്കിന്റെ ചരിത്രത്തിലേക്ക്, രാജാവിന്റെ പള്ളിയിലേക്ക് നുഴഞ്ഞു പോയി.


രവി മരണവും കാത്തു കിടന്നു.

2010, ജൂലൈ 26, തിങ്കളാഴ്‌ച

ചന്ദ്രിക........അഥവാ.... രമണന്റെ പഴയകാല കാമുകിയെന്ന ദുഷ്ട..!




'മാനസം കല്ലുകൊണ്ടാല്ലാതെയുള്ളവരാനുമുണ്ടെങ്കില്‍
ഈ കല്ലറയില്‍ അല്പമിരുന്നു കരഞ്ഞേച്ചു പോകണേ...'

രമണന്‍ തന്റെ അനശ്വരപ്രണയ നഷ്ടത്തില്‍ മനം മുറിഞ്ഞ് തൂങ്ങിമരിച്ചു. ചന്ദ്രിക തന്റെ യോഗ്യനായ ഭര്‍ത്താവുമൊത്ത് മദിരാശിയിലേക്ക് ട്രെയില്‍ കയറിയെന്നും. അനന്തരം അവര്‍ മധുരമനോജ്ജമായ് ദാമ്പത്യസുഖത്തില്‍ ആറാടി ജീവിതം നയിച്ചെന്നുമാണോ നിങ്ങളുടെ വിശ്വാസം ?
തെറ്റിയല്ലോ...!
രമണന്റെ മരണത്തിനു ശേഷം, അയാളുടെ പ്രിയ ചെങ്ങാതി മദനന്‍ ഗള്‍ഫിലേക്ക് പ്ലെയിന്‍ കയറി, ഗള്‍ഫില്‍ ഒരു ആട്ടിടയനായ് അയാള്‍ അഞ്ചു വര്‍ഷക്കാലം ജീവിച്ചു. നല്ലൊരു അറബിയായിരുന്നു അയാളുടെ അര്‍ബാബ്...കുബ്ബൂസ്, തൈര്‍, പെപ്സ്സി, പഴങ്ങള്‍ ഇവയൊക്കെ അദ്ദേഹം യഥേഷ്ടം അവനു കൊണ്ടുവന്നു കൊടുത്തൂ.. ചൂട് നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്നും രക്ഷപ്പെടാന്‍ നല്ല വിശറിയും ( അന്ന് എയര്‍ കണ്ടീഷന്‍ എന്ന സൂത്രം ഗള്‍ഫില്‍ വ്യാപകമായിരുന്നില്ല..)

അങ്ങനെ നല്ല നിലയില്‍ ജീവിച്ച മദനന്‍, രമണന്റെ മരണത്തോടെ ജീവിതത്തോടുള്ള എല്ലാ സമീപനങ്ങളും മാറ്റിയിരുന്നു. ആത്മാര്‍ത്ഥമായ ഹൃദയം അയാള്‍ കേരളത്തില്‍ നിന്നും പോരുന്ന സമയത്ത് അറബിക്കടലില്‍ വലിച്ചെറിഞ്ഞിരുന്നു. അതിനാല്‍ സമയം കിട്ടുമ്പോഴൊക്കെ അറബിയുടെ ആടിനെ കൊന്ന് സാപ്പിടും. സൂപ്പുവെച്ച് കുടിക്കും. തന്റെ തടിയാണു പ്രധാനം എന്ന് അവന്‍ മനസ്സിലാക്കിയിരുന്നു. അതുപോലെ ആഴ്ചയില്‍ ഒരാടിനെ മറിച്ച് വില്‍ക്കാനുള്ള സെറ്റപ്പും അവന്‍ റെഡിയാക്കി. അറബി, ആടിനെ തീറ്റിക്കാന്‍ നല്‍കുന്ന തീറ്റയും അവന്‍ വിറ്റു കാശാക്കി.. നാട്ടിലേക്ക് കാശ് സ്വന്തം അക്കൗണ്ടില്‍ ഫിക്സഡ് ഡിപ്പോസിറ്റാക്കി മാറ്റി.

രാത്രികാലങ്ങളില്‍, മരുഭൂമിയില്‍ നിലാവു വീഴുന്ന സമയങ്ങളില്‍ അവന്‍ രമണനെ ഓര്‍ക്കുന്ന സന്ദര്‍ഭങ്ങളിലൊക്കെ രമണന്‍ പാടി നടന്നിരുന്ന ഗാനങ്ങള്‍ വികലമായ് അവന്‍ ആലപിച്ചിരുന്നു.. 'കാനന ച്ചോലയില്‍ ആടുമേയ്ക്കാന്‍ ' എന്നൊക്കെ പാടുമ്പോള്‍ ഗള്‍ഫ് ആടുകള്‍ തലയുയര്‍ത്തി നൊസ്റ്റാള്‍ജിയ മൂത്ത് കാഷ്ഠമിടുകയും മൂത്രമൊഴിക്കുകയും ചെയ്യുമായിരുന്നു.

മദനന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ബന്യാമിന്‍ എഴുതിയ ആടുജീവിതം വായിക്കുകയും നജീബ് ഗള്‍ഫില്‍ സഹിച്ച ത്യാഗം ഓര്‍ത്ത് നെടുവീര്‍പ്പിടുകയും ചെയ്യ്‌തിട്ടുണ്ട്.... ഒരു മാര്‍ക്സിസ്റ്റ് വിശ്വാസിയായിരുന്ന നജീബിനെ ബന്യാമിന്‍ ദൈവവിശ്വാസിയാക്കി മാറ്റിയതില്‍ പലരും പ്രതിഷേധിച്ചാലും മദനന്‍ പ്രതിഷേധിക്കില്ല. കാരണം അഞ്ചു വര്‍ഷം കൊണ്ട് അത്രയും നല്ലൊരു തുക ബാങ്ക് ബാലന്‍സ് ആക്കാന്‍ ദൈവമല്ലാതെ ആരു സഹായിക്കാന്‍..
അങ്ങനെ അഞ്ചാം വര്‍ഷം നാട്ടിലേക്ക് മടങ്ങാന്‍ മദനന്‍ തീരുമാനിച്ചു.. അതിന്റെ ഫലമായ് റെയ്‌ബാന്റെ ഒരു കൂളിങ്ങ്ഗ്ലാസ് വാങ്ങി. കൊടാക്കിന്റെ ക്യാമറ..പിന്നെ സ്പ്രേ മുതല്‍ സോപ്പ് ചീപ്പ് കണ്മഷി കടുവാ തൈലം( റ്റൈഗര്‍ ബാം) കോടാലി തൈലം (ആക്സ് ബാം) ഡോവിന്റെ ഫേസ് ക്രിം വരെ.. സകല കുണ്ടാമണ്ടികളും വാങ്ങിച്ച് പെട്ടികെട്ടിയപ്പോള്‍ അമ്പതു കിലോ കൂടുതല്‍...

മദനന്‍ സുന്ദമായ് തലമുടി മുറിപ്പിച്ച് താടി വടിപ്പിച്ച് മുഖമൊന്നു ഫേഷ്യലും നടത്തി കുട്ടപ്പനായ്.. ആട്ടിന്‍ മൂത്രത്തിന്റെ മണം മാറാന്‍ ധാരാളം സ്പ്രേ കക്ഷത്തിലും നെഞ്ചിലും അടിച്ചു പിടിപ്പിച്ചു.. അഞ്ചു പവന്റെ മാല കാണാനായ് ഷേര്‍ട്ടിന്റെ രണ്ടു ബട്ടന്‍സ് തുറന്നിട്ടൂ.. ഡ്യൂട്ടീ ഫ്രീ ഷോപ്പില്‍ നിന്നും നാലു കുപ്പി മദ്യം.. ഷീവാസ് റീഗല്‍, ബക്കാര്‍ഡി, ബ്ലാക്ക് ലേബല്‍ ഇവയില്‍ സിഗ്നേച്ചര്‍ നടത്തി ആള്‍ കേരളത്തില്‍ കാലു കുത്തി..
കേരളം അഞ്ചു വര്‍ഷം കൊണ്ട് മാറിയിരുന്നു. പോയ കാലത്ത് മൂരാച്ചി കോണ്‍ഗ്രസ് ആയിരുന്നു ഭരിച്ചിരുന്നത്. ചാരായം പോലും കിട്ടാനില്ലായിരുന്നു.. ആനമയക്കി, ക്രിസ്തു ഇവയൊക്കെയായിരുന്നു വിപണിയില്‍.. ഇപ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണു ഭരണം.. ബലേ ഭേഷ്..! ബിബറേജസും ചാരായക്കടയും ഉഷാര്‍..

മദനന്‍ കസ്റ്റംസ് ഗുസ്തിയൊക്കെ കഴിഞ്ഞ് ഒരു വിധം പുറത്തു ചാടി, മുന്നൂറു ഡോളേഴ്സ്, അമേരിക്കന്‍ ഡോളേഴ്സ് കസ്റ്റംസ് കാര്‍ക്ക് കൊടുത്തു.. പാവങ്ങള്‍ അവരുടെ കുട്ടികള്‍ കഞ്ഞികുടിക്കാനില്ലാതെ കക്കൂസില്‍ പോലും പോകുന്നില്ല.. തൂറട്ടെ അവരുടെ മക്കള്‍ വല്ലതും തിന്ന് വയറൊഴിയട്ടെ.. കേരളത്തില്‍ ഇറങ്ങിയ ഉടനെ ഇത്തരമൊരു ഭാഷ എങ്ങനെ തന്നില്‍ രൂപപ്പെട്ടുവെന്ന് മദനന്‍ അതിശയിച്ചൂ.. ശുംഭത്തരം.. ഉണ്ണാക്കന്‍, ഉണ്ണാമന്‍.. ഇങ്ങനെയുള്ള ചില വാക്കുകള്‍ യാതൊരു പരിശീലനവും ഇല്ലാതെ മദനന്റെ നാവില്‍ വരികയും അതൊക്കെ കസ്റ്റംസ് കാരെ വിളിക്കുകയും ചെയ്യ്‌തൂ... ഹേയ് , നേരിട്ടല്ല.. മനസ്സില്‍..

മദനന്‍ ഒരു റ്റാക്സിക്കായ് കൈ നീട്ടി നില്‍ക്കെ പിന്നില്‍ ഒരു ശബ്ദം..
"അണ്ണാഒരു ലോട്ടറി എടുക്ക്... കേരളാ നാളത്തെ കേരളാ..."
പരിചയമുള്ള ശബ്ദം മദനന്‍ തിരിഞ്ഞു നോക്കി, റോഡില്‍ അതാ ഒരു സ്ത്രീ.. പേക്കോലം പിടിച്ച സ്ത്രീ. അവളുടെ മുതുകിലൊരു മാറാപ്പും കൈയ്യില്‍ ഒരു കാര്‍ഡ് ബോര്‍ഡില്‍ ലോട്ടറി റ്റിക്കറ്റും... മദനന്‍ അവളുടെ കണ്ണൂകളിലേക്ക് സൂക്ഷിച്ചു നോക്കി.....
അങ്കുശമേല്‍ക്കാത്ത ചാപല്യമേ......... ഹോ ! ദ് ലവളല്ലേ... മൈ ഫ്രണ്ടിന്റെ സ്വീറ്റ് ഹേര്‍ട്ട്..
അടുത്തു വന്നു നിന്ന ചാപല്യം തല ചൊറിഞ്ഞൂ..
"അണ്ണാ ഒരു കോടിയാ... നാളെയാ നറുക്കെടുപ്പ്.." ഏറുന്ന യൗവനം ഇപ്പോള്‍ അവള്‍ക്കില്ല... അതിനാല്‍ കീറിത്തുടങ്ങിയ ചേല അവള്‍ വാരിപ്പുതച്ചിരിക്കുന്നു.. ചിരിക്കുമ്പോള്‍ പല്ലുകള്‍ മഞ്ഞച്ചിരിക്കുന്നു..
"ചന്ദ്രികേ...." അവന്‍ വിളിച്ചൂ...
അവള്‍ കണ്ണുമിഴിച്ചൂ... പിന്നെ മദനന്റെ കണ്ണുകളിലേക്ക് നോക്കി.........

"ഹോ, മൈ ബ്രദര്‍ മദനന്‍.. റ്റെല്‍ മീ വേര്‍ ഈസ് മൈ രമണന്‍.. അവനും ഗള്‍ഫിലാണോ..? വലിയ കാശുകാരനാണോ ? അവന്‍ ഇപ്പോഴും അവിവാഹിതന്‍ തന്നെയല്ലേ.. റ്റെല്‍ മീ മൈ ഡിയര്‍..."

മദനന്‍ അവളെ നോക്കി ദഹിപ്പിക്കാന്‍ ശ്രമിച്ചു..
കത്തിയില്ല ... പുക മാത്രം വന്നു.. പെണ്ണ് നനഞ്ഞ വിറക് മാതിരി നിന്നൂ.. പുകയില്‍ അവളുടെ കണ്ണുകള്‍ സജലമായ്.. ച്ചാല്‍. ............. 'ന്റെ മ്മച്ചിയേ...' എന്ന് നെഞ്ചത്തടിച്ച് നെലവിളിച്ചു..

മദനന്‍ വിരണ്ടു പോയി... കേരളത്തില്‍ ഇപ്പോള്‍ ഏതെങ്കിലും ഒരു പെങ്കൊച്ച് നമ്മളെ നോക്കി കരഞ്ഞാല്‍ സൂക്ഷിക്കണം.. ഇല്ലെങ്കില്‍ കൂടി നില്‍ക്കുന്ന നാട്ടുകാര്‍ പീഡനം എന്നും പറഞ്ഞ് കൂമ്പിടിച്ച് വാട്ടിയിട്ടേ കാര്യം ചോദിക്കൂ...
അവന്‍ പറഞ്ഞൂ... "ചന്ദ്രികേ.... ഡോണ്ട് ക്രൈ..യേ.... ചായ വാങ്ങിത്തരാം പരിപ്പുവട വാങ്ങിത്തരാം.."

