2012, ഏപ്രിൽ 3, ചൊവ്വാഴ്ച

ഖസാക്കിനെ ചുറ്റിയ സര്‍പ്പം...

രവിയിലാരംഭിച്ച് രവിയില്‍ അവസാനിക്കുന്ന ഖസാക്കിന്റെ ഇതിഹാസം. രവിയെന്ന അശാന്തനായ യാത്രക്കാരന്‍ ഖസാക്കിലേക്ക് ഒരു നിയോഗം പോലെ എത്തി തന്റെ കര്‍മ്മപരമ്പരപൂര്‍ത്തിയാക്കി മരണത്തിലേക്ക് യാത്രയാവുന്നു. യാത്രയില്‍ തുടങ്ങി യാത്രയ്ക്കായ് കാത്തു കിടക്കുന്നവന്‍.

ഖസാക്കിന്റെ ആദ്യവായനയില്‍ രവിയെ കണ്ടുമുട്ടുമ്പോള്‍ വായനക്കാരന്‍ രവിയില്‍ അഭിരമിച്ചുപോകും. രവി ആത്മഭാവമാണു. അതിലൂടെ അന്വേഷ്ണം ആരംഭിക്കുമ്പോള്‍ ഖസാക്ക് നിഗൂഡമായൊരു താഴ്വാരവും ചിതലിമല ആത്മാക്കള്‍ തുമ്പികളായ് മാറുന്ന സ്വപ്നസന്നിഭവും വന്യവുമായൊരു സ്ഥലമാകുന്നു. അവിടെ

മനുഷ്യര്‍ അത്ഭുതങ്ങളാവുന്നു. മാര്‍ക്കേസിന്റെ ഏകാന്തതയുടെ നൂറുവര്‍ഷങ്ങളിലെ പോലെ കഥാപാത്രങ്ങള്‍

യാഥാര്‍ത്ഥ്യവും കൗതുകവും പ്രഹേളികയായും മാറുന്നു. ഓ.വി വിജയന്‍ ഏകാന്തതയുടെ നൂറുവര്‍ഷങ്ങളിലൂടെ സഞ്ചരിച്ചിട്ടില്ലെങ്കില്‍ ഈ പാത്ര നിര്‍മ്മിതി അസാധാരണവും അതിശയകരവുമാണു.

ഇതിഹാസം വായനയുടെ നിരവധി വാതിലുകള്‍ തുറക്കും. ഒരിക്കല്‍ അകത്തു കടന്നൊരാള്‍ കയറിയ വാതിലിലൂടെ തിരിച്ചിറങ്ങുന്ന പതിവുമില്ല. ഖസാക്കിന്റെ ഇതിഹാസവും വായനക്കാരനെ നിരന്തരം വഴിചുറ്റിക്കുകയും അവനെ ചുഴലിക്കാറ്റില്‍ കറക്കുകയും ചെയ്യുന്നു.

നൈസാമലിയുടെ നെഞ്ചിലുറഞ്ഞ സ്നേഹമായിരുന്ന മൈമൂനയെ അള്ളാപ്പിച്ച മൊല്ലാക്ക മുങ്ങാങ്കോഴിക്ക് നിക്കാഹ് ചെയ്യ്‌തുകൊടുക്കുന്നതുമുതല്‍ വായിക്കുകയാണു.

'ചാക്കടിയന്തിരത്തെപ്പോലെ നിക്കാഹ് കഴിഞ്ഞു. വരണ്ട കവിളുകളെ വെടിപ്പു വരുത്തി, കൊട്ടുകാലിന്മേല്‍ കോടി ചുറ്റി, മുങ്ങാങ്കോഴി എന്ന ചക്രുരാവുത്തര്‍ മണവാളന്‍ ചമഞ്ഞു വന്നു.'

