2008, ഡിസംബർ 23, ചൊവ്വാഴ്ച

ഞങ്ങളുടെ പ്രിയപ്പെട്ട വിജയകുമാര്‍ സാര്‍........


കള്ളനാണു നീ മരണമേ... നീ കള്ളനാണൂ....
ചെറിയൊരു നെഞ്ചിനു വേദനയെന്നു നീ ഞങ്ങളെ കബളിപ്പിച്ചു..!. ആ കാബളിപ്പിക്കലില്‍ ഞങ്ങള്‍ ആശ്വസിച്ചു നില്‍ക്കേ, നീ ഞങ്ങളുടെ പ്രിയപ്പെട്ട വിജയകുമാര്‍ സാറിനെ കൊണ്‍ടുപോയി. നിനക്കറിയാം , അത്രവേഗത്തില്‍ ഞങ്ങളില്‍ നിന്നും പറിച്ചെടുക്കാന്‍ കഴിയുന്ന ഒന്നല്ലാ അതെന്നു. അത്രക്ക് ആഴത്തില്‍ വേരൂന്നിയ സൗഹൃദസസ്യച്ചോട്ടില്‍ നിന്നും അതിനെ പറിച്ചെടുക്കാന്‍ നിന്റെ കരങ്ങള്‍ക്ക് ശക്തിയില്ലല്ലോ.?. അതല്ലേ ഒരു നിമിഷം ഞങ്ങളെ കബളിപ്പിച്ച് നീ ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരനുമായ് മറഞ്ഞത്.!
പ്രിയപ്പെട്ടതിനെക്കുറിച്ചെഴുതുക എന്നത് , മനസ്സില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഖനികള്‍ മറ്റൊരാള്‍ക്കു കാണിച്ചുകൊടുക്കുന്നതുപോലെ ഭയപ്പെടുന്നൊരാളാണു ഞാന്‍. എന്നാലും, എനിക്ക് എന്റെ സങ്കടങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍, ചില അമൂല്യ നിധിശേഖരങ്ങള്‍ ഞാന്‍ ഉപേക്ഷിച്ചേ പറ്റൂ..!
യാത്രകള്‍ എന്നും കൗതുകമാക്കിയവരായിരുന്നു,വിജയ കുമാര് സാറും പയസ് സാറും ജോയിച്ചനും പുള്ളോലി സാറും ശിവന്‍ കുട്ടി സാറും.... എന്റെ ഏറ്റവും സുന്ദരമായ അവധിക്കാലങ്ങള്‍ ഇവര്‍‍ക്കൊപ്പം യാത്ര ചെയ്യ്‌തതും അന്തിക്ക് വെറുതെ വര്‍ത്താനം പറഞ്ഞിരിക്കുന്നതുമായിരുന്നു. ജോയിച്ചന്റെ കൈയില്‍ നാട്ടിലെ കഥകള്‍ മുഴുവനും ഉണ്ടാകും. അതൊരു താളത്തില്‍ ആള്‍ പറയുമ്പോള്‍ കേട്ടിരുന്നുപോകും.... ഇടക്ക് ജോയിച്ചന്‍ ഒരു മെഡിക്കല്‍ കോളേജ് (ദിനേശ് ബീഡി) ആവശ്യപ്പെടുന്നവര്‍ക്കു കൊടുക്കും. പിന്നെ അന്തിക്ക് അല്പം കള്‍സും കൂടെ ചേരുമ്പോള്‍ ആ സായാഹ്നം ധന്യമാകും.
പയസ് സാറിനു എല്ലാത്തിനും ഒരു ആധികാരികതയുണ്ട്. എല്ലാ വിഷയങ്ങള്‍ക്കും കൃത്യമായൊരുത്തരം സാറിനുണ്ടാകും.. എഴുപതു ശതമാനം കാര്യവും മുപ്പതു ശതമാനം തമാശയും ഇതാണു സാറിന്റെ പോളിസി..
പുള്ളോലി സാറിന്റെ പൊക്കം! ആറടി ഒരിഞ്ച് ഉള്ള ഞാന്‍ അങ്ങേരുടെ തോളപ്പമേ ഉള്ളൂ... ! സാറിനെ കളിയാക്കാന്‍ എന്തൊരുല്‍സാഹമാണു മറ്റുള്ളവര്‍ക്കെന്നോ.. റ്റീച്ചറിനോട് ചോദിച്ചിട്ടാണു സാര്‍ പുറത്തിറങ്ങുന്നതെന്നൊക്കെ പയസ് സാറും റ്റോമിച്ചനും അടിച്ചിറക്കുമ്പോള്‍, സാര്‍ അതൊക്കെ കേട്ട് വെറുതെ ഒരു ചിരി ചിരിച്ചിരിക്കും..