"ചായയും പരിപ്പുവടയും കൊണ്ടെ നിന്റെ കെട്ട്യോള്‍ക്ക് കൊട്..".അവള്‍ ചിറികോട്ടി. "കമ്യൂണീസ്റ്റുകാരും പോലും തിന്നത്തില്ല ആ സാധനങ്ങള്‍.."

ഒടുവില്‍ അവളെയും കൊണ്ട് ഒരു ഐസ് ക്രീം പാര്‍ലറില്‍ കയറി വയറു നിറയെ ഐസ് ക്രീം വാങ്ങിക്കൊടുത്തൂ മദനന്‍.. ഐസ് ക്രീം തിന്ന് ശരീരവും മനസ്സും തണുത്തപ്പോള്‍ അവള്‍ അവളുടെ കഥ പറഞ്ഞൂ..........

അന്ന്, അവള്‍ക്ക് രമണനെ ഇഷ്ടമായിരുന്നു.... ജീവനെക്കാള്‍ അവള്‍ അവനെ സ്നേഹിച്ചിരുന്നു. അവന്റെ വീണാനാദത്തില്‍ അലിഞ്ഞു ചേരാന്‍ അവള്‍ ആഗ്രഹിച്ചിരുന്നു...
പക്ഷേ വിശ്വാസം അതല്ലേ എല്ലാം....
തന്നെ പോറ്റി വളര്‍ത്തിയ അച്ഛന്‍... തന്നെ നൊന്തു പ്രസവിച്ച അമ്മ.. തനിക്ക് ചെറുപ്പത്തില്‍ എല്ലാം നല്‍കിയ അവരോടുള്ള വിശ്വാസം.. അത് തകര്‍ന്നാല്‍ പിന്നെ ജ്യൂവലറികള്‍ എങ്ങനെ പരസ്യം ഉണ്ടാക്കും.. അതുപോലെ ആ കാലത്ത് ഒരു നശ്ശിച്ച പാട്ടും ഇറങ്ങി....

'അപ്പയല്ലേ കൊണ്ടത്തന്നത് നെയ്യപ്പം..
അമ്മയല്ലേ തുന്നിത്തന്നത് കുഞ്ഞുടുപ്പ്...'
അങ്ങനെ നോക്കുമ്പോള്‍, രമണന്‍ ഇന്നലെ ജീവിതത്തിലേക്ക് കടന്നു വന്നവന്‍.. പക്ഷേ തനിക്കവനെ ജീവനെക്കാള്‍ ഇഷ്ടമാണു.. എന്നാല്‍ തന്റെ മാതാപിതാക്കള്‍.. അവരു 'വാണിങ്ങ്' തന്നു കഴിഞ്ഞിരുന്നു.. കണ്ട ഗോട്ട് കിഡുമായ് (ആടു ബാലന്‍) ഇറങ്ങിപ്പോയാല്‍..... അവര്‍ ആത്മഹത്യ ചെയ്യും എന്ന്..

താന്‍ പെണ്ണല്ലേ ? തനിക്ക് ഒരു തീരുമാനം എടുക്കാന്‍ കഴിയില്ലല്ലോ... പിന്നെ എന്നെക്കാണാന്‍ വന്ന ചെക്കനും നല്ല യോഗ്യനായിരുന്നു... (അതൊരു അഡീഷണല്‍ അഡ്‌വാണ്ടേജ്..) കഥ പറയുന്നതിനിടയില്‍ അവള്‍ മൂക്കള ചീറ്റി തന്റെ ചേലയില്‍ തുടക്കുകയും ചെയ്യ്‌തിരുന്നു..

'തക്കം പോല്‍ പറയാനുള്ളൊരു കഴിവിനെ
തല്‍ക്കാലം സ്ത്രീയെന്നു വിളിച്ചിടാം..' എന്ന് മദനന്‍ മനസ്സില്‍ കവിത ചൊല്ലി...

അങ്ങനെ അച്ഛന്റെയും അമ്മയുടെയും സന്തോഷത്തിനായ് കഴുത്തു നീട്ടിക്കൊടുത്തൊരു ആടായിരുന്നു മദനാ ഞാന്‍....... എ പുവര്‍ ലാമ്പ്... എന്നിട്ട് ലാബ്രട്ട കരയുന്നതുപോലെ ഒരു കരച്ചിലും..

മദനന്‍ അവളെ ആശ്വസിപ്പിച്ചൂ സാരമില്ല.. പുവര്‍ ഗേള്‍... അവള്‍ കരച്ചില്‍ നിര്‍ത്താന്‍ ഭാവമില്ലെന്നു കണ്ടപ്പോള്‍ അവന്‍ പറഞ്ഞു..പ്യുവര്‍ ഗേള്‍....... ഭാരത സ്ത്രീയുടെ ഭാവ ശുദ്ധി..!

ടിം.......! അവള്‍ കരച്ചില്‍ നിര്‍ത്തി കണ്ണു തുടച്ച് മദനനെ നോക്കി..

"മദനാ.. എവിടെ എന്റെ പ്രിയന്‍ രമണന്‍ ? എനിക്കവനെ കാണണം... അവനോട് എല്ലാം പറയണം.. എന്റെ ഭര്‍ത്താവെന്ന കശ്മലന്‍ എന്നെ നശ്ശിപ്പിച്ചൂ...അയാള്‍ എന്നെ പറ്റിക്കുകയായിരുന്നു മദനാ..

വലിയ വിടുണ്ടെന്നും കാറുണ്ടെന്നും പറഞ്ഞ് എന്നെ വിശ്വസിപ്പിച്ചൂ.. സത്യത്തില്‍ അതൊക്കെ ആദ്യകെട്ടിലെ പ്രമ്പന്നോരുടെ ആയിരുന്നു... ഞാന്‍ വെറും ചിന്ന വീട് ആയിരുന്നു.. മണിമാളികയില്‍ രസിച്ചു വാണിരുന്ന ഞാന്‍ ആ വീട്ടില്‍ അടുക്കളക്കാരിയായ്.. എന്റെ സ്വര്‍ണ്ണം മുഴുവന്‍ വാങ്ങി വിറ്റ് അയാള്‍ സിനിമ പിടിച്ചൂ... എന്നെ നായികയാക്കാമെന്നു മോഹിപ്പിച്ചു.. അവസാനം എന്നെ വെറുമൊരു എക്സ്ട്രാ നടിയാക്കി അയാള്‍ മാറ്റി......... എന്റെ ജീവിതം തുലച്ചൂ...!

നാട്ടിലേക്ക് തിരിച്ചു വന്ന ഞാന്‍ എന്റെ മാതാപിതാക്കളോട് പ്രതികാരം ചെയ്യാന്‍, എന്നെ എന്റെ രമണന്‍ ചേട്ടനില്‍ നിന്നും വേര്‍പെടുത്തിയവരോട് കണക്ക് ചോദിക്കാന്‍ ചെന്നപ്പോള്‍......... എന്നെ കെട്ടിച്ച് വിട്ട് പാപ്പരായ അപ്പനും അമ്മയും ശരണാലയത്തില്‍ അഭയാര്‍ത്ഥികളായ് കഴിഞ്ഞിരുന്നു.. വീണ്ടും അവിടെ നിന്നാല്‍ അതുങ്ങളെ നോക്കേണ്ടി വരുമെന്നു കരുതി ഞാന്‍ വേഗം സ്ഥലം കാലിയാക്കി....
പിന്നെ ഇതുവരെ ജീവിതം ഒരു സമരമായിരുന്നു.. ലോട്ടറി വില്പന........ മദനാ ഇപ്പോഴും വില്‍ക്കാതെ ബാക്കിവരുന്ന റ്റിക്കറ്റിലാണു എന്റെ പ്രതീക്ഷ.. ഭാഗ്യക്കുറി അടിച്ചാലോ...സത്യന്‍ അന്തിക്കാടിന്റെ സിനിമ കണ്ടപ്പോള്‍ ആ മോഹം അല്പം കലശലുമാണു..

മദനാ... പറയൂ എന്റെ പൊന്നു രമണന്‍ ചേട്ടന്‍ എവിടെ ? പറയൂ.. എന്നെ ഓര്‍ത്ത് ചങ്കുപൊട്ടി ഇപ്പോഴും അദ്ദേഹം ഓടക്കുഴല്‍ വായിക്കുന്നുവോ ?"

"രമണന്‍ മരിച്ചൂ.............! തൂങ്ങി മരിച്ചു...! നിന്നെ പിരിഞ്ഞ സങ്കടത്തില്‍ രമണന്‍ മരിച്ചൂ..!"

"എന്റെ രമണന്‍ ചേട്ടാ.........". അവള്‍ മേശയിലേക്ക് തല കുമ്പിട്ട് വീണു.....
അല്പ സമയത്തിനു ശേഷം തല ഉയര്‍ത്തി അവള്‍ ഒരു കട്ടന്‍ കാപ്പിക്ക് ഓര്‍ഡര്‍ ചെയ്യ്‌തൂ.... പുറത്ത് മഴപെയ്യുന്നൂ...
ചന്ദ്രിക പതിയെ സംസാരിച്ചു തുടങ്ങി........"മദനാ, നല്ലവര്‍ വേഗം മരിക്കും... എന്റെ രമണന്‍ ചേട്ടന്‍ നല്ലവനായിരുന്നു.. അതാണു വേഗം മരിച്ചത്.. അദ്ദെഹം ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലിരുന്നു നമ്മളെ നോക്കി സന്തോഷിക്കുന്നുണ്ടാകും...... നമ്മളൊക്കെ പാപികളാണു മദനാ... പാപികളാണു..."
അവളെ നോക്കിയിരിക്കേ മദനനും തോന്നി താനും ഒരു പാപിയാണെന്നു...
അല്പം സമയത്തെ മൗനത്തിനു ശേഷം തൊണ്ട ചുമച്ച് വൃത്തിയാക്കി ചന്ദ്രിക ചോദിച്ചൂ........
"നമ്മള്‍ പാപികള്‍ക്ക് ഒരുമിച്ചൂടേ മദനാ.....?. മദനന്‍ ചേട്ടായീ..."

"ഹെന്ത് ?"
മദനന്‍ ചാടിയെഴുന്നേറ്റു... പിന്നെ വീണ്ടും കസേരയില്‍ കുത്തിയിരുന്നു ചോദിച്ചൂ ' എന്താ നീ പറഞ്ഞത്"

"വൈ ഡോണ്‍ഡ് വീ മാരീ........? എന്തോണ്ട് നമുക്ക് കല്യാണിച്ചൂടാ...?"

മദനന്‍ റോത്ത്മാന്‍സ് പുകച്ചൂ..... പുക തലച്ചോറിനെ ചൂടുപിടിപ്പിച്ചൂ... ഹോ തന്റെ പ്രിയ കൂട്ടുകാരനെ വഞ്ചിച്ചവള്‍.. ബട്ട് നൗ നോ ഹോപ്പ് ഇന്‍ ലൈഫ്...... ആരും ഇല്ലാത്ത ഒരു പാവം.. നോക്കിയിരിക്കേ മദനനു അവളോട് സഹതാപം തോന്നി...
കഴിച്ചു കളയാം... ഏതെങ്കിലും ഒരു കശ്മലച്ചിയെ കെട്ടണം എന്നാല്‍ പിന്നെ ഇവളാവട്ടെ...

മദനന്‍ ചന്ദ്രികയെ നോക്കി ചിരിച്ചൂ... അവളും ചിരിച്ചൂ.. ഇപ്പോള്‍ അവളുടെ ചിരി പൂനിലാവായ്.. പ്രണയം സകല വൃത്തികേടിനെയും സുന്ദരമാക്കുന്നുവെന്ന് കവി പാടി..!

"ഞാന്‍ ഒന്ന് ബാത്ത് റൂമില്‍ പോയിട്ട് വരാം.." മദനന്‍ ഐസ് ക്രീം പാര്‍ലറിനുള്ളിലെ ഏസി ബാത്ത് റൂമിലേക്ക് നടന്നൂ....... ഏ.സി ആയതിനാല്‍ അല്പം കൂടുതല്‍ സമയമെടുത്തൂ...

തിരികെ വന്ന്........ സീറ്റിലിരുന്നു.... ചന്ദ്രികയെ കാണാനില്ല...ഒരു പക്ഷേ അവളും ബാത്ത് റൂമില്‍.. അവന്‍ ഒന്നു ചിരിച്ച് വീണ്ടും ചുറ്റം നോക്കി.....ഇല്ല.. കാണാനില്ല...!
അവന്റെ പെട്ടിയും കാണാനില്ല.......!.
ഒരു ചെറിയ കുറിപ്പ് മേശമേല്‍.......
'എടോ മദനാ.... നിന്റെ മനസ്സിലിരിപ്പ് എനിക്കറിയാം... ചന്ദ്രികയെ പറ്റിക്കാമെന്ന് വിചാരിച്ചോ നീയ്യ്..
നിന്റെ സകലമാന കുണ്ടാമണ്ടികളും ഞാന്‍ അടിച്ചോണ്ട് പോകുന്നു.. പാസ് പോര്‍ട്ട് മേശപ്പുറത്ത് ഇരിപ്പുണ്ട്..
ഇനിയും പോയി......... ആട് മേയ്ക്കടാ... നീ രമണന്‍ മരിച്ചപ്പോള്‍, 'രമണന്‍' എന്ന കാവ്യപുസ്തകം വിറ്റ് ഉണ്ടാക്കിയ കാശിന്റെ ലാഭമായ് ഇത് കരുതിക്കോ........'