അന്നു രാത്രി ഖസാക്കിലെ പാടങ്ങള്‍ മുറിച്ച് ഒരാള്‍ കൂമന്‍ കാവിനുനേരെ നടക്കുന്നത് ആരും കണ്ടില്ല. മാനത്ത് കാലവര്‍ഷം കാത്തു നിന്നു. ഇടിമിന്നലില്‍ വഴി തെളിഞ്ഞു. മനുഷ്യന്‍ ചവിട്ടിപ്പോയ വഴിത്താരയല്ല.

വിണ്ടുകീറിയ കട്ടകളും നെരിഞ്ഞല്‍ മുള്ളുകളും പാമ്പിന്‍ പുറ്റുകളും. അശാന്തരായ ഇഫിരിത്തുകളുടെ സഞ്ചാരപഥം. നൈസാമലി അതിലൂടെ മുന്നോട്ട് നടന്നു. ചെതലി അകന്നു കാണാതായി. കലിയടങ്ങാതെ അയാള്‍ പിന്നെയും നടന്നു.

പിന്നീട് ഒരു വര്‍ഷത്തിനു ശേഷം തിരിച്ചുവരുന്ന നൈസാമലി, ബീഡിക്കമ്പനിയില്‍ വീണ്ടും ജോലിക്കു ചേരുകയും കമ്യൂണിസ്റ്റായ് തൊഴിലാളികളെ സംഘടിപ്പിച്ച് സമരം ചെയ്യുന്നതിന്റെ പേരില്‍ ജയിലില്‍ പോവുകയും ചെയ്യുന്നു.

ജയില്‍ മുറിയില്‍ തല്ലുകൊണ്ട് അവശനായി കിടന്ന നൈസാമലി ഒരു ചോദ്യത്തിനു വ്യര്‍ത്ഥമായി ഉത്തരം തേടി. 'അള്ളാപ്പിച്ചമൊല്ലാക്കയും താനുമായുള്ള യുദ്ധത്തില്‍ പോലീസിനെന്തു കാര്യം..?

നെസാമലി തിരിച്ചറിവിന്റെ പാതയിലേക്കെത്തുകയാണു. മതമാണു രഹസ്യകലാപങ്ങള്‍ക്ക് രാഷ്ട്രീയത്തെക്കാള്‍ നന്നെന്ന്.

പോലീസ് ഇന്‍പെക്ടറുടെ അടുത്തെത്തി അയാള്‍ പറയുന്നു..." ഏജമാ, ഞമ്മള്‍ ഇതീന്നൊക്കെ വ്ടാണു..' സൂക്ഷിച്ച് മുഖത്തേക്ക് നോക്കി എന്തേ ഈ ബുദ്ധി നേരത്തെ തോന്നിയില്ലെന്ന ഇന്‍സ്പെക്ടറോട് നൈസാമലി പറയുന്നത് " ഒക്കെ മായയാക്ക്ം. ഏജമാ.!"

സെയ്യദ് മിയാന്‍ ശെയ്ഖ് തങ്ങളിന്റെ ഖാലിയാരായ് പോലീസ് സ്റ്റേഷനില്‍ വെച്ചേ നൈസാമലി രൂപാന്തരം പ്രാപിക്കുന്നു. അവിടെ മുതല്‍ നൈസാമലി ഖസാക്കിന്റെ മണ്ണില്‍ ശിക്ഷകനും രക്ഷകനുമായി മാറുന്നു.അറബിക്കുളത്തിലെ പാതിരാക്കുളി, രാജാവിന്റെ പള്ളിയില്‍ സര്‍പ്പശയനം. മീസാന്‍ കല്ലുകളും കത്തിയെരിഞ്ഞ ചന്ദനത്തിരികളുടെ കുറ്റികളും കണ്ണു ചൂഴ്ന്നെടുത്ത പെരിച്ചാഴിത്തലകളും ,മഞ്ഞള്‍പ്പൊടിയും വെടിമരുന്ന് കത്തിക്കരിഞ്ഞ ചതുപ്പുമണ്ണുമായി ഖസാക്കില്‍ നൈസാമലി പുതിയ സാമ്രാജ്യം സ്ഥാപിച്ചു. മൈമൂനയുമായുള്ള രതിയും പ്രണയവും അയാള്‍ വീണ്ടെടുത്തു..