"അല്ല സാര്‍ ഇതിലെങ്ങാനും കാര്യമുണ്ടോ"? എന്നു ചോദിച്ചാല്‍ ,സാര്‍ പറയും 'എടാ കൂവേ, ഇവര്‍ എന്തെങ്കിലും പറയട്ടെ' ....സൗമ്യ മധുരമായ് ആള്‍ അതൊക്കെ ആസ്വദിച്ചിരിക്കും...
വിജയ കുമാര്‍ സാര്‍ ഞങ്ങളുടെ നാട്ടിലെ ഗവണ്മെന്റ് സ്കൂളില്‍ ഗണിതാദ്ധ്യാപകനായ് വന്നതാണു. പിന്നീട് അദ്ദേഹം ആ നാട്ടില്‍ സുപരിചിതനായ്, ഞങ്ങളുടെ നാട്ടിലെ ഏറ്റവും പൊക്കമുള്ളയാള്‍... എന്നാണു ആദ്യം ആള്‍ക്കാര്‍ പറഞ്ഞിരുന്നത്..പിന്നീട് വിശേഷണങ്ങള്‍ ഒരുപാട് ഉണ്ടായി..... ഏറ്റവും ആത്മാര്‍ത്ഥമായ് ചിരിക്കുന്ന ആള്‍, ആരുടേയും വിഷമത്തില്‍ ഉള്ളുരുകുന്ന ആള്‍, തന്റെ യമഹയില്‍ ടൗണിലൂടെ പാഞ്ഞു പോകുന്ന സാര്‍. എനിക്ക് അതിശയമായിരുന്നീ മനുഷ്യന്‍.ഒരാള്‍ ഇത്രക്കു നിര്‍മ്മലനാകുന്നതെങ്ങനെ? ഒരു വാക്കിനാ‌ല്‍‌ പോലും ആരെയും നോവിക്കാതെങ്ങനെ ഇത്രയും നാള്‍ ജീവിക്കും.? കൂട്ടത്തിലേക്കു വരുമ്പോള്‍ ആ സൗഹൃദക്കൂട്ടായ്മാ ചന്ദനം പോലെ മണക്കുന്നതെങ്ങനെ?
ഒരു അവധിക്കാലത്ത് ജോയിച്ചനായിരുന്നു നിര്‍ബ്ബന്ധം വാഗമണ്ണിലേക്കൊരു യാത്ര. ഷാപ്പു കണ്ടാല്‍ ഞാന്‍ ജോയിച്ചന്റെ പുറത്തൊന്നു തോണ്ടും.. ആള്‍ അവിടെ ബ്രേക്ക് ചവിട്ടും.. അവിടെ നിന്നും ഒരു ഗ്ലാസ് കള്ളും കപ്പയും കറിയും കഴിച്ചിട്ട് എണീല്‍ക്കുമ്പോ ജോയിച്ചന്റെ ഒരു ഡയലോഗ്ഗുണ്ട്.. "എന്റെ പൊന്നെ ആ പോത്തു കറി അത്ര ഉഷാറായില്ലെന്നേ..".
പുള്ളോലിസാര്‍ 'അതേടാ 'കൂവേ എന്നു സപ്പോര്‍ട്ട് ചെയ്യും..
പയസ് സാര്‍ വാണം വിട്ടപോലെ ഒരു പോക്കുണ്ട്... മൂത്രം ഒഴിക്കാന്‍.. അപ്പോള്‍ എല്ലാര്‍ക്കും ആ പ്രക്രിയക്കു മോഹമുണ്ടാകും....... റോഡ് സൈഡില്‍ ഞങ്ങള്‍ നിരന്നു നിന്നു മുള്ളും..
വിജയകുമാര്‍ സാര്‍ ഒരു സിഗര്ട്ട് പുകച്ച് റോഡുവക്കില്‍ നില്‍ക്കും.