എന്തുവന്നാലും എനിക്കാസ്വദിക്കണം
അപ്പിള്‍ ജ്യൂസ് പോലുള്ളൊരീ ജീവിതം.......!
ഗുഡ് ബൈ..

കത്തുവായിച്ച് മദനന്‍ നിശ്ചലനായ് ഇരുന്നുപോയി....... അഞ്ചുവര്‍ഷക്കാലം മരുഭൂമിയില്‍ അടിച്ച ചൂടുമുഴുവന്‍ ഒരു നിമിഷം കൊണ്ട് അവന്റെ തലയില്‍ പെയ്യ്‌തിറങ്ങി..!

ചങ്ങമ്പുഴയുടെ ചന്ദ്രിക അങ്ങനെ അവസാനിക്കുകയും... ഇവിടെ മറ്റൊരു ചന്ദ്രികയിലേക്ക് എഴുത്തുകാരന്‍ പ്രവേശിക്കുകയും ചെയ്യുന്നു...

നമുക്ക് ചന്ദ്രികയെ അങ്ങനെ വിടാന്‍ സാധിക്കുകയില്ലല്ലോ...കാലങ്ങളായ് ഇവള്‍ ചെയ്യുന്ന ഈ അപമാനം, ചാപല്യം സ്ത്രീകള്‍ക്ക് ആകെ ദുരിതം വിതക്കുന്നു.. അതിനാല്‍ കഥാകൃത്ത് തേച്ചുമിനുക്കിയ (ഇടക്കൊരു കാര്യം ഈ കഥാകൃത്ത് ഒരു റൗഡി കൂടിയാണു.. തന്റെ കഥാപാത്രങ്ങള്‍ കൈവിട്ട് പോയാല്‍ കുത്തിക്കൊല്ലുന്നവന്‍..) കത്തിയും അരയില്‍ തിരുകി അവള്‍ പോയ വഴിക്ക് ഇറങ്ങി...

മദനനെ പറ്റിച്ച് ചന്ദ്രിക എവിടേക്കാണു പോയത്...?
അവള്‍ ഒരു ഓട്ടോയില്‍ ഒരു ചെറിയ കുടിലിന്റെ മുന്നിലാണു വന്നിറങ്ങിയത്. വീടിന്റെ ഇറയത്ത് ഒരു കില്ലപ്പട്ടി കിടന്നുറങ്ങുന്നു. ഓട്ടോക്കാരനു കാശുകൊട് അവനെ പറഞ്ഞയച്ച് അവള്‍ വിളിച്ചൂ..

'അമ്മേ... അച്ഛാ'

'മോളേ...' തളര്‍ന്നതും എന്നാല്‍ സ്നേഹമസൃണവുമായ ശബ്ദത്തില്‍ വിളികേട്ടുകൊണ്ട് രണ്ടു പ്രായമായവര്‍ മുറ്റത്തേക്കിറങ്ങി വന്നൂ..
അവള്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ അവരുടെ അടുത്തേക്ക് ഓടിച്ചെന്നൂ..
പിന്നെ അവരെയും പിടിച്ച് അകത്തേക്ക് നടന്നൂ.. മദനന്റെ കൈയ്യില്‍ നിന്നും അടിച്ചുമാറ്റിയ പെട്ടി അവള്‍ തുറന്നൂ....
അതില്‍ നിന്നും നിഡോയുടെ പാല്പ്പാത്രം തുറന്ന് ചായ തിളപ്പിച്ച് അവര്‍ക്ക് നല്‍കി...

പ്രിയമുള്ളവരെ നിങ്ങള്‍ വിചാരിക്കുന്നുവോ....? ഇത് അവളുടെ അമ്മയും അച്ഛനും എന്ന്.... ഹേയ്, ഇത് അവളുടെ ഭര്‍ത്താവിന്റെ അച്ഛനും അമ്മയും എന്നാവും അല്ലേ വിചാരം........?

അല്ലേ അല്ല..!
മുറിയില്‍ രമണന്റെ ഒരു ഫോട്ടോ.. അതില്‍ മാല ചാര്‍ത്തിയിരിക്കുന്നു... വാടാമലരുകളാല്‍..!

ഇവര്‍ രമണന്റെ പ്രിയപ്പെട്ട മാതാപിതാക്കളാണു.,.!

അന്ന് ചന്ദ്രിക രമണനെ ധിക്കരിച്ച് ഇറങ്ങിപ്പോയതും അവള്‍ പിന്നീട് മദനനോട് പറഞ്ഞതുമെല്ലാം സത്യമായിരുന്നു..
എന്നാല്‍ അവള്‍ തിരിച്ചു വന്നത്... രമണന്റെ ഗ്രാമത്തിലേക്കും അവന്റെ മാതാപിതാക്കളുടെ അരികിലേക്കുമായിരുന്നു..
അവരുടെ മകളായ്... അവള്‍ ഇപ്പോള്‍ ജീവിക്കുന്നു........

കഥാകൃത്തിനു കരച്ചില്‍ വന്നൂ... പ്രണയം നഷ്ടമായാല്‍ ഉടന്‍ തൂങ്ങിച്ചാവുന്നവന്റെ ചന്തിക്ക് നല്ല പെട കൊടുക്കണം....... പുളിവാറു വെട്ടി അടിക്കണം... കശ്മലന്മാര്‍.. !

ഇത്രയും വിചാരിച്ചതിനു ശേഷം കഥാകൃത്ത് പോക്കറ്റില്‍ നിന്നും ഒരു സിഗരറ്റ് എടുത്ത് പുകച്ച് പുക ആകാശത്തിലേക്ക് വട്ടം വട്ടമായ് പറപ്പിച്ചൂ... ഭൂമിയും ആകാശവും നിറഞ്ഞു നിന്ന നിലാവിലൂടെ അലസമൊരു പാട്ടും പാടി അയാള്‍ നടന്നൂ...

ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം...
നിന്‍ ചിരിയില്‍ അലിയുന്നെന്‍ ജീവരാഗം...:)

2009, ഡിസംബർ 27, ഞായറാഴ്‌ച

പാലക്കാട് .........നന്മപ്പൂക്കളുടെ നാട്........




പുറത്ത് മഴപെയ്യുന്നു...കോട്ടയം റെയിവേ സ്റ്റേഷനിലെ തിരക്കിലേക്ക് മഴ അതിന്റെ അഹങ്കാരം പൊഴിച്ചിട്ടു. കമ്പാര്‍ട്ട് മെന്റിലേക്ക് ഓടിക്കയറിയപ്പോള്‍ എന്നെ ഒടിച്ചിട്ട് പിടിച്ച് മഴ അല്പം നനച്ചിരുന്നു..

'എല്ലാവര്‍ക്കും പനിയും ജലദോഷവും.. എടാ കള്ളുകുടിയന്‍ ചെക്കാ നീ മാത്രം അങ്ങനെ രക്ഷപ്പെടേണ്ട..'. എന്നവള്‍ ചിണുങ്ങുന്നതുപോലെ എനിക്ക് തോന്നി. ബാഗില്‍ നിന്നും തോര്‍ത്തെടുക്കാന്‍ നോക്കിയപ്പോള്‍ ഭാഗ്യത്തിനു അതു എടുത്തിട്ടില്ല. പിന്നെ റ്റീ ഷേര്‍ട്ടിന്റെ തുമ്പിനാല്‍ തല തുവര്‍ത്തി.. ഹോ.. തണുപ്പ്..! തണുതണുപ്പ്.. ഒരു കോഫി കിട്ടിയിരുന്നെങ്കില്‍..

ട്രെയിനില്‍ കാപ്പിക്ക് മറ്റൊരു രുചിയാണു. എരുമപ്പാലിനാലാണോ ഇവര്‍ കാപ്പികൂട്ടുന്നത് ? ഒരു കപ്പുകാപ്പി ഊതിക്കുടിച്ച് ഞാന്‍ ജാലക വാതിലിലേക്ക് എന്റെ മുഖം ചേര്‍ത്തു പിടിച്ചു.. ചില്ലില്‍ മുത്തമിടുന്ന മഴത്തുള്ളികള്‍.. ഞാന്‍ അവരെ നോക്കി കൊഞ്ഞനം കുത്തി... 'നീ ഇങ്ങോട്ട് ഇറങ്ങി വരുമല്ലോ അപ്പോള്‍ നിന്നെ ഞങ്ങള്‍ പിടിച്ചോളാം' എന്ന രീതിയില്‍ മഴത്തുള്ളികള്‍ എന്നെ തിരിച്ചും കൊഞ്ഞനം കുത്തി..

'പിന്നെ പിന്നെ പാലക്കാടു വരെ നീ നിന്റെ കറുത്ത ഫുള്‍പ്പാടയും ചുരുട്ടിപ്പിടിച്ച് വരുവല്ലേ.. പോ കൊച്ചേ.. പോ...'

ട്രെയിന്‍ നീട്ടി ചൂളമടിക്കുന്നു.. 'എന്തടാ ചെക്കാ നിന്റെ കാമുകി ട്രെയിന്‍ച്ചി അപ്പുറത്തെങ്ങാനും ഉണ്ടോ..? എടാ പൂവാലന്‍ ട്രെയിനേ.. കുറച്ചൂടെ വേഗത്തില്‍ പായെടാ..!

മഴത്തുള്ളികള്‍ പ്രതികാരത്തോടെ എന്റെ കാഴ്ചമറച്ചു. ഞാന്‍ മഴനൂലുകള്‍ക്കിടയിലൂടെ പുറത്തേക്ക് നോക്കി.. പച്ചച്ച ഇലച്ചാര്‍ത്തുകളില്‍ കാറ്റ് മൂടിപ്പിടിക്കുന്നു. അമ്മച്ചി ചെറുപ്പത്തില്‍ തലയില്‍ എണ്ണതേക്കുന്നതുപോലെ... കാറ്റ് ഇലച്ചാര്‍ത്തിന്റെ ഉച്ചിതിരുമ്മുന്നു...!
ട്രെയില്‍ അതിന്റെ ചലന സ്വാതന്ത്ര്യം വീണ്ടെടുത്തിരുന്നു. തിമിര്‍ത്തുപെയ്യുന്ന മഴയിലൂടെയും ആര്‍ത്തലക്കുന്ന കാറ്റിന്റെ മാറു പിളര്‍ന്നും ആ രാക്ഷസന്‍ മുന്നോട്ട് കുതിച്ചു..

ഞാന്‍ എന്റെ സീറ്റില്‍ സ്വസ്തനായ്... ബാഗ് സീറ്റിനടിയിലേക്ക് തള്ളിവെച്ചു.. കാലില്‍ നിന്നും ഷൂസ് ഊരിയെറിഞ്ഞു.. ട്രെയിനില്‍ ഒരു കനച്ച മണം. ഏ.സി കമ്പാര്‍ട്ട്മെന്റുകളില്‍ യാത്ര ചെയ്യാന്‍ പാടില്ല. അവിടെ വായു ശുദ്ധമല്ല..!

ഞാന്‍ പുറത്തേക്ക് നടന്നു.. വാതില്‍ക്കല്‍ നിന്നു... പ്രകൃതി എന്നിലേക്ക് ഓടി വന്നൂ...

മുഖത്തേക്ക് കാറ്റും മഴയും വന്നു തൊട്ടു.. ഞാന്‍ എന്റെ കവിള്‍ അവര്‍ക്കു നീട്ടി നല്‍കി.. ഇന്നാ..ഇന്നാ...
തിരിച്ച് സീറ്റിലെത്തിയപ്പോള്‍....
ഒരു മധ്യവസ്ക്കന്‍ എന്റെ സീറ്റിനെതിര്‍ വശത്ത്.. അയാളുടെ കാലുകള്‍ മടിയിലെടുത്തുവെച്ച് അയാളുടെ ഭാര്യ.. നഖം വെട്ടിക്കൊടുക്കുന്നു.. അയാള്‍ എന്തോ മധുരപലഹാരം തിന്നുന്നു.. ആ സ്ത്രീ മുറുക്കാന്‍ ചവക്കുന്നു.. കേരളീയരല്ല.. അല്ലെങ്കില്‍ ഈ തെണ്ടിത്തരം കാണിക്കില്ല.. സ്നേഹം കാണിക്കുന്നേ... എന്നിലെ മലയാളിയെന്ന കശ്മലന്‍ പുറത്തു ചാടി.. ഏതൊരു ശരാശരി മലയാളിയേയും അസൂയപ്പെടുത്തുന്ന , ഭ്രാന്തുപിടിപ്പിക്കുന്ന കാഴ്ച. അവര്‍ എന്നെ അല്പം പോലും ഗൗനിച്ചില്ല. ഞാന്‍ ആ സ്ത്രീയെ നോക്കി, ഭര്‍ത്താവിന്റെ വിരലുകളില്‍ ഒരു നേരിയ വേദന പോലും ഏല്പ്പിക്കാതെ അവര്‍ നഖം മുറിക്കുന്നു...