മൊല്ലാക്കയുടെ ഓത്തുപള്ളിയുടെ അധീശത്വം തകരണമെങ്കില്‍ രവിയുടെ ഏകാദ്യാപക വിദ്യാലയം വരണമെന്ന് നൈസാമലിക്ക് നിശ്ചയമുണ്ടായിരുന്നു. ഓത്തുപള്ളിയിലെ ഭദ്രാസനത്തിലിരുന്നുകൊണ്ട് മൊല്ലാക്ക ഖസാക്കിന്റെ പുരാണം പഠിപ്പിച്ചവരില്‍ പുതിയൊരു ബോധം സൃഷ്ടിക്കുന്നതിലൂടെയേ തനിക്ക് വിജയം വരിക്കാനാവു എന്ന് നൈസാമലി തിരിച്ചറിഞ്ഞതിന്റെ ഭാഗമായാണു അയാള്‍ മൊല്ലാക്കയ നേരിട്ടെതിര്‍ക്കുകയും മൊല്ലാക്കയെ അടക്കിയിരുത്തുന്നതും..!

'പായലും പിടിച്ച് പാതിരയ്ക്ക് കൂടുപറ്റുന്ന മുങ്ങാങ്കോഴിയെ അവള്‍ മടിയില്‍ കിടത്തുകയും കൊഞ്ചിത്താലോലിക്കുകയും ചെയ്തു.' മുങ്ങാങ്കോഴിയുമായുള്ള നിക്കാഹിനു ശേഷവും മൈമൂനയുടെ സ്വാതന്ത്ര്യത്തിനു തെല്ലും കോട്ടം തട്ടിയിരുന്നില്ല. തലയില്‍ തട്ടനില്ലാതെ , നീലഞരമ്പോടിയ കൈകളില്‍

കരിവളയിട്ട്, അവള്‍ പിന്നെയും നാട്ടുമ്പറമ്പിലൂടെ നടന്നു.

മുങ്ങാങ്കോഴിയോട് ,പെങ്ങള്‍, ആബിദ മൈമൂനയും നൈസാമലിയും തമ്മിലുള്ള രഹസ്യബന്ധത്തെക്കുറിച്ച് പറഞ്ഞ രാവില്‍ മുങ്ങാങ്കോഴി പെങ്ങളെ മര്‍ദ്ദിച്ച് വീട്ടില്‍ നിന്നും ഇറക്കിവിടുന്നു. സത്യം തിരിച്ചറിഞ്ഞതിന്റെയോ പെങ്ങളുടെ നഷ്ടത്തിന്റെയോ വേദനയില്‍ മുങ്ങാങ്കോഴി കിണറ്റിലേക്ക് കൂപ്പുകുത്തി,

ഉള്‍ക്കിണറ്റിലേക്ക്. വെള്ളത്തിന്റെ വില്ലീസുപടുതകളിലൂടെ അയാള്‍ നീങ്ങി. അയാള്‍ക്ക് പിന്നില്‍ ചില്ലുവാതിലുകള്‍ ഒന്നൊന്നായടഞ്ഞു.

അടഞ്ഞതോ അതോ അടച്ചതോ...?

'പള്ളിക്കാട്ടില്‍ മുങ്ങാങ്കൊഴിയുടെ വിശ്രമത്തിനു മുകളില്‍ കാലൂന്നിക്കൊണ്ട് ഖാലിയാര്‍ നിന്നു. ഇന്നലെ കിളച്ച മണ്ണ് അപ്പോഴും കറുത്തു കിടന്നു.'

എത്രക്ക് ആഴമുള്ള കിണറ്റില്‍ നിന്നും അതില്‍ ആണ്ടുപോയിരുന്ന സാധനങ്ങള്‍ മുങ്ങിയെടുത്തിരുന്ന മുങ്ങാങ്കൊഴി തന്നെ നീട്ടിവിളിച്ച പൊരുളിന്റെ നേര്‍ക്ക് സ്വയം യാത്രയായെന്നത് വിശ്വസനീയമാവുന്നില്ല.