പാറക്കെട്ടിലൂടെ ഒഴുകി വരുന്ന തണുത്ത നീര്‍ച്ചോലയില്‍ മുഖം കഴുകുമ്പോള്‍, ഞാന്‍ ഒരു വങ്കത്തം പറയും... "പയസ് സാറെ ,ഒരു പെഗ്ഗ് ഒഴിച്ച് എനിക്കീ വെള്ളം ചേര്‍ത്തു കുടിക്കണം..." (മോഹന്‍ ലാല്‍ കുളത്തിലെ വെള്ളം മിക്സ് ചെയ്യ്‌തു കള്ളുകുടിക്കുന്നതു കണ്ടതിനു ശേഷം ഇത് എന്റെ ഒരു മോഹമാണൂ)
അപ്പോള്‍ പയസ് സാര്‍ പറയും"ഹെന്റെ പൊന്നെ, ഈ വെള്ളത്തില്‍ അതൊക്കെ അടിച്ച് എന്തിനാ ചിക്കന്‍ ഗുനിയാ പിടിപ്പിക്കുന്നെ.... ?' (ടാ,കൊപ്പേ നീ ഗള്‍ഫില്‍ പോയതിനു ശേഷം നിന്റെ ബുദ്ധി നശിച്ചുവെന്ന് ഒരു ചീത്തവിളിയാണതു.)
ഞങ്ങള്‍ വീണ്ടു യാത്ര തിരിക്കും ഏറ്റവും പ്രിയ തരമായ രീതിയില്‍ വിജയകുമാര്‍ സാര്‍ പറയും "മനോജേ ആ കവിത ഒന്നുചൊല്ലിക്കേ." ആ ശബ്ദം കേട്ടാലെനിക്കു പാടാതിരിക്കാനാവില്ലാ. ഞാന്‍ കവിത ചൊല്ലാന്‍ തുടങ്ങും.. കുറച്ചു കേട്ടു കഴിയുമ്പോ ജോയിച്ചനു ചൊറിയാന്‍ തുടങ്ങും, ഇത്തരം പരിപാടികള്‍ക്കാണെങ്കില്‍ എന്തിനാ 'ടൂര്‍' എന്നാണൂ ആളുടെ വാദം.. ശരിയാണതു.. അഗാധമായ താഴ്വാരങ്ങളിലേക്കു മിഴിയെറിഞ്ഞ്, നെഞ്ചൊന്നു കിടുങ്ങി, ആകാശത്തിലേക്കു മിഴികളുയര്‍ത്തി...ആഹ്ലാദിക്കേണ്ട സമയത്ത്..പൊട്ടക്കവിത..!ഞാന്‍ മിണ്ടാതാവും.. വിജയകുമാര്‍ സാര്‍ ഒന്നും പറയാതെ നിശബ്ദമായൊരു ചിരി ചിരിക്കും..! അപ്പോള്‍ പയസ് സാറിന്റെ ഒരു തമാശയുടെ ചീളു ചിതറിത്തെറിച്ചിരിക്കും.
ശബരിമലക്കു പോകാനും വിജയകുമാര്‍ സാറിന് പയസ് സാറും പുള്ളോലി സാറും പയസ് സാറും ജോയിച്ചനും കൂട്ടു വേണം.. ശബരിമലക്കു പോയപ്പോള്‍ ജോയിച്ചനെ കള്ളുകുടിക്കാന്‍ അവര്‍ സമ്മതിച്ചില്ലെന്നു ജോയിച്ചന്‍ എന്നോടു പരാതി പറഞ്ഞു.'ഹെന്റെ പൊന്നേ ഞാന്‍ ആകെ പെട്ടുപോയെന്നേ... നമ്മളു ഇതു വല്ലതും പ്രതീക്ഷിച്ചോ, എല്ലാരും കൂടെ നമ്മളെ പച്ചയാക്കി മല ചവിട്ടിച്ചു.' കള്ളില്ലാതെ ജോയിച്ചന്‍ നടത്തിയ പുണ്യപ്രവര്‍ത്തിയെ ഞാനും പിന്താങ്ങിയപ്പോള്‍, ജോയിച്ചന്‍ ഒരു മെഡിക്കല്‍ കോളേജ് പുകച്ച് മൂക്കിലൂടെ പുകവിട്ടു.
മരണം ! ഒരുമിച്ച് കളിതമാശ പറഞ്ഞു നടക്കുന്നവരില്‍ ഏറ്റവും പ്രിയപ്പെട്ടൊരാളെ കവര്‍ന്നെടുത്ത് മഞ്ഞിലേക്കത് ഊളിയിടും. കൂട്ടത്തിലുള്ളവര്‍ വിഹ്വലതയോടെ അവിടേക്കു നോക്കി, കൂട്ടുകാരാ അരുതേ..പോകരുതേ എന്നു ഉള്ളു തേങ്ങി തളര്‍ന്നു നില്‍ക്കും... മഞ്ഞിന്‍ മരവിച്ച മരണത്തിനു കാതില്ലല്ലോ.... നിലവിളികള്‍ കേള്‍ക്കാന്‍!