എനിക്ക് വല്ലാതെ ദേഷ്യം വന്നപ്പോള്‍, ഞാന്‍ വായിക്കാനായ് ഒരു പുസ്തകമെടുത്ത് നിവര്‍ത്തി.. ഹോ ഓഷോ.. പ്രിയ ഓഷോ ഞാന്‍ ആകുലനാകുമ്പോള്‍ നീ എവിടെ നിന്നാണു എന്നിലേക്ക് എത്തുന്നത്..?
ഓഷോ പറയുന്നു.. ജീവിതത്തെ തിരിച്ചറിയൂ.. ചെറിയ ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തൂ...
ഞാന്‍ പുസ്തകം മടക്കി അവരെ കൗതുകപൂര്‍‌വ്വം നോക്കിയിരുന്നു..!
പാലക്കാട്, മഴയൊഴിഞ്ഞ ആകാശം. കരിമ്പനകള്‍ തലയുയര്‍ത്തി നില്‍ക്കുന്നു.. നിശ്ചലമാണു ആകാശം.ഇതൊക്കെ സാധാരണ കാണുന്ന കാഴ്ചകള്‍, എനിക്ക് ആരും കാണാത്ത വല്ല കാഴ്ചയും ഒരുക്കിവെച്ചിരിക്കുന്നോ നീ പാലാക്കാടന്‍ സുന്ദരീ........
ട്രെയില്‍ കുലുങ്ങിക്കുലുങ്ങിയൊരു ചിരി........ 'പിന്നേയ്, നിനക്കായ് കാഴ്ചകള്‍ സൂക്ഷിച്ചുവെക്കാന്‍ ഇനി ഈ പാലക്കാട്ട് എന്തോന്ന്.. അത്രക്ക് ആക്രാന്തത്തോടെ അതെല്ലാം വാരിക്കുടിച്ചതല്ലേ നമ്മുടെ സാഹിത്യവും സിനിമയും.......' പറഞ്ഞു തീര്‍ന്നിട്ടും തീരാത്തൊരു പ്രതികാര സുഖത്തോടെ ട്രെയില്‍ ചൂളം വിളിച്ചു..
ഹോ...... ഒറ്റപ്പാലത്തെത്തി... !

നിള പറഞ്ഞത്..........




മെല്ലിച്ച് കോലം കെട്ട് നിളയൊഴുകുന്നു...നീളത്തില്‍.. പണ്ട് ഒഴുകുന്നുവോ എന്ന് സംശയിക്കുന്ന രീതിയില്‍ നിറഞ്ഞു തുളുമ്പിയൊരു ജയഭാരതീസൗന്ദര്യമായിരുന്നു ഇവള്‍...
എന്തു പറ്റീ നിളേ നിനക്ക്.. അവള്‍ ആദ്യമൊന്നും എന്നെ ഗൗനിച്ചതേ ഇല്ല... ഒരു കോട്ടയം കാരനോട്, റബ്ബര്‍ നാറുന്ന നിന്നോട് മിണ്ടാന്‍ ഈ നിളക്ക് സൗകര്യമില്ലെടാ എന്ന മട്ടില്‍ ഒഴുകി.. ഞാന്‍ ഒരു കോട്ടയം കാരനു മാത്രം കഴിയുന്നത്ര അലിവോടെ നീണ്ടുവലിഞ്ഞു സംസാരിച്ചൂ.. എന്റെ സുന്ദരി നിളക്കുട്ടീ, പറയൂന്നേ.. ഞാന്‍ റബ്ബര്‍ മണം മാറ്റാന്‍ നല്ല അസല്‍ മരക്കള്ള് കുടിക്കുന്ന ഒരു തനി സാദാരണ മലയാളിയാണു... ആണോ... നിളയൊന്നു നീട്ടി ചോദിച്ചു.. അവളില്‍ നിന്നും പറന്നുവന്നൊരു കാറ്റില്‍ അവള്‍ ഉണ്ടായിരുന്നു.. എന്നെ ഉമ്മവെക്കാന്‍... അതേ അതേ.. നിനക്ക് റബ്ബര്‍ നാറ്റമല്ല നല്ല അസല്‍ പനം കള്ളിന്റെ സുഗന്ധം.. അവളെന്നെ ഉമ്മവെച്ചപ്പോള്‍ മത്തുപിടിച്ച് പറയാന്‍ തുടങ്ങീ.......

അതേയ്, എംടി എന്നൊരു വിദ്വാനെ നീ അറിയോ..? മലയാളത്തിലെ വല്യ എഴുത്തുകാരനാന്നാ ഭാവം. അവന്‍ എന്നും രാവിലെ വന്നു പത്തു വരി എന്നെക്കുറിച്ച് പുകഴ്ത്തും, എന്റെ നീണ്ട കാര്‍ക്കൂന്തല്‍, നിതംബം, മാറിടങ്ങള്‍... അങ്ങനെ അങ്ങനെ... എന്നിട്ട് അയാള്‍ സിനിമ പിടിക്കുമ്പോള്‍, നല്ല തടിച്ചികളെ നായികകളാക്കി ഇവിടെ കൊണ്ടുവരും.. ഷീല, ജയഭാരതി, പിന്നെ ആ സുന്ദരിയുണ്ടല്ലോ.. നിന്റെ ഇഷ്ടമുഖം ശ്രീവിദ്യ.... അങ്ങനെ അങ്ങനെ ഞാന്‍ ഒരു അഹങ്കാരിയായ് മാറി....... ഒഴുകി വന്ന പോക്ഷകമൂല്യങ്ങളെല്ലാം തിന്നു കുടിച്ച് ഞാന്‍ ഒരു തടിച്ചിയായ് മാറി... അന്നൊക്കെ സൂര്യന്‍ അസ്തമിക്കാന്‍ കുറച്ചു സമയം കൂടുതല്‍ എടുക്കുമായിരുന്നു... എന്നോട് വര്‍ത്താനം പറഞ്ഞു നിന്നതാണെന്നേ...

ഞാന്‍ അവളെ വിഷാദത്തോടെ നോക്കി നിന്നു അവള്‍ ആകെ മെലിഞ്ഞിരിക്കുന്നു.. എനിക്ക് സങ്കടം വന്നൂ... 'എന്തിനാ കള്ളുചെക്കാ നീ വിഷമിക്കുന്നെ.?'
' അല്ല നീ ഇങ്ങനെ കോലം കെട്ടല്ലോ...?'

ങ്ഹി ഹി ഹ്..! നിളയൊരു ഇക്കിളിച്ചിരി... അല്ലടാ പൊട്ടാ ഞാന്‍ കാലത്തിനനുസരിച്ച് കോലം മാറിയതാ.. ഞാന്‍ ഇപ്പോള്‍ ഒരു ഐശ്വര്യാ റായ് സുന്ദരിയല്ലേ... ഇനി ഒരിക്കലും ഞാന്‍ വണ്ണം വെക്കാന്‍ ഉദ്ദേശ്ശിക്കുന്നില്ല...
'അപ്പോള്‍ എം.ടി............."
' അയാളോട് പോയി പണി നോക്കാന്‍ പറ..'

എന്നിട്ട് നിള തന്റെ അഴകളവുകള്‍ പ്രദര്‍ശ്ശിപ്പിച്ച് പാറക്കല്ലുകളുടെ ഹൈ ഹീല്‍ ചെരുപ്പില്‍ തെന്നിതെന്നി നീങ്ങി....

അല്ലാഹു അക്‌ബര്‍......


ട്രെയിന്‍ അല്പമൊന്നു വേഗം കുറച്ചുവോ...? ബാങ്ക് വിളിയുടെ ആസ്വാദ്യത കാറ്റിലൂടെ പറന്നു വന്നു.. വളരെ നേര്‍ത്തൊരു ശബ്ദം.. അപ്പോള്‍ കാറ്റൊന്നു വീശി.... ഞാന്‍ നോക്കിയപ്പോള്‍..... ആറ്റുവഞ്ചി.... കാറ്റിലേക്ക് വളയുന്നു... പിന്നെ... ആറ്റുവഞ്ചിപൂക്കള്‍ ഭൂമിയെ മുത്തുന്നു... ആറ്റുവഞ്ചിയുടെ നിസ്ക്കാരം.. ഒരു നിമിഷം ഞാന്‍ എല്ലാം മറന്നു.. മനുഷ്യനെക്കാള്‍ എത്ര ശ്രേഷ്ഠമീ പൂക്കള്‍.....
തന്റെ വേരുകള്‍ ആഴ്ന്നിറങ്ങിയ മണ്ണിനെ മുത്തിയിരുന്ന ആറ്റുവഞ്ചിപ്പൂക്കള്‍ അപ്പോഴേക്ക് നിവര്‍ന്നിരുന്നു... അവയുടെ നെറ്റിയില്‍ നിസ്ക്കാര മുദ്ര... !

മനുഷ്യന്‍ മണ്ണിനെ ചവിട്ടിക്കുഴച്ച് വീടാക്കുന്നു... ചെടികള്‍ സ്നേഹപൂര്‍വ്വം അവയുടെ നിലനില്പിനെ ആദരിക്കുന്നു...
മനുഷ്യാ നീ മണ്ണാണു...... വെറും മണ്ണ്.. സ്വര്‍ഗ്ഗവും നരകവും നിന്റെ സങ്കല്പം.. നീ സൂക്ഷിക്കണേ അല്പം മണ്ണ് ഒടുവില്‍ നിന്നെ കുഴിച്ചിടാന്‍...

റെയില്‍ വേ സ്റ്റേഷന്‍, വിഷാദത്തിന്റെയും സന്തോഷത്തിന്റെയും ഫ്ലാറ്റുഫോമുകള്‍, അതി സാന്ദ്ര പ്രണയത്തിന്റെ ഇരിപ്പിടങ്ങള്‍. വിഹ്വലമായ കാത്തിരിപ്പിന്റെ നീളന്‍ ബെഞ്ചുകള്‍...
നീളന്‍ പെരുമ്പാമ്പുപോലെ പാഞ്ഞുവരുന്ന തീവണ്ടി സ്റ്റേഷനിലേക്ക് സന്തൊഷവും സന്താപവും കക്കി, അവിടെ നിന്നും അതിനു വേണ്ടുന്ന ഇരവിഴുങ്ങി ചൂളം വിളിച്ച് പാഞ്ഞു പോകുന്നു...

ഞാന്‍ പാലക്കാട് സ്റ്റേഷനിലെ ഇരുട്ടിലേക്കിറങ്ങി. തണുപ്പുമാസം അതിന്റെ ആദ്യ ദിനങ്ങള്‍ ആരംഭിച്ചിരിക്കുന്നു. ബാഗ് തോളില്‍ തൂക്കി, അലസമായ് ഞാന്‍ നടന്നു. ചെറിയ കടകള്‍, അവയ്ക്കുമുന്നില്‍ നിന്നു കാപ്പിയും ചായയും കുടിക്കുന്നവര്‍,

ഓരോ ട്രെയിനും സ്റ്റേഷനെ സജീവമാക്കുന്നു.. ട്രെയിനില്‍ കയറാന്‍ തിരക്കിട്ട് പായുന്നവര്‍.. ഇറങ്ങിയവര്‍ വീട്ടിലേക്കെത്താനുള്ള ത്വരയില്‍ പുറത്തേക്ക്..ചായ.. ചായ... കാപ്പി... കാപ്പിയേ.. ശാപ്പാട്... ശബ്ദമുഖരിതമായ തണുത്ത അന്തരീക്ഷം എന്നെ സജീവമാക്കി

ഒരു ചെറുക്കന്‍ അവന്റെ പെണ്‍കുട്ടിയെ വട്ടം ചുറ്റിപ്പിടിച്ച് തണുപ്പിലൂടെ പതിയെ വളരെ പതിയെ നടക്കുന്നു.. കശ്മലന്‍ , എന്നെ അസൂയപ്പെടുത്താന്‍ എല്ലായിടത്തും ഒരുത്തന്‍ കാണും ഇങ്ങനെ..

പാലക്കാട് റെയില്‍ വേ സ്റ്റേഷന്‍, വൃത്തിയുള്ളതും ഭംഗിയുള്ളതുമാണു. ഞാന്‍ പുറത്തേക്ക് കാലുവെച്ചതും ആകാശത്ത് ഒരു വെള്ളിടി മുഴങ്ങി.. മഴ എന്നെ പിടിക്കാന്‍ ഓടി വരുന്നു.. ഞാന്‍ ഒരു ടാക്സിക്കായ് മുന്നോട്ട് നടന്നു... പെട്ടെന്നു ഇലക്ട്രിസിറ്റി പോയി.. ഇരുട്ടില്‍ മുങ്ങി റെയിവേ സ്റ്റേഷന്‍. പൗരാണികമായ ഭംഗിയോടെ അത് തല ഉയര്‍ത്തി നില്‍ക്കുന്നു.

ടാക്സിക്കാര്‍ വളരെ നല്ല സ്വഭാവമുള്ളവരാണു. അംബാസിഡര്‍ കാറിന്റെ പിന്നില്‍ അലസമായിരുന്നു സഞ്ചരിക്കുന്ന സുഖം, ഈ ലോകത്ത് മറ്റൊരു കാറിനും നല്‍കാന്‍ ആവില്ല.
പാലക്കാട് വളരെ വേഗം ഉറങ്ങുന്ന ഒരു നഗരമാണു. അമ്പലത്തില്‍ പോയി വരുന്ന ചില പെണ്‍കുട്ടികളെക്കണ്ടു. ഒട്ടും ജാഡക്കുട്ടികള്‍ അല്ല. പാലക്കാട്ട് ഇപ്പോഴും ഫുള്‍ പാവാടക്കാരികള്‍ ധാരാളം.

രാത്രിയില്‍ പുറത്തിറങ്ങി കുറെ നടന്നു. നഗരം മിക്കവാറും വിജനമായിരുന്നു. ശ്വാനന്മാര്‍ ധാരാളം. നഗരത്തിന്റെ കാവല്‍ക്കാരെപ്പോലെ എന്നെ നോക്കി. സാരമില്ലെടാ കൂവേ ഞാനും നിന്നെപ്പോലെ ഒരു നായ് തന്നെ...
നടന്നിട്ട് ഒട്ടു കാര്യോമില്ല, ഇരിക്കാന്‍ നേരോം ഇല്ല...
അതു കേട്ട് അവന്‍ ആകാശത്തേക്ക് നോക്കി നീട്ടി ഒന്നോരിയിട്ടൂ... നിനക്കിതു പറ്റുവോടാ കൂവേ ന്ന്...

ശിവദാസേട്ടന്‍...