മുങ്ങാങ്കോഴിയുടെ ഖബറിനു മീതേ കാലുയര്‍ത്തി നിന്ന ഖാലിയാര്‍ പിന്നീട് നീലിയിലേക്കെത്തുന്നു. അപ്പുക്കിളിയെ ബാധിച്ച പൂതത്തെ കുടിയൊഴിപ്പിക്കാന്‍ പൂജ ചെയ്യണം എന്ന് നിര്‍ദ്ദേശിക്കുന്നു.കുട്ടാപ്പു നരി ഖാലിയാരെ പരസ്യമായ് അധിക്ഷേപിക്കുന്നു. 'ഡാ, കാലീ..! നീ ആരെ വേണങ്കി ഊതിയ്ക്കോ,

നങ്ങണ്ടെ കുട്ടീനെ മാത്തിരം ഊതാമ്പരേണ്ടാ..! ഊതിയാ, നിയ്ക്ത് നല്ലതിനല്ല. ഈ ക്ഷോഭത്തിന്റെ സാരം ആര്‍ക്കും മനസ്സിലാവുന്നില്ല.

കുട്ടാപ്പു നരി പേടിച്ചു പനിപിടിച്ചു മരിക്കുന്നതിനു മുന്നെ അയാളെ രക്ഷിക്കാന്‍ കാളിയും നീലിയും ഖാലിയാരെ ശരണം പ്രാപിച്ചു. പക്ഷേ, ഖാലിയാര്‍ ക്ഷമിക്കാന്‍ തയ്യാറായിരുന്നില്ല. ക്ഷമയുടെയും സ്നേഹത്തിന്റെയും ഉറവ വറ്റിയ നൈസാമലിയെ തിരിച്ച് പിടിക്കാന്‍ മൊല്ലാക്കയുടെ മരണം വരെ പോകേണ്ടി വരുന്നു.

'എന്ത് ചെരിപ്പാണീ, ദ് !' മല്ലിച്ചെറുമന്‍ മൊല്ലാക്കയുടെ കാലില്‍ കടിച്ച

ചെരുപ്പിനെക്കുറിച്ച് അത്ഭുതം കൂറവേ ഖാലിയാര്‍ പറഞ്ഞു.

"കൊടിയ ചെര്പ്പ്. അന്ത ചെര്പ്പ്ക്ക് പാമ്പിനോടെ വെഷം വന്തത്, രാജമൂക്കനോടെ

വെഷം"

"നൊമ്പടെ ചെര്പ്പില്ം വീട്ടില്ം ഒക്കെ പാമ്പിന്റെ പല്ലാ, കാലായാരേ,"

മാധവന്‍ നായര്‍ പറഞ്ഞു.

"പാമ്പ് എങ്കെത്താന്‍ കെടയാത്?" ഖാലിയാര്‍ പറഞ്ഞു, "നമ്മ വെരലൊടെ നെകം കൂടി

പാമ്പോടെ പല്ലാഹലാം."

മൊല്ലാക്കയെ ബാധിച്ച അസുഖം നൈസാമലിയെ സന്തുഷ്ടനാക്കുന്നുണ്ട്. അതാണു ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം നൈസാമലി ബാങ്ക് വിളിക്കുന്നത്. നൈസാമലി പഴയ സ്നേഹസമ്പന്നതയിലേക്ക് തിരിയുകയായിരുന്നു.

മൊല്ലാക്കയുടെ അസുഖവും മൊക്കാക്കയെ ശ്രുശ്രൂഷിക്കാനുള്ള അവസരവും നൈസാമലിയെ എല്ലാം മറക്കാന്‍

പ്രേരിപ്പിച്ചിരുന്നു. അപ്പോഴാണു മൈമൂന വീണ്ടും മറ്റൊരാളുടേതാവുന്നത്. മുങ്ങാങ്കോഴിയില്‍ നിന്നും സ്വതന്ത്രയാക്കിയ മൈമൂനയെ നൈസാമലി സ്വന്തമാക്കിയിരുന്നു.