ഒരുമിച്ച് നടന്ന വഴികളിലൂടെ ഒറ്റക്കു നടക്കേണ്ടി വരുക., ഒരുമിച്ച് ഉല്ലസിച്ച ഉല്‍സവപ്പറമ്പില്‍ മനസ്സു ചത്തു നില്‍ക്കേണ്ടി വരിക.. ദുഃഖത്തിന്റെ അഗാധമായൊരു ഗര്‍ത്തത്തിലേക്ക് നമ്മള്‍ എടുത്തെറിയപ്പെടുന്നു.....
മരണത്തെ നമ്മള്‍ എന്തിനാണു ഭയപ്പെടുന്നത്...? അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തേക്കു വരുമ്പോള്‍ ഒരു കുഞ്ഞ് ഉച്ചത്തില്‍ നിലവിളിക്കുന്നു.... കാരണം അവനു പരിചയമില്ലാത്തൊരു ലോകത്തിലേക്കു പ്രവേശിക്കുമ്പോഴുള്ള നിലവിളി..! എന്നാല്‍ ഈ ലോകം അവനെ സ്വീകരിച്ചു കഴിയുമ്പോള്‍ അവനിവിടെ നിന്നും പോകാന്‍ മനസ്സില്ലാതാവുന്നു.... എനിക്കു തോന്നുന്നു.. ഭൂമി ഒരു ഗര്‍ഭപാത്രമാണെന്നു... മറ്റൊരു വിശാലമായ ലോകത്തിലേക്ക് പോകാനുള്ള വളര്‍ച്ച നമുക്കാവുമ്പോള്‍.. ഈ ഭൂമി നമ്മളെ അവിടേക്കു പെറ്റിടും..!
വിജയകുമാര്‍ സാറിനെപ്പോലുള്ളവര്‍ വേഗത്തില്‍ വളര്‍ച്ചനേടിയവരാണു..
ഉണര്‍ന്നിരുന്നപ്പോഴായിരുന്നു സാറിന്റെ മരണം, (അതിനും മുന്നെ പയസ് സാറിനോട് സംസാരിച്ചൂ..അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ പയസ് സാര്‍ ആകെ തളര്‍ന്നുപോകുമായിരുന്നു..എപ്പോഴും ഒരുമിച്ച് നടന്നിട്ട് ഒരു വാക്കുമിണ്ടാതെ കൂട്ടുകാരന്‍ മറഞ്ഞു കളഞ്ഞാല്‍ അല്പമെങ്കിലും വാശിയുള്ളവര്‍ക്കതു സഹിക്കാനാവില്ല..)മരണം ഉണര്‍വ്വിലാണു നല്ലത്........! മരണത്തിന്റെ മുഖത്തേക്കു കൗതുകപൂര്‍വ്വം നോക്കിച്ചിരിച്ചുകൊണ്ടാണു മരിക്കേണ്ടത്.. ജീവിതം മുഴുവന്‍ അതിനെ അറിയാന്‍ നടന്നിട്ട്... അത് വരുമ്പോള്‍ ഉറങ്ങാനോ.. ഒരിക്കലുമില്ലാ....... അവസാന ശ്വസത്തില്‍ മനസ്സിലാവുന്ന സത്യമാണു മരണം ! ജീവിതം മുഴുവന്‍ തേടി നടന്നിട്ടും അതു നമ്മുടെ ഹൃദയത്താമരയുടെ ഇതളിനുള്ളില്‍ ഉണ്ടായിരുന്നു എന്നറിയുമ്പോള്‍, അത് ഏറ്റവും പ്രിയപ്പെട്ടവരോടു പോലും പറയാതെ പോകേണ്ടി വരുന്ന ആ നിമിഷം....... ഹോ..!. അവര്‍ക്കും അത്തരമൊരു സുന്ദര നിമിഷം പ്രകൃതി സൂക്ഷിച്ചിരിക്കുന്നല്ലോ... പ്രകൃതീശ്വരീ നീയെത്ര കാരുണ്യവതി ! ഞങ്ങള്‍ വരുമ്പോള്‍ അവിടെ കാത്തിരിക്കാന്‍,ഹൃദയപൂര്‍‌വ്വം ഞങ്ങളെ സ്വാഗതം ചെയ്യാന്‍, സാറവിടെ ഉണ്ടല്ലോയെന്ന ചിന്ത ഞങ്ങളെ ആശ്വസിപ്പിക്കുന്നു...!