രാത്രിയില്‍ ഫുഡ് കഴിക്കാന്‍ ഒരു ഹോട്ടലില്‍ കയറി, മുഖം നിറയെ പ്രകാശവുമായാണു സപ്ലെയര്‍ അടുത്തുവന്നത്. ഫൈ സ്റ്റാര്‍ ഹോട്ടലുകളില്‍ റും സേര്‍‌വ്വീസിനു വരുന്ന കുട്ടികളെപ്പോയുള്ള ഒതുക്കമുള്ള പ്രൊഫഷന്‍ ഔപചാരികതകളൊന്നുമില്ലാതെ അദ്ദേഹം ഏറ്റവും അടുപ്പമുള്ളൊരാളിനോടെന്നെ പോലെ എന്നോട് എന്താണു വേണ്ടതെന്നു ചോദിച്ചു...

എന്തൊക്കൊയുണ്ടെന്ന എന്റെ ചോദ്യത്തിനു കുറച്ചേറെ ആഹാരങ്ങളുടെ പേരു പറഞ്ഞു. അതൊക്കെ ഞാന്‍ കേട്ടിരുന്നു. നൂലപ്പം എന്നു പറഞ്ഞപ്പോഴേ, അതാണു കഴിക്കേണ്ടതെന്നു ഞാന്‍ തീരുമാനിച്ചിരുന്നെങ്കിലും അദ്ദേഹം സംസാരിക്കട്ടെ എന്നു വിചാരിച്ച് ഞാന്‍ കാത്തിരുന്നു.. അവസാനം ആള്‍ പറഞ്ഞു ആപ്പം... ആപ്പം അതെന്തൂട്ട് ഫുഡാ... ആപ്പം... ഹോ.. കോട്ടയം കാരന്റെ അപ്പം ഇവിടെ കുറച്ചൂടെ നീണ്ടുവലിയുന്നു...

ഒരുമനുഷ്യനെ നമ്മള്‍ എത്ര വേഗത്തിലാണു സ്നേഹിക്കുക.. ആ ഭക്ഷണം കഴിച്ചു തീര്‍ന്നപ്പോഴേക്കും ആ സപ്ലെയര്‍ എനിക്ക് പ്രിയപ്പെട്ടൊരാള്‍ ആയിക്കഴിഞ്ഞിരുന്നു... ശിവദാസേട്ടന്‍..
ഞാന്‍ ഇരുന്ന മേശയുടെ ഒരു വശത്തുള്ള ജനാലയിലൂടെ ഞാന്‍ പുറത്തേക്ക് നോക്കി... ഒരു ചെറിയ പൂന്തോട്ടം.. പൂക്കള്‍ ...പൂക്കള്‍.. പൂക്കള്‍


ടിപ്പുവിന്റെ കോട്ടയിലെ അധിനിവേശം........ ഹനുമാന്‍ സ്വാമി...



ടിപ്പു സുല്‍ത്താന്റെ ബാപ്പാ ഹൈദരാലി സാഹിബ് നിര്‍മ്മിച്ച കോട്ട, ചുറ്റും കിടങ്ങുകുഴിച്ച് വെള്ളം നിറച്ചിരിക്കുന്നു. ശത്രുക്കളായ് വരുന്നവന്മാര്‍ നീന്തല്‍ പഠിച്ചതാണെങ്കിലും കാര്യമില്ല. വെള്ളത്തിലേക്ക് ഡൈവ് ചെയ്യുന്നതേ ഓര്‍മ്മ കാണൂ.. നല്ല മുഴുമുഴുത്ത മുതലകള്‍ ആ കിടങ്ങില്‍ നീന്തി നടക്കുന്നത്, ചുമ്മാതല്ല..
കല്പ്പ്പണിയുടെ കാല്പനിക സൗന്ദര്യം, കല്ലുകള്‍ അടുക്കിയിരിക്കുന്നതിലെ സര്‍ഗ്ഗാത്മകത. ഒരു ഉറുമ്പിനു പോലും കയറിയിരിക്കാന്‍ വിടവില്ല. ഒന്‍പതു പേരവര്‍ കല്പ്പ്പണിക്കാര്‍/ ഓരമ്മ പെറ്റവരായിരുന്നു.. എന്ന ഓ.എന്‍.വിക്കവിത ഞാന്‍ ഓര്‍ത്തൂ.. ഈ മതിലിലും തന്റെ പൊന്നുണ്ണിക്കായ് മാറു ചുരത്തി നില്‍ക്കുന്ന ഒരു അമ്മയുടെ ആത്മാവ് ഉണ്ടാകുമോ..?

അതിവിശാലമായ കോട്ടവാതിലിലൂടെ ഉള്ളിലേക്ക് നടന്നപ്പോള്‍, ഞാന്‍ ഒരു രാജാവാണെന്നു നടിച്ചൂ.. ചുമ്മാതിരിക്കട്ടെ അല്പം ഗമ. മിന്നുന്ന കുപ്പായം പത്രാസു കാണിക്കാന്‍ ഇല്ലെങ്കിലും നീണ്ട സ്വര്‍ണ്ണപ്പാദുകങ്ങള്‍ കാല്പ്പാദങ്ങളെ സം‌രക്ഷിക്കാനില്ലെങ്കിലും... ഇപ്പോള്‍ മനസ്സില്‍ ഞാന്‍ ഒരു രാജാവാണു.. ഹേയ്, എന്റെ രാഞ്ജിയായ് നീ വരൂ പിന്നാലെ.... എന്നു തിരിഞ്ഞു വിളിക്കെ.. സ്വപ്നത്തില്‍ നിന്നവളൊരാട്ട് ആട്ടി.. 'ഫ് പോടാ പന്ന ചെക്കാ...'

കോട്ടക്കുള്ളിലെ മാവ്............


ആകാശത്തെ ഉമ്മവെക്കാനായ് ഉയര്‍ന്നുയര്‍ന്നുപോയൊരു നാട്ടുമാവ്... അങ്ങനെ പോകെ അതിലൊരു ശിഖരത്തിനു ഒരു മോഹം.. ഭൂമിയെ ഒന്നുമ്മ വെക്കാന്‍.. അത് ഭൂമിയിലേക്ക് വളര്‍ന്നു.. ഭൂമിയുടെ ചുണ്ടുകടിച്ചു കീറിയൊരുമ്മ... ! അതി തീവ്രാനുരാഗത്തിന്റെ ആഴങ്ങളില്‍ അഭിരമിച്ച് സ്വാസ്ഥ്യം നേടി വീണ്ടും ആ ശിഖരം ആകാശത്തേക്ക് വളര്‍ന്നൂ.. അപ്പോള്‍ ഭൂമി ആ മാമ്പഴച്ചാറു കുടിച്ച് മതിവരാതെ മാവിന്റെ ഉടലിനെ കടിച്ചു പിടിച്ചു.......... !

കുട്ടികള്‍ അണ്ണാര്‍ക്കണ്ണനെപ്പോലെ അതില്‍ ഓടിക്കയറുന്നു... ഞാന്‍ അത് കൗതുകപൂര്‍‌വ്വം നോക്കി നില്‍ക്കേ.. മാവു പറയുന്നു.. നീ കുറച്ചു മാസം കഴിഞ്ഞു വരൂ...... നിനക്ക് ഞാന്‍ ഒരു മാമ്പഴം തരാം.. നല്ല മധുരമുള്ള മാമ്പഴം..!

ഹോ.. ഇപ്പോള്‍ തന്നെ നീ എന്റെ കണ്ണില്‍ മാമ്പഴച്ചാറിറ്റിച്ചില്ലേ.... എന്റെ കണ്ണുകള്‍ മധുരിക്കുന്നു...!

സ്വര്‍ണ്ണത്തുമ്പികള്‍ ചെയ്യുന്നത്...


കോട്ടക്കുമുകളില്‍ ഒരു ചെറിയ സ്ഥലത്ത് മഴവില്ലിന്റെ ഒരു കഷ്ണം മിന്നുന്നു.. ഞാന്‍ അവിടേക്ക് ചെന്നു. ഹനുമാന്‍ കോവിലിന്റെ മുകളില്‍, പെണ്‍കുട്ടികള്‍ അവരുടെ കുപ്പിവളകള്‍ പൊട്ടിച്ചിട്ടിരിക്കുന്നു...

"ഹോ..! എത്ര രൂപയുടെ വളകള്‍..."

"എടാ കോട്ടയം കാരാ, നിന്നെപ്പോലെയുള്ള മരമാക്രികളെ കെട്ടാന്‍ മനസ്സില്ലാതെ ഹനുമാന്‍ സ്വാമിയെ പ്രണയിച്ച് ഇവിടെ വരുന്ന സുന്ദരിപ്പെണ്‍കുട്ടികള്‍, ഹനുമാന്‍ സ്വാമി നിത്യബ്രഹ്മചാരിയെന്നു അറിയുന്ന സങ്കടത്തില്‍ അവരുടെ വളകളുടച്ച് ആശ്വസിക്കുന്നതാ...."

"ഉവ്വേ, ഉവ്വുവ്വേ...നീയും നിന്റെ ഒരു ഹനുമാന്‍ സ്വാമിയും.. ഹനുമാനു വാല് അരയില്‍, അതുവെച്ച് ആ പാവം ബാലി ചെക്കനെ ഏഴു സമുദ്രത്തില്‍ മുക്കി ദ്രോഹിച്ചു...
നിനക്കൊക്കെ വാലു തലയില്‍ അതില്‍ ആണുങ്ങളെ കെട്ടിവരിഞ്ഞ് ജീവിത സാഗരത്തിലെ ഉപ്പുവെള്ളം മുഴുവന്‍ കുടുപ്പിക്കുന്നു..."

അവളു കെറുവിച്ചൊരു നടത്തം........ പിന്നെ കോട്ടയിലെ മഞ്ഞ തുമ്പികളെല്ലാം ചെന്ന് അവളുടെ നെറ്റിയില്‍ ഉമ്മ വെച്ചപ്പോഴാണു അവള്‍ അവനെ നോക്കിയൊന്നു ചിരിച്ചത്..

രണ്ടു ചെറുപ്പക്കാരെ പോലീസുകാര്‍ വിലങ്ങുവെച്ചു നടത്തിക്കൊണ്ടു പോകുന്നു... കോട്ടക്കുള്ളിലാണു സബ് ജയില്‍.

മനുഷ്യന്‍, എന്നാണു അവനിലെ അക്രമവാസനകളില്‍ നിന്നും രക്ഷപ്പെടുക ? മറ്റുള്ളവനെ ദ്രോഹിക്കാതെ അവനെ ആദരിക്കുന്ന, സ്നേഹിക്കുന്ന ഒരു കാലം... എല്ലാവര്‍ക്കും ജീവിക്കാനുള്ള സമ്പത്ത് ഉണ്ടായാല്‍ തന്നെ പകുതിയിലേറെ അക്രമങ്ങള്‍ അവസാനിക്കും. പിന്നീട് മനോരോഗികളായവര്‍ മാത്രമാകും അക്രമം നടത്തുക. അതിനു ജയിലുകള്‍ അല്ല, മനോരോഗാശുപത്രി ഉണ്ടാക്കിയാല്‍ മതി.....

ചിന്തിച്ചു ചിന്തിച്ച് ഞാന്‍ കോട്ടയുടെ മറുവശത്തെത്തിയിരുന്നു. അവിടെ ചെറിയ ഗുഹപോലുള്ള ജയിലുകള്‍.. പണ്ട് ശത്രുക്കളെ പിടിച്ചിട്ടിരിക്കുക ഇവിടെയാവും.. ഇവിടെ കിടന്ന് എത്രപേര്‍ അവരുടെ പ്രണയങ്ങളോര്‍ത്ത് വിലപിച്ചിരിക്കാം... മക്കളെക്കുറിച്ചോര്‍ത്ത് നിലവിളിച്ചിരിക്കാം....

ഒരാള്‍ക്ക് ധീരനും ചരിത്ര നായകനും ആകാന്‍ എത്രയെത്ര നരബലികള്‍ വേണം..!

മനുഷ്യന്‍........ ഹോ ! എത്രക്ക് നിഗൂഡമായ പദം.

സിക്സര്‍ വീരന്‍ ധോണിയുടെ പേരില്‍ ഒരു വെള്ളച്ചാട്ടം....
അതിരാവിലെ ഞാനവിടെ എത്തുമ്പോള്‍ ആരും എനിക്ക് മുന്നെ കാട്ടിലേക്ക് കയറിയിരുന്നില്ല. ഇന്നലെ മയങ്ങിയ കാട്, അതിന്റെ കണ്ണുകള്‍ തിരുമ്മി ആദ്യം എന്നെ കണി കണ്ടു. കാടിന്റെ ആദ്യത്തെ മിഴിതുറക്കല്‍. നനുത്തൊരു കുളിരായ് കാട് എന്നെ തൊട്ടു. മരങ്ങളുടെ വേര്‍പ്പു മണം.. പൂക്കളുടെ ആദ്യവിടരലിന്‍ സുഗന്ധം.. മനുഷ്യനായ് ഇപ്പോള്‍ ആ കാട്ടില്‍ ഞാന്‍ മാത്രം..

എന്നില്‍ ജന്തുവാസന ഉണര്‍ന്നു.. കാടിന്റെ നടുവില്‍ ഞാന്‍ മൂത്രമൊഴിച്ചു. ആരും കാണാനില്ലാത്തപ്പോള്‍ ഞാന്‍ എന്തൊരു വഷളനും തോന്ന്യാസിയും സ്വാതന്ത്ര്യദാഹിയും എന്നോര്‍ത്ത് കുടുകുടാ ചിരിച്ചു.. ചിരിച്ചു ചിരിച്ച് കിതച്ചപ്പോള്‍ തണുതണുത്ത വായു ധാരാളം എന്റെ നെഞ്ചിലേക്ക് വലിച്ചെടുക്കപ്പെടുകയും ഞാന്‍ വര്‍ദ്ധിതവീര്യനായ് തീരുകയും ചെയ്യ്‌തു...