എല്ലാ അര്‍ത്ഥത്തിലും നൈസാമലിയുടേത് മാത്രമായ മൈമൂനയെ രവി കവര്‍ന്നെടുക്കുകയായിരുന്നു.നൈസാമലി ഖസാക്കിലില്ലെന്ന അറിവ് അസുഖബാധിതനായും ലഹരിയുടെ നിറവിലും രാജാവിന്റെ പള്ളിയില്‍ കിടന്ന രവിയെ സുഖത്തിന്റെ ഉമിത്തീപോലെ നീറിപ്പിടിപ്പിച്ചു. മൈമൂനയുടെ കൈകളിലെ നീല

ഞരമ്പിന്റെ അന്വേഷണത്തിലൂടെ അവളിലെ സ്ത്രീയെ രവി അന്വേഷിച്ചുതുടങ്ങുകയും അവളുടെ മൃദു പ്രതിരോധങ്ങളെ തകര്‍ക്കാനും രവിക്ക് സാധിക്കുന്നു.

മൈമൂന സ്വതന്ത്രമായ ലൈംഗികതയുടെ നേര്‍ത്ത വരമ്പിലൂടെ നടക്കുന്നൊരു പെണ്ണാണു. രവിയുടെ ഒരു നിമിഷത്തെ തന്ത്രത്തില്‍ അവള്‍ രവിക്ക് വശപ്പെടുന്നു. ലൈംഗികതയുടെ ഉദാതരത രവിക്ക് നല്‍കുമ്പോഴും രവിയുടെ അസുഖത്തെക്കുറിച്ചാണു അവള്‍ക്ക് ആശങ്ക.

“ഒടമ്പെ പാത്ത്ട്ങ്കോ” ഇറങ്ങുമ്പോള്‍ അവള്‍ പറഞ്ഞു. അവള്‍ നടന്നകന്നു. അവളുടെ സമൃദ്ധമായ പിന്‍പുറത്തേയ്ക്ക് അയാള്‍ നോക്കിയില്ല. അതിന്റെ ഓര്‍മ്മ നുണഞ്ഞുകൊണ്ട് പള്ളിത്തണുവിന്റെ ആലിലയില്‍ അയാള്‍ കിടന്നു.

ആലിലയെ മൂടിക്കൊണ്ട്, കറുത്ത കടലിനു മുകളില്‍ അശാന്തിയുടെ മൂടല്‍മഞ്ഞുയരുകയായിരുന്നു.

പിന്നീട് രവിയുമായുള്ള ലൈംഗികത മൈമൂനയുടെ ആഗ്രഹത്തോടെയാണു സംഭവിക്കുന്നത്. അതും നൈസമാലി മൊല്ലാക്കയെ കാണാന്‍ ആശുപത്രിയില്‍ പോയ നേരത്ത്. അവരുടെ ലൈംഗികതയുടെ അവസാനം ഖാലിയാര്‍ മൊല്ലാക്കയുടെ മയ്യത്തുമായി ഖസാക്കിലെത്തുന്നു. രവിയെ പുറത്തേക്ക് നി‌ര്‍ബ്ബന്ധപൂര്‍‌വ്വം പറഞ്ഞയച്ചതിനു ശേഷം മൈമൂന അറബിക്കുളത്തിലേക്കാണു ഇറങ്ങുന്നത്... അറബിക്കുളത്തിലേക്ക് തിരിഞ്ഞു നോക്കേ അലയുടെ നെറുകകള്‍ പാഷാണം പോലെ തിളങ്ങുന്നതായി രവിക്ക് തോന്നി.!..

മൈമൂനയും രവിയും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞ ഖാലിയാര്‍, രവിയെ ഞാറ്റുപുരയില്‍ നിന്നും വാറ്റുചാരായം കുടിക്കാനായി രാജാവിന്റെ പള്ളിയിലേക്ക് കൂട്ടിക്കൊണ്ടു പോയി, ലഹരിയുടെ ആഴത്തില്‍ ശാരീരികമായി ആക്രമിക്കുന്നു. പണ്ട് കമ്യൂണിസ്റ്റായി പോലീസ് പിടിയിലായി അവിടെ നിന്നും ഖാലിയാരായി ഇറങ്ങിയതിനു

ശേഷം നൈസാമലിയുടെ ആദ്യത്തെ വിഡ്ഡിത്തം ഇതായിരുന്നു. എന്നാല്‍ ശത്രു തന്നെക്കാള്‍ പ്രബലന്‍ എന്ന് അറിഞ്ഞ നിമിഷം അയാള്‍ രവിക്ക് നേരേ സൗഹൃദത്തിന്റെ കരങ്ങള്‍ നീട്ടി. ഖാലിയാരുടെ നീട്ടിയ കൈകള്‍ രവി ഏറ്റുവാങ്ങി.

'ഖാലിയാര്‍ എന്തോ ഓര്‍ത്തു നിന്നു മൈമൂന ഈറനഴിച്ച് ആറയിട്ട അയക്കോലിലേക്ക് അയാള്‍ നോക്കി. ഇടവക്കോളിലെ വെള്ളം പോലെ ഖാലിയാര്‍ പുറത്തു കടന്നു. മുറ്റത്തെ മീസാന്‍ കല്ലുകളിലൊന്നിന്മേല്‍ കേറി അയാള്‍ നിന്നു ചെതലിയുടെനേര്‍ക്കു കൈ നീട്ടി ഉരുവിട്ടു, " അല്‍ഹം ദുലില്ലാഹി റബ്ബില്‍

ആലമീന്‍ ആര്‍ റഹമാനി റഹിം.... അല്‍ ഫാത്തിഹാ !"

രവി ഞാറ്റുപുരയിലേക്കു തിരിച്ചു നടന്നു. നടുപ്പറമ്പു കടന്ന് പള്ളമിറങ്ങുമ്പോള്‍ നിലാവ് പൊങ്ങുകയായിരുന്നു.ശ്രാദ്ധത്തിരുനാളിന്റെ അവശിഷ്ടങ്ങള്‍ അയാള്‍ കണ്ടു. ആടിന്റെ കുരുതി കെട്ടിയ തെച്ചിമാലകള്‍, വാഴപ്പോളകള്‍, എണ്ണത്തിരികള്‍, ഒരു ശസ്ത്രക്രിയയുടെ അവശിഷ്ടങ്ങളെപ്പോലെ,

ഭൂണങ്ങളെപ്പോലെ, ആര്‍ത്തവരക്തം കട്ടകെട്ടിയ പഴന്തുണികളെപ്പോലെ അവ ചിതറിക്കിടന്നു.

പിന്നെ, സ്വച്ഛമായ കാറ്റും മഴയും. സ്നേഹവും പാപവും തേഞ്ഞു തേഞ്ഞില്ലാതാവുന്ന വര്‍ഷങ്ങള്‍, അനന്തമായ കാലത്തിന്റെ അനാസക്തി.

രവി തണുക്കുകയായിരുന്നു !

ഖാലിയാര്‍ തിളക്കുകയും !

കൗശലത്തിന്റെയും കണിശമായ കണക്കുകൂട്ടലിന്റെയും വഴികള്‍ വീണ്ടും നൈസമലി വീണ്ടെടുക്കുകയായീരുന്നു.

രവിക്കെതിരെ ആരാണു റിപ്പോര്‍ട്ട് കൊടുത്തെതെന്ന് സംശയം ഉണ്ടാക്കുവാന്‍ ഖാലിയാര്‍ ശ്രമിക്കുന്നത് ശ്രദ്ധേയമാണു.

"ഇന്ത വേല ശ്യ്ത നായ് ആര് ?"

മാധാവന്‍ നായര്‍ ശിവരാമന്‍ നായരുടെ പേരു പറയുമ്പോള്‍ ഖാലിയാര്‍

"കോലമ്മേഷ്ടരാകലാം" എന്നൊരു വഴികൂടി തുറന്നിടുന്നു.