അങ്ങകലെ വെളുവെളുത്തൊരു രൂപം. അത് അനങ്ങുന്നു. എനിക്ക് കൗതുകം അടക്കാനായില്ല.. ഞാന്‍ അവിടേക്ക് നടന്നു ചെന്നപ്പോള്‍.. ഒരു മുത്തശ്ശി, വിറക് പെറുക്കി കൂട്ടുന്നു...
എന്നെ കണ്ടതും.. 'മക്കളേ.' എന്നൊരു വിളി, അവരുടെ തൊണ്ടയുടെ കമ്പനത്തില്‍ ഞാന്‍ വിറച്ചു പോയ്, ഈ പുലര്‍ച്ചെ ഇത്രയും പ്രായമായൊരു മുത്തശ്ശി ഈ കാട്ടില്‍....

'മക്കളെവിടുന്ന.......?' ഞാന്‍ അവരെ സൂക്ഷിച്ചു നോക്കുകയായിരുന്നു. ചുളിവുകള്‍ ..ചുളിവുകള്‍ ..മുഖവും ശരീരവും നിറയെ വാര്‍ദ്ധക്യം നിറഞ്ഞിരിക്കുന്നു. പക്ഷേ കണ്ണുകള്‍ അതി സൗമ്യവും സ്നേഹതീവ്രവുമായിരുന്നു..
'അതേയ്, എനിക്കൊരു ചായ കുടിക്കാന്‍ കാശു തരുവോ..?'
'എന്താ വല്ല്യമ്മച്ചീടെ പേരു...?' എന്നു ഞാന്‍ ചോദിച്ചു... 'മുത്തി...'
ഞാന്‍ കൈയിലിരുന്ന കുറച്ച് ചില്ലറകള്‍ അവര്‍ക്കു നല്‍കി.. മക്കളു കാടിനെ അകത്തേക്ക് അധികം പോകേണ്ടാ കേട്ടോ.... 'ഇല്ല ' എന്നു പറഞ്ഞ് ഞാന്‍ മുന്നോട്ട് നടന്നു.. വളവു തിരിഞ്ഞ് ഞാന്‍ നോക്കിയപ്പോള്‍ അവരില്ല...

കുറച്ചുകൂടെ മുകളിലേക്ക് കയറിയപ്പോള്‍ എനിക്ക് ശരിക്കും പേടി തോന്നി. ആരാവും ഈ മുത്തി.? ഞാന്‍ വേഗത്തില്‍ തിരിച്ചിറങ്ങി... അവര്‍ പെറുക്കിക്കൂട്ടിയ വിറകുകള്‍ അവിടുണ്ട്.. പക്ഷേ മുത്തി ഇല്ല..
ഞാന്‍ ചുറ്റിനും നോക്കി, അപ്പോഴാണു മക്കളു ഇത്ര വേഗം തിരിച്ചു വന്നോ.. എന്ന ചോദ്യം.. ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ കൈയില്‍ മറ്റൊരു വിറകു കഷ്ണവുമായ് അവര്‍ കാട്ടില്‍ നിന്നും കയറി വരുന്നു...

എനിക്ക് ആര്‍ത്തൊന്നു ചിരിക്കാന്‍ തോന്നി.. ഏ.റ്റി കോവൂര്‍, ഐരൂര്‍, നിരീശ്വരവാദ പുസ്തകങ്ങള്‍ വായിച്ച്... ഞാനും ഒരു മിടുക്കന്‍ എന്നു വിചാരിച്ചിരുന്നു.. പക്ഷേ.. ഞാന്‍ ഒരു പേടിച്ചു തൂറിയാണു.. മഹാ പേടിച്ചു തൂറി..!

ഞാന്‍ മുത്തിയമ്മയുടെ കൂടെക്കൂടി, അവരുടെ വിറകു കെട്ടിക്കൊടുത്തു..
മക്കളുണ്ട്, പക്ഷേ, മുത്തിയമ്മക്ക് അവരെ വിഷമിപ്പിക്കാന്‍ വയ്യ, അതുകൊണ്ട് രാവിലെ കാട്ടില്‍ വന്നു വിറകു ശേഖരിച്ച് ചായക്കടയില്‍ കൊടുത്ത് അവിടെ നിന്നും ഭക്ഷണം കഴിക്കും...

നല്ല ഭാരമുള്ള ആ വിറകു കെട്ട് അവരുടെ തലയില്‍ വെച്ചു കൊടുത്തപ്പോല്‍ സത്യമായും എനിക്ക് വല്ലാതെ വിഷമം തോന്നി..........

ഞാന്‍ കാടിന്റെ ഇറയത്തെത്തി, അവിടെ നിന്നും കിണറ്റിലെ വെള്ളം കോരി മുഖവും കാലും കഴുകുമ്പോള്‍ അമ്മയുടെ വിളി....... മോനേ..... എപ്പോഴാ വരിക..അമ്മയുടെ ശബ്ദത്തില്‍ ഒരു പനിച്ചൂട്.?

ഇന്നു തന്നെ ... രണ്ടു ദിവസത്തേക്ക് എന്നു വിചാരിച്ച് പോയ എനിക്ക് അമ്മയുടെ അടുത്തേക്ക് പറന്നു ചെല്ലാന്‍ തോന്നി...


മലമ്പുഴ യക്ഷി....




യക്ഷി ഇപ്പോള്‍ ഏകയാണു. ആരും അവളെ ശ്രദ്ധിക്കുന്നില്ല. ദേഹത്ത് ചൊറി വന്നതുപോലെ അടര്‍ന്നു പോയിരിക്കുന്നു. ചുറ്റും കാടു വളര്‍ന്നിരിക്കുന്നു.
എന്റെ പ്രിയപ്പെട്ട യക്ഷീ, നിന്നെ ഞാന്‍ ആദ്യമായാണു കാണുന്നത് . ചെറുപ്പത്തില്‍ നിന്റെ ഫോട്ടോ ഞാന്‍ മലയാള മനോരമയില്‍ കണ്ടിട്ടുണ്ട്. സ്ത്രീ നഗ്നത ഒപ്പിയെടുക്കുന്നതില്‍ ഏറ്റവും വിരുതനായൊരു ഫോട്ടോഗ്രാഫര്‍ നിന്നെ എന്റെ മനസ്സില്‍ എടുത്തുവെച്ചിരുന്നു. നിന്നെക്കാണാന്‍ അവിടേക്ക് ഒഴുകി വന്നിരുന്ന പുരുഷാരത്തെക്കുറിച്ച് വായിച്ച് ഞാന്‍ നിന്നെ രഹസ്യമായ് പ്രണയിച്ചിരുന്നു. കാനായ് കുഞ്ഞിരാമനോട് എനിക്ക് എന്തെന്നില്ലാത്ത ആദരവും സ്നേഹവും പിന്നെ അല്പം അസൂയയും തോന്നി. നിന്നെ ഞങ്ങള്‍ക്കു കാണിച്ചു തരുന്നതിനു മുന്നെ എത്രകാലം ആ ദുഷ്ടന്‍ മനസ്സില്‍ കൊണ്ടു നടന്നിട്ടുണ്ട് നിന്നെ..

എന്നാല്‍ നിന്റെ ദയനീയമായ അവസ്ഥകണ്ട്, എനിക്ക് സഹതാപം തോന്നി. അതാണു ഞാന്‍ നിന്നെ നോക്കി അങ്ങനെ നിന്നത്, പണ്ടായിരുന്നെങ്കില്‍ നിന്നെ കെട്ടിപ്പിടിച്ച് ഞാന്‍ ഒരു ഫോട്ടോ എടുക്കുമായിരുന്നു.. ഇപ്പോള്‍, എന്റെ പ്രണയിനിയെ ഞാന്‍ യക്ഷി എന്നു വിളിച്ചു തുടങ്ങിയതിനു ശേഷം, നിന്നെ കെട്ടിപ്പിടിക്കുക എന്ന മോഹം ഞാന്‍ ഉപേക്ഷിച്ചു. നീ പിണങ്ങരുതു കേട്ടോ.. ഒരു മനസ്സില്‍ രണ്ടു യക്ഷികള്‍ ചേരില്ലെന്നേ...

അല്ല, ഈ യക്ഷി, എന്ന വിളി, അത് എന്തൊരു പ്രണയമാണു എന്നില്‍ ഉല്പാദിപ്പിക്കുന്നതെന്നോ? എന്റെ പ്രണയിനിയും ആദ്യം എന്നോട് വഴക്കു കൂടി, എടാ എന്നെപ്പോലെ നിന്നെ സ്നേഹിക്കുന്നൊരുവളെ യക്ഷി എന്നു വിളിക്കാന്‍ നിനക്ക് എങ്ങനെ ധൈര്യം വന്നൂ എന്നൊക്കെ ചോദിച്ച് വലിയ വഴക്ക്...

അപ്പോള്‍ ഞാന്‍ ചോദിച്ചൂ.... യക്ഷികള്‍ എന്താണു ചെയ്യുക, അവര്‍ ഇഷ്ടപ്പെടുന്നവരെ സ്നേഹത്തോടെ കൂട്ടിക്കൊണ്ടു പോകുന്നു. അവരെ എല്ലാ രീതിയിലും സന്തോഷിപ്പിച്ച്,അവരുടെ മാംസം കാര്‍‌വ്വുചെയ്യ്തു തിന്ന്, രക്തം കോള കുടിക്കുന്നതുപോലെ കൊരവള്ളി പൊട്ടിച്ച് സ്ട്രോയിലൂടെ എന്ന രീതിയില്‍ പാനം ചെയ്യ്‌ത്, മുടിയും നഖവും എല്ലുകളും പനച്ചോട്ടില്‍ ഉപേക്ഷിക്കുന്നു....
ഒരു സ്ത്രീ പ്രണയത്തിന്റെ ഏറ്റവും അങ്ങേയറ്റത്തെത്തുമ്പോള്‍, ഒരു പുരുഷനെ അങ്ങനെയല്ലേ ചെയ്യുക, എന്നെ കൊന്നു തരൂ എന്നല്ലെ ഒരു പുരുഷനു ഒരു സ്ത്രീയോടു പറയുവാനുണ്ടാവുക...
യക്ഷിയും അവളുമായ് ബന്ധപ്പെട്ട കഥയും ഇന്നോളം ഞാന്‍ കേട്ടതില്‍ ഏറ്റവും സുന്ദരമാണു.. പ്രിയപ്പെട്ട യക്ഷികളേ..... നിങ്ങള്‍ നല്ലവരാണു..... നിങ്ങള്‍ മാത്രമാണു നല്ലവര്‍.. നിങ്ങളുടെ സൗന്ദര്യം നിങ്ങളുടെ നിണ്ട മുടിയഴക്, നിങ്ങളുടെ പാലപ്പൂ ഗന്ധം... എന്റെ പ്രിയ യക്ഷികളേ സുന്ദരിക്കോതകളേ...
ദേയ്, മനുഷേനേ അധികം യക്ഷിപ്രേമം പറഞ്ഞാല്‍ നിങ്ങളുടെ എല്ലും നഖവും മുടിയും കൂടെ ഞാന്‍ ബാക്കി വെച്ചേക്കില്ലെന്നു...അവള്‍ മുരളുന്നതു ഞാന്‍ കേട്ടു...

ങാ, മലമ്പുഴ യക്ഷീ..... നീ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ അപാരതയില്‍ അഭിരമിക്കുകയായിരുന്നു...(ഇനി പതിനെട്ടു വയസ്സ് ആകാത്തവര്‍ ഒന്നു കണ്ണടച്ചേക്കുക..)

കാനായി കുഞ്ഞിരാമന്‍ അവതരിപ്പിച്ച യക്ഷി, സാംസ്കാരിക കേരളത്തിലെ കപട സദാചാരത്തിന്റെ മുഖത്തേക്ക് അഞ്ഞൊരു തുപ്പായിരുന്നു. സ്ത്രീ എവിടെയും അടിച്ചമര്‍ത്താനുള്ള ഉപകരണമാണെന്ന ചിന്തക്ക് ഒരു കൊഞ്ഞനം കുത്തല്‍. രതി എന്നത് , കേവലം പാപമാണെന്നും സ്ത്രീയെ അതില്‍ കീഴ്പ്പെടുത്തുന്നതാണു പൗരുഷം എന്ന് കരുതുകയും ചെയ്യുന്ന കേരളീയ മണുക്കൂസ് രതിവീരന്മാര്‍ക്ക് മലമ്പുഴയിലെ യക്ഷി, ഒരു ചോദ്യമാവുന്നു. ഇത്തരമൊരു സ്ത്രീയെ പുരുഷന്‍ ഭയക്കും, ഒരു ശലഭത്തെപ്പോലെ പുരുഷനില്‍ പാറിപ്പറക്കുന്നൊരു സ്ത്രീ... അതിനിടയില്‍ അഴിഞ്ഞുപോയ അവളുടെ കേശഭാരത്തെ അവള്‍ കൈ ഉയര്‍ത്തി കെട്ടിവെക്കാന്‍ തുടങ്ങുന്നു.. സമ്മോഹനമായൊരു ചിന്ത. കാനായിയുടെ വിരല്‍ത്തുമ്പില്‍ എന്റെ സ്നേഹ ചുംബനം.