രവി അറിവിന്റെ നല്‍കലിലൂടെ ഖസാക്കില്‍ വേരുകളുറപ്പിച്ചിരുന്നു. ഖസാക്കില്‍ രവി ശക്തനായിരുന്നു. കുട്ടാപ്പു നരി ഖാലിയാരുമായുള്ള വഴക്കിന്റെ ഫലമായ് ഖസാക്ക് വിട്ടുപോയെങ്കിലും തിരിച്ച് ഖസാക്കിലേക്ക് തന്നെ തിരിച്ചു വന്ന് മരണം ഏറ്റു വാങ്ങുന്നു. മുങ്ങാങ്കോഴിയും ഖസാക്കിലെ ഏതോ നാലുകെട്ടിലെ

കിണറിന്റെ അഗാധതയില്‍ മരണം ഏറ്റുവാങ്ങുന്നു.

ഖസാക്ക് രവിയുടെ ഒപ്പമായിരുന്നു. രവിയിലെ പുതിയ മനസ്സില്‍ കടം കഥകളുടെ ശ്വാസം മുട്ടലോ പേടിസ്വപ്നങ്ങളുടെയൂം കരിമൂര്‍ഖന്മാരെയോ സൃഷ്ടിക്കാന്‍ കഴിയില്ലെന്ന് നൈസാമലിയ്ക്കറിയാം. ഖസാക്ക് വിട്ടുപോകുന്ന, ഖസാക്കിന്റെ ബന്ധുത്വം നഷ്ടമാകുന്നൊരു രവിയെ മാത്രമേ നൈസാമലിക്ക് കീഴടക്കാന്‍

സാധിക്കുമായിരുന്നുള്ളൂ..

രവിയുടെ ഏകാധ്യാപക വിദ്യാലയം അടക്കുന്നു. രവി തിരിച്ച് പോകുന്നു. രവിയുടെ യാത്രയ്ക്ക് നിയതമായൊരു ലക്ഷ്യവും ഇല്ല.

കൂമന്‍ കാവില്‍ മഴ എല്ലാം നശ്ശിപ്പിച്ചിരുന്നു.മാര്‍ക്കേസിന്റെ ഏകാന്തതയുടെ നൂറുവര്‍ഷത്തില്‍

മക്കോണ്ട നഗരം മാഞ്ഞുപോകുന്നതുപോലെ...!

നാശത്തിന്റെ മഴ കനത്തുപെയ്യുമ്പോള്‍ രവിയെ കാത്ത് നൈസാമലി എവിടെയാവും പമ്മി നിന്നിരിക്കുക.. അയാളുടെ കാലിലേക്ക് ആ സര്‍പ്പത്തെ എറിഞ്ഞ്, അല്ലെങ്കില്‍ അയാളുടെ കാല്‍ച്ചുവട്ടിലേക്ക് ആ സര്‍പ്പത്തെ നല്‍കി നൈസാമലി കാത്തു നിന്നിരിക്കില്ല. അയാള്‍ തിരിച്ച് നടന്നിരിക്കും. തന്റെ ആവാസ സ്ഥലത്തേക്ക്, പ്രതികാരം നിര്‍‌വ്വഹിച്ചതിന്റെ സുഖത്തില്‍..

അതോ, മൊല്ലാക്ക ആദ്യമായ് കണ്ട നൈസാമലി.(എമിലി ബ്രോണ്ടിയുടെ വൂതറിങ്ങ്

ഹൈറ്റിസിലെ ഹീത്ത്ക്ലീഫിനെ ഓര്‍മ്മ വരുന്നു..) മൈമൂനയുടെ പ്രായം, നീണ്ടു സ്‌ത്രൈണമായ ചുണ്ടുകള്‍, പുക ചുറ്റിയ കണ്ണുകള്‍, പെണ്ണിന്റേതെന്നപോലെ ഒടിഞ്ഞ ചുമലുകള്‍. ഗൗളിയുടെ ശബ്ദം, മഞ്ഞക്കിളികളുടെ കലമ്പല്‍: അള്ളാപ്പിച്ച മൊല്ലാക്ക അവയത്രയും ചെവിക്കൊണ്ടു. ചെറുക്കന്‍ അയാളുടെ മുന്നില്‍ നിന്നു. അവന്‍

ചിരിച്ചു.