ഞാന്‍ യക്ഷിയെ കണ്ടതിനു ശേഷമാണു മലമ്പുഴ ഡാമില്‍ ബോട്ടില്‍ സഞ്ചരിച്ചത്........ അതാ അങ്ങകലെ ഒരു യക്ഷി... മുടി പിന്നിലേക്ക് വഴിഞ്ഞൊഴുകിയിരിക്കുന്നു... അവളുടെ മുലകള്‍ ആകാശത്തേക്കുയര്‍ന്നിരിക്കുന്നു... അവളുടെ കാലുകള്‍ അവള്‍ ഉയര്‍ത്തിവെച്ചിരിക്കുന്നു.. അവളുടെ ദൃഡമായ മുഖത്ത്, അതി ശക്തമായ സ്നേഹം... മലമ്പുഴയുടെ യക്ഷിയെ പ്രകൃതി കൊത്തിവെച്ചിരിക്കുന്നു.... ഹെന്റെ പ്രകൃതീശ്വരീ.. നീ ആ വിരലൊന്നു നീട്ടൂ... ചുംബിക്കാനല്ല.. അതില്‍ എനിക്കൊന്നു വീണുറങ്ങാന്‍...!

വൈകിട്ട് തിരിച്ചു ബസില്‍ , ഇരുട്ടിലൂടെ ബസ് കുതിച്ചുപായുന്നു.. തണുത്തകാറ്റ് ,... ഹോ ഞാന്‍ മറന്നിരുന്ന മഴ, അവളുടെ വരവാണു.... എന്നാല്‍ എന്നെ ഓടിച്ചിട്ട് പിടിക്കാന്‍ കഴിയാത്തതില്‍ അവള്‍ മുഖം വീര്‍പ്പിച്ചു നിന്നു.... ഞാനൊരു സ്വപ്നക്കോണിയില്‍ കയറി അവളുടെ അരികിലേക്ക് കയറിച്ചെന്നു കവിളില്‍ ആഞ്ഞൊരു ഉമ്മവെച്ചു........ അവള്‍ അവളുടെ പരിഭവം മതിയാക്കി..!

(ഇതിലെ ചിത്രങ്ങള്‍ക്ക് ഗൂഗിളേ നന്ദി ഗൂഗിളേ സോത്രം..)

2009, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

വിവരമില്ലാത്തവന്‍ കവിത സ്വപ്നം കാണുമ്പോള്‍...

അഹങ്കാരി വാക്കുകള്‍...
------------------

ഞാനൊരു സ്വര്‍ണ്ണക്കൂട്ടിലെന്‍ വാക്കുകളെ മെരുക്കിയിടവേ, അവ എന്നോട് കയര്‍ക്കുന്നു. ചിലവ എന്നെ നോക്കി വെല്ലുവിളിക്കുന്നു. ചില വാക്കുകള്‍ ആത്മഹത്യാ ഭീക്ഷണി മുഴക്കുന്നു. മറ്റുചിലവ ചുമ്മാ ചിലക്കുന്നു. ചിലവ അലമുറയിട്ട് കരയുന്നു. എന്റെ മനസ്സിന്റെ കൂട്ടില്‍ തലതല്ലി എന്നെ പ്രാകുന്നു...!

ഓര്‍മ്മകള്‍ ഭക്ഷണമായ് നല്‍കവേ, അവ തിരിഞ്ഞ് നിന്ന് തൂവല്‍ പൊഴിച്ച് ചിറകിട്ട് തലക്കു തല്ലുന്നു..
ഇവ പട്ടിണി കിടന്നു നരകിച്ചു ചാവുമെന്നെത്തിയപ്പോള്‍ ഞാനൊരു സന്ധി സംഭാഷണത്തിനെത്തി.

അത് പരാജയപ്പെട്ടത് എന്റെ കുഴപ്പമല്ല..
അവരു മാത്രമാണു ചിലച്ചത് ഞാന്‍ കേട്ടിരുന്നു.
ഇതാ, ഇപ്പോള്‍ എത്രവട്ടം ഞങ്ങള്‍ സമ്മേളിച്ചിരിക്കുന്നു. അവയാണു ചിലക്കുന്നത്...
ഞാന്‍ മൗനി, സ്വാതന്ത്ര്യം ഇത്രക്ക് ആകര്‍ഷകമോ.?
വാക്കുകള്‍ എന്റെ തലയില്‍ കാഷ്ഠിച്ചു. ഞാനവരുടെ തുടക്ക് ചുട്ടയടികൊടുത്തു.. ഇപ്പോള്‍ വാക്കുകള്‍ നിശ്ബദരായ്.. അവയെന്നെ നോക്കി നോക്കി കൊല്ലുന്നു...ദയനീയതക്ക് ഇത്രക്ക് മൂര്‍ച്ചയോ..?
ഞാന്‍ കൂടു തുറന്നു.. പിന്നെ തിരിഞ്ഞിരുന്നു...
ഇല്ല, ആരും പറന്നകലുന്നില്ല. എന്നെ വട്ടമിട്ട് പറക്കുന്നു...
അവയുടെ തൂവലിനാല്‍ എന്നെ വീശുന്നു...
ഹോ ! ഞാനവയെ നേരത്തെ വിശ്വസിച്ചിരുന്നെങ്കില്‍.!

******************

മരത്വം.......

----------
പ്രിയേ,
നമ്മള്‍ സംസാരിച്ചത് പ്രണയം !
നീ എന്റെ ചുണ്ടില്‍ മുദ്രവെച്ചു
ശ്വാസംകിട്ടാതെ ഞാന്‍ പിടച്ചുനീറി..
അപ്പോള്‍ ആ മരം എന്തായിരുന്നു
നമ്മോട് പറയാന്‍ ആഗ്രഹിച്ചത്..?
'അതിനു അസൂയയെന്നു...' നീ
'ഹേയ് അല്ലേ അല്ല...'
മരത്തിനു എന്തിനു മനുഷ്യത്വം ?
അതിനുമപ്പുറം പോകുന്ന
മരത്വം ആസ്വദിക്കുന്നവര്‍,
അപ്രാപ്യമായ ചിന്തകള്‍ നിന്റെ
തലച്ചോറിനെ ചിതലരിക്കും മുന്നെ
എന്നെ പുണര്‍ന്നുമ്മവെക്കൂ...
ഹൂഉം...ഹൂഉം.... ഹൂഉം..!

**************


ഭ്രാന്താണു ശ്രേഷ്ടം.
-----------------
പ്രണയി,കവി, ഭ്രാന്തന്‍. ...ഒരുപോലെ
ഷേക് സ്പിയര്‍......
പ്രണയി,
കവി,
ഭ്രാന്തന്‍......
നിങ്ങള്‍ മൂന്ന്... ഞാന്‍...
പ്രണയി, തുടക്കം,
തലച്ചോറിലെ ചെറു ചലനം,
മനുഷ്യന്‍ മനുഷ്യനെ അറിയുന്നു .
കവി, തുടര്‍ച്ച,
പ്രകൃതി കനിവുകാട്ടുന്നു.
ഭ്രാന്തന്‍,
എല്ലാം തന്നിലേക്ക് ആവാഹിച്ച തമോദ്വാരം..!
ഞാന്‍.........ഭ്രാന്തന്റെ വാക്കുകള്‍.........
ഒരു മരണച്ചിരി..!
അല്ലെങ്കില്‍
ഒരു ജീവിതക്കരച്ചില്‍.

******************


ആരാച്ചാര്‍
----------------
വാക്കുകള്‍...
അവയെന്റെ സ്വാതന്ത്ര്യമെന്നു ഞാന്‍
അവയ്ക്കൊരു മൂക്കുകയറെന്നു നീ...
നിന്നിലൂടെ ഒഴുകണമവ,
നീ അറിഞ്ഞേ അവക്കു ജീവന്‍ വെക്കാനും
പാടിപ്പറക്കാനും പാടുള്ളുവെന്നു നീ..
നിന്റെ താളത്തിനൊത്തു തുള്ളണം
നിന്റെ രാജസദസ്സിലെ നര്‍ത്തകികളാകണം.
നിനക്ക് തോന്നിയതുപോലെ വ്യഭിചരിക്കാന്‍
വിട്ടുതരില്ല ഞാന്‍ എന്റെ വാക്കുകളെ..
ഇന്നലെ രാത്രി ഞാന്‍ അവയെ
തൂക്കിക്കൊന്നു..!


**************

ബലി മൃഗം........
--------------------


ബലിക്കല്ലില്‍ നിന്നും
വലിച്ചെറിയപ്പെട്ട,
പാതിചത്ത ബലിമൃഗത്തിനു..
എന്തിനായിരുന്നു നീ
നിന്റെ പാതി ജീവന്‍ നല്‍കിയത് ?

കാടിന്റെ വന്യസൗന്ദര്യത്തെക്കുറിച്ചു
കവിതചൊല്ലി,
കാറ്റിന്‍ മൃദുസ്പര്‍ശത്തില്‍
ഉറക്കിയത്...?

വീണ്ടും നിന്റെ ബലിക്കല്ലില്‍
എന്നെ ബലിയൊരുക്കാനോ..?
സ്വപ്നങ്ങള്‍ വറ്റിയ മിഴികളെങ്കിലും
നിനക്കായ് ഒരുങ്ങിക്കഴിഞ്ഞു...!

ആയുധം
രാകി മൂര്‍ച്ചകൂട്ടുക...
ഹോ.....!നിന്റെ സ്നേഹത്തിന്റെ വായ്ത്തല
എന്നെ നോവിക്കുകയേ ഇല്ല

*************

മരം പറയുന്നത്.

അതേയ്, അങ്ങനെയല്ല...
പിന്നെ എങ്ങനെ..?
അതു ഞാന്‍ പറയില്ല...
പറയൂന്നേ...
അവന്‍ അവളുടെ മുഖത്തേക്ക് നിര്‍ന്നിമേഷം നോക്കിയിരുന്നു.. അവള്‍ കണ്ണു ചിമ്മാതെ അവനെയും...
മരം അവര്‍പറയുന്നതുകേട്ട് നില്‍ക്കുകയായിരുന്നു. അത് ചെവികള്‍ തുറക്കാറേ ഇല്ലായിരുന്നു. പൂവുകള്‍ ഉണ്ടാവുമ്പോഴേ അവയുടെ ചെവിയില്‍ അത്, മഞ്ഞു തുള്ളിയുരുക്കിയൊഴിക്കും...ലോകത്തിന്റെ വാക്കുകള്‍ അവരെ കളങ്കപ്പെടുത്താതിരിക്കാന്‍...
എന്നാല്‍ വളരെ നാളുകള്‍ക്കു ശേഷം പ്രണയപൂര്‍‌വ്വം രണ്ടുപേര്‍ സംസാരിക്കുന്നു... അവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ മരം തന്റെ അനന്തമായ ചെവികള്‍ തുറന്നു വെച്ചു..

'എനിക്ക്.... എനിക്ക്..'.

അവന്‍ കണ്ണിലൂടെ അവളോട് ചോദിച്ചൂ..
'പോടാ കള്ളാ ' അവള്‍ മിഴികളിലൂടെ പരിഭവിച്ചു..

മരത്തിനു അതു രസിച്ചു.. കൊള്ളാം..! അത് ഇലകള്‍ കുലുക്കി സമ്മതിച്ചു... 'ഉമ്മ വെക്കണം..' പതിയെ മരം അവനോട് പറഞ്ഞൂ...

'ഹേയ് നീ വല്ലതും പറഞ്ഞുവോ...?' അവന്‍ അവളോട് ചോദിച്ചു .

' ഇല്ലാ, എന്തേ... ?' എനിക്ക് തോന്നിയതോ പെണ്ണേ.. അതോ നിന്റെ മനസ്സു പറഞ്ഞതോ.. അവനവളുടെ കവിളിലേക്ക് കവിള്‍ മുട്ടിക്കാന്‍ ചാഞ്ഞൂ..

'ഈ ചെക്കനിതെന്തിന്റെ കേടാ..?' അവള്‍ അവന്റെ കവിളിലൊരു നുള്ളുകൊടുത്തു.... 'ശോ..!' നീറിപ്പോയല്ലോ അവനു..
മരത്തിനു ചിരി വന്നു.. ആ ചിരിയില്‍ പൊഴിഞ്ഞത് മൂന്നാലു പൂക്കള്‍... വീണതോ, അവളുടെ നെറ്റിയിലും മുടിയിലും മൂക്കിന്‍ തുമ്പിലും പിന്നെ.... ഹോ !മരത്തിനും നാണം വന്നൂ..! അത് കണ്ണുകളടച്ച് നാണിച്ചു.!
പൂ മണക്കുന്ന അവളെ അവന്‍ നോക്കി നോക്കി കൊതിച്ചു.. മരം അപ്പോള്‍ വീണ്ടും പറഞ്ഞൂ..'ഉമ്മ വെക്കൂ...'

ഇത്തവണ അവന്‍ അമാന്തിച്ചില്ല, അവളെ അമര്‍ത്തിയമര്‍ത്തിയുമ്മ വെച്ചു...

മരത്തിനു കോരിത്തരിച്ചു... അത് അവരെ പൂകൊണ്ടു മൂടി... ഇലകളില്‍ മുഖം പൊത്തിയിരുന്ന മഞ്ഞു തുള്ളീകളെ കളിയോടെ കുടഞ്ഞിട്ട് അവരെ കുളിരില്‍ മൂടീ.....

കാറ്റു വന്നു മരത്തിന്റെ താടിക്കൊരു തട്ടുകൊടുത്തപ്പോഴാണല്ലോ മരം ഉണര്‍ന്നത്.. .. അപ്പോള്‍ അവള്‍ പൂക്കളെല്ലാം കൊഴിഞ്ഞുപോയൊരു മരമായി മാറിയിരുന്നു.. അവളുടെ സ്വപ്നങ്ങള്‍ മണ്ണില്‍ വീണു കിടന്നു നിലവിളിക്കുന്നു...
ഒരു പൂവിന്‍ കുഞ്ഞുമാത്രം അവളുടെ നെറ്റിയിലിരുന്നു പറഞ്ഞു....

'ഇല്ല, അതിമോഹമാണു നിന്റെ സ്വപ്നം! ഇനി ഭൂമിയില്‍ മനുഷ്യര്‍ പ്രണയിക്കില്ല.....
!'

എവിടെ നിന്നോ പറന്നു വന്നൊരു കുരുവിക്കുഞ്ഞുപറഞ്ഞൂ 'സാരമില്ലാട്ടോ... ഞാന്‍ വലുതാവട്ടെ... പ്രണയിച്ച് എന്റെ കൂട്ടുകാരിയുമായ് വന്ന് ഇതില്‍ ഞാന്‍ കൂടുകെട്ടാം കേട്ടോ.'. എന്നിട്ട് അവനൊരു കുരുവിക്കൊത്ത് കൊടുത്തൂ അവളുടെ ഇലനാമ്പില്‍;.....

'ഹെന്റെ കുരുവിക്കുട്ടീ.......!' മരത്തിന്റെ നാവുണര്‍ന്നു വിളിച്ചു...

'മേഴ്സീ റ്റു മീ ..'

ഏകനായിരുന്നു ഞാന്‍. അന്തരീക്ഷത്തില്‍ ഈര്‍പ്പം നിറഞ്ഞിരുന്നു. നേര്‍ത്ത വെളിച്ചം മാത്രം. കട്ടിലുകള്‍ നിരന്നു കിടക്കുന്നു. അതില്‍ പാദം മുതല്‍ തലവരെ മൂടിക്കിടക്കുന്ന മനുഷ്യര്‍. നിശബ്ദമായ അന്തരീക്ഷം. ഉറങ്ങുന്നവര്‍ കൂര്‍ക്കം വലിക്കുന്നതുപോലുമില്ലേ..?

ഞാന്‍ നടക്കുകയാണു. എന്റെ കാലടികള്‍ക്കു ശബ്ദമില്ല. തറ വിഴുങ്ങുന്നുവോ എന്റെ കാലടി ശബ്ദത്തെ ? അകലേക്ക് അകന്നകന്നു പോകുന്ന ഇടനാഴി. ഇപ്പോള്‍ ആരും ഇല്ല. നടന്നു നടന്നു ചെല്ലവേ ഒരു കട്ടിലില്‍ ഒരാള്‍ മൂടിപ്പുതച്ചു കിടക്കുന്നു. അയാളുടെ തൊട്ടടുത്ത് ഒരു വാതില്‍. ഞാന്‍ വാതിലിനടുത്തെത്തിയപ്പോള്‍, കട്ടിലില്‍ പുതച്ചു മൂടിക്കിടന്നയാള്‍ ചാടിയെണീറ്റു. അയാളുടെ മുഖം അവ്യക്തമായിരുന്നു. എന്നാല്‍ ലോകത്തിലെ എല്ലാ ശൈത്യവും ഉറഞ്ഞതുപോലെ അയാളുടെ നോട്ടം എന്നില്‍ പതിച്ചു. അയാള്‍ കൈകള്‍ നീട്ടി എന്നെ പിടിച്ചു. അല്‍ഭുതം അത് വിരലുകള്‍ കൊണ്ടായിരുന്നില്ല. അയാളുടെ കൈകള്‍ എന്നെ കാന്തം എന്നതുപോലെ ആകര്‍ഷിച്ച് എടുക്കുകയായിരുന്നു.

'മേഴ്സീ റ്റു മീ മേഴ്സീ റ്റു മീ'

എന്നയാള്‍ പുലമ്പിക്കൊണ്ടിരുന്നു. വാക്കുകള്‍ മണ്ണുപിളര്‍ന്നു വരുന്നതുപോലെ എനിക്ക് തോന്നി. അയാളുടെ കൈകളില്‍ നിന്നും രക്ഷപ്പെടാന്‍ ഞാന്‍ കിണഞ്ഞു പരിശ്രമിച്ചു. ഇല്ല, അയാളുടെ കൈകള്‍ എന്നെ തണുപ്പിനാല്‍ കത്തിക്കുന്നു. ഒടുവില്‍ കുതറിമാറി വാതില്‍ തുറന്ന് ഞാന്‍ പുറത്തേക്ക് ചാടി, സൂര്യപ്രകാശം അയാളുടെ ദേഹത്ത് കൊണ്ടപ്പോള്‍ അയാള്‍ ആവിയായ് മാറി.......
പുറത്ത് ദൂരെ ദൂരെ ഒരു മനുഷ്യന്‍ അതീവ ദുഃഖിതനായ് ഇരിക്കുന്നു. താടിയും മുടിയും നീട്ടിയ ഒരു യേശുമുഖം. അതിനപ്പുറത്തേക്ക് ഇരുട്ട്...

ഹോ..! ഞാന്‍ മരിക്കുകയാണു.. എനിക്ക് എന്നെ നഷ്ടമാകുന്നു. ശരീരം തണുക്കുന്നു.. മരണത്തെ ഇങ്ങനെ ആയിരുന്നില്ല ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. എനിക്കതൊരു മധുരമുള്ള പാട്ടോ തേന്‍ തുള്ളിയോ ആയിരുന്നു.
പെട്ടന്ന് ഞാന്‍ ബോധത്തിലേക്ക് ഉണര്‍ന്നു. ഞാന്‍ എവിടെ..?

കുറച്ചു സമയത്തിനു ശേഷം ഞാന്‍ എന്റെ മുറിയുടെ വാതില്‍ കണ്ടു പിടിച്ചു...!

അണക്കെട്ട്...

പുഴ ഒഴുകുകയായിരുന്നു. മലകളുടെ മാറിനിടയിലൂടെ... അപ്പോഴാണു ആദ്യത്തെ കരിങ്കല്ലിന്‍ കഷ്ണം അവളിലേക്ക് എറിഞ്ഞു തറച്ചത്. അവള്‍ക്ക് വേദനിച്ചു.. അവളുടെ ദേഹത്ത് മണ്ണുപൊടിഞ്ഞൂ.. അത് വെള്ളത്തില്‍ കലങ്ങിയൊഴുകി. വീണ്ടും കല്ലുകള്‍ എറിഞ്ഞുറപ്പിക്കപ്പെട്ടു.

പുഴയപ്പോള്‍ മറ്റൊരു വഴിക്ക് തിരിച്ചു വിടപ്പെട്ട്രിരുന്നു. വഴി അത്രക്ക് സുഗമമായിരുന്നില്ല. ഇടുങ്ങിയ വഴികളിലൂടെ അവള്‍ വേഗത്തില്‍ നടന്നു.. ഇടം കുറഞ്ഞവഴികളില്‍ ഇവളെന്തിനാണു ഇങ്ങനെ പേടിച്ചോടുന്നത്..? വിശാലമായ വഴികളില്‍ അവള്‍ അലസമനോഹരിയാവും.. പൂക്കള്‍ അവളെ നോക്കി കണ്ണെഴുതും. മരങ്ങള്‍ അവയുടെ മുഖം നോക്കി ആസ്വദിച്ച് ഇളകി ചിരിക്കും...

അന്ന്, വഴിമാറ്റിയൊഴുക്കപ്പെട്ടിരുന്ന പുഴ തന്റെ പഴയവഴികളിലേക്ക് ആനയിക്കപ്പെട്ടു.. കൊട്ടും മേളവും കതിനയും എല്ലാമുണ്ടായിരുന്നു. തന്നെ സ്നേഹിക്കുന്ന മനുഷ്യനെ പിടിച്ച് തെരുതെരെ ഉമ്മവെക്കാന്‍ പുഴക്കു തോന്നി.. അതിവിശാലമാക്കപ്പെട്ടിരുന്നു അവളുടെ വഴികള്‍. അവള്‍ പോയതിനു ശേഷം കരിഞ്ഞുണങ്ങിയ പുല്‍ നാമ്പുകളെ അവള്‍ ആവേശത്തോടെ നെഞ്ചിലേക്ക് വാരിയെടുത്തൂ... അവയും പുഴയുടെ പുഴപ്പാല്‍ കുടിച്ച് തിമിര്‍ത്തൂ.

അരാണു തന്നെ തടഞ്ഞു നിര്‍ത്തുന്നത്? ബലിഷ്ടമായ കരങ്ങള്‍, പുഴ കുതറിമാറി, അവിടെയും കൈകള്‍..കരുത്താര്‍ന്ന കൈകള്‍.. പുഴ മുകളിലേക്ക് ഉയര്‍ന്നു, പുഴ വശത്തേക്ക് മാറി, ഇല്ല അനന്തമായ കൈകള്‍ നീട്ടി നീട്ടി അവളെ അവന്‍ ചേര്‍ത്തു ചേര്‍ത്തു പിടിക്കുന്നു. കരിങ്കല്ലിനു ബലാക്കാരം മാത്രമേ വശമുണ്ടായിരുന്നുള്ളൂ... അവനൊരു മുഠാളനെപ്പോലെ അവളെ വാരി നെഞ്ചിലിട്ട്... അവളവന്റെ കരണത്തടിച്ചു. കരിങ്കല്‍ കോട്ടയനങ്ങിയില്ല. അവളവന്റെ നാഭിക്ക് ചവിട്ടി.. അവനതു കൂസാക്കിയതേ ഇല്ല.. ഒടുവില്‍... അവള്‍ തടിച്ചുയര്‍ന്നു.. അവളിലെ ചലനങ്ങള്‍ അവളില്‍ തന്നെ ചത്തൊടുങ്ങി. സംക്രമിക്കപ്പെട്ട ഊര്‍ജ്ജവുമായ് അവള്‍ അവനെ വെറുത്തുകൊണ്ട് ആ മാറില്‍ കിടന്നു...
കശ്മലന്‍ ഒരു വാക്കുപോലും കനിവോടെ അവളോട് മിണ്ടിയതുമില്ല..!

ആ കരിങ്കല്‍ മൗനം മാത്രമായിരുന്നു പുഴയുടെ ആശ്വാസം. അവള്‍ അവനെക്കുറിച്ചോര്‍ത്ത് വിഷാദിച്ചു.
എന്നെ കാത്ത് അവനവിടെ... ഞാന്‍ എത്തിയില്ലെങ്കിലും അവനെ കാമിക്കാന്‍ എത്ര പുഴകള്‍.. എന്നാലും അവനോട് ചേരുമ്പോള്‍ അവന്റെ വേര്‍പ്പില്‍ കുതിര്‍ന്ന് ഇല്ലാതാവുമ്പോള്‍ അനുഭവിക്കുന്ന ആനന്ദം..ഇനി ഒരിക്കലും തനിക്കതിനാവില്ലേ...?

ഗുളും...! ഒരു ചെറിയ ദ്വാരം... കരിങ്കല്‍ കൊട്ടക്കുള്ളിലെ ആ ദ്വാരത്തിലേക്ക് അവള്‍ വലിച്ചെടുക്കപ്പെട്ടു. കനത്ത ഇരുട്ടിലൂടെ അവള്‍ ഒഴുകി.. മരണത്തിന്റെ നിശ്ചബ്ദതയും നിശ്ചലതയും അവള്‍ അഭിമുഖീകരിച്ചു..
ഈ കനത്ത ഇരുട്ട് കരിങ്കല്ലിന്റെ ഹൃദയം എന്ന് കരുതി അവള്‍ അവനോട് സംസാരിച്ചു... പുഴ, ബുദ്ധിയുള്ളൊരു പെണ്‍കൊടിയായ്...

"ഹേയ്, കരുത്തേ... എന്നെ ഇങ്ങനെ ശ്വാസം മുട്ടിക്കാതെ എനിക്ക് നിന്നെ ഇഷ്ടമാണു. നിന്റെ കരുത്തില്‍ ഞാന്‍ അഭിരമിക്കുന്നു..".

ഒരു നേരിയ ചലനം കരിങ്കല്‍ക്കോട്ടയുടെ ഹൃദയം ഒന്നനങ്ങി..... ഹോ പുഴ ഒരു തുള്ളിയായ് പുറത്തെത്തി... അവള്‍ പതിയെ താഴോട്ട് ഒലിച്ചിറങ്ങി.. സ്വാതന്ത്ര്യത്തിന്റെ വായൂ ആവോളം വലിച്ചു കുടിച്ച് നീരാവിയായ്... സ്വാതന്ത്ര്യസമര രക്ത്സാക്ഷിയായ് ആ പുഴത്തുള്ളി..!

പിന്നീട് അവള്‍ അവന്റെ ഹൃദയത്തിന്റെ ആ വിടവിലൂടെ പതിയെ പതിയെ ഒലിച്ചിറങ്ങി.. അതൊരു ചെറിയ ചാലായ്.. പിന്നെ നിരന്തരം പ്രവഹിക്കുന്നൊരു ചെറിയ അരുവിയായ്....ഇന്ന്........ അവള്‍ ആ കരിങ്കല്‍ കോട്ട പൊട്ടിച്ചിതറിച്ചു.. അവന്റെ ഹൃദയത്തില്‍ അവള്‍ ആഞ്ഞൊരടിയായിരുന്നു.. അവന്‍ കഷ്ണം കഷ്ണമായ് ആകാത്തേക്ക് ചിതറിത്തെറിച്ചു...

പുഴക്ക് ഭ്രാന്തു പിടിച്ചിരുന്നു. അവള്‍ തന്റെ അഴിഞ്ഞുലഞ്ഞ മുടിയൊന്നു കെട്ടിവെച്ചില്ല... അവള്‍ ഉടയാടകള്‍ ഊര്‍ന്നുപോയതറിഞ്ഞില്ല... ഉന്മാദിനി..... ഓടുകയായിരുന്നു..അല്ല പറക്കുകയായിരുന്നു.. കാമുകന്റെ നെഞ്ചിലേക്ക്.. വഴിയില്‍ തടസമായി തൊട്ടതിനെയെല്ലാം അടിച്ചു തകര്‍ത്ത്..പുഴ...

ഭ്രാന്തിപ്പുഴ... അലറിക്കുതിച്ചു..........!