"നീ എങ്കേ പ്പോരെ ? മൊല്ലാക്ക ചോദിച്ചു.

"പാമ്പ് പിടിയ്ക്ക് പോരേന്‍," അവന്‍ പറഞ്ഞു.

"എന്ത വിതമാന പാമ്പ്?"

"മൂര്‍ക്കന്‍, രാജവെമ്പാല"

പേരു ചോദിച്ച് പരിചയത്തിന്റെ ആഴത്തിലേക്ക് നീങ്ങവേ മൊല്ലാക്കയുടെ കണ്ണുകള്‍ നൈസാമലിയുടെ സ്‌ത്രൈണതയെ ഊറ്റിക്കുടിച്ച്, ദിവാസ്വപ്നത്തില്‍ അലയവേ,ഒരു പച്ചിലക്കൊത്തിയുമായി അവന്‍ വീണ്ടു മൊല്ലാക്കയുടെ ബോധത്തിലുദിച്ചു.

"നീ ഏന്‍ മൂര്‍ക്കന്‍പാമ്പെ പിടിക്കലൈ ?" മൊല്ലാക്ക ചോദിച്ചു.

"ഇന്ത പാമ്പ് മൂര്‍ക്കനാഹലാം" ചെറുക്കന്‍ പറഞ്ഞു.

"എന്ത കാലത്തിലേ ?"

"അതിനൊടെ കാലം വരപ്പോ"

പാമ്പിനെ വിടുവിച്ച് മൊല്ലാക്ക നൈസാമലിയുടെ കരം കവര്‍ന്നു.

'ഈ നൈസാമലിയാണു തന്നില്‍ നിന്നും മൈമൂനയെ അകറ്റിയ മൊല്ലാക്കയുടെ മയ്യത്തുമായി പാലക്കാട്ടു നിന്നും ഖസാക്കിലേക്ക് വരുന്നത്. മുമ്പേ നടന്ന ഖാലിയാരുടെ നിഴല്‍, പാനീസിന്റെ വെട്ടത്തില്‍ ഒരു കരിമ്പാമ്പിനെപ്പോലെ പുളിന്തോപ്പിലേക്ക് പടര്‍ന്നു.'

കാലമെത്തിയ കരിമൂര്‍ഖനുമായി നൈസാമലി മുന്നില്‍ നിന്നപ്പോള്‍രവി,പുഞ്ചിരിച്ചിരിക്കാം..ലക്ഷ്യമില്ലാത്തവനു ലക്ഷ്യം നല്‍കുന്ന കാരുണ്യമായ് നൈസമലിയെ സ്നേഹിച്ചിരിക്കാം. അവനിലെ സ്‌ത്രൈണത മൊല്ലാക്കയെപ്പോലെ വാരിക്കുടിച്ചിരിക്കാം.

നൈസാമലിയെന്ന സര്‍പ്പത്തെ വാല്‍സല്യത്തോടെ നോക്കിയ രവിയുടെ കാല്പടത്തില്‍ വീണ്ടും വീണ്ടും ദംശിച്ച്, പത്തിചുരുക്കി, കൗതുകത്തോടെ , വാല്‍സല്യത്തോടെ , രവിയെ നോക്കിയിട്ട് അവന്‍ വീണ്ടും

മണ്‍കട്ടകള്‍ക്കിടയിലേക്ക്,ഖസാക്കിന്റെ ചരിത്രത്തിലേക്ക്, രാജാവിന്റെ പള്ളിയിലേക്ക് നുഴഞ്ഞു പോയി.


രവി മരണവും കാത്തു കിടന്നു.

അഭിപ്രായങ്ങളൊന്നുമില്ല: