2009, ഡിസംബർ 27, ഞായറാഴ്‌ച

പാലക്കാട് .........നന്മപ്പൂക്കളുടെ നാട്........




പുറത്ത് മഴപെയ്യുന്നു...കോട്ടയം റെയിവേ സ്റ്റേഷനിലെ തിരക്കിലേക്ക് മഴ അതിന്റെ അഹങ്കാരം പൊഴിച്ചിട്ടു. കമ്പാര്‍ട്ട് മെന്റിലേക്ക് ഓടിക്കയറിയപ്പോള്‍ എന്നെ ഒടിച്ചിട്ട് പിടിച്ച് മഴ അല്പം നനച്ചിരുന്നു..

'എല്ലാവര്‍ക്കും പനിയും ജലദോഷവും.. എടാ കള്ളുകുടിയന്‍ ചെക്കാ നീ മാത്രം അങ്ങനെ രക്ഷപ്പെടേണ്ട..'. എന്നവള്‍ ചിണുങ്ങുന്നതുപോലെ എനിക്ക് തോന്നി. ബാഗില്‍ നിന്നും തോര്‍ത്തെടുക്കാന്‍ നോക്കിയപ്പോള്‍ ഭാഗ്യത്തിനു അതു എടുത്തിട്ടില്ല. പിന്നെ റ്റീ ഷേര്‍ട്ടിന്റെ തുമ്പിനാല്‍ തല തുവര്‍ത്തി.. ഹോ.. തണുപ്പ്..! തണുതണുപ്പ്.. ഒരു കോഫി കിട്ടിയിരുന്നെങ്കില്‍..

ട്രെയിനില്‍ കാപ്പിക്ക് മറ്റൊരു രുചിയാണു. എരുമപ്പാലിനാലാണോ ഇവര്‍ കാപ്പികൂട്ടുന്നത് ? ഒരു കപ്പുകാപ്പി ഊതിക്കുടിച്ച് ഞാന്‍ ജാലക വാതിലിലേക്ക് എന്റെ മുഖം ചേര്‍ത്തു പിടിച്ചു.. ചില്ലില്‍ മുത്തമിടുന്ന മഴത്തുള്ളികള്‍.. ഞാന്‍ അവരെ നോക്കി കൊഞ്ഞനം കുത്തി... 'നീ ഇങ്ങോട്ട് ഇറങ്ങി വരുമല്ലോ അപ്പോള്‍ നിന്നെ ഞങ്ങള്‍ പിടിച്ചോളാം' എന്ന രീതിയില്‍ മഴത്തുള്ളികള്‍ എന്നെ തിരിച്ചും കൊഞ്ഞനം കുത്തി..

'പിന്നെ പിന്നെ പാലക്കാടു വരെ നീ നിന്റെ കറുത്ത ഫുള്‍പ്പാടയും ചുരുട്ടിപ്പിടിച്ച് വരുവല്ലേ.. പോ കൊച്ചേ.. പോ...'

ട്രെയിന്‍ നീട്ടി ചൂളമടിക്കുന്നു.. 'എന്തടാ ചെക്കാ നിന്റെ കാമുകി ട്രെയിന്‍ച്ചി അപ്പുറത്തെങ്ങാനും ഉണ്ടോ..? എടാ പൂവാലന്‍ ട്രെയിനേ.. കുറച്ചൂടെ വേഗത്തില്‍ പായെടാ..!

മഴത്തുള്ളികള്‍ പ്രതികാരത്തോടെ എന്റെ കാഴ്ചമറച്ചു. ഞാന്‍ മഴനൂലുകള്‍ക്കിടയിലൂടെ പുറത്തേക്ക് നോക്കി.. പച്ചച്ച ഇലച്ചാര്‍ത്തുകളില്‍ കാറ്റ് മൂടിപ്പിടിക്കുന്നു. അമ്മച്ചി ചെറുപ്പത്തില്‍ തലയില്‍ എണ്ണതേക്കുന്നതുപോലെ... കാറ്റ് ഇലച്ചാര്‍ത്തിന്റെ ഉച്ചിതിരുമ്മുന്നു...!
ട്രെയില്‍ അതിന്റെ ചലന സ്വാതന്ത്ര്യം വീണ്ടെടുത്തിരുന്നു. തിമിര്‍ത്തുപെയ്യുന്ന മഴയിലൂടെയും ആര്‍ത്തലക്കുന്ന കാറ്റിന്റെ മാറു പിളര്‍ന്നും ആ രാക്ഷസന്‍ മുന്നോട്ട് കുതിച്ചു..

ഞാന്‍ എന്റെ സീറ്റില്‍ സ്വസ്തനായ്... ബാഗ് സീറ്റിനടിയിലേക്ക് തള്ളിവെച്ചു.. കാലില്‍ നിന്നും ഷൂസ് ഊരിയെറിഞ്ഞു.. ട്രെയിനില്‍ ഒരു കനച്ച മണം. ഏ.സി കമ്പാര്‍ട്ട്മെന്റുകളില്‍ യാത്ര ചെയ്യാന്‍ പാടില്ല. അവിടെ വായു ശുദ്ധമല്ല..!

ഞാന്‍ പുറത്തേക്ക് നടന്നു.. വാതില്‍ക്കല്‍ നിന്നു... പ്രകൃതി എന്നിലേക്ക് ഓടി വന്നൂ...

മുഖത്തേക്ക് കാറ്റും മഴയും വന്നു തൊട്ടു.. ഞാന്‍ എന്റെ കവിള്‍ അവര്‍ക്കു നീട്ടി നല്‍കി.. ഇന്നാ..ഇന്നാ...
തിരിച്ച് സീറ്റിലെത്തിയപ്പോള്‍....
ഒരു മധ്യവസ്ക്കന്‍ എന്റെ സീറ്റിനെതിര്‍ വശത്ത്.. അയാളുടെ കാലുകള്‍ മടിയിലെടുത്തുവെച്ച് അയാളുടെ ഭാര്യ.. നഖം വെട്ടിക്കൊടുക്കുന്നു.. അയാള്‍ എന്തോ മധുരപലഹാരം തിന്നുന്നു.. ആ സ്ത്രീ മുറുക്കാന്‍ ചവക്കുന്നു.. കേരളീയരല്ല.. അല്ലെങ്കില്‍ ഈ തെണ്ടിത്തരം കാണിക്കില്ല.. സ്നേഹം കാണിക്കുന്നേ... എന്നിലെ മലയാളിയെന്ന കശ്മലന്‍ പുറത്തു ചാടി.. ഏതൊരു ശരാശരി മലയാളിയേയും അസൂയപ്പെടുത്തുന്ന , ഭ്രാന്തുപിടിപ്പിക്കുന്ന കാഴ്ച. അവര്‍ എന്നെ അല്പം പോലും ഗൗനിച്ചില്ല. ഞാന്‍ ആ സ്ത്രീയെ നോക്കി, ഭര്‍ത്താവിന്റെ വിരലുകളില്‍ ഒരു നേരിയ വേദന പോലും ഏല്പ്പിക്കാതെ അവര്‍ നഖം മുറിക്കുന്നു...

എനിക്ക് വല്ലാതെ ദേഷ്യം വന്നപ്പോള്‍, ഞാന്‍ വായിക്കാനായ് ഒരു പുസ്തകമെടുത്ത് നിവര്‍ത്തി.. ഹോ ഓഷോ.. പ്രിയ ഓഷോ ഞാന്‍ ആകുലനാകുമ്പോള്‍ നീ എവിടെ നിന്നാണു എന്നിലേക്ക് എത്തുന്നത്..?
ഓഷോ പറയുന്നു.. ജീവിതത്തെ തിരിച്ചറിയൂ.. ചെറിയ ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തൂ...
ഞാന്‍ പുസ്തകം മടക്കി അവരെ കൗതുകപൂര്‍‌വ്വം നോക്കിയിരുന്നു..!
പാലക്കാട്, മഴയൊഴിഞ്ഞ ആകാശം. കരിമ്പനകള്‍ തലയുയര്‍ത്തി നില്‍ക്കുന്നു.. നിശ്ചലമാണു ആകാശം.ഇതൊക്കെ സാധാരണ കാണുന്ന കാഴ്ചകള്‍, എനിക്ക് ആരും കാണാത്ത വല്ല കാഴ്ചയും ഒരുക്കിവെച്ചിരിക്കുന്നോ നീ പാലാക്കാടന്‍ സുന്ദരീ........
ട്രെയില്‍ കുലുങ്ങിക്കുലുങ്ങിയൊരു ചിരി........ 'പിന്നേയ്, നിനക്കായ് കാഴ്ചകള്‍ സൂക്ഷിച്ചുവെക്കാന്‍ ഇനി ഈ പാലക്കാട്ട് എന്തോന്ന്.. അത്രക്ക് ആക്രാന്തത്തോടെ അതെല്ലാം വാരിക്കുടിച്ചതല്ലേ നമ്മുടെ സാഹിത്യവും സിനിമയും.......' പറഞ്ഞു തീര്‍ന്നിട്ടും തീരാത്തൊരു പ്രതികാര സുഖത്തോടെ ട്രെയില്‍ ചൂളം വിളിച്ചു..
ഹോ...... ഒറ്റപ്പാലത്തെത്തി... !

നിള പറഞ്ഞത്..........




മെല്ലിച്ച് കോലം കെട്ട് നിളയൊഴുകുന്നു...നീളത്തില്‍.. പണ്ട് ഒഴുകുന്നുവോ എന്ന് സംശയിക്കുന്ന രീതിയില്‍ നിറഞ്ഞു തുളുമ്പിയൊരു ജയഭാരതീസൗന്ദര്യമായിരുന്നു ഇവള്‍...
എന്തു പറ്റീ നിളേ നിനക്ക്.. അവള്‍ ആദ്യമൊന്നും എന്നെ ഗൗനിച്ചതേ ഇല്ല... ഒരു കോട്ടയം കാരനോട്, റബ്ബര്‍ നാറുന്ന നിന്നോട് മിണ്ടാന്‍ ഈ നിളക്ക് സൗകര്യമില്ലെടാ എന്ന മട്ടില്‍ ഒഴുകി.. ഞാന്‍ ഒരു കോട്ടയം കാരനു മാത്രം കഴിയുന്നത്ര അലിവോടെ നീണ്ടുവലിഞ്ഞു സംസാരിച്ചൂ.. എന്റെ സുന്ദരി നിളക്കുട്ടീ, പറയൂന്നേ.. ഞാന്‍ റബ്ബര്‍ മണം മാറ്റാന്‍ നല്ല അസല്‍ മരക്കള്ള് കുടിക്കുന്ന ഒരു തനി സാദാരണ മലയാളിയാണു... ആണോ... നിളയൊന്നു നീട്ടി ചോദിച്ചു.. അവളില്‍ നിന്നും പറന്നുവന്നൊരു കാറ്റില്‍ അവള്‍ ഉണ്ടായിരുന്നു.. എന്നെ ഉമ്മവെക്കാന്‍... അതേ അതേ.. നിനക്ക് റബ്ബര്‍ നാറ്റമല്ല നല്ല അസല്‍ പനം കള്ളിന്റെ സുഗന്ധം.. അവളെന്നെ ഉമ്മവെച്ചപ്പോള്‍ മത്തുപിടിച്ച് പറയാന്‍ തുടങ്ങീ.......

അതേയ്, എംടി എന്നൊരു വിദ്വാനെ നീ അറിയോ..? മലയാളത്തിലെ വല്യ എഴുത്തുകാരനാന്നാ ഭാവം. അവന്‍ എന്നും രാവിലെ വന്നു പത്തു വരി എന്നെക്കുറിച്ച് പുകഴ്ത്തും, എന്റെ നീണ്ട കാര്‍ക്കൂന്തല്‍, നിതംബം, മാറിടങ്ങള്‍... അങ്ങനെ അങ്ങനെ... എന്നിട്ട് അയാള്‍ സിനിമ പിടിക്കുമ്പോള്‍, നല്ല തടിച്ചികളെ നായികകളാക്കി ഇവിടെ കൊണ്ടുവരും.. ഷീല, ജയഭാരതി, പിന്നെ ആ സുന്ദരിയുണ്ടല്ലോ.. നിന്റെ ഇഷ്ടമുഖം ശ്രീവിദ്യ.... അങ്ങനെ അങ്ങനെ ഞാന്‍ ഒരു അഹങ്കാരിയായ് മാറി....... ഒഴുകി വന്ന പോക്ഷകമൂല്യങ്ങളെല്ലാം തിന്നു കുടിച്ച് ഞാന്‍ ഒരു തടിച്ചിയായ് മാറി... അന്നൊക്കെ സൂര്യന്‍ അസ്തമിക്കാന്‍ കുറച്ചു സമയം കൂടുതല്‍ എടുക്കുമായിരുന്നു... എന്നോട് വര്‍ത്താനം പറഞ്ഞു നിന്നതാണെന്നേ...

ഞാന്‍ അവളെ വിഷാദത്തോടെ നോക്കി നിന്നു അവള്‍ ആകെ മെലിഞ്ഞിരിക്കുന്നു.. എനിക്ക് സങ്കടം വന്നൂ... 'എന്തിനാ കള്ളുചെക്കാ നീ വിഷമിക്കുന്നെ.?'
' അല്ല നീ ഇങ്ങനെ കോലം കെട്ടല്ലോ...?'

ങ്ഹി ഹി ഹ്..! നിളയൊരു ഇക്കിളിച്ചിരി... അല്ലടാ പൊട്ടാ ഞാന്‍ കാലത്തിനനുസരിച്ച് കോലം മാറിയതാ.. ഞാന്‍ ഇപ്പോള്‍ ഒരു ഐശ്വര്യാ റായ് സുന്ദരിയല്ലേ... ഇനി ഒരിക്കലും ഞാന്‍ വണ്ണം വെക്കാന്‍ ഉദ്ദേശ്ശിക്കുന്നില്ല...
'അപ്പോള്‍ എം.ടി............."
' അയാളോട് പോയി പണി നോക്കാന്‍ പറ..'

എന്നിട്ട് നിള തന്റെ അഴകളവുകള്‍ പ്രദര്‍ശ്ശിപ്പിച്ച് പാറക്കല്ലുകളുടെ ഹൈ ഹീല്‍ ചെരുപ്പില്‍ തെന്നിതെന്നി നീങ്ങി....

അല്ലാഹു അക്‌ബര്‍......


ട്രെയിന്‍ അല്പമൊന്നു വേഗം കുറച്ചുവോ...? ബാങ്ക് വിളിയുടെ ആസ്വാദ്യത കാറ്റിലൂടെ പറന്നു വന്നു.. വളരെ നേര്‍ത്തൊരു ശബ്ദം.. അപ്പോള്‍ കാറ്റൊന്നു വീശി.... ഞാന്‍ നോക്കിയപ്പോള്‍..... ആറ്റുവഞ്ചി.... കാറ്റിലേക്ക് വളയുന്നു... പിന്നെ... ആറ്റുവഞ്ചിപൂക്കള്‍ ഭൂമിയെ മുത്തുന്നു... ആറ്റുവഞ്ചിയുടെ നിസ്ക്കാരം.. ഒരു നിമിഷം ഞാന്‍ എല്ലാം മറന്നു.. മനുഷ്യനെക്കാള്‍ എത്ര ശ്രേഷ്ഠമീ പൂക്കള്‍.....
തന്റെ വേരുകള്‍ ആഴ്ന്നിറങ്ങിയ മണ്ണിനെ മുത്തിയിരുന്ന ആറ്റുവഞ്ചിപ്പൂക്കള്‍ അപ്പോഴേക്ക് നിവര്‍ന്നിരുന്നു... അവയുടെ നെറ്റിയില്‍ നിസ്ക്കാര മുദ്ര... !

മനുഷ്യന്‍ മണ്ണിനെ ചവിട്ടിക്കുഴച്ച് വീടാക്കുന്നു... ചെടികള്‍ സ്നേഹപൂര്‍വ്വം അവയുടെ നിലനില്പിനെ ആദരിക്കുന്നു...
മനുഷ്യാ നീ മണ്ണാണു...... വെറും മണ്ണ്.. സ്വര്‍ഗ്ഗവും നരകവും നിന്റെ സങ്കല്പം.. നീ സൂക്ഷിക്കണേ അല്പം മണ്ണ് ഒടുവില്‍ നിന്നെ കുഴിച്ചിടാന്‍...

റെയില്‍ വേ സ്റ്റേഷന്‍, വിഷാദത്തിന്റെയും സന്തോഷത്തിന്റെയും ഫ്ലാറ്റുഫോമുകള്‍, അതി സാന്ദ്ര പ്രണയത്തിന്റെ ഇരിപ്പിടങ്ങള്‍. വിഹ്വലമായ കാത്തിരിപ്പിന്റെ നീളന്‍ ബെഞ്ചുകള്‍...
നീളന്‍ പെരുമ്പാമ്പുപോലെ പാഞ്ഞുവരുന്ന തീവണ്ടി സ്റ്റേഷനിലേക്ക് സന്തൊഷവും സന്താപവും കക്കി, അവിടെ നിന്നും അതിനു വേണ്ടുന്ന ഇരവിഴുങ്ങി ചൂളം വിളിച്ച് പാഞ്ഞു പോകുന്നു...

ഞാന്‍ പാലക്കാട് സ്റ്റേഷനിലെ ഇരുട്ടിലേക്കിറങ്ങി. തണുപ്പുമാസം അതിന്റെ ആദ്യ ദിനങ്ങള്‍ ആരംഭിച്ചിരിക്കുന്നു. ബാഗ് തോളില്‍ തൂക്കി, അലസമായ് ഞാന്‍ നടന്നു. ചെറിയ കടകള്‍, അവയ്ക്കുമുന്നില്‍ നിന്നു കാപ്പിയും ചായയും കുടിക്കുന്നവര്‍,

ഓരോ ട്രെയിനും സ്റ്റേഷനെ സജീവമാക്കുന്നു.. ട്രെയിനില്‍ കയറാന്‍ തിരക്കിട്ട് പായുന്നവര്‍.. ഇറങ്ങിയവര്‍ വീട്ടിലേക്കെത്താനുള്ള ത്വരയില്‍ പുറത്തേക്ക്..ചായ.. ചായ... കാപ്പി... കാപ്പിയേ.. ശാപ്പാട്... ശബ്ദമുഖരിതമായ തണുത്ത അന്തരീക്ഷം എന്നെ സജീവമാക്കി

ഒരു ചെറുക്കന്‍ അവന്റെ പെണ്‍കുട്ടിയെ വട്ടം ചുറ്റിപ്പിടിച്ച് തണുപ്പിലൂടെ പതിയെ വളരെ പതിയെ നടക്കുന്നു.. കശ്മലന്‍ , എന്നെ അസൂയപ്പെടുത്താന്‍ എല്ലായിടത്തും ഒരുത്തന്‍ കാണും ഇങ്ങനെ..

പാലക്കാട് റെയില്‍ വേ സ്റ്റേഷന്‍, വൃത്തിയുള്ളതും ഭംഗിയുള്ളതുമാണു. ഞാന്‍ പുറത്തേക്ക് കാലുവെച്ചതും ആകാശത്ത് ഒരു വെള്ളിടി മുഴങ്ങി.. മഴ എന്നെ പിടിക്കാന്‍ ഓടി വരുന്നു.. ഞാന്‍ ഒരു ടാക്സിക്കായ് മുന്നോട്ട് നടന്നു... പെട്ടെന്നു ഇലക്ട്രിസിറ്റി പോയി.. ഇരുട്ടില്‍ മുങ്ങി റെയിവേ സ്റ്റേഷന്‍. പൗരാണികമായ ഭംഗിയോടെ അത് തല ഉയര്‍ത്തി നില്‍ക്കുന്നു.

ടാക്സിക്കാര്‍ വളരെ നല്ല സ്വഭാവമുള്ളവരാണു. അംബാസിഡര്‍ കാറിന്റെ പിന്നില്‍ അലസമായിരുന്നു സഞ്ചരിക്കുന്ന സുഖം, ഈ ലോകത്ത് മറ്റൊരു കാറിനും നല്‍കാന്‍ ആവില്ല.
പാലക്കാട് വളരെ വേഗം ഉറങ്ങുന്ന ഒരു നഗരമാണു. അമ്പലത്തില്‍ പോയി വരുന്ന ചില പെണ്‍കുട്ടികളെക്കണ്ടു. ഒട്ടും ജാഡക്കുട്ടികള്‍ അല്ല. പാലക്കാട്ട് ഇപ്പോഴും ഫുള്‍ പാവാടക്കാരികള്‍ ധാരാളം.

രാത്രിയില്‍ പുറത്തിറങ്ങി കുറെ നടന്നു. നഗരം മിക്കവാറും വിജനമായിരുന്നു. ശ്വാനന്മാര്‍ ധാരാളം. നഗരത്തിന്റെ കാവല്‍ക്കാരെപ്പോലെ എന്നെ നോക്കി. സാരമില്ലെടാ കൂവേ ഞാനും നിന്നെപ്പോലെ ഒരു നായ് തന്നെ...
നടന്നിട്ട് ഒട്ടു കാര്യോമില്ല, ഇരിക്കാന്‍ നേരോം ഇല്ല...
അതു കേട്ട് അവന്‍ ആകാശത്തേക്ക് നോക്കി നീട്ടി ഒന്നോരിയിട്ടൂ... നിനക്കിതു പറ്റുവോടാ കൂവേ ന്ന്...

ശിവദാസേട്ടന്‍...

രാത്രിയില്‍ ഫുഡ് കഴിക്കാന്‍ ഒരു ഹോട്ടലില്‍ കയറി, മുഖം നിറയെ പ്രകാശവുമായാണു സപ്ലെയര്‍ അടുത്തുവന്നത്. ഫൈ സ്റ്റാര്‍ ഹോട്ടലുകളില്‍ റും സേര്‍‌വ്വീസിനു വരുന്ന കുട്ടികളെപ്പോയുള്ള ഒതുക്കമുള്ള പ്രൊഫഷന്‍ ഔപചാരികതകളൊന്നുമില്ലാതെ അദ്ദേഹം ഏറ്റവും അടുപ്പമുള്ളൊരാളിനോടെന്നെ പോലെ എന്നോട് എന്താണു വേണ്ടതെന്നു ചോദിച്ചു...

എന്തൊക്കൊയുണ്ടെന്ന എന്റെ ചോദ്യത്തിനു കുറച്ചേറെ ആഹാരങ്ങളുടെ പേരു പറഞ്ഞു. അതൊക്കെ ഞാന്‍ കേട്ടിരുന്നു. നൂലപ്പം എന്നു പറഞ്ഞപ്പോഴേ, അതാണു കഴിക്കേണ്ടതെന്നു ഞാന്‍ തീരുമാനിച്ചിരുന്നെങ്കിലും അദ്ദേഹം സംസാരിക്കട്ടെ എന്നു വിചാരിച്ച് ഞാന്‍ കാത്തിരുന്നു.. അവസാനം ആള്‍ പറഞ്ഞു ആപ്പം... ആപ്പം അതെന്തൂട്ട് ഫുഡാ... ആപ്പം... ഹോ.. കോട്ടയം കാരന്റെ അപ്പം ഇവിടെ കുറച്ചൂടെ നീണ്ടുവലിയുന്നു...

ഒരുമനുഷ്യനെ നമ്മള്‍ എത്ര വേഗത്തിലാണു സ്നേഹിക്കുക.. ആ ഭക്ഷണം കഴിച്ചു തീര്‍ന്നപ്പോഴേക്കും ആ സപ്ലെയര്‍ എനിക്ക് പ്രിയപ്പെട്ടൊരാള്‍ ആയിക്കഴിഞ്ഞിരുന്നു... ശിവദാസേട്ടന്‍..
ഞാന്‍ ഇരുന്ന മേശയുടെ ഒരു വശത്തുള്ള ജനാലയിലൂടെ ഞാന്‍ പുറത്തേക്ക് നോക്കി... ഒരു ചെറിയ പൂന്തോട്ടം.. പൂക്കള്‍ ...പൂക്കള്‍.. പൂക്കള്‍


ടിപ്പുവിന്റെ കോട്ടയിലെ അധിനിവേശം........ ഹനുമാന്‍ സ്വാമി...



ടിപ്പു സുല്‍ത്താന്റെ ബാപ്പാ ഹൈദരാലി സാഹിബ് നിര്‍മ്മിച്ച കോട്ട, ചുറ്റും കിടങ്ങുകുഴിച്ച് വെള്ളം നിറച്ചിരിക്കുന്നു. ശത്രുക്കളായ് വരുന്നവന്മാര്‍ നീന്തല്‍ പഠിച്ചതാണെങ്കിലും കാര്യമില്ല. വെള്ളത്തിലേക്ക് ഡൈവ് ചെയ്യുന്നതേ ഓര്‍മ്മ കാണൂ.. നല്ല മുഴുമുഴുത്ത മുതലകള്‍ ആ കിടങ്ങില്‍ നീന്തി നടക്കുന്നത്, ചുമ്മാതല്ല..
കല്പ്പ്പണിയുടെ കാല്പനിക സൗന്ദര്യം, കല്ലുകള്‍ അടുക്കിയിരിക്കുന്നതിലെ സര്‍ഗ്ഗാത്മകത. ഒരു ഉറുമ്പിനു പോലും കയറിയിരിക്കാന്‍ വിടവില്ല. ഒന്‍പതു പേരവര്‍ കല്പ്പ്പണിക്കാര്‍/ ഓരമ്മ പെറ്റവരായിരുന്നു.. എന്ന ഓ.എന്‍.വിക്കവിത ഞാന്‍ ഓര്‍ത്തൂ.. ഈ മതിലിലും തന്റെ പൊന്നുണ്ണിക്കായ് മാറു ചുരത്തി നില്‍ക്കുന്ന ഒരു അമ്മയുടെ ആത്മാവ് ഉണ്ടാകുമോ..?

അതിവിശാലമായ കോട്ടവാതിലിലൂടെ ഉള്ളിലേക്ക് നടന്നപ്പോള്‍, ഞാന്‍ ഒരു രാജാവാണെന്നു നടിച്ചൂ.. ചുമ്മാതിരിക്കട്ടെ അല്പം ഗമ. മിന്നുന്ന കുപ്പായം പത്രാസു കാണിക്കാന്‍ ഇല്ലെങ്കിലും നീണ്ട സ്വര്‍ണ്ണപ്പാദുകങ്ങള്‍ കാല്പ്പാദങ്ങളെ സം‌രക്ഷിക്കാനില്ലെങ്കിലും... ഇപ്പോള്‍ മനസ്സില്‍ ഞാന്‍ ഒരു രാജാവാണു.. ഹേയ്, എന്റെ രാഞ്ജിയായ് നീ വരൂ പിന്നാലെ.... എന്നു തിരിഞ്ഞു വിളിക്കെ.. സ്വപ്നത്തില്‍ നിന്നവളൊരാട്ട് ആട്ടി.. 'ഫ് പോടാ പന്ന ചെക്കാ...'

കോട്ടക്കുള്ളിലെ മാവ്............


ആകാശത്തെ ഉമ്മവെക്കാനായ് ഉയര്‍ന്നുയര്‍ന്നുപോയൊരു നാട്ടുമാവ്... അങ്ങനെ പോകെ അതിലൊരു ശിഖരത്തിനു ഒരു മോഹം.. ഭൂമിയെ ഒന്നുമ്മ വെക്കാന്‍.. അത് ഭൂമിയിലേക്ക് വളര്‍ന്നു.. ഭൂമിയുടെ ചുണ്ടുകടിച്ചു കീറിയൊരുമ്മ... ! അതി തീവ്രാനുരാഗത്തിന്റെ ആഴങ്ങളില്‍ അഭിരമിച്ച് സ്വാസ്ഥ്യം നേടി വീണ്ടും ആ ശിഖരം ആകാശത്തേക്ക് വളര്‍ന്നൂ.. അപ്പോള്‍ ഭൂമി ആ മാമ്പഴച്ചാറു കുടിച്ച് മതിവരാതെ മാവിന്റെ ഉടലിനെ കടിച്ചു പിടിച്ചു.......... !

കുട്ടികള്‍ അണ്ണാര്‍ക്കണ്ണനെപ്പോലെ അതില്‍ ഓടിക്കയറുന്നു... ഞാന്‍ അത് കൗതുകപൂര്‍‌വ്വം നോക്കി നില്‍ക്കേ.. മാവു പറയുന്നു.. നീ കുറച്ചു മാസം കഴിഞ്ഞു വരൂ...... നിനക്ക് ഞാന്‍ ഒരു മാമ്പഴം തരാം.. നല്ല മധുരമുള്ള മാമ്പഴം..!

ഹോ.. ഇപ്പോള്‍ തന്നെ നീ എന്റെ കണ്ണില്‍ മാമ്പഴച്ചാറിറ്റിച്ചില്ലേ.... എന്റെ കണ്ണുകള്‍ മധുരിക്കുന്നു...!

സ്വര്‍ണ്ണത്തുമ്പികള്‍ ചെയ്യുന്നത്...


കോട്ടക്കുമുകളില്‍ ഒരു ചെറിയ സ്ഥലത്ത് മഴവില്ലിന്റെ ഒരു കഷ്ണം മിന്നുന്നു.. ഞാന്‍ അവിടേക്ക് ചെന്നു. ഹനുമാന്‍ കോവിലിന്റെ മുകളില്‍, പെണ്‍കുട്ടികള്‍ അവരുടെ കുപ്പിവളകള്‍ പൊട്ടിച്ചിട്ടിരിക്കുന്നു...

"ഹോ..! എത്ര രൂപയുടെ വളകള്‍..."

"എടാ കോട്ടയം കാരാ, നിന്നെപ്പോലെയുള്ള മരമാക്രികളെ കെട്ടാന്‍ മനസ്സില്ലാതെ ഹനുമാന്‍ സ്വാമിയെ പ്രണയിച്ച് ഇവിടെ വരുന്ന സുന്ദരിപ്പെണ്‍കുട്ടികള്‍, ഹനുമാന്‍ സ്വാമി നിത്യബ്രഹ്മചാരിയെന്നു അറിയുന്ന സങ്കടത്തില്‍ അവരുടെ വളകളുടച്ച് ആശ്വസിക്കുന്നതാ...."

"ഉവ്വേ, ഉവ്വുവ്വേ...നീയും നിന്റെ ഒരു ഹനുമാന്‍ സ്വാമിയും.. ഹനുമാനു വാല് അരയില്‍, അതുവെച്ച് ആ പാവം ബാലി ചെക്കനെ ഏഴു സമുദ്രത്തില്‍ മുക്കി ദ്രോഹിച്ചു...
നിനക്കൊക്കെ വാലു തലയില്‍ അതില്‍ ആണുങ്ങളെ കെട്ടിവരിഞ്ഞ് ജീവിത സാഗരത്തിലെ ഉപ്പുവെള്ളം മുഴുവന്‍ കുടുപ്പിക്കുന്നു..."

അവളു കെറുവിച്ചൊരു നടത്തം........ പിന്നെ കോട്ടയിലെ മഞ്ഞ തുമ്പികളെല്ലാം ചെന്ന് അവളുടെ നെറ്റിയില്‍ ഉമ്മ വെച്ചപ്പോഴാണു അവള്‍ അവനെ നോക്കിയൊന്നു ചിരിച്ചത്..

രണ്ടു ചെറുപ്പക്കാരെ പോലീസുകാര്‍ വിലങ്ങുവെച്ചു നടത്തിക്കൊണ്ടു പോകുന്നു... കോട്ടക്കുള്ളിലാണു സബ് ജയില്‍.

മനുഷ്യന്‍, എന്നാണു അവനിലെ അക്രമവാസനകളില്‍ നിന്നും രക്ഷപ്പെടുക ? മറ്റുള്ളവനെ ദ്രോഹിക്കാതെ അവനെ ആദരിക്കുന്ന, സ്നേഹിക്കുന്ന ഒരു കാലം... എല്ലാവര്‍ക്കും ജീവിക്കാനുള്ള സമ്പത്ത് ഉണ്ടായാല്‍ തന്നെ പകുതിയിലേറെ അക്രമങ്ങള്‍ അവസാനിക്കും. പിന്നീട് മനോരോഗികളായവര്‍ മാത്രമാകും അക്രമം നടത്തുക. അതിനു ജയിലുകള്‍ അല്ല, മനോരോഗാശുപത്രി ഉണ്ടാക്കിയാല്‍ മതി.....

ചിന്തിച്ചു ചിന്തിച്ച് ഞാന്‍ കോട്ടയുടെ മറുവശത്തെത്തിയിരുന്നു. അവിടെ ചെറിയ ഗുഹപോലുള്ള ജയിലുകള്‍.. പണ്ട് ശത്രുക്കളെ പിടിച്ചിട്ടിരിക്കുക ഇവിടെയാവും.. ഇവിടെ കിടന്ന് എത്രപേര്‍ അവരുടെ പ്രണയങ്ങളോര്‍ത്ത് വിലപിച്ചിരിക്കാം... മക്കളെക്കുറിച്ചോര്‍ത്ത് നിലവിളിച്ചിരിക്കാം....

ഒരാള്‍ക്ക് ധീരനും ചരിത്ര നായകനും ആകാന്‍ എത്രയെത്ര നരബലികള്‍ വേണം..!

മനുഷ്യന്‍........ ഹോ ! എത്രക്ക് നിഗൂഡമായ പദം.

സിക്സര്‍ വീരന്‍ ധോണിയുടെ പേരില്‍ ഒരു വെള്ളച്ചാട്ടം....
അതിരാവിലെ ഞാനവിടെ എത്തുമ്പോള്‍ ആരും എനിക്ക് മുന്നെ കാട്ടിലേക്ക് കയറിയിരുന്നില്ല. ഇന്നലെ മയങ്ങിയ കാട്, അതിന്റെ കണ്ണുകള്‍ തിരുമ്മി ആദ്യം എന്നെ കണി കണ്ടു. കാടിന്റെ ആദ്യത്തെ മിഴിതുറക്കല്‍. നനുത്തൊരു കുളിരായ് കാട് എന്നെ തൊട്ടു. മരങ്ങളുടെ വേര്‍പ്പു മണം.. പൂക്കളുടെ ആദ്യവിടരലിന്‍ സുഗന്ധം.. മനുഷ്യനായ് ഇപ്പോള്‍ ആ കാട്ടില്‍ ഞാന്‍ മാത്രം..

എന്നില്‍ ജന്തുവാസന ഉണര്‍ന്നു.. കാടിന്റെ നടുവില്‍ ഞാന്‍ മൂത്രമൊഴിച്ചു. ആരും കാണാനില്ലാത്തപ്പോള്‍ ഞാന്‍ എന്തൊരു വഷളനും തോന്ന്യാസിയും സ്വാതന്ത്ര്യദാഹിയും എന്നോര്‍ത്ത് കുടുകുടാ ചിരിച്ചു.. ചിരിച്ചു ചിരിച്ച് കിതച്ചപ്പോള്‍ തണുതണുത്ത വായു ധാരാളം എന്റെ നെഞ്ചിലേക്ക് വലിച്ചെടുക്കപ്പെടുകയും ഞാന്‍ വര്‍ദ്ധിതവീര്യനായ് തീരുകയും ചെയ്യ്‌തു...

അങ്ങകലെ വെളുവെളുത്തൊരു രൂപം. അത് അനങ്ങുന്നു. എനിക്ക് കൗതുകം അടക്കാനായില്ല.. ഞാന്‍ അവിടേക്ക് നടന്നു ചെന്നപ്പോള്‍.. ഒരു മുത്തശ്ശി, വിറക് പെറുക്കി കൂട്ടുന്നു...
എന്നെ കണ്ടതും.. 'മക്കളേ.' എന്നൊരു വിളി, അവരുടെ തൊണ്ടയുടെ കമ്പനത്തില്‍ ഞാന്‍ വിറച്ചു പോയ്, ഈ പുലര്‍ച്ചെ ഇത്രയും പ്രായമായൊരു മുത്തശ്ശി ഈ കാട്ടില്‍....

'മക്കളെവിടുന്ന.......?' ഞാന്‍ അവരെ സൂക്ഷിച്ചു നോക്കുകയായിരുന്നു. ചുളിവുകള്‍ ..ചുളിവുകള്‍ ..മുഖവും ശരീരവും നിറയെ വാര്‍ദ്ധക്യം നിറഞ്ഞിരിക്കുന്നു. പക്ഷേ കണ്ണുകള്‍ അതി സൗമ്യവും സ്നേഹതീവ്രവുമായിരുന്നു..
'അതേയ്, എനിക്കൊരു ചായ കുടിക്കാന്‍ കാശു തരുവോ..?'
'എന്താ വല്ല്യമ്മച്ചീടെ പേരു...?' എന്നു ഞാന്‍ ചോദിച്ചു... 'മുത്തി...'
ഞാന്‍ കൈയിലിരുന്ന കുറച്ച് ചില്ലറകള്‍ അവര്‍ക്കു നല്‍കി.. മക്കളു കാടിനെ അകത്തേക്ക് അധികം പോകേണ്ടാ കേട്ടോ.... 'ഇല്ല ' എന്നു പറഞ്ഞ് ഞാന്‍ മുന്നോട്ട് നടന്നു.. വളവു തിരിഞ്ഞ് ഞാന്‍ നോക്കിയപ്പോള്‍ അവരില്ല...

കുറച്ചുകൂടെ മുകളിലേക്ക് കയറിയപ്പോള്‍ എനിക്ക് ശരിക്കും പേടി തോന്നി. ആരാവും ഈ മുത്തി.? ഞാന്‍ വേഗത്തില്‍ തിരിച്ചിറങ്ങി... അവര്‍ പെറുക്കിക്കൂട്ടിയ വിറകുകള്‍ അവിടുണ്ട്.. പക്ഷേ മുത്തി ഇല്ല..
ഞാന്‍ ചുറ്റിനും നോക്കി, അപ്പോഴാണു മക്കളു ഇത്ര വേഗം തിരിച്ചു വന്നോ.. എന്ന ചോദ്യം.. ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ കൈയില്‍ മറ്റൊരു വിറകു കഷ്ണവുമായ് അവര്‍ കാട്ടില്‍ നിന്നും കയറി വരുന്നു...

എനിക്ക് ആര്‍ത്തൊന്നു ചിരിക്കാന്‍ തോന്നി.. ഏ.റ്റി കോവൂര്‍, ഐരൂര്‍, നിരീശ്വരവാദ പുസ്തകങ്ങള്‍ വായിച്ച്... ഞാനും ഒരു മിടുക്കന്‍ എന്നു വിചാരിച്ചിരുന്നു.. പക്ഷേ.. ഞാന്‍ ഒരു പേടിച്ചു തൂറിയാണു.. മഹാ പേടിച്ചു തൂറി..!

ഞാന്‍ മുത്തിയമ്മയുടെ കൂടെക്കൂടി, അവരുടെ വിറകു കെട്ടിക്കൊടുത്തു..
മക്കളുണ്ട്, പക്ഷേ, മുത്തിയമ്മക്ക് അവരെ വിഷമിപ്പിക്കാന്‍ വയ്യ, അതുകൊണ്ട് രാവിലെ കാട്ടില്‍ വന്നു വിറകു ശേഖരിച്ച് ചായക്കടയില്‍ കൊടുത്ത് അവിടെ നിന്നും ഭക്ഷണം കഴിക്കും...

നല്ല ഭാരമുള്ള ആ വിറകു കെട്ട് അവരുടെ തലയില്‍ വെച്ചു കൊടുത്തപ്പോല്‍ സത്യമായും എനിക്ക് വല്ലാതെ വിഷമം തോന്നി..........

ഞാന്‍ കാടിന്റെ ഇറയത്തെത്തി, അവിടെ നിന്നും കിണറ്റിലെ വെള്ളം കോരി മുഖവും കാലും കഴുകുമ്പോള്‍ അമ്മയുടെ വിളി....... മോനേ..... എപ്പോഴാ വരിക..അമ്മയുടെ ശബ്ദത്തില്‍ ഒരു പനിച്ചൂട്.?

ഇന്നു തന്നെ ... രണ്ടു ദിവസത്തേക്ക് എന്നു വിചാരിച്ച് പോയ എനിക്ക് അമ്മയുടെ അടുത്തേക്ക് പറന്നു ചെല്ലാന്‍ തോന്നി...


മലമ്പുഴ യക്ഷി....




യക്ഷി ഇപ്പോള്‍ ഏകയാണു. ആരും അവളെ ശ്രദ്ധിക്കുന്നില്ല. ദേഹത്ത് ചൊറി വന്നതുപോലെ അടര്‍ന്നു പോയിരിക്കുന്നു. ചുറ്റും കാടു വളര്‍ന്നിരിക്കുന്നു.
എന്റെ പ്രിയപ്പെട്ട യക്ഷീ, നിന്നെ ഞാന്‍ ആദ്യമായാണു കാണുന്നത് . ചെറുപ്പത്തില്‍ നിന്റെ ഫോട്ടോ ഞാന്‍ മലയാള മനോരമയില്‍ കണ്ടിട്ടുണ്ട്. സ്ത്രീ നഗ്നത ഒപ്പിയെടുക്കുന്നതില്‍ ഏറ്റവും വിരുതനായൊരു ഫോട്ടോഗ്രാഫര്‍ നിന്നെ എന്റെ മനസ്സില്‍ എടുത്തുവെച്ചിരുന്നു. നിന്നെക്കാണാന്‍ അവിടേക്ക് ഒഴുകി വന്നിരുന്ന പുരുഷാരത്തെക്കുറിച്ച് വായിച്ച് ഞാന്‍ നിന്നെ രഹസ്യമായ് പ്രണയിച്ചിരുന്നു. കാനായ് കുഞ്ഞിരാമനോട് എനിക്ക് എന്തെന്നില്ലാത്ത ആദരവും സ്നേഹവും പിന്നെ അല്പം അസൂയയും തോന്നി. നിന്നെ ഞങ്ങള്‍ക്കു കാണിച്ചു തരുന്നതിനു മുന്നെ എത്രകാലം ആ ദുഷ്ടന്‍ മനസ്സില്‍ കൊണ്ടു നടന്നിട്ടുണ്ട് നിന്നെ..

എന്നാല്‍ നിന്റെ ദയനീയമായ അവസ്ഥകണ്ട്, എനിക്ക് സഹതാപം തോന്നി. അതാണു ഞാന്‍ നിന്നെ നോക്കി അങ്ങനെ നിന്നത്, പണ്ടായിരുന്നെങ്കില്‍ നിന്നെ കെട്ടിപ്പിടിച്ച് ഞാന്‍ ഒരു ഫോട്ടോ എടുക്കുമായിരുന്നു.. ഇപ്പോള്‍, എന്റെ പ്രണയിനിയെ ഞാന്‍ യക്ഷി എന്നു വിളിച്ചു തുടങ്ങിയതിനു ശേഷം, നിന്നെ കെട്ടിപ്പിടിക്കുക എന്ന മോഹം ഞാന്‍ ഉപേക്ഷിച്ചു. നീ പിണങ്ങരുതു കേട്ടോ.. ഒരു മനസ്സില്‍ രണ്ടു യക്ഷികള്‍ ചേരില്ലെന്നേ...

അല്ല, ഈ യക്ഷി, എന്ന വിളി, അത് എന്തൊരു പ്രണയമാണു എന്നില്‍ ഉല്പാദിപ്പിക്കുന്നതെന്നോ? എന്റെ പ്രണയിനിയും ആദ്യം എന്നോട് വഴക്കു കൂടി, എടാ എന്നെപ്പോലെ നിന്നെ സ്നേഹിക്കുന്നൊരുവളെ യക്ഷി എന്നു വിളിക്കാന്‍ നിനക്ക് എങ്ങനെ ധൈര്യം വന്നൂ എന്നൊക്കെ ചോദിച്ച് വലിയ വഴക്ക്...

അപ്പോള്‍ ഞാന്‍ ചോദിച്ചൂ.... യക്ഷികള്‍ എന്താണു ചെയ്യുക, അവര്‍ ഇഷ്ടപ്പെടുന്നവരെ സ്നേഹത്തോടെ കൂട്ടിക്കൊണ്ടു പോകുന്നു. അവരെ എല്ലാ രീതിയിലും സന്തോഷിപ്പിച്ച്,അവരുടെ മാംസം കാര്‍‌വ്വുചെയ്യ്തു തിന്ന്, രക്തം കോള കുടിക്കുന്നതുപോലെ കൊരവള്ളി പൊട്ടിച്ച് സ്ട്രോയിലൂടെ എന്ന രീതിയില്‍ പാനം ചെയ്യ്‌ത്, മുടിയും നഖവും എല്ലുകളും പനച്ചോട്ടില്‍ ഉപേക്ഷിക്കുന്നു....
ഒരു സ്ത്രീ പ്രണയത്തിന്റെ ഏറ്റവും അങ്ങേയറ്റത്തെത്തുമ്പോള്‍, ഒരു പുരുഷനെ അങ്ങനെയല്ലേ ചെയ്യുക, എന്നെ കൊന്നു തരൂ എന്നല്ലെ ഒരു പുരുഷനു ഒരു സ്ത്രീയോടു പറയുവാനുണ്ടാവുക...
യക്ഷിയും അവളുമായ് ബന്ധപ്പെട്ട കഥയും ഇന്നോളം ഞാന്‍ കേട്ടതില്‍ ഏറ്റവും സുന്ദരമാണു.. പ്രിയപ്പെട്ട യക്ഷികളേ..... നിങ്ങള്‍ നല്ലവരാണു..... നിങ്ങള്‍ മാത്രമാണു നല്ലവര്‍.. നിങ്ങളുടെ സൗന്ദര്യം നിങ്ങളുടെ നിണ്ട മുടിയഴക്, നിങ്ങളുടെ പാലപ്പൂ ഗന്ധം... എന്റെ പ്രിയ യക്ഷികളേ സുന്ദരിക്കോതകളേ...
ദേയ്, മനുഷേനേ അധികം യക്ഷിപ്രേമം പറഞ്ഞാല്‍ നിങ്ങളുടെ എല്ലും നഖവും മുടിയും കൂടെ ഞാന്‍ ബാക്കി വെച്ചേക്കില്ലെന്നു...അവള്‍ മുരളുന്നതു ഞാന്‍ കേട്ടു...

ങാ, മലമ്പുഴ യക്ഷീ..... നീ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ അപാരതയില്‍ അഭിരമിക്കുകയായിരുന്നു...(ഇനി പതിനെട്ടു വയസ്സ് ആകാത്തവര്‍ ഒന്നു കണ്ണടച്ചേക്കുക..)

കാനായി കുഞ്ഞിരാമന്‍ അവതരിപ്പിച്ച യക്ഷി, സാംസ്കാരിക കേരളത്തിലെ കപട സദാചാരത്തിന്റെ മുഖത്തേക്ക് അഞ്ഞൊരു തുപ്പായിരുന്നു. സ്ത്രീ എവിടെയും അടിച്ചമര്‍ത്താനുള്ള ഉപകരണമാണെന്ന ചിന്തക്ക് ഒരു കൊഞ്ഞനം കുത്തല്‍. രതി എന്നത് , കേവലം പാപമാണെന്നും സ്ത്രീയെ അതില്‍ കീഴ്പ്പെടുത്തുന്നതാണു പൗരുഷം എന്ന് കരുതുകയും ചെയ്യുന്ന കേരളീയ മണുക്കൂസ് രതിവീരന്മാര്‍ക്ക് മലമ്പുഴയിലെ യക്ഷി, ഒരു ചോദ്യമാവുന്നു. ഇത്തരമൊരു സ്ത്രീയെ പുരുഷന്‍ ഭയക്കും, ഒരു ശലഭത്തെപ്പോലെ പുരുഷനില്‍ പാറിപ്പറക്കുന്നൊരു സ്ത്രീ... അതിനിടയില്‍ അഴിഞ്ഞുപോയ അവളുടെ കേശഭാരത്തെ അവള്‍ കൈ ഉയര്‍ത്തി കെട്ടിവെക്കാന്‍ തുടങ്ങുന്നു.. സമ്മോഹനമായൊരു ചിന്ത. കാനായിയുടെ വിരല്‍ത്തുമ്പില്‍ എന്റെ സ്നേഹ ചുംബനം.



ഞാന്‍ യക്ഷിയെ കണ്ടതിനു ശേഷമാണു മലമ്പുഴ ഡാമില്‍ ബോട്ടില്‍ സഞ്ചരിച്ചത്........ അതാ അങ്ങകലെ ഒരു യക്ഷി... മുടി പിന്നിലേക്ക് വഴിഞ്ഞൊഴുകിയിരിക്കുന്നു... അവളുടെ മുലകള്‍ ആകാശത്തേക്കുയര്‍ന്നിരിക്കുന്നു... അവളുടെ കാലുകള്‍ അവള്‍ ഉയര്‍ത്തിവെച്ചിരിക്കുന്നു.. അവളുടെ ദൃഡമായ മുഖത്ത്, അതി ശക്തമായ സ്നേഹം... മലമ്പുഴയുടെ യക്ഷിയെ പ്രകൃതി കൊത്തിവെച്ചിരിക്കുന്നു.... ഹെന്റെ പ്രകൃതീശ്വരീ.. നീ ആ വിരലൊന്നു നീട്ടൂ... ചുംബിക്കാനല്ല.. അതില്‍ എനിക്കൊന്നു വീണുറങ്ങാന്‍...!

വൈകിട്ട് തിരിച്ചു ബസില്‍ , ഇരുട്ടിലൂടെ ബസ് കുതിച്ചുപായുന്നു.. തണുത്തകാറ്റ് ,... ഹോ ഞാന്‍ മറന്നിരുന്ന മഴ, അവളുടെ വരവാണു.... എന്നാല്‍ എന്നെ ഓടിച്ചിട്ട് പിടിക്കാന്‍ കഴിയാത്തതില്‍ അവള്‍ മുഖം വീര്‍പ്പിച്ചു നിന്നു.... ഞാനൊരു സ്വപ്നക്കോണിയില്‍ കയറി അവളുടെ അരികിലേക്ക് കയറിച്ചെന്നു കവിളില്‍ ആഞ്ഞൊരു ഉമ്മവെച്ചു........ അവള്‍ അവളുടെ പരിഭവം മതിയാക്കി..!

(ഇതിലെ ചിത്രങ്ങള്‍ക്ക് ഗൂഗിളേ നന്ദി ഗൂഗിളേ സോത്രം..)

2009, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

വിവരമില്ലാത്തവന്‍ കവിത സ്വപ്നം കാണുമ്പോള്‍...

അഹങ്കാരി വാക്കുകള്‍...
------------------

ഞാനൊരു സ്വര്‍ണ്ണക്കൂട്ടിലെന്‍ വാക്കുകളെ മെരുക്കിയിടവേ, അവ എന്നോട് കയര്‍ക്കുന്നു. ചിലവ എന്നെ നോക്കി വെല്ലുവിളിക്കുന്നു. ചില വാക്കുകള്‍ ആത്മഹത്യാ ഭീക്ഷണി മുഴക്കുന്നു. മറ്റുചിലവ ചുമ്മാ ചിലക്കുന്നു. ചിലവ അലമുറയിട്ട് കരയുന്നു. എന്റെ മനസ്സിന്റെ കൂട്ടില്‍ തലതല്ലി എന്നെ പ്രാകുന്നു...!

ഓര്‍മ്മകള്‍ ഭക്ഷണമായ് നല്‍കവേ, അവ തിരിഞ്ഞ് നിന്ന് തൂവല്‍ പൊഴിച്ച് ചിറകിട്ട് തലക്കു തല്ലുന്നു..
ഇവ പട്ടിണി കിടന്നു നരകിച്ചു ചാവുമെന്നെത്തിയപ്പോള്‍ ഞാനൊരു സന്ധി സംഭാഷണത്തിനെത്തി.

അത് പരാജയപ്പെട്ടത് എന്റെ കുഴപ്പമല്ല..
അവരു മാത്രമാണു ചിലച്ചത് ഞാന്‍ കേട്ടിരുന്നു.
ഇതാ, ഇപ്പോള്‍ എത്രവട്ടം ഞങ്ങള്‍ സമ്മേളിച്ചിരിക്കുന്നു. അവയാണു ചിലക്കുന്നത്...
ഞാന്‍ മൗനി, സ്വാതന്ത്ര്യം ഇത്രക്ക് ആകര്‍ഷകമോ.?
വാക്കുകള്‍ എന്റെ തലയില്‍ കാഷ്ഠിച്ചു. ഞാനവരുടെ തുടക്ക് ചുട്ടയടികൊടുത്തു.. ഇപ്പോള്‍ വാക്കുകള്‍ നിശ്ബദരായ്.. അവയെന്നെ നോക്കി നോക്കി കൊല്ലുന്നു...ദയനീയതക്ക് ഇത്രക്ക് മൂര്‍ച്ചയോ..?
ഞാന്‍ കൂടു തുറന്നു.. പിന്നെ തിരിഞ്ഞിരുന്നു...
ഇല്ല, ആരും പറന്നകലുന്നില്ല. എന്നെ വട്ടമിട്ട് പറക്കുന്നു...
അവയുടെ തൂവലിനാല്‍ എന്നെ വീശുന്നു...
ഹോ ! ഞാനവയെ നേരത്തെ വിശ്വസിച്ചിരുന്നെങ്കില്‍.!

******************

മരത്വം.......

----------
പ്രിയേ,
നമ്മള്‍ സംസാരിച്ചത് പ്രണയം !
നീ എന്റെ ചുണ്ടില്‍ മുദ്രവെച്ചു
ശ്വാസംകിട്ടാതെ ഞാന്‍ പിടച്ചുനീറി..
അപ്പോള്‍ ആ മരം എന്തായിരുന്നു
നമ്മോട് പറയാന്‍ ആഗ്രഹിച്ചത്..?
'അതിനു അസൂയയെന്നു...' നീ
'ഹേയ് അല്ലേ അല്ല...'
മരത്തിനു എന്തിനു മനുഷ്യത്വം ?
അതിനുമപ്പുറം പോകുന്ന
മരത്വം ആസ്വദിക്കുന്നവര്‍,
അപ്രാപ്യമായ ചിന്തകള്‍ നിന്റെ
തലച്ചോറിനെ ചിതലരിക്കും മുന്നെ
എന്നെ പുണര്‍ന്നുമ്മവെക്കൂ...
ഹൂഉം...ഹൂഉം.... ഹൂഉം..!

**************


ഭ്രാന്താണു ശ്രേഷ്ടം.
-----------------
പ്രണയി,കവി, ഭ്രാന്തന്‍. ...ഒരുപോലെ
ഷേക് സ്പിയര്‍......
പ്രണയി,
കവി,
ഭ്രാന്തന്‍......
നിങ്ങള്‍ മൂന്ന്... ഞാന്‍...
പ്രണയി, തുടക്കം,
തലച്ചോറിലെ ചെറു ചലനം,
മനുഷ്യന്‍ മനുഷ്യനെ അറിയുന്നു .
കവി, തുടര്‍ച്ച,
പ്രകൃതി കനിവുകാട്ടുന്നു.
ഭ്രാന്തന്‍,
എല്ലാം തന്നിലേക്ക് ആവാഹിച്ച തമോദ്വാരം..!
ഞാന്‍.........ഭ്രാന്തന്റെ വാക്കുകള്‍.........
ഒരു മരണച്ചിരി..!
അല്ലെങ്കില്‍
ഒരു ജീവിതക്കരച്ചില്‍.

******************


ആരാച്ചാര്‍
----------------
വാക്കുകള്‍...
അവയെന്റെ സ്വാതന്ത്ര്യമെന്നു ഞാന്‍
അവയ്ക്കൊരു മൂക്കുകയറെന്നു നീ...
നിന്നിലൂടെ ഒഴുകണമവ,
നീ അറിഞ്ഞേ അവക്കു ജീവന്‍ വെക്കാനും
പാടിപ്പറക്കാനും പാടുള്ളുവെന്നു നീ..
നിന്റെ താളത്തിനൊത്തു തുള്ളണം
നിന്റെ രാജസദസ്സിലെ നര്‍ത്തകികളാകണം.
നിനക്ക് തോന്നിയതുപോലെ വ്യഭിചരിക്കാന്‍
വിട്ടുതരില്ല ഞാന്‍ എന്റെ വാക്കുകളെ..
ഇന്നലെ രാത്രി ഞാന്‍ അവയെ
തൂക്കിക്കൊന്നു..!


**************

ബലി മൃഗം........
--------------------


ബലിക്കല്ലില്‍ നിന്നും
വലിച്ചെറിയപ്പെട്ട,
പാതിചത്ത ബലിമൃഗത്തിനു..
എന്തിനായിരുന്നു നീ
നിന്റെ പാതി ജീവന്‍ നല്‍കിയത് ?

കാടിന്റെ വന്യസൗന്ദര്യത്തെക്കുറിച്ചു
കവിതചൊല്ലി,
കാറ്റിന്‍ മൃദുസ്പര്‍ശത്തില്‍
ഉറക്കിയത്...?

വീണ്ടും നിന്റെ ബലിക്കല്ലില്‍
എന്നെ ബലിയൊരുക്കാനോ..?
സ്വപ്നങ്ങള്‍ വറ്റിയ മിഴികളെങ്കിലും
നിനക്കായ് ഒരുങ്ങിക്കഴിഞ്ഞു...!

ആയുധം
രാകി മൂര്‍ച്ചകൂട്ടുക...
ഹോ.....!നിന്റെ സ്നേഹത്തിന്റെ വായ്ത്തല
എന്നെ നോവിക്കുകയേ ഇല്ല

*************

മരം പറയുന്നത്.

അതേയ്, അങ്ങനെയല്ല...
പിന്നെ എങ്ങനെ..?
അതു ഞാന്‍ പറയില്ല...
പറയൂന്നേ...
അവന്‍ അവളുടെ മുഖത്തേക്ക് നിര്‍ന്നിമേഷം നോക്കിയിരുന്നു.. അവള്‍ കണ്ണു ചിമ്മാതെ അവനെയും...
മരം അവര്‍പറയുന്നതുകേട്ട് നില്‍ക്കുകയായിരുന്നു. അത് ചെവികള്‍ തുറക്കാറേ ഇല്ലായിരുന്നു. പൂവുകള്‍ ഉണ്ടാവുമ്പോഴേ അവയുടെ ചെവിയില്‍ അത്, മഞ്ഞു തുള്ളിയുരുക്കിയൊഴിക്കും...ലോകത്തിന്റെ വാക്കുകള്‍ അവരെ കളങ്കപ്പെടുത്താതിരിക്കാന്‍...
എന്നാല്‍ വളരെ നാളുകള്‍ക്കു ശേഷം പ്രണയപൂര്‍‌വ്വം രണ്ടുപേര്‍ സംസാരിക്കുന്നു... അവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ മരം തന്റെ അനന്തമായ ചെവികള്‍ തുറന്നു വെച്ചു..

'എനിക്ക്.... എനിക്ക്..'.

അവന്‍ കണ്ണിലൂടെ അവളോട് ചോദിച്ചൂ..
'പോടാ കള്ളാ ' അവള്‍ മിഴികളിലൂടെ പരിഭവിച്ചു..

മരത്തിനു അതു രസിച്ചു.. കൊള്ളാം..! അത് ഇലകള്‍ കുലുക്കി സമ്മതിച്ചു... 'ഉമ്മ വെക്കണം..' പതിയെ മരം അവനോട് പറഞ്ഞൂ...

'ഹേയ് നീ വല്ലതും പറഞ്ഞുവോ...?' അവന്‍ അവളോട് ചോദിച്ചു .

' ഇല്ലാ, എന്തേ... ?' എനിക്ക് തോന്നിയതോ പെണ്ണേ.. അതോ നിന്റെ മനസ്സു പറഞ്ഞതോ.. അവനവളുടെ കവിളിലേക്ക് കവിള്‍ മുട്ടിക്കാന്‍ ചാഞ്ഞൂ..

'ഈ ചെക്കനിതെന്തിന്റെ കേടാ..?' അവള്‍ അവന്റെ കവിളിലൊരു നുള്ളുകൊടുത്തു.... 'ശോ..!' നീറിപ്പോയല്ലോ അവനു..
മരത്തിനു ചിരി വന്നു.. ആ ചിരിയില്‍ പൊഴിഞ്ഞത് മൂന്നാലു പൂക്കള്‍... വീണതോ, അവളുടെ നെറ്റിയിലും മുടിയിലും മൂക്കിന്‍ തുമ്പിലും പിന്നെ.... ഹോ !മരത്തിനും നാണം വന്നൂ..! അത് കണ്ണുകളടച്ച് നാണിച്ചു.!
പൂ മണക്കുന്ന അവളെ അവന്‍ നോക്കി നോക്കി കൊതിച്ചു.. മരം അപ്പോള്‍ വീണ്ടും പറഞ്ഞൂ..'ഉമ്മ വെക്കൂ...'

ഇത്തവണ അവന്‍ അമാന്തിച്ചില്ല, അവളെ അമര്‍ത്തിയമര്‍ത്തിയുമ്മ വെച്ചു...

മരത്തിനു കോരിത്തരിച്ചു... അത് അവരെ പൂകൊണ്ടു മൂടി... ഇലകളില്‍ മുഖം പൊത്തിയിരുന്ന മഞ്ഞു തുള്ളീകളെ കളിയോടെ കുടഞ്ഞിട്ട് അവരെ കുളിരില്‍ മൂടീ.....

കാറ്റു വന്നു മരത്തിന്റെ താടിക്കൊരു തട്ടുകൊടുത്തപ്പോഴാണല്ലോ മരം ഉണര്‍ന്നത്.. .. അപ്പോള്‍ അവള്‍ പൂക്കളെല്ലാം കൊഴിഞ്ഞുപോയൊരു മരമായി മാറിയിരുന്നു.. അവളുടെ സ്വപ്നങ്ങള്‍ മണ്ണില്‍ വീണു കിടന്നു നിലവിളിക്കുന്നു...
ഒരു പൂവിന്‍ കുഞ്ഞുമാത്രം അവളുടെ നെറ്റിയിലിരുന്നു പറഞ്ഞു....

'ഇല്ല, അതിമോഹമാണു നിന്റെ സ്വപ്നം! ഇനി ഭൂമിയില്‍ മനുഷ്യര്‍ പ്രണയിക്കില്ല.....
!'

എവിടെ നിന്നോ പറന്നു വന്നൊരു കുരുവിക്കുഞ്ഞുപറഞ്ഞൂ 'സാരമില്ലാട്ടോ... ഞാന്‍ വലുതാവട്ടെ... പ്രണയിച്ച് എന്റെ കൂട്ടുകാരിയുമായ് വന്ന് ഇതില്‍ ഞാന്‍ കൂടുകെട്ടാം കേട്ടോ.'. എന്നിട്ട് അവനൊരു കുരുവിക്കൊത്ത് കൊടുത്തൂ അവളുടെ ഇലനാമ്പില്‍;.....

'ഹെന്റെ കുരുവിക്കുട്ടീ.......!' മരത്തിന്റെ നാവുണര്‍ന്നു വിളിച്ചു...

'മേഴ്സീ റ്റു മീ ..'

ഏകനായിരുന്നു ഞാന്‍. അന്തരീക്ഷത്തില്‍ ഈര്‍പ്പം നിറഞ്ഞിരുന്നു. നേര്‍ത്ത വെളിച്ചം മാത്രം. കട്ടിലുകള്‍ നിരന്നു കിടക്കുന്നു. അതില്‍ പാദം മുതല്‍ തലവരെ മൂടിക്കിടക്കുന്ന മനുഷ്യര്‍. നിശബ്ദമായ അന്തരീക്ഷം. ഉറങ്ങുന്നവര്‍ കൂര്‍ക്കം വലിക്കുന്നതുപോലുമില്ലേ..?

ഞാന്‍ നടക്കുകയാണു. എന്റെ കാലടികള്‍ക്കു ശബ്ദമില്ല. തറ വിഴുങ്ങുന്നുവോ എന്റെ കാലടി ശബ്ദത്തെ ? അകലേക്ക് അകന്നകന്നു പോകുന്ന ഇടനാഴി. ഇപ്പോള്‍ ആരും ഇല്ല. നടന്നു നടന്നു ചെല്ലവേ ഒരു കട്ടിലില്‍ ഒരാള്‍ മൂടിപ്പുതച്ചു കിടക്കുന്നു. അയാളുടെ തൊട്ടടുത്ത് ഒരു വാതില്‍. ഞാന്‍ വാതിലിനടുത്തെത്തിയപ്പോള്‍, കട്ടിലില്‍ പുതച്ചു മൂടിക്കിടന്നയാള്‍ ചാടിയെണീറ്റു. അയാളുടെ മുഖം അവ്യക്തമായിരുന്നു. എന്നാല്‍ ലോകത്തിലെ എല്ലാ ശൈത്യവും ഉറഞ്ഞതുപോലെ അയാളുടെ നോട്ടം എന്നില്‍ പതിച്ചു. അയാള്‍ കൈകള്‍ നീട്ടി എന്നെ പിടിച്ചു. അല്‍ഭുതം അത് വിരലുകള്‍ കൊണ്ടായിരുന്നില്ല. അയാളുടെ കൈകള്‍ എന്നെ കാന്തം എന്നതുപോലെ ആകര്‍ഷിച്ച് എടുക്കുകയായിരുന്നു.

'മേഴ്സീ റ്റു മീ മേഴ്സീ റ്റു മീ'

എന്നയാള്‍ പുലമ്പിക്കൊണ്ടിരുന്നു. വാക്കുകള്‍ മണ്ണുപിളര്‍ന്നു വരുന്നതുപോലെ എനിക്ക് തോന്നി. അയാളുടെ കൈകളില്‍ നിന്നും രക്ഷപ്പെടാന്‍ ഞാന്‍ കിണഞ്ഞു പരിശ്രമിച്ചു. ഇല്ല, അയാളുടെ കൈകള്‍ എന്നെ തണുപ്പിനാല്‍ കത്തിക്കുന്നു. ഒടുവില്‍ കുതറിമാറി വാതില്‍ തുറന്ന് ഞാന്‍ പുറത്തേക്ക് ചാടി, സൂര്യപ്രകാശം അയാളുടെ ദേഹത്ത് കൊണ്ടപ്പോള്‍ അയാള്‍ ആവിയായ് മാറി.......
പുറത്ത് ദൂരെ ദൂരെ ഒരു മനുഷ്യന്‍ അതീവ ദുഃഖിതനായ് ഇരിക്കുന്നു. താടിയും മുടിയും നീട്ടിയ ഒരു യേശുമുഖം. അതിനപ്പുറത്തേക്ക് ഇരുട്ട്...

ഹോ..! ഞാന്‍ മരിക്കുകയാണു.. എനിക്ക് എന്നെ നഷ്ടമാകുന്നു. ശരീരം തണുക്കുന്നു.. മരണത്തെ ഇങ്ങനെ ആയിരുന്നില്ല ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. എനിക്കതൊരു മധുരമുള്ള പാട്ടോ തേന്‍ തുള്ളിയോ ആയിരുന്നു.
പെട്ടന്ന് ഞാന്‍ ബോധത്തിലേക്ക് ഉണര്‍ന്നു. ഞാന്‍ എവിടെ..?

കുറച്ചു സമയത്തിനു ശേഷം ഞാന്‍ എന്റെ മുറിയുടെ വാതില്‍ കണ്ടു പിടിച്ചു...!

അണക്കെട്ട്...

പുഴ ഒഴുകുകയായിരുന്നു. മലകളുടെ മാറിനിടയിലൂടെ... അപ്പോഴാണു ആദ്യത്തെ കരിങ്കല്ലിന്‍ കഷ്ണം അവളിലേക്ക് എറിഞ്ഞു തറച്ചത്. അവള്‍ക്ക് വേദനിച്ചു.. അവളുടെ ദേഹത്ത് മണ്ണുപൊടിഞ്ഞൂ.. അത് വെള്ളത്തില്‍ കലങ്ങിയൊഴുകി. വീണ്ടും കല്ലുകള്‍ എറിഞ്ഞുറപ്പിക്കപ്പെട്ടു.

പുഴയപ്പോള്‍ മറ്റൊരു വഴിക്ക് തിരിച്ചു വിടപ്പെട്ട്രിരുന്നു. വഴി അത്രക്ക് സുഗമമായിരുന്നില്ല. ഇടുങ്ങിയ വഴികളിലൂടെ അവള്‍ വേഗത്തില്‍ നടന്നു.. ഇടം കുറഞ്ഞവഴികളില്‍ ഇവളെന്തിനാണു ഇങ്ങനെ പേടിച്ചോടുന്നത്..? വിശാലമായ വഴികളില്‍ അവള്‍ അലസമനോഹരിയാവും.. പൂക്കള്‍ അവളെ നോക്കി കണ്ണെഴുതും. മരങ്ങള്‍ അവയുടെ മുഖം നോക്കി ആസ്വദിച്ച് ഇളകി ചിരിക്കും...

അന്ന്, വഴിമാറ്റിയൊഴുക്കപ്പെട്ടിരുന്ന പുഴ തന്റെ പഴയവഴികളിലേക്ക് ആനയിക്കപ്പെട്ടു.. കൊട്ടും മേളവും കതിനയും എല്ലാമുണ്ടായിരുന്നു. തന്നെ സ്നേഹിക്കുന്ന മനുഷ്യനെ പിടിച്ച് തെരുതെരെ ഉമ്മവെക്കാന്‍ പുഴക്കു തോന്നി.. അതിവിശാലമാക്കപ്പെട്ടിരുന്നു അവളുടെ വഴികള്‍. അവള്‍ പോയതിനു ശേഷം കരിഞ്ഞുണങ്ങിയ പുല്‍ നാമ്പുകളെ അവള്‍ ആവേശത്തോടെ നെഞ്ചിലേക്ക് വാരിയെടുത്തൂ... അവയും പുഴയുടെ പുഴപ്പാല്‍ കുടിച്ച് തിമിര്‍ത്തൂ.

അരാണു തന്നെ തടഞ്ഞു നിര്‍ത്തുന്നത്? ബലിഷ്ടമായ കരങ്ങള്‍, പുഴ കുതറിമാറി, അവിടെയും കൈകള്‍..കരുത്താര്‍ന്ന കൈകള്‍.. പുഴ മുകളിലേക്ക് ഉയര്‍ന്നു, പുഴ വശത്തേക്ക് മാറി, ഇല്ല അനന്തമായ കൈകള്‍ നീട്ടി നീട്ടി അവളെ അവന്‍ ചേര്‍ത്തു ചേര്‍ത്തു പിടിക്കുന്നു. കരിങ്കല്ലിനു ബലാക്കാരം മാത്രമേ വശമുണ്ടായിരുന്നുള്ളൂ... അവനൊരു മുഠാളനെപ്പോലെ അവളെ വാരി നെഞ്ചിലിട്ട്... അവളവന്റെ കരണത്തടിച്ചു. കരിങ്കല്‍ കോട്ടയനങ്ങിയില്ല. അവളവന്റെ നാഭിക്ക് ചവിട്ടി.. അവനതു കൂസാക്കിയതേ ഇല്ല.. ഒടുവില്‍... അവള്‍ തടിച്ചുയര്‍ന്നു.. അവളിലെ ചലനങ്ങള്‍ അവളില്‍ തന്നെ ചത്തൊടുങ്ങി. സംക്രമിക്കപ്പെട്ട ഊര്‍ജ്ജവുമായ് അവള്‍ അവനെ വെറുത്തുകൊണ്ട് ആ മാറില്‍ കിടന്നു...
കശ്മലന്‍ ഒരു വാക്കുപോലും കനിവോടെ അവളോട് മിണ്ടിയതുമില്ല..!

ആ കരിങ്കല്‍ മൗനം മാത്രമായിരുന്നു പുഴയുടെ ആശ്വാസം. അവള്‍ അവനെക്കുറിച്ചോര്‍ത്ത് വിഷാദിച്ചു.
എന്നെ കാത്ത് അവനവിടെ... ഞാന്‍ എത്തിയില്ലെങ്കിലും അവനെ കാമിക്കാന്‍ എത്ര പുഴകള്‍.. എന്നാലും അവനോട് ചേരുമ്പോള്‍ അവന്റെ വേര്‍പ്പില്‍ കുതിര്‍ന്ന് ഇല്ലാതാവുമ്പോള്‍ അനുഭവിക്കുന്ന ആനന്ദം..ഇനി ഒരിക്കലും തനിക്കതിനാവില്ലേ...?

ഗുളും...! ഒരു ചെറിയ ദ്വാരം... കരിങ്കല്‍ കൊട്ടക്കുള്ളിലെ ആ ദ്വാരത്തിലേക്ക് അവള്‍ വലിച്ചെടുക്കപ്പെട്ടു. കനത്ത ഇരുട്ടിലൂടെ അവള്‍ ഒഴുകി.. മരണത്തിന്റെ നിശ്ചബ്ദതയും നിശ്ചലതയും അവള്‍ അഭിമുഖീകരിച്ചു..
ഈ കനത്ത ഇരുട്ട് കരിങ്കല്ലിന്റെ ഹൃദയം എന്ന് കരുതി അവള്‍ അവനോട് സംസാരിച്ചു... പുഴ, ബുദ്ധിയുള്ളൊരു പെണ്‍കൊടിയായ്...

"ഹേയ്, കരുത്തേ... എന്നെ ഇങ്ങനെ ശ്വാസം മുട്ടിക്കാതെ എനിക്ക് നിന്നെ ഇഷ്ടമാണു. നിന്റെ കരുത്തില്‍ ഞാന്‍ അഭിരമിക്കുന്നു..".

ഒരു നേരിയ ചലനം കരിങ്കല്‍ക്കോട്ടയുടെ ഹൃദയം ഒന്നനങ്ങി..... ഹോ പുഴ ഒരു തുള്ളിയായ് പുറത്തെത്തി... അവള്‍ പതിയെ താഴോട്ട് ഒലിച്ചിറങ്ങി.. സ്വാതന്ത്ര്യത്തിന്റെ വായൂ ആവോളം വലിച്ചു കുടിച്ച് നീരാവിയായ്... സ്വാതന്ത്ര്യസമര രക്ത്സാക്ഷിയായ് ആ പുഴത്തുള്ളി..!

പിന്നീട് അവള്‍ അവന്റെ ഹൃദയത്തിന്റെ ആ വിടവിലൂടെ പതിയെ പതിയെ ഒലിച്ചിറങ്ങി.. അതൊരു ചെറിയ ചാലായ്.. പിന്നെ നിരന്തരം പ്രവഹിക്കുന്നൊരു ചെറിയ അരുവിയായ്....ഇന്ന്........ അവള്‍ ആ കരിങ്കല്‍ കോട്ട പൊട്ടിച്ചിതറിച്ചു.. അവന്റെ ഹൃദയത്തില്‍ അവള്‍ ആഞ്ഞൊരടിയായിരുന്നു.. അവന്‍ കഷ്ണം കഷ്ണമായ് ആകാത്തേക്ക് ചിതറിത്തെറിച്ചു...

പുഴക്ക് ഭ്രാന്തു പിടിച്ചിരുന്നു. അവള്‍ തന്റെ അഴിഞ്ഞുലഞ്ഞ മുടിയൊന്നു കെട്ടിവെച്ചില്ല... അവള്‍ ഉടയാടകള്‍ ഊര്‍ന്നുപോയതറിഞ്ഞില്ല... ഉന്മാദിനി..... ഓടുകയായിരുന്നു..അല്ല പറക്കുകയായിരുന്നു.. കാമുകന്റെ നെഞ്ചിലേക്ക്.. വഴിയില്‍ തടസമായി തൊട്ടതിനെയെല്ലാം അടിച്ചു തകര്‍ത്ത്..പുഴ...

ഭ്രാന്തിപ്പുഴ... അലറിക്കുതിച്ചു..........!

2009, ഓഗസ്റ്റ് 1, ശനിയാഴ്‌ച

ചിന്താവിഷ്ടയായ ശകുന്തള..

ശകുന്തളക്ക് കരച്ചില്‍ വന്നു. ശരിക്കും ഒരു മുട്ടന്‍ കരച്ചില്‍. അവള്‍ കൈകള്‍ കൊണ്ട് മുഖം പൊത്തിപ്പിടിച്ച് ആര്‍ത്തലച്ച് കരഞ്ഞു. മൂക്കില്‍ നിന്നും പുറത്തേക്ക് വന്ന മൂക്കള ചീറ്റി കൈകൊണ്ട് മൂക്കുപിഴിഞ്ഞ് ചാറെടുത്ത് അവളിരുന്ന മരച്ചോട്ടിലെ ഒരു വേരില്‍ തേച്ചു. പിന്നെ അടുത്തുകിടന്നൊരു കുമ്പിളിലയില്‍ കൈ തുടച്ചു.

"ദുഷ്ടന്‍.! കശ്മലന്‍. കുഷ്യന്തന്‍..!"

ശകുന്തള കരച്ചിലിന്റെ വോള്യം ഒന്നുകൂടെ കൂട്ടി. പിന്നീട് അതൊന്നും കേള്‍ക്കാന്‍ ആരും വരില്ലെന്നറിഞ്ഞും എനര്‍ജി വെറുതെ 'വെയ്സ്റ്റ്' ആക്കിയാല്‍ തന്റെ ശരീരത്തിനാണു കേടെന്നു വിചാരിച്ച് വീണ്ടും ചിന്തയില്‍ വീണുരുണ്ടു..

എന്തെല്ലാം ചാടുവാക്കുകള്‍ പറഞ്ഞാണു തന്നെ പ്രണയ പരവശയാക്കിയത്... ഹോ പ്രണയം.!.
തനിക്കാ സാധനം തന്നെ തിരിച്ചറിയില്ലായിരുന്നു.

കണ്വാശ്രമത്തില്‍ അനസൂയയോടും പ്രിയം‌വദയോടും ചുമ്മാ വര്‍ത്താനം പറഞ്ഞും അവരെക്കൊണ്ട് തലയിലെ പേന്‍ കൊല്ലിച്ചും സുഖിച്ചു ജീവിച്ച താന്‍, ദീര്‍ഘാ പാംഗനെന്ന മാന്‍ കുട്ടിയുടെ നീണ്ട മിഴിയിണയില്‍ തന്റെ മുഖം നോക്കി രസിച്ച താന്‍, വനജ്യോസ്നയെന്ന മുല്ലവള്ളിയില്‍ വിടര്‍ന്ന പൂക്കള്‍ വാസനിച്ച് സ്വര്‍ഗ്ഗീയാനന്ദത്തില്‍ മുഴുകിയിരുന്ന താന്‍ ...... ഇന്നിതാ, ഇവിടെ ആരോരുമില്ലാതെ കുത്തിയിരുന്നു കരയുന്നു...

അന്ന് ആശ്രമത്തിലെ ജോലികളെല്ലാം തീര്‍ത്ത് താനും തോഴിമാരും മള്‍ബറിക്കായ് പറിച്ചു തിന്നും പേരക്കായ് കടിച്ചു തിന്നും നിന്നപ്പോഴല്ലേ... അങ്ങേരു വന്നത്..

(വണ്ടിനെ ഓടിക്കാനെന്നൊക്കെ ഒരു കാളിദാസന്‍ പറഞ്ഞിട്ടുണ്ട്.. ശുദ്ധ നുണ.)

അപ്പോള്‍ ശരിയാണു ഞങ്ങളൊന്നു നോക്കിപ്പോയ്, നല്ല മുട്ടന്‍ കുടവയറും തലനിറയെ തലമുടിയും പുറത്ത് രോമവും പിന്നെ കുറച്ച് സ്വര്‍ണ്ണമാലകള്‍ കഴുത്തില്‍ തൂക്കിയും ഒരു കപ്പടാ മീശയുമായ് മുന്നില്‍ വന്ന രാജാവിനെ ഞങ്ങള്‍ നോക്കി.. അനസൂയയും പ്രിയം വദയും കുറച്ചു നേരം നോക്കി മിഴി പിന്‍‌വലിച്ചപ്പോള്‍, തനിക്കതിനു കഴിഞ്ഞില്ലെന്നതാണു മുഴുവന്‍ തൊന്തരവിനും കാരണം...

രാജാവും തന്റെ ഉണ്ടക്കണ്ണുകൊണ്ട് എന്നെ വീക്ഷിച്ച് രസിച്ചു നില്‍ക്കുകയായിരുന്നു. അനസൂയ ഇടക്ക് എന്റെ ചന്തിക്കൊരു നുള്ളു തന്നപ്പോഴാണു ഞാന്‍ എന്റെ മിഴികള്‍ പിന്‍‌വലിച്ചത്..! കടാക്ഷ ശാസ്ത്ര പഠിപ്പു നേടാത്ത കാനന കന്യയുടെ മിഴികളില്‍ രാജാവ് തെന്നിയടിച്ചു വീണു...

അങ്ങേര്‍ ഞങ്ങളെ 'ഇംബ്രസ്' ചെയ്യാന്‍ അമ്പും വില്ലും കൊണ്ട് പല വിദ്യകളും കാണീച്ചു. മാവിന്‍ കൊമ്പില്‍ തൂങ്ങിക്കിടന്ന മാമ്പഴത്തിനു നേരെ അമ്പെയ്യ്‌തു.. അമ്പ് അതിന്റെ വഴിക്ക് പോയി. മാമ്പഴം മാവിന്‍ കൊമ്പിലിരുന്നു രാജാവിനെ കോക്രി കാണിച്ചു. അപ്പോള്‍ മാവിന്‍ കൊമ്പിലേക്ക് ചാടിവന്നൊരു അണ്ണാറക്കന്‍ ഒരു മാമ്പഴം കൊത്തി താഴേക്കിട്ടു... രാജാവതെടുത്ത് എനിക്ക് നീട്ടി..... ചുനയുള്ള മാമ്പഴം..
ഞാനതു തിന്നാന്‍ തുടങ്ങുമ്പോള്‍ രാജാവ് പറഞ്ഞു..

"മൂടു കടിച്ച് തുപ്പിയിട്ട് കഴിക്കൂ...ല്യാച്ചാല്‍, വായ് മുഴുവന്‍ കറയാവും...."

"ഹോ..!" ഈ വാക്കുകള്‍ എന്നില്‍ ആഴത്തിലിറങ്ങി... ഇതുവരെ ആരും എന്നെ അത്രയും 'കണ്‍സിഡര്‍' ചെയ്യ്‌തിരുന്നില്ല. ശകുന്തങ്ങള്‍ വളര്‍ത്തിയൊരു കുട്ടി. അതിനപ്പുറം താത കണ്വന്‍ പോലും ഒന്നു അറിഞ്ഞു ചെയ്യ്‌തിട്ടില്ല...

പാവപ്പെട്ടൊരു അനാഥക്കുട്ടിയല്ലേ.. അതിനൊരു പൊട്ടുവേണോ, ചെരുപ്പുവേണോ. കണ്മഷി വേണോ. എന്നൊന്നും ആരും ചോദിച്ചതെ ഇല്ല.. പൊട്ടുകുത്താന്‍ നാലുമണിപ്പൂക്കള്‍ ഇറുത്തെടുത്തവള്‍.. ശകുന്തള !
കണ്മഷിക്കായ് കലത്തില്‍ കരിപിടിപ്പിച്ചവള്‍ ശകുന്തള..!
ചെരുപ്പിനായ് പാള വെട്ടി അതില്‍ വള്ളികോര്‍ത്ത് അടിയില്‍ രണ്ടു ഉരുളന്‍ കല്ലുകള്‍ പിടിപ്പിച്ച് ഹൈ ഹീല്‍ ചെരുപ്പുണ്ടാക്കി ഞെളിഞ്ഞു നടന്ന് താഴെ വീണവള്‍ ശകുന്തള.!
ഹോ..! ആഹ്ലാദ നിര്‍ഭരമായ ബൗദ്ധിക കണ്ടു പിടുത്തങ്ങള്‍... അങ്ങനെയുള്ള ശകുന്തളയെ ആണു രാജാവ് ഒരു വാക്കില്‍ എറിഞ്ഞു വീഴിച്ചിരിക്കുന്നത്...
തിരിഞ്ഞു നടക്കെ ഹൈ ഹീല്‍ ചെരുപ്പിന്റെ വാറുപൊട്ടി.. ഒറ്റക്കാലില്‍ നിന്ന് അത് ശരിയാക്കാന്‍ നിരൂപിക്കവേ...

(ആ ദ്രോഹി കാളിദാസന്‍ അതിനെയും വര്‍ണ്ണിച്ചു.. കാലില്‍ മുള്ളുകൊണ്ട് തിരിഞ്ഞു നോക്കിയതാണെന്നു..അല്ലേലും അങ്ങേര്‍ക്ക് ഉപമകള്‍ അല്പം കൂടുതലാ..)

എന്നാലും ഞാന്‍ രാജാവിനെ ഒന്ന് ഉളിഞ്ഞു നോക്കി... രാജാവപ്പോള്‍ പന്തം കണ്ട പെരുംച്ചാഴി കണക്കെ എന്നെത്തന്നെ നോക്കി നില്‍ക്കുകയായിരുന്നു..


വീട്ടില്‍ വന്ന് അത്താഴപ്പട്ടിണി കിടന്നു. കൂട്ടുകാരികള്‍ക്ക് ചിരിയോടു ചിരി. ഇഞ്ചിപ്പുളിയുടെ ഒരു തുള്ളി നാവിലിറ്റിച്ചൂ അനസൂയ.. എല്ലാം മറന്ന് ചാടിയെണീറ്റിരുന്നു മടുമടാ രണ്ടു ചിരട്ടക്കഞ്ഞി കുടിച്ച് ഏമ്പക്കം വിട്ടു.

ചന്ദ്രികാ ചര്‍ച്ചിതമായ രാത്രി.. ചന്ദ്രന്‍ എന്നില്‍ ഉന്മാദം നിറച്ചു. കിടന്നിട്ടുറക്കം വരുന്നില്ല. ഇന്നുവരെ ഒരിക്കലും ആസ്വദിച്ചിട്ടില്ല രാത്രി.. ഇപ്പോള്‍, രാവിനെന്തൊരു സൗന്ദര്യം.. രാവിനു സൗന്ദര്യം മാത്രമല്ല സുഗന്ധവും ഉണ്ട്.. ഇലഞ്ഞിപ്പൂമണം ഒഴുകി വരുന്നു.. പാലപ്പൂവിന്റെ രൂക്ഷ ഗന്ധം കരളിനെ കൊത്തിവലിക്കുന്നു. ഹോ..! എന്താണു തനിക്ക് സംഭവിക്കുന്നത്..? ഹൃദയതാളം തെറ്റുന്നു. ദേഹം വിയര്‍ക്കുന്നു. മടുമടാ വെള്ളം കുടിച്ചു. പോത്തുപോലെ കിടന്നുറങ്ങുന്ന അനസൂയക്കിട്ടും പ്രിയം വദക്കിട്ടും ഒരോ ചവിട്ടുകൊടുക്കാന്‍ തോന്നി... താന്‍ കണട് അതേ കാഴ്ചകളേ അവരും കണ്ടിട്ടുള്ളൂ.. എന്നിട്ടും രണ്ടിനും ഒരു കൂസലും ഇല്ല. ഇരുന്നാഴി വരിനെല്ലിന്റെ കഞ്ഞി കുടിച്ച് കൂര്‍ക്കം വലിച്ചുറങ്ങുന്നു.ഭയങ്കരികള്‍..!


രാവില്‍ ഒരു തുള്ളിക്കണ്ണടക്കാതെ കാത്തിരുന്നു. കണ്ണൊന്നടച്ചാല്‍ കുടവയറും കുലുക്കി ഓടിയെത്തും രാജകുമാരന്‍ ദുഷ്യന്തന്‍.

നേരം വെളുത്തപ്പോള്‍ കള്ളടിച്ച് കോണ്‍തെറ്റിയൊരു കുടിയനെപ്പോലെ എന്റെ കണ്ണുകള്‍ കലങ്ങിയതു കണ്ട് പ്രിയംവദ പ്രിയം ചോദിച്ചു.. 'ഏതു ബ്രാന്‍ഡാ കീച്ചിയത്..?'

മാവില കടിച്ച് ചവച്ച് പല്ലുകളെ മുത്തുപോലെ മിന്നിക്കാനുള്ള ശ്രമത്തിലായിരുന്നതിനാല്‍ അവള്‍ക്ക് ഉചിതമായൊരു മറുപടി കൊടുക്കാന്‍ സാധിച്ചില്ല. പകരം കണ്ണുകളില്‍ അഗ്നി പായിച്ചൊരു നോട്ടം നോക്കി. അവള്‍ നേരെ... ബാത്ത് റൂമിലേക്ക് പായുന്നതു കണ്‍ടു.

തന്റെ മനോഗതമറിഞ്ഞ അനസൂയ ഒരു താമര ഇലയുമായി വന്നു. എന്നിട്ട് നാണത്തോടെ പറഞ്ഞു: "ആ രാശാവിനോട് പറയാനുള്ളത് ഇതിലെഴുതൂ മുനികുമാരീ...'

'അനസൂയേ, എങ്ങനാ ഇതില്‍ എഴുതുക.? അച്ഛന്റെ നാരായം കിട്ടിയിരുന്നെങ്കില്‍...'

'ഹോ!.മുനി കുമാരീ, നഖം കൊണ്‍ട് പോറിച്ചെഴുതൂ...'

'അനസൂയെ, അതിനെനിക്ക് അക്ഷരം മുഴുവന്‍ അറിയില്ലല്ലോ...'

'അങ്ങനിരിക്കും. പണ്ട് ആശാന്‍ പള്ളിക്കൂടത്തില്‍ വിട്ടപ്പോള്‍ ദീര്‍ഘാ പാംഗന്റെ പിന്നാലെ തെണ്ടി നടന്നതല്ലേ.. എന്തായാലും അറിയാവുന്ന അക്ഷരങ്ങള്‍ വെച്ച് ഒരു കിച്ച് കീച്ച്... ആ രാശാവിന്റെ നോട്ടം ക്ണ്ടിട്ട് അങ്ങേര്ക്കും ഇതിലൊന്നും അത്ര പിടി പോരെന്നാ തോന്നുന്നത്..'

താമരയില തറയില്‍ വെച്ച് ശകുന്തളാ ചിന്താമഗ്നയായ്, താടിക്ക് കൈകൊടുത്തിരുന്നു. പ്രണയലേഖനം എങ്ങനെ എഴുതണം.......പ്രിയതമ.. പ്രിയതമ.. എന്നു മനസ്സില്‍ നൊമ്പരപ്പെട്ടു. പിന്നെ ധൈര്യം അവലംബിച്ച് ഒരു കീച്ചു കീച്ചി...

പ്രിയ കമുക,
നിന്നെക്കുറിച്ചോര്‍ത്ത് എന്റെ മനസ്സിനു വരട്ടു ചൊറി പിടിച്ചു. അവിടെ മാന്തി മാന്തി എന്റെ മനസ്സിന്റെ ഭിത്തി പൊളിഞ്ഞു. നിന്റെ കുടവയറും കുലുക്കിയുള്ളൊരാ നടത്തം എന്നെ വികാരവിലോലയാക്കുന്നു. മര്യാദക്ക് എന്നെ കൊട്ടിയില്ലെങ്കില്‍ ഞാന്‍ നിന്നെ കെല്ലും. എന്റെ അപ്പന്‍ ഒരു മഹാ മന്ത്ര വാദിയാണു. കോഴിവെട്ട് അങ്ങേരുടെ ഒരു മെയിന്‍ ഐറ്റം ആണു. എന്നെ കെട്ടിയില്ലെങ്കില്‍ ഞാന്‍ നിന്നെ എന്റെ അപ്പനെ കൊണ്ട് ഒരു മാക്കാച്ചി തവളയാക്കി മാറ്റും. 'പോ ക്രോം പോ ക്രോം'എന്നു കരഞ്ഞു നിലവിളിച്ച് നീ നടക്കും.

സ്നേഹ പൂര്‍‌വ്വം സ്വന്തം കമുകി.

വിരല്‍ അടയാളം....( ഉമിക്കരി പൊടിച്ച് അതില്‍ വിരല്‍ മുക്കിയാണു ആ സൂത്രം ഒപ്പിച്ചത്..)


അനസൂയയോടും പ്രിയം വദയോടും മാറിമാറി താന്‍ ചോദിച്ചു. പ്രണയലേഖനം തന്റെ പ്രാണേശ്വരനെ കണ്ട് എല്പ്പിക്കാമോയെന്നു. അതിനവര്‍ പറഞ്ഞ മറുപടി തന്റെ ചങ്കുതകര്‍ത്തു.

'ആ രാജാവിനെ കണ്ടാലേ ഒരു പീഡക ലുക്കാ.. കത്തുമായി ചെല്ലുന്ന ഞങ്ങളെ വെറുതെ വിടുമെന്ന് എന്താ ഉറപ്പ്?'
എന്നാലും പ്രിയ തോഴിമാര്‍ ഒരു ഐഡിയ പറഞ്ഞു തന്നു.

'താമരയില കണ്വാശ്രമത്തിന്റെ അരികിലൂടെ ഒഴുകുന്ന അരുവിയിലൂടെ നമുക്ക് താമരയില ഒഴുക്കിവിടാം മുകളില്‍ ഒരു റോസാപ്പൂകൂടി വെയ്ക്കാം..'

ഇലയില്‍ ഒരു കമ്പു കുത്തിയിറക്കി പ്രണയത്തിന്റെ ഒരു ഇമേജ് സൃഷ്ടിക്കുന്നതിനെക്കുറിച്ചും പ്രിയം‌വദ പറഞ്ഞു.

എന്നാല്‍ ഇല വെള്ളത്തില്‍ താണുപോയാലോ...? ആര്‍ക്കമിഡീസിന്റെ പ്ലവനതത്ത്വം അക്കാലങ്ങളില്‍ പത്രത്തില്‍ വലിയ കോലാഹലമുണ്ടാക്കിയ നാളുകളായിരുന്നു

അനന്തരം അനസൂയ പറഞ്ഞതുപോലെ ഞങ്ങള്‍ താമരയില അരുവിയിലൂടെ ഒഴുക്കി വിടാന്‍ തീരുമാനിച്ചു. അപ്പോഴും എനിക്കൊരു സംശയം, അതെങ്ങനെ രാജാവിനു കിട്ടും.. അപ്പോള്‍ അനസൂയ ഒരു രഹസ്യം പോലെ പറഞ്ഞു:

'രാവിലെ പത്തുമണിക്ക് നമുക്ക് പണി പറ്റിക്കാം.. രാശാവ് പള്ളിയുറക്കം കഴിഞ്ഞ് വെടിപ്പായി പള്ളി ശൗചത്തിനു വരുന്ന സമയമാണു....'

'ഹമ്പടീ ഭയങ്കരീ...!' എന്നാ പെരിയ ബുദ്ധി..?'അനസൂയയെ കെട്ടിപ്പിടിച്ച് അമര്‍ത്തിയൊരു ഉമ്മകൊടുത്തു. ദീര്‍ഘാ പാം‌ഗന്‍‌ എന്റെ കാലിനിട്ട് ശക്തിയായ് ഒരു തൊഴി തൊഴിച്ചു.

താമരയില മെയിലു കിട്ടിയപ്പോള്‍ തന്നെ ദുഷ്യന്തന്‍, കുതിച്ചെത്തി. ഓടിവന്നതിന്റെ കിതപ്പ് തീരുന്നതിനു മുന്നെ രാജാവ് ഗല്‍ഗദ കണ്ഠനായ് മൊഴിഞ്ഞു..

'ഞാന്‍ വിശ്വസിച്ചതേ ഇല്ല, ഇത്രവേഗം നീ എന്റെ കെണിയില്‍ കുരുങ്ങുമെന്ന്...'

'ഹെന്ത്.?'താന്‍ മുഖമുയര്‍ത്തി അദ്ദേഹത്തെ നോക്കിയപ്പോള്‍,പ്രണയപൂര്‌വ്വം രാജാവു മന്ത്രിച്ചു.

'എന്റെ സുന്ദരി, നിന്നെപ്പോലൊരു സുരസൗന്ദര്യത്തെ പനം കള്ളുപോലെ മടുമടെ കുടിക്കാന്‍ ഭാഗ്യം സിദ്ധിച്ച എനിക്ക് എന്നോടു തന്നെ അസൂയ തോന്നുന്നു.'

രാജാവിന്റെ മധുരവചനങ്ങളില്‍ തന്റെ ഉള്ളം കുതിര്‍ന്നു. വാക്കുകള്‍ക്ക് എങ്ങനെയാണു ഇത്രക്ക് സുഗന്ധിയാവാന്‍ കഴിയുന്നത്. പ്രണയിക്കുന്നവര്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ വാക്കുകള്‍ അവിടെ വര്‍ണ്ണങ്ങളും സുഗന്ധവുമായ് മാറുന്നു.

അതുകൊണ്ടല്ലേ കണ്വാശ്രമത്തിലെ കമ്പോസ്റ്റ് കുഴിക്കരുകില്‍ നിന്നു പ്രണയിച്ചിട്ടുപോലും അതിന്റെ നാറ്റം അറിയാതിരുന്നത്.. ഒപ്പം വന്ന അനസൂയയും പ്രിയം വദയും അവിടെ നിന്നും ഓടി രക്ഷപ്പെട്ടിട്ടുപോലും ഞങ്ങളുടെ പ്രണയം അതൊന്നും അറിഞ്ഞില്ല.

അദ്ദേഹം പ്രണയപൂര്‌വ്വം എന്റെ കൈയ്യിലൊന്നു തൊട്ടപ്പോള്‍, തന്നിലേക്ക് ഒരു ഇലക്ട്രിക്ക് ഷോക്ക് കടന്നതുപോലെ തോന്നിയില്ലെ. ആദ്യം കൈവലിച്ചെങ്കിലും വീണ്ടും വീണ്ടും അദ്ദേഹം തന്നെ തൊട്ട് ഷോക്കടിപ്പിക്കാന്‍ താന്‍ മോഹിച്ചില്ലേ.. അതുകൊണ്ടല്ലേ.. താന്‍ പതിയെ പാടിയത്..

'നേരുപറയണമങ്ങ വിളിക്കെയെന്‍
പേരു മധുരമായ് തീരുന്നതെങ്ങനെ ?
നേരുപറയണമങ്ങ തൊടുമ്പോള്‍
തരുപോലെ മൃദുവായ് തീരുന്നതെങ്ങനെ ?'

അദ്ദേഹം കണ്ണുമിഴിച്ചു. താന്‍ പറഞ്ഞു 'ജി' യുടെ കവിതയാ. ആഹാ വമ്പത്തീ, കവിതയിലൊക്കെ കമ്പമുണ്ടല്ലേ.? മിടുക്കി. അങ്ങനെ തനിക്ക് തന്റെ ജി.കെയും അദ്ദേഹത്തിനെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു.

പ്രിയം വദയും അനസൂയയും പറഞ്ഞതു കാര്യമാക്കാതെ താന്‍ അദ്ദേഹത്തെ വിശ്വസിച്ചു.


'ഇല ചെന്ന് മുള്ളില്‍ വീണാലും മുള്ള് ചെന്ന് ഇലയില്‍ വീണാലും ഇലക്കാണു കേട്'എന്ന് പ്രിയം വദ പറഞ്ഞപ്പോള്‍ 'പഴംചൊല്ലില്‍ പതിരില്ലെന്നു'അനസൂയ താക്കീതു നല്‍കിയിട്ടും തനിക്കതൊന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.

ഭ്രാന്തിനു ചികില്‍സ ഷോക്കടിപ്പിക്കല്‍ എന്നു കേട്ടിരുന്നു. എന്നാല്‍ പ്രണയത്തിനു ചികില്‍സയും അതു തന്നെയെന്നു തനിക്ക് അന്നാണു മനസ്സിലായത്. ഹൃദയത്തില്‍ കറണ്ട് അടിപ്പിക്കുക. ദുഷ്യന്തന്‍ ആ കാര്യത്തില്‍ ഒരു പവര്‍ ഹൗസ് മുഴുവന്‍ കൊണ്ടു നടക്കുന്ന ആളും..

ശരീരത്ത് കേറിയ കറണ്ടിന്റെ പവറില്‍ കണ്ണടച്ചു കിടന്ന തന്നോട് രാജാവ് പറഞ്ഞു:
'നമ്മള്‍ തമ്മില്‍ ഗാന്ധര്‍‌വ്വം കഴിഞ്ഞു. നോക്കൂ പ്രിയേ, കൂട്ടിയിട്ട് കത്തിച്ചിരിക്കുന്ന കരിയിലകള്‍, അഗ്നി സാക്ഷിയായ് നമ്മള്‍ വിവാഹിതരായിരിക്കുന്നു. രാജാക്കന്മാര്‍ക്ക് പലമാതിരി കല്യാണം പറഞ്ഞിട്ടുണ്ട്. മോഹിച്ച കോന്തിയെ സ്വന്തമാക്കാന്‍. ഞാനിപ്പോള്‍ നിന്നെ ഗാന്ധര്‍‌വ്വവിവാഹം കഴിച്ചിരിക്കുന്നു. ഇനിമുതല്‍ നീ പൊതു സ്വത്തല്ല. ദുഷ്യന്ത മഹാരാജാവിന്റെ പ്രൈവറ്റ് പ്രോപ്പര്‍ട്ടിയാണു..

അതിന്റെ അടയാളമായ് ഈ മോതിരം നീ വിരലില്‍ അണിയൂ.....'

രാജാവ് അങ്ങേരുടെ പോന്തന്‍ കൈയില്‍ കിടന്ന ഒരു മോതിരം ഊരി തന്നപ്പോള്‍ താന്‍ അദ്ദെഹത്തിന്റെ വിരലുകളിലേക്കു നോക്കി......'ദൈവമേ,'
വിരല്‍ നിറയെ മോതിരങ്ങള്‍.. 'ചതിച്ചോ ഭഗോതി'എന്നൊരു ആന്തല്‍ അപ്പോഴേ മനസ്സില്‍ തോന്നിയതാണു.. അതിന്റെ വിറയലില്‍ മഹാരാജാവിനെ നോക്കി. 'എന്നെ ഉപേക്ഷിക്കരുതേ..'എന്നൊരു യാചന മുഖത്ത് നിറച്ചിരുന്നു...
'ഭവതി വിഷമിക്കേണ്ട്. നീയുമൊത്തുള്ള പയറ്റ് എനിക്ക് ഇഷ്ടായി. നിന്നെ ഞാന്‍ കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍.. ബെന്‍സ് കാറില്‍ വരും.. ബെഞ്ചാമരം വീശി നിന്നെ കൊട്ടരത്തിലേക്ക് ആനയിക്കാന്‍ തോഴിമാര്‍ വരും..'

'എനിക്ക് അണിയാന്‍ അങ്ങ് അറ്റ്ലസ് ജൂവലറിയിലെ സ്വര്‍ണ്ണം കൊണ്ടുവരുമോ.....?'തനിക്ക് അതറിയാനായിരുന്നു ആഗ്രഹം........

രാജാവ് ചിരിച്ചു......'അറ്റ് ലസ് ജൂവലറി !ജന കോടികളെ പിച്ചച്ചട്ടിയെടുപ്പിച്ച വിശസ്ത സ്താപനം തന്നെയാണു നമ്മുറ്റെ പ്രിയക്കും ഇഷ്ടം അല്ലേ..?'

താന്‍ നമ്രമുഖിയായി നിന്ന് നഖം മുഴുവന്‍ കടിച്ചു തീര്‍ത്തു...

രാജാവ് പോയിക്കഴിഞ്ഞാണു അനിക്സ് സ്പ്രേയുടെ പരസ്യം വമ്പിച്ച പ്രചാരം നേടിയത്.. പൊടിപോലുമില്ല കണ്ടു പിടിക്കാന്‍.

പ്രിയതമന്‍ തന്ന മോതിരം സത്യത്തില്‍ എന്റെ വിരലുകളില്‍ അല്ല അതൊരു വളപോലെ കൈയിലിടാന്‍ മാത്രം വലുപ്പമുണ്ടായിരുന്നു. എന്നിട്ടും വാഴനാരു ചുറ്റിച്ചുറ്റി താനത് തന്റ കൈയിലിട്ടു. അതിനെ ഇടക്കിടക്ക് ചും‌ബിച്ച് നിര്‍‌വൃതികൊണ്ടു. താനൊരു മായാ ലോകത്തായിരുന്നു. വെളിച്ചത്തിനെന്തൊരു വെളിച്ചം എന്ന് ബഷീര്‍ എഴുതിയത് വായിച്ച് താന്‍ അതിശയിച്ചു...! തനിക്ക് ഇരുട്ടത്തിരിക്കാനും ഇരുട്ടിനെ പ്രകാശമാനമാക്കാനും കഴിയുന്ന സൂത്രം അറിയാടോ ബഷീറേ എന്ന് അഹങ്കരിച്ചു.

എന്നാല്‍ ഒരു ദിവസം താത കണ്വന്‍ തന്നെ വിളിച്ചു. ഗൗതമി മുത്തശ്ശി അദ്ദേഹത്തോട് കാര്യം പറഞ്ഞിരിക്കുന്നു. ആരാണ് ഇതിനു ഹേതു..? എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിനു താന്‍ ധൈര്യമായ് മറുപടി പറഞ്ഞു.. 'വെല്‍ ഡണ്‍' അദ്ദേഹം അഭിനന്ദിച്ചു. 'അമ്മയുടെ മകളു തന്നെ.. ഇനി എന്താണു മകളുടെ പ്ലാന്‍,'

'അദ്ദേഹം എന്നെ കൂട്ടിക്കൊണ്ടുപോകാന്‍ വരും.....'

താത കണ്വന്‍ ഒരു ചിരി ചിരിച്ചു. 'ഇത്രയും കാലം നിന്നെ പോറ്റിയതു തന്നെ വളരെ വിഷമിച്ചാണു. ഇനിയും ഇവിടെ നീ നിന്നാല്‍ പ്രസവച്ചെലവും പ്രസവ രക്ഷയുമായ് വലിയൊരു സാമ്പത്തിക പ്രതിസന്ധി നമ്മള്‍ നേരിടേണ്ടി വരും... സോ നേരേ കൊട്ടാരത്തിലേക്ക് വെച്ചു പിടിച്ചോ... പോകുമ്പോള്‍ കുറച്ച് അവലോസുണ്ടയും പരിപ്പുവടയും ( അവന്‍ കമ്മ്യൂണിസ്റ്റല്ലാത്തതിനാല്‍ കുഴപ്പമില്ല) കൊണ്ടുപൊയ്ക്കോളൂ..'

തനിക്ക് സന്തോഷം കൊണ്ട് ശ്വാസം മുട്ടി. എത്രയും വേഗം പ്രിയതമന്റെ അടുത്തെത്താനുള്ള ആഗ്രഹം കണ്ണീരായ് പുറത്തുവന്നു. താത കണ്വനും ഗൗതമി മുത്തശ്ശിയും കൂട്ടുകാരികളും അത് അവരെ പിരിയാനുള്ള സങ്കടമെന്നു കരുതി. കൂട്ടത്തില്‍ കണ്ണീര്‍ പൊഴിച്ചു..

കണ്വന്റെ ശിഷ്യന്മാര്‍ അസൂയയോടെ കണ്ണുരുട്ടി. പഹയന്മാര്‍ വിചാരിച്ചിരുന്നത്, അവരില്‍ ആരെയെങ്കിലും കെട്ടി അവിടെ ഒരു മുനിച്ചിയായ് കഴിയുമെന്നായിരുന്നു... ! എല്ലവന്റ്യും മുഖം കടന്നല്‍ കുത്തിയതു പോലെ വീര്‍ത്തിരുന്നു. തനിക്ക് അതു കണ്ട് നല്ല രസം തോന്നി.

വനജ്യോത്സന കുറെ മുല്ലപ്പൂക്കള്‍ കൊഴിച്ചിട്ടു... ദീര്‍ഘാപാം‌ഗന്‍ കണ്ണീര്‍ ചുരത്തി എന്നൊക്കെ ആ കാളിദാസന്‍ പറഞ്ഞത് ശുദ്ധ പൊഴി..... ഒന്നും സംഭവിച്ചില്ല. പോരാന്‍ നേരം ഞാന്‍ ആ മുല്ലച്ചെടി പിടിച്ചൊരു കുലുക്കു കുലുക്കി... ഇത്രകാലം വെള്ളമൊഴിച്ച് കൊടുത്തതല്ലേ. പത്ത് പൂവെങ്കിലും കൂലിയായ് കിട്ടട്ടേ എന്നു വിചാരിച്ചു. ദീര്‍ഘാ പാംഗന്‍ അനസൂയ കൊടുത്ത കാടിവെള്ളം കുടിച്ച് എന്നെ ഒരു കണ്ണുകൊണ്ട് പുശ്ചിച്ചു നോക്കി.. നീ പോനാല്‍ പോകട്ടും പോടീന്ന മട്ടില്‍.. ഞാനും അവനെ കാര്യമാക്കാതെ ചുണ്ടു കോട്ടിക്കാണിച്ചു.!

രാജകൊട്ടാരത്തിലേക്കുള്ള യാത്ര കഠിനമായിരുന്നു. കാട്ടില്‍ വഴി ചോദിക്കാന്‍ ആദിവാസികള്‍ മാത്രം. അവരോട് ദുഷ്യന്ത മഹാരാജാവിന്റെ കൊട്ടാരം എവിടെയെന്ന ചോദ്യത്തിനു കണ്ണുമിഴിച്ചു കാണിച്ചു. ഒടുവില്‍ ഉണ്ടക്കണ്ണന്‍ കുടവയറന്‍ മുടിയന്‍ കഴുത്തിലും കൈയിലും രണ്ടുകിലോയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ചവന്‍ എന്നൊക്കെ പറഞ്ഞപ്പോള്‍ ആദിവാസികള്‍ക്ക് ആളെ മനസ്സിലായി.. കണ്ടുകിട്ടിയാല്‍ അവനെ തങ്ങള്‍ക്ക് ഇടിച്ചു മൂക്കുചളുക്കാന്‍ തരണമെന്നും അതിനു തക്ക പ്രതിഫലം തേനായി നല്‍കാമെന്നും അവര്‍ പ്രലോഭിപ്പിച്ചു.. !

മൂന്നുദിവസം കാട്ടിലൂടെ നടന്നു നടന്ന് ക്ഷീണിച്ചപ്പോള്‍, കളകളാരവത്തോടെ ഒഴുകുന്നൊരു നദിയുടെ കരയിലെത്തി ഞങ്ങള്‍. പുഴ അതിന്റെ എല്ലാ സ്നേഹഭാവത്തോടെയും ചിരിച്ചുകൊണ്ട് എന്നെ വിളിച്ചു. പുഴയിലേക്കിറങ്ങിയ എന്നെ നോക്കി നിന്ന കണ്വശിഷ്യന്മാരെ ഗൗതമി മുത്തശ്ശി ചീത്തവിളിച്ച് അടുത്ത കടവിലേക്ക് ഓടിച്ചു........

' ഹോ.......! പുഴ... ആയിരം കൈകളാല്‍ അവളെന്നെ ആശ്വസിപ്പിച്ചു. അവളുടെ കുളിരിനാല്‍ എന്റെ ഉഷ്ണ ഹൃദയത്തെ തണുപ്പിച്ചു. ഞാന്‍ എന്നെ പൂര്‍ണ്ണമായി നദിയിലര്‍പ്പിച്ചു. എന്നിലേക്ക് പുഴ കുടഞ്ഞിട്ട ആശ്വാസം എന്നെ ഊര്‍ജ്ജ്വസ്വലയും പ്രതീക്ഷയുറ്റവളുമാക്കി. ഞാന്‍ എന്റെ അടിവയറ്റില്‍ തലോടി. പുഴയുടെ സ്നേഹം എന്റെ കുഞ്ഞും അറിയട്ടെ.. മകനേ ഇതാണു പുഴ... ഇതാണു അവളുടെ സ്നേഹം.. അവനെന്റെ വയറ്റില്‍ തൊഴിച്ചു. ഞാന്‍ പുഴയില്‍ കൈകള്‍ എറിഞ്ഞെറിഞ്ഞു നീന്തി.. ഒപ്പം എന്റെ മകനും.

ഗൗതമി മുത്തശ്ശി ശകാരിച്ചപ്പോഴാണു പുഴയില്‍ നിന്നും ഞാന്‍ കയറിയത്.


ദൂരെ നിന്നേ രാജകൊട്ടാരത്തിന്റെ ഗോപുരം കണ്‍ടു. അഹങ്കാരത്തോടെ തല ഉയര്‍ത്തി നില്‍ക്കുന്നു. കാവല്‍ക്കാര്‍ അകത്തേക്ക് കടത്തിവിടാതെ വഴി തടഞ്ഞു.
'
രാജാവിനെ കാണണം. അദ്ദേഹത്തിന്റെ പട്ടമഹിഷിയാണു ഇവള്‍'എന്നു ഗൗതമി മുത്തശ്ശി പറഞ്ഞപ്പോല്‍ ദ്വാരപാലകര്‍ ആര്‍ത്തട്ടഹസിച്ചു.

രാജാവിനു നാടു നീളെ ഇതുപോലെ ധാരാളം പെണ്‍കൊടികള്‍. തന്റെ ഉള്ളില്‍ കനല്‍ക്കട്ടകള്‍ പതിച്ചത് താന്‍ സഹിച്ചു.
ഒടുവില്‍ അവസാന നമ്പര്‍ എന്ന നിലയില്‍ അവര്‍ക്ക് കൈക്കൂലിയായ് രണ്ടു പരിപ്പുവടകൊടുത്ത് അകത്തു കടന്നു.

രാജകൊട്ടാരം. കണ്ണഞ്ചിക്കുന്ന സൗകര്യങ്ങള്‍ . പ്രജകളെ ചൂക്ഷണം ചെയ്യ്‌ത് ഓരോ രാജാവും സുഖിക്കുന്നു. ഈ സുഖത്തിനു വേണ്ടിയായിരുന്നോ താന്‍ അദ്ദേഹത്തെ സ്നേഹിച്ചത്..? ശകുന്തളക്ക് ഉള്ളില്‍ അവളോടു തന്നെ വെറുപ്പു തോന്നി.

രാജ സദസ്സ്. എല്ലാവിധ ആടയാഭരണങ്ങളോടെയും തന്റെ പ്രിയതമന്‍ സിംഹാസനത്തില്‍ വാണരുളുന്നു. ഓടിച്ചെന്നു അദ്ദേഹത്തിന്റെ മാറില്‍ മുഖം പൂഴ്ത്താന്‍ താന്‍ ആഗ്രഹിച്ചു. അത്രമേല്‍ മനസ്സും ശരീരവും തളര്‍ന്നുപോയിരുന്നു ഈ പാവം ശകുന്തളക്ക്. എന്തേ അദ്ദേഹം തന്നെക്കണ്ട് അല്‍ഭുതപ്പെടുന്നില്ല..? എന്തേ എന്നിലേക്ക് ഓടി വരുന്നില്ല. എന്നെ എന്തേ മഹാരാജന്‍ അങ്ങ് എന്നെ ആശ്വസിപ്പിക്കുന്നില്ല.

ഗൗതമി മുത്തശ്ശി, അദ്ദേഹത്തോട് കാര്യങ്ങള്‍ വിശദീകരിച്ചു. പ്രൗഡമായും മാന്യമായും. എന്നാല്‍ അതൊന്നും രാജാവ് ചെവിക്കൊണ്ടില്ല. അടയാളങ്ങള്‍ എന്തെങ്കിലും..........?

കാണിച്ചുകൊടുക്കൂ കുട്ടീ,ഈ മഹാരാജാവിനു അദ്ദേഹം നിന്നെ സ്നേഹിച്ചിരുന്നുവെന്നതിനു തെളിവ്..? ആ വാക്കുകളില്‍ നിറയെ അവഞ്ജയും വെറുപ്പുമായിരുന്നു..

താന്‍ തന്റെ വിരലുകളില്‍ വേപഥുവോടെയും ആകംക്ഷയോടെയും പരതി.. ഇല്ല..! മോതിരം ഇല്ല..! എന്നെ സ്നേഹിച്ച് പുഴയതു കവര്‍ന്നിരിക്കുന്നു......!

രാജാവ് വിളിച്ചു ചോദിക്കുന്നു........ അടയാളങ്ങളെന്തെങ്കിലും........? അതു കാണിക്കൂ


ശകുന്തള ഒരു എങ്ങലോടെ മുഖം തിരിച്ചു. അടയാളം. പ്രണയത്തിനു ഞാനെന്ത് അടയാളമാണു മഹാരാജന്‍ കാണിക്കുക. വെറുമൊരു മോതിരമോ..? കഴിയുമായിരുന്നെങ്കില്‍ ഞാന്‍ എന്റെ ചങ്കുപിളര്‍ന്നുകാണിക്കുമായിരുന്നു. അവിടെ വൈഡൂര്യക്കല്ലുപോലെ ജ്വലിക്കുന്ന അങ്ങയുടെ മുഖം കാണിച്ചുതരാമായിരുന്നു. അല്ലെനില്‍ അങ്ങയോട് ഞാന്‍ ആവശ്യപ്പെടുന്നു എന്റെ ഉദരം പിളര്‍ന്നു നോക്കൂ.. അവിടെ താങ്കളൊരു കുഞ്ഞായ് കിടക്കുന്നതു കാണാം...... ഇതിലും വലിയൊരു അടയാളം എനിക്ക് നല്‍കാനില്ല. എന്നാല്‍ ഇപ്പോള്‍ എനിക്ക് എന്റെ കുഞ്ഞ് അതു മാത്രമാണു പ്രധാനം......
ശകുന്തള മെല്ലെ കുനിഞ്ഞ് രാജസദസ്സിനെ വന്ദിച്ച് തിരിഞ്ഞ് നടന്നു. കണ്ണീര്‍ ചേലത്തുമ്പാല്‍ ഒപ്പിക്കൊണ്ട്. കാലടികള്‍ ഇടറിക്കൊണ്ട്.......

രാജ സദസ്സ് നിശ്ശബ്ദമായിരുന്നു.

രാജഗുരുവിന്റെ വാക്കുകളാണു ദുഷ്യന്തനെ ഉണര്‍ത്തിയത്...

'രാജന്‍, അങ്ങേക്ക് അവളുടെ മുഖം ഓര്‍മ്മയില്ലേ...?'

'ഗുരോ ഞാനൊരു സ്ത്രീയുടെയും മുഖത്തേക്കേ നോക്കാറില്ല..'


'രാജന്‍, അങ്ങ് അപ്രിയം പറയുന്നു.. ഒന്നുകൂടെ ആലോചിച്ചു നോക്കൂ.....'

'ഗുരോ, ഞാന്‍ ഒരു സ്ത്രീയുടെയും മുഖം നോക്കാറില്ലെന്നതു സത്യമാണു. ആലില വയറുകളും അഴകൊത്ത പുക്കിള്‍ച്ചൊഴികളും എന്റെ ഓര്‍മ്മയിലുണ്ട്.........

'എന്നാല്‍ കുട്ടകം കമഴ്ത്തിയ മാതിരി ഒരു വയര്‍ എന്റെ ഓര്‍മ്മയിലേ ഇല്ല.....!'

'ആഹാ രാജന്‍, ഉചിതമായ് സംഭാഷണം..! ഒഴിക്കട്ടെ.. ഒന്ന്..?'

'ആവാം.... വാറ്റ് തന്നെയായിക്കോട്ടെ.. റ്റച്ചിങ്ങ്സ് എന്തുണ്ട്......?'

'പരിപ്പുവടയും അരിയുണ്ടയും........!'

2009, ജൂലൈ 28, ചൊവ്വാഴ്ച

ഹവ്വാച്ചിരി....!




ആദത്തെ നിര്‍മ്മിച്ചതിനു ശേഷം ദൈവം അവന്റെ മുഖത്തേക്ക് നോക്കി. പഹയനു ഒടുക്കത്തെ സന്തോഷം. കണ്ണുകള്‍ നക്ഷത്രത്തെക്കാള്‍ തിളക്കം. ദൈവത്തിനു അസൂയ മുഴുത്തു. 'ജ്ജ് ഇവിടെ വാടാ ഹിമാറേ' ന്നും പറഞ്ഞ് വിളിച്ച് ഓപ്പറേഷന്‍ റ്റേബിളില്‍ മയക്കിക്കിടത്തി അവന്റെ വാരിയെല്ലൂരിയെടുത്തു.

ഹവ്വായെ സൃഷ്ടിച്ച് ദൈവം ആശ്വാസത്തോടെ ഒന്നു നടു നിവര്‍ത്തി. 'ങീ, ങീ, എനിക്ക് വിശക്കുന്നേ..' ദൈവം അവള്‍ക്ക് ദോശചുട്ടുകൊടുത്തു. ഉടനെ അവള്‍ ദൈവത്തിനോട് ഒരു ഫേയര്‍ ആന്‍ഡ് ലൗവ്‌ലി ആവശ്യപ്പെട്ടു. ദൈവം കുറച്ച് മഞ്ഞളെടുത്ത് കൊടുത്തു. അവളതെടുത്ത് ഒറ്റയേറുകൊടുത്തു. മര്യാദക്ക് 'ഡോവിന്റെ' ഫേസ് ക്രീമും ഷാമ്പൂവും കൊണ്ടുവന്നു തന്നോണം ഇല്യാച്ചാല്‍ ..'ബാക്കി പറയാതെ ഹവ്വാ നെഞ്ചത്ത് പൊത്തോ പൊത്തോ ന്ന് വെച്ചലക്കി.
ദൈവം സാറ്റിസ്ഫൈഡ്. 'മകളെ, നിനക്ക് പറ്റുന്ന ഒരു കോന്തന്‍ ദാ കിടന്നുറങ്ങുന്നു. ലവനെ ഉണര്‍ത്തി നിന്റെ അടിമയാക്കി തരാം.. നീ നന്നായി കൈകാര്യം ചെയ്യ്‌തോളൂട്ടോ...'


അനന്തരം ദൈവം ആദത്തെ വിളീച്ചുണര്‍ത്തി . മയങ്ങിയപ്പോള്‍ ദൈവത്തിന്റെ നരച്ചമുടിയും മുശുക്കുമണവും മാത്രമായിരുന്നു അരികില്‍. ഇപ്പോള്‍ ഒരു സൗരഭ്യം. ആദം കണ്ണൂകള്‍ മിഴിച്ചു നോക്കിയപ്പോള്‍... ഹോ..! അതിശയത്തിലും അതിശയം... ഹല്ലേലൂയ സോത്രം സോത്രം..!

സൗന്ദര്യത്തിന്റെ മായാമോഹനദൃശ്യത്തില്‍ അവനു വീണ്ടും ബോധക്ഷയം സംഭവിച്ചു.(കാരണം സൂക്ഷമായ് -ഹൗവ്വാ ആദത്തിനെ കണ്ടപ്പോഴേ സൈറ്റ് അടിച്ചു കാണിച്ചിരുന്നു. ദൈവത്തിനു മനസ്സിലാകാത്ത റ്റെക്ക്‌നിക്ക്.)

ദൈവം ആദത്തിന്റെ മുഖത്ത് വെള്ളം തളിച്ചുണര്‍ത്തി. പിന്നീട് അവന്റെ ചെവിയില്‍ പറഞ്ഞു . 'ഇതൊരു കളിപ്പാട്ടം.. ഹൗവ്വാ...! നിനക്കുതരുന്നു.. ഇവള്‍ നിന്റെ സ്വന്തം..'

ഹൗ'........അരേ... 'വ്വാ'

ആദം ചാടിയെണീറ്റ് ദൈവത്തിനൊരു ഉമ്മ കൊടുത്തു. അവന്റെ മൂക്കിലും വായിലും ദൈവത്തിന്റെ താടിമീശ കയറി തുമ്മലോട് തുമ്മല്‍...

അപ്പോള്‍ ഹൗവ്വാ അടുത്ത് ചെന്ന് ആദത്തിന്റെ ചെവിയില്‍ പറഞ്ഞു.. 'ഈ മാതിരി മന്ത്രവാദങ്ങള്‍ ദൈവത്തിനുള്ളതല്ല.. അതെനിക്കുള്ളതാണു..' പിന്നീടവള്‍ അവനെ ഭംഗിയായ് ചിരിച്ചു കാണിച്ചു. ആദം അതു കണ്ട് കോരിത്തരിച്ചുപോയ്. പിന്നീട് അവളെ കെട്ടിപ്പിടിച്ച് ഉമ്മവെക്കാന്‍ തുടങ്ങവേ...
ദൈവം പറഞ്ഞൂ.......

'ടേയ്, തോന്ന്യാസം ഇവിടെ നടപ്പില്ല. മര്യാദക്ക് വല്ല കാട്ടുകിഴങ്ങും മാന്തിതിന്ന്, അരുവി ജലവും പാനം ചെയ്യ്‌ത്, മര്യാദക്ക് ഞാന്‍ തന്ന പാരഡൈസ് എസ്റ്റേറ്റില്‍ കഴിഞ്ഞോണം...'

ആദത്തിന്റെ കണ്ണില്‍ അപ്പോഴും നക്ഷത്രങ്ങള്‍ പ്രകാശിച്ചു. ദൈവത്തിനു വീണ്ടും അസൂയ മൂത്ത് കലിയിളകി.. 'ഉം പൊയ്ക്കോ രണ്ടുപേരും...'

ആദവും ഹൗവ്വയും ഇറങ്ങിയോടി, അപ്പോള്‍ ഹൗവ്വാ ആദത്തിന്റെ ആറാം വാരിയെല്ലില്‍ ഒരു കിള്ളുകൊടുത്തു.. ആദത്തിനു ചിരിയോടു ചിരി.. ഇക്കിളി പൂത്തുലഞ്ഞ ശരീരവും മനസ്സുമായ് ആദം ഹൗവ്വയെ നോക്കി കുടുകുടാ ഒന്നുകൂടെ ച്ചിരിച്ചു...

'ഉം.......! ചിരിച്ചോ ചിരിച്ചോ.. ചെക്കന്റെ ചിരി ഞാന്‍ നിര്‍ത്തിത്തരണുണ്ട്...'

ഓടിയോടി അവര്‍ വലിയൊരു ആഞ്ഞിലി മരത്തിന്റെ ചോട്ടിലെത്തി. ആഞ്ഞിലി മരം സന്തോഷത്തിന്റെ ആധിക്യത്തിലായിരുന്നു. നിറയെ പഴുത്ത കായ്കള്‍. ഹൗവ്വാ, മുകളിലേക്കു നോക്കിയപ്പോള്‍, ഒരു അണ്ണാറക്കണ്ണന്‍ അവളെ നോക്കി കൊഞ്ഞനം കുത്തി വാലും പൊക്കി ഒറ്റച്ചാട്ടം..
അവള്‍ക്ക് സഹിക്കാനേ കഴിഞ്ഞില്ല. അണ്ണാറക്കണ്ണന്‍. ദുഷ്ടന്‍, പണ്ട് ശ്രീരാമന്‍ പുറത്തൊന്നു ചൊറിഞ്ഞ് കൊടുത്തൂന്നു വിചാരിച്ച് ഇത്രക്ക് അഹങ്കാരം പാടുണ്ടോ..? അണ്ണാറക്കണ്ണന്‍ ഒരു ആഞ്ഞിലിപ്പഴം പൊളിച്ച് ചുള തിന്ന് കുരു താഴേക്ക് എറിഞ്ഞു.
ഹൗവ്വാ ആദത്തിനെ തോണ്ടി, അവന്‍ നോക്കിയപ്പോള്‍, അഞ്ഞിലി മരത്തിന്റെ മുകളിലേക്ക് നോക്കി വെള്ളമിറക്കി. പുരുഷന്‍ -പൊട്ടനാണെങ്കിലും- കാര്യം മനസ്സിലാക്കി. അവന്‍ ഒരു കാട്ടുവള്ളി പറിച്ചെടുത്ത് തളപ്പുണ്ടാക്കി. ആഞ്ഞിലി മരത്തിനു മുകളിലേക്ക് വലിഞ്ഞു കയറി.. മുകളിലെത്തി, അവന്‍ അഞ്ഞിലിവിള പറിച്ച് ഹൗവ്വായ്ക്ക് എറിഞ്ഞുകൊടുത്തു. പുല്ലുകൊണ്ട് ഒരു കുട്ടമെനഞ്ഞ് അവളതു പിടിച്ചെടുത്തു.
പിന്നെ മൃദുലമായ മുള്ളുള്ള പുറന്തോടിളക്കി ചുള ഓരോന്നായ് തിന്നു..
അപ്പോള്‍, ആദം മുകളിലിരുന്നു നീറുകടി കൊണ്ട് പുളയുകയായിരുന്നു.

ആദം താഴെയിറങ്ങിവന്നപ്പോള്‍, അവന്റെ ദേഹം മുഴുക്കെ നീറുകടിച്ച് വീര്‍ത്തിരുന്നു. അപ്പോള്‍ ഹവ്വാ, ഒരു ഡയലോഗ്,

'ആഹാ നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും ആദം ചേട്ടാ..'(എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരെ വന്നില്ലാരും ... എന്ന വരികള്‍ അവള്‍ വിഴുങ്ങി.)

അതുകേട്ടപ്പോള്‍ ആദം ഒരു അഹങ്കാരിയായ് നെഞ്ചുവിരിച്ചു നിന്നു. അവന്റെ മസില്‍സ് കിടുകിടാന്നു വിറപ്പിച്ചു കാണിച്ചു.
ഹവ്വാ, ഒരു തേന്‍ കൂട് പറിച്ചെടുത്ത്, തേന്‍ പിഴിഞ്ഞ് ആദത്തിന്റെ ബലിഷ്ടമായ ദേഹത്ത് തേച്ചു പിടിപ്പിച്ചു.. അവന്റെ മധുരീകരിച്ച ദേഹത്ത് അവളൊരുമ്മ കൊടുത്തു... തേനിന്റെയും ആദത്തിന്റെ സ്നേഹത്തിലും കുരുങ്ങി അവളുടെ ചുണ്ടുകള്‍ അവനെ വിട്ടുപോരാന്‍ വിസമ്മതിച്ചു.
ഒടുവില്‍ തന്റെ ചുണ്ടുകള്‍ സ്വതന്ത്രമാക്കി അവള്‍ ചുണ്ടുകള്‍ നുണഞ്ഞപ്പോള്‍.... നാവില്‍ തേന്‍ രുചി നിറഞ്ഞു. പൂക്കള്‍ നാവില്‍ നൃത്തം ചെയ്യുന്നു....

ഹവ്വാ തന്റെ നീണ്ടു വളര്‍ന്ന നഖങ്ങള്‍ കടിച്ചു വൃത്തിയാക്കുന്ന സമയത്താണു ചെകുത്താന്‍ അതുവഴി വന്നതും. അവളെ നോക്കി വിശാലമായ് ചിരിച്ചതും. ചെകുത്തന്റെ വാലും അവന്റ് മൊരഞ്ഞ നോട്ടവും കണ്ട് ഹവ്വക്ക് കലിയിളകി. അവള്‍ മുഖം തിരിച്ചു. അപ്പോള്‍ ചെകുത്താന്‍ വിളിച്ചു .
'സുന്ദരീ...'

ഹവ്വയുടെ ശരീരത്തില്‍ ഇടിമിന്നല്‍ പാഞ്ഞു. അവള്‍ മുഖമുയര്‍ത്തി ചെകുത്താനെ നോക്കി. അവന്‍ അതി സുന്ദരനും ശിശുമുഖനുമായ് അവള്‍ക്കു തോന്നി...

നീ എന്താ പറഞ്ഞത് എന്ന് തെല്ലു ലഞ്ജയോടെ ഹവ്വാ അവനോട് ചോദിച്ചു.
'അല്ല. നിനക്ക് എന്തൊരു സൗന്ദര്യമാണു. ചന്ദ്രിക നിന്നെ കണ്ടാല്‍ പിന്നെ ഒരിക്കലും ഉദിക്കുകയേ ഇല്ല. മയിലുകള്‍ അവയുടെ പീലി വിടര്‍ത്താന്‍ നാണിക്കും. കുയിലുകള്‍ നിന്നെക്കുറിച്ച് വര്‍ണ്ണിക്കാന്‍ വാക്കുകള്‍ കിട്ടാതെ ഗാനാലാപനം നിര്‍ത്തും..'

ഹവ്വാ, സമ്പൂര്‍ണ്ണമായ് പ്രസാദിച്ചു. അവള്‍ തല മാന്തിച്ചൊറിഞ്ഞ് ചിരിച്ചു. ചെകുത്താന്‍ ചോദിച്ചു. 'സുരസുന്ദരീ ഞാന്‍ നിന്റെ കാര്‍മേഘകൂന്തലില്‍ വിരാജിക്കുന്ന കഴുവേറി പേന്‍ കൂട്ടത്തെ തര്‍ക്കൊല പണ്ണട്ടേ..?'

അഴിച്ചിട്ട കരിമുടിച്ചുരുളുമായ് ഹവ്വാ ഒരു മരത്തിന്റെ വേരില്‍ കുത്തിയിരുന്നു. പിന്നില്‍ ഭവ്യതയോടെ നിന്ന് ചെകുത്താന്‍ പേന്‍ നിവാരണ യഞ്ജം ആരംഭിച്ചു.

തലമുടി വകഞ്ഞു മാറ്റി, തലയില്‍ ഓടിക്കളിച്ചിരുന്ന സുന്ദരന്‍ പേനുകലെ ദയാരഹിതമായ് ചെകുത്താന്‍ വേട്ടയാടി. കൈയ്യില്‍ കിട്ടിയ പേനുകളെ കൈ നഖങ്ങള്‍ക്കിടയില്‍ വെച്ച് 'ടക് ടക്' എന്നു പൊട്ടിച്ചു. ചെകുത്തന്റെ വിരലുകളിലൂടെ രക്തമൊഴുകി..!

അവന്‍ ആത്മഗതം നടത്തി........ 'ഹോ..! മനുഷ്യരുടെ ഒരു ഗതിയേ...'!

ഹവ്വാ തലയുയര്‍ത്തി ചോദിച്ചു 'എന്താ മിസ്റ്റര്‍ ചെകുത്താന്‍, ഞങ്ങള്‍ക്ക് എന്താണു പ്രശ്നം.?'

'അതേയ് ഹവ്വാ മാഡം, നിങ്ങള്‍ ആകാശത്തിലെ പറവകളെ നോക്കൂ...'

ഹവ്വാ, തന്റെ വിജ്ജ്ഞാനം വിളമ്പി. 'അവ വിതക്കുന്നില്ല, കൊയ്യുന്നില്ല കളപ്പുരകളില്‍ കൂട്ടി വെക്കുന്നില്ല.'

'മണ്ണാംങ്കട്ട..! അതല്ല. അവര്‍ക്കൊക്കെ ഭൂമിയില്‍ അനന്തരാവകാശികള്‍ ഉണ്ടാകുന്നു......
എന്നാല്‍ മനുഷ്യനെ മാത്രം ദൈവം ആ റ്റെക്ക് നിക്ക് പഠിപ്പിച്ചിട്ടില്ല...
എന്താ കാരണം...?

ദൈവത്തിന്റെ തലയില്‍ കയറി മനുഷ്യന്‍ ഇരിക്കും എന്ന് മനസ്സിലാക്കിയ ദൈവം , ഈ രണ്ടെണ്ണത്തിനോടെ മനുഷ്യന്‍ അവസാനിച്ചോട്ടെ എന്നു വിചാരിച്ചു.......'

ഹവ്വാക്ക് ദൈവത്തിന്റെ കൊലച്ചതി മനസ്സിലായി.
അവള്‍ വികാരവിമൂഡവിലോലയായ്.... ചെകുത്താനോട് ചോദിച്ചു.. 'നീ എന്തര് പറയണൂ.. കാര്യങ്ങള് വിശദമായി പറയടെ അപ്പീ...'

ചെകുത്താന്‍ ഹവ്വായുടെ ക്ലാസ് റ്റീച്ചറായ്........
ആദ്യത്തെ വാല്‍‌സ്യായനന്‍... ഹവ്വയുടെ മനസ്സില്‍ കാമസൂത്രം പറഞ്ഞുകൊടുത്തു..
അതു കേള്‍ക്കെ ഹവ്വക്ക് ഇക്കിളീ നുരനുരയായ് പതഞ്ഞു പതഞ്ഞു പൊങ്ങി........
ശോ... ആ കശമലന്‍ ! ആദം ചേട്ടന്‍ ഒന്നു വന്നുകിട്ടിയിരുന്നെങ്കില്‍.........!

ആദം വന്നൂ...
ഹവ്വ അവനെ പാപിയാക്കി...(ചിലസമയത്ത് എഴുത്തിനു റോക്കറ്റ് സ്പീഡാണു ആരോഗ്യത്തിനു നല്ലത്..:)

ദൈവം വൈകിട്ട് തന്റെ കൃഷി സ്ഥലത്തുകൂടെ വടിയും കുത്തി പതിയെ നടന്നു. കപ്പയുടെ മൂട് എലി മാന്തിയിരിക്കുന്നു. കരിമണ്ണില്‍ എലിതിന്ന കപ്പയുടെ വെളുപ്പ് കണ്ട് ദൈവത്തിനു കലിയിളകി. എലികളെ സൃഷ്ടിച്ചത് തെറ്റായെന്നു മനസ്സിലാക്കി, താന്‍ സൃഷ്ടിച്ച ചേരകളൊക്കെ എവിടെ ? അവനെ കണ്ടിരുന്നുന്നെങ്കില്‍ നടുവിനു ഒരു കുത്തുകൊടുക്കാമായിരുന്നു. കശ്മലന്‍, ജോലി ചെയ്യാതെ വല്ല മാളത്തിലും ചുരുണ്‍ടു കിടന്നുറങ്ങുന്നുണ്ടാവും.

'ദൈവമേ നിന്‍ സ്നേഹം എത്ര മോഹനം
നിന്‍ ഗൃഹത്തില്‍ വാഴുവോര്‍ ഭാഗ്യവാന്മാര്‍..'

മാവിന്റെ മുകളിലിരുന്നു മാന്തളില്‍ തിന്നു മദിച്ച് ഒരു കുയില്‍ പാടി. ദൈവത്തിനു സന്തോഷമായി.. 'തിന്നോ തിന്നോ ഇഷ്ടം പോലെ മാന്തളില്‍ തിന്നോളൂ...'

ആദത്തിന്റെയും ഹവ്വയുടെയും ഗുഹക്കരികിലെത്തിയപ്പോള്‍, അകത്തു നിന്നും ഹവ്വയുടെ ചിരിയും സീല്‍ക്കാരങ്ങളും. ദൈവം ചെവി വട്ടം പിടിച്ചു. ചെവി ക്ലീന്‍ ചെയ്യാതിരുന്നതിനാല്‍ കേള്‍‌വി അത്ര പോരായിരുന്നു. എന്നാലും ദൈവം അപകടണം കേട്ടറിഞ്ഞു.

'ഡാ...... ആദാം...!"

ദൈവം അരിശത്തോടെ അട്ടഹസിച്ചു. ആകാശത്ത് ഇടിവെട്ടി. ( കഥാപ്രസംഗത്തിനു സിം‌മ്പല്‍ അടിക്കുന്നതുപോലെ ദൈവം വല്ലതും ശക്തമായി പറഞ്ഞാല്‍ ദൈവകിന്നരന്മാര്‍ ഉടന്‍ ആകാശത്ത് ഇടിവെട്ടിക്കും)

ശബ്ദം കേട്ടതും ആദം ഇറങ്ങിയോടി.. ദൈവം അവനെ തന്റെ കൈയിലിരുന്ന വടിവെച്ച് എറിഞ്ഞു വീഴ്ത്തി.
എന്നിട്ട് അടുത്തു ചെന്ന് അവന്റെ കൊങ്ങക്ക് കുത്തിപ്പിടിച്ചു.

'ഡാ, ദൈവത്തിനു പിറക്കാത്തവനേ.. നീ എന്റെ വാക്കു തെറ്റിച്ചു അല്ലേ...?'

'അയ്യോ.. അയ്യോ..'എന്ന് ആദം നിലവിളിച്ചു. ശബ്ദം വളരെ വികൃതമായ് ദൈവത്തിന്റെ ചെവിയില്‍ ചെന്നു തറച്ചു.

'മൂപ്പിലാനേ...... അങ്ങേരെ വിട്, ഞാനാ കാരണക്കാരി..'

ഹവ്വാ, യാതൊരു കൂസലും ഇല്ലാതെ ഗുഹാമുഖത്ത് ദൈവമുഖത്തിനെതിരു നിന്നു.

ദൈവത്തിനു സഹിക്കാവുന്നതിനു അപ്പുറമായിരുന്നു ഹവ്വയുടെ ദാര്‍ഷ്ട്യം.

'നിന്നെ ഞാനീ പറുദീസയില്‍ നിന്നും പുറത്താക്കുമെടീ... കശ്മലേ...'

'ധൈര്യമുണ്ടെങ്കില്‍ ചെയ്യ്‌തു കാണിക്ക് മൂപ്പീന്നേ..'

'ആദം എടാ, അവളുടെ മരവുരീം ചിരട്ടപ്പാത്രവും എല്ലാം എടുത്ത് വെളിയിലെറിയെടാ..'

ആദം തന്റെ തൊണ്ടയില്‍ തടവി, അവിടൊരു മുഴ.. അവനു കരച്ചില്‍ വന്നു. അവന്‍ സങ്കടത്തോടെ മിണ്ടാതെ നിന്നു.

'പിന്നെ പിന്നെ കേള്‍ക്കും.'
ഹവ്വാ ഗര്‍‌വ്വിഷ്ടയായ് ദൈവത്തിനെ വെള്ളുവിളിച്ചു.

ദൈവം. ആദത്തിനെ ചുട്ടുപൊള്ളുന്നൊരു നോട്ടം നോക്കി. അവന്‍ ഒറ്റച്ചാട്ടത്തിനു ഹവ്വയുടെ പിന്നിലൊളീച്ചു.

'രണ്ടും കൂടെ ഇറങ്ങിക്കോണം...കാട്ടിലേക്ക് ചെല്ല്. അവിടെ എങ്ങനെയെങ്കിലും ജീവിച്ചോ.. ഇനി എനിക്ക് നിന്റെ മുഖം പോലും കാണേണ്ട'
'
ഹോ..! ഞങ്ങളു പൊയ്യ്‌ക്കൊള്ളാം കാര്‍ന്നോര്‍ സ്വത്തെല്ലാം കെട്ടിപ്പിടിച്ച് ഇവിടിരുന്നോ.. വയസ്സുകാലത്ത് കഞ്ഞിവെള്ളം തരാന്‍ ഒരുത്തനും ഉണ്ടാവില്ല...'
ഹവ്വ ഉറഞ്ഞു തുള്ളി..
'ഹവ്വാച്ചീ ദൈവദോഷം പറയാതെടീ നമുക്കിവിടെ ദൈവത്തിന്റെ കാലുപിടിച്ച് കഴിയാം..'

'മിണ്ടരുത്..നിന്നെ ഞാന്‍ സ്വാതന്ത്ര്യത്തിലേക്കു കൊണ്ടുവരികയാ ചെയ്‌തത്..
നീ കേട്ടിട്ടില്ലേ...

'സ്വാതന്ത്ര്യം തന്നെ അമൃതം
സ്വാതന്ത്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയെക്കാള്‍ ഭയാനകം.."

എവിടെ? വല്ലതും വായിക്കുന്ന സ്വഭാവം നിനക്കില്ലല്ലോ...!നിന്നെ ഒരു മഹാപൊട്ടനാക്കി ദൈവം നിന്നെ ചൂഷണം ചെയ്യുകയായിരുന്നു.'

ആദം വായും പൊളിച്ച് കേട്ടു നിന്നു...

'ഹവ്വാച്ചി, എന്റെ മറ്റേ വാരിയെല്ലിനു നിന്നെപ്പോലെ ഒരാളെക്കൂടി ഉണ്ടാക്കിയാരുന്നെങ്കില്‍ ..'

മുഴുവന്‍ പറയാന്‍ ഹവ്വാ സമ്മതിച്ചില്ല...
'അപ്പടിയാനാല്‍ ഉന്നെയും അവളെയും തര്‍ക്കൊല പണ്ണിടുമേ.' എന്നവള്‍ കണ്ണുരുട്ടി.

ആദം ഒന്നും പറയാതെ ഹവ്വയുടെ പിന്നാലെ നടന്നു.

ഒടുവില്‍ നടന്നു നടന്ന് അവര്‍ ഭൂമിയിലെത്തി. ഭൂമിയില്‍ കാലുകുത്തിയപ്പോള്‍ ഹവ്വാ ഒരു ചെറിയ വലിയ വാക്യം പറഞ്ഞു.
'ഇത് മനുഷ്യന്റെ ഒരു ചെറിയ ചുവടുവെപ്പ്, മാനവരാശിയുടെ വലിയ കുതിച്ചു ചാട്ടം'

ആദത്തിനു ഒന്നും മനസ്സിലായില്ല. എന്നാലും അവനു ഹവ്വയോട് സ്നെഹവും ബഹുമാനവും തോന്നി. ഇവള്‍ തന്നെ പട്ടിണിക്കിടാതെ നോക്കിക്കൊള്ളും എന്നവന്‍ വിചാരിച്ചു..

അന്നു രാത്രി അവര്‍ വിശന്നിരുന്നു. ചെകുത്താന്‍ പഠിപ്പിച്ചുകൊടുത്ത കര്‍മ്മ പരിപാടികളില്‍ വ്യാപൃതരായ് അവര്‍ തങ്ങളുടെ വിശപ്പു മറന്നു...


നേരം വെളുത്തു.. ബെഡ് കോഫിക്കായ് കൈ നീട്ടിയ ആദത്തിനെ ഹവ്വാ വലിച്ചെണീല്പ്പിച്ചു. പിന്നെ വിശാലമായ് മുന്നില്‍ നീണ്ടു മലര്‍ന്നടിച്ചു കിടന്ന ഭൂമി ചൂണ്ടിക്കാണിച്ചു.
മനുഷേനേ, ഇദാ, ഈ പച്ചവെള്ളവും കുടിച്ചേച്ച്, പറമ്പിലേക്ക് ഇറങ്ങ്,
ആദം ആലസ്യത്തോടെ ഹവ്വയെ ഉമ്മവെക്കാന്‍ നോക്കി. അവള്‍ ചവിട്ടിത്തുള്ളി നടന്നകന്നു.. 'നേരംപോക്കിനുള്ള സമയം കഴിഞ്ഞു... മര്യാദക്ക് മണ്ണില്‍ കൃഷി ചെയ്യൂ..'

ഹവ്വ നല്‍കിയ കപ്പത്തണ്ടുമായ് ആദം പറമ്പിലേക്കിറങ്ങി..പോകുന്ന പോക്കില്‍ ആദം ഹവ്വയോട് ചോദിച്ചു..
'ഹവ്വാച്ചീ, നീ എന്നാ ചെയ്യാന്‍ പോകുവാന്നേ'
'...ഞാനോ....... ഞാനേയ്........ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെയും കടല്‍ത്തീരത്തെ മണല്‍ത്തരികളെപ്പോലെയും നിന്റെ കുട്ടികളെ പ്രസവിക്കാന്‍ പോകുന്നു........'

'അയ്യോ..! അപ്പോള്‍ നിനക്ക് നോവില്ലേ...?'

അവള്‍ ആദത്തിനെ ചുറ്റിപ്പിടിച്ചൊരു ഉമ്മ നല്‍കി.. പിന്നെ പറഞ്ഞു...

"എന്റെ പൊന്നേ......

പ്രതികാരത്തിനു നോവ് ഒരു സുഖമാണു....!"

2009, ജൂൺ 22, തിങ്കളാഴ്‌ച

യാത്ര.....





അതിരാവിലെ ഉറക്കമുണര്‍ന്നാലും നടക്കാനിറങ്ങുമ്പോള്‍ ആറുമണി കഴിയുമായിരുന്നു.
എന്തായാലും അതു നന്നായി, പുലര്‍ വേളയിലെ ആ നടപ്പ് എന്റെ കണ്ണുകള്‍ക്ക് ഉല്‍സവമായിരുന്നു..

ഞാന്‍ കണ്ട മനുഷ്യര്‍, അവരുടെ ജീവിതങ്ങള്‍, കല്ലുകരടുകാഞ്ഞിരക്കുറ്റി മുതല്‍ മുള്ളുമുരടു മൂര്‍ഖന്‍ പാമ്പുവരെയുള്ള വിഷയങ്ങള്‍ എന്നെ ആനന്ദിപ്പിച്ചു..

നമ്മുടെ നാട്... അതൊരു കാഴ്ചയാണു..അതു കണ്ടതിനുശേഷമായിരിക്കണം ഒരുവന്‍ വിശാലമായ മറ്റുലോകങ്ങള്‍ തേടിപ്പോകേണ്ടതെന്നും ഞാനെന്ന മന്ദ ബുദ്ധി മനസ്സിലാക്കിയെന്നതാണു ഇത്തവണത്തെ യാത്ര എന്നെ പഠിപ്പിച്ചത്.


സ്വര്‍ണ്ണമഷിയൊഴിച്ച് എഴുതുന്നത്....




സുനിലും ഞാനും രാഷ്ട്രീയം പറഞ്ഞ് അല്പം ഉടക്കി പരിഭവിച്ചു നടക്കുകയായിരുന്നു. അപ്പോഴാണു എബ്രഹാം മാഷ് പത്രവുമായി വീട്ടിലേക്ക് നടക്കുന്നതു കണ്ടതും ഞങ്ങള്‍ അദ്ദേഹത്തിനരികിലേക്ക് ചെന്നതും. സുനിലിനെ സാറിനു നല്ല പരിചയമായിരുന്നു. കാലങ്ങള്‍ക്കു ശേഷം കണ്ട എന്നെ മനസ്സിലായതുമില്ല. എന്നിട്ടും എല്ലാ വിശേഷങ്ങളും സ്നേഹ സൗമനസ്യത്തോടെ സാര്‍ ചോദിച്ചു മനസ്സിലാക്കി.

'സാറെന്തേ വിദേശത്ത് മക്കളുടെ അടുത്തൊന്നും പോകാത്ത'തെന്നു സുനില്‍ ചോദിച്ചപ്പോള്‍

സാര്‍ പറഞ്ഞു : ഈ വിദേശയാത്രയുടെ പേപ്പേഴ്സ് ശരിയാക്കാനൊക്കെ എനിക്ക് മടിയാടോ;
ഇമ്മാനുവല്‍ കാന്റ് എന്ന ഫിലോസഫര്‍ കോനിസ്ബര്‍ഗ്ഗ് എന്ന തന്റെ നഗരം വിട്ട് ഒരിക്കലും പുറത്തുപോയിരുന്നില്ലെന്നു ഒരു ചിരിയോടെ പറഞ്ഞൊതുക്കി...

പിന്നീടാണു സാറ് ഒരു മഴപോലെ വാക്കുകള്‍ ചൊരിഞ്ഞ് ഒരു പുഴപോലെ ഒഴുകിയത്...

മലയാളത്തിലെ സാറിന്റെ പ്രിയ എഴുത്തുകാരന്‍ ആരെന്നു അറിയാനുള്ള എന്റെ ആഗഹത്തിനു സാര്‍ പറഞ്ഞു കുഞ്ചന്‍ നമ്പ്യാര്‍...!

കോളേജില്‍ ഗണിത ശാസ്ത്രം പഠിപ്പിച്ചൊരാളാണു കുഞ്ചന്‍ നമ്പ്യാരെക്കുറിച്ചും വിശ്വ എഴുത്തുകാരെക്കുറിച്ചും തേനൂറും ഭാഷയില്‍ സംസാരിക്കുന്നത്...

സാറിന്റെ വാക്കുകള്‍ക്ക് നിശ്ചലമാകാന്‍ അറിയില്ലായിരുന്നു. അതൊരു ഒഴുക്കായിരുന്നു. നമ്മള്‍ അതില്‍ വെറുതെ കിടന്നാല്‍ മതി അറിവിന്റെ മഹാസാഗരത്തിലേക്ക് നമ്മളെയും വഹിച്ചത് യാത്രയാവും...
(മൂന്നു വര്‍ഷക്കാലം ഞാനാ സൗഭാഗ്യം കോളേജില്‍ അനുഭവിച്ചതാണു.)

ഇടക്ക് സാര്‍ മാര്‍ക്കേസിനെക്കുറിച്ച് എന്തു പറയുന്നുവെന്നറിയാന്‍ എനിക്ക് ആകാംക്ഷയുണ്ടായി.. ഞാനതു ചോദിച്ചപ്പോള്‍ സാര് നിഷ്കളങ്കമായും സൗമ്യമായും പറഞ്ഞു..

'എടോ എനിക്കാ വണ്‍ ഹണ്ടഡ് ഇയേസ് ഓഫ് സോളീറ്റ്യൂഡ് മനസ്സിലായതേ ഇല്ല. ഒരു അമ്പതു പേജുകള്‍ക്കപ്പുറം ഞാനതു വായിച്ചില്ലാ' എന്നു...
എന്നാല്‍ മാര്‍കേസിന്റെ മറ്റെല്ലാ നോവലുകളും സാര്‍ വായിച്ചിരുന്നു..

ഞാന്‍ ഓര്‍ക്കുകയായിരുന്നു. തനിക്ക് മനസ്സിലാകാത്ത കാര്യങ്ങള്‍ മറച്ചുവെക്കുന്ന സമൂഹത്തില്‍ തനിക്ക് മനസ്സിലാകാത്തൊരു കാര്യത്തെ ഉള്ളുതുറന്ന് ആദ്യമേ പറയുന്ന ഒരു മഹാ മനുഷ്യന്‍.....

കാന്റിനെപ്പൊലെ മഹാ തത്ത്വജ്ഞാനിയായൊരു ജര്‍മ്മന്‍ ചിന്തകനെ അരച്ചുകലക്കിക്കുടിച്ചയാള്‍...



മരം... ഞങ്ങളുടെ മരം.......





ഞങ്ങളുടെ നാടിന്റെ നെറ്റിയില്‍ ഒരു വര്‍ണ്ണക്കുടപോലെ ഒരു തണല്‍ മരം തലയുയര്‍ത്തി നിവര്‍ന്നു നില്‍ക്കുന്നു. അതിനു ചുവട്ടില്‍ ബസുകള്‍ വന്നു നില്‍ക്കുന്നു. അവിടെ നിന്നു മൂന്നു പ്രദേശത്തേക്ക് റോഡുകള്‍ നീണ്ടു കിടക്കുന്നു.

ആ മരം അവിടെ വന്നത് അന്‍പതോ അറുപതോ വര്‍ഷങ്ങള്‍ക്കു മുന്നെ. അന്ന് അവിടെ ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. മാനസിക അസ്വാസ്ഥ്യം ചിലപ്പോള്‍ അദ്ദേഹത്തെ അനുഗ്രഹിക്കുമായിരുന്നു. ആ മനുഷ്യനാണു ഒരു ചെടിയവിടെ നട്ടതും, അതിനു ചുറ്റും ഓലമെടഞ്ഞ് ഒരു വേലി കെട്ടിവെച്ചതും അന്ന് റോഡ് റ്റാര്‍ ചെയ്യ്‌തിരുന്നില്ല. വല്ലപ്പോഴും വരുന്ന വാഹനങ്ങള്‍ പൊടി ഉയര്‍ത്തുമായിരുന്നു. പിന്നീട് ആ പൊടികള്‍ ഈ ചെറിയ ചെടിയെ മൂടുമായിരുന്നു. അപ്പോള്‍ കാരുണ്യത്തോടെ ആരെങ്കിലും അതിന്റെ ചോട്ടില്‍ ഒരു കുടം വെള്ളമൊഴിച്ച് അതിനെ കുളീപ്പിച്ച് ഉഷാറാക്കി. അങ്ങനെ നാട്ടുകാരുടെ സ്നേഹം ഏറ്റുവാങ്ങിയും വെയിലത്ത് തലയൊന്നു താഴ്ത്തി പ്രകൃതിയെ വണങ്ങിയും, മഴയില്‍ കുളിക്കുമ്പോള്‍ കുടുകുടാ വിറച്ച് മഴയെ പുല്‍കിയും ആ മരം വളര്‍ന്നു...!

ആ മരം നട്ടു വളര്‍ത്തിയ മനുഷ്യന്‍ പ്രായമായി.. എന്നാലും അയാള്‍ ചിലപ്പോഴൊക്കെ ആ മരത്തിനു ചുവട്ടിലെത്തുകയും അതിനെ സ്നേഹപൂര്‍‌വ്വം നോക്കി നില്‍ക്കുയും ചെയ്യുമായിരുന്നു.. മരം അതിനെക്കാള്‍ കാരുണ്യത്തോടെ ആ മനുഷ്യനെ വെയിലേല്‍ക്കാതെ തന്റെ തണലില്‍ നിര്‍ത്തി സ്നേഹിച്ചു........

ഒരിക്കല്‍ ഞങ്ങളുടെ മരം മുറിച്ചു മാറ്റാന്‍ ചിലര്‍ തീരുമാനിച്ചു. ശീതളപാനീയങ്ങള്‍ വിറ്റുപോകാത്തത് അതുകൊണ്ടാണെന്നു അവര്‍ വിചാരിച്ചു. മരത്തിന്റെ വേരുകള്‍ അടുത്തുള്ള വലിയ കെട്ടിടങ്ങളുടെ അസ്ഥിവാരത്തിലേക്ക് പാഞ്ഞു കയറി കെട്ടിടങ്ങള്‍ തകര്‍ക്കപ്പെടുമെന്നു ചിലര്‍ ഭയപ്പെട്ടു. അതിനാല്‍ ഞങ്ങളുടെ മരത്തെ മുറിച്ചു മാറ്റാന്‍ അവര്‍ തീരുമാനിച്ചു....... ഞങ്ങളുടെ നാട്ടിലെ ചുമട്ടുകാരും സാധാരണക്കാരും, ആ മരത്തിന്റെ ചുവട്ടില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടവര്‍ക്ക് അത് സഹിക്കാന്‍ കഴിഞ്ഞില്ല. അവര്‍ ഒറ്റ ദിവസം കൊണ്ട് ആ മരത്തിനു ചുവട്ടില്‍ ഒരു ഉയര്‍ന്ന തറകെട്ടിയുയര്‍ത്തി..ശിഖരങ്ങളില്‍ 'പ്ലക്കാര്‍ഡു'കള്‍ തൂക്കി.

'എന്നെ വെട്ടരുതേ' എന്ന് ദയനീയമായി ഞങ്ങളുടെ മരം വിളിച്ചു പറഞ്ഞു......

ഇല്ല ! കഴിഞ്ഞില്ല ഞങ്ങളുടെ നാടിന്റെ സ്നേഹ ഞരമ്പ് മുറിക്കാന്‍... ഇന്നും ഞങ്ങളുടെ മരം ഞങ്ങളൊട് നന്ദി കാണിച്ച് തലയുയര്‍ത്തി നില്‍ക്കുന്നു..തണല്‍ നല്‍കി ഞങ്ങളെ നിരന്തരം അശ്വസിപ്പിച്ചുകൊണ്ട് സ്നേഹത്തിന്റെയും കരുതലിന്റെയും പ്രതീകമായ്...
ഞങ്ങളുടെ സ്നേഹ മരം......!ഞങ്ങള്‍ക്കു നല്‍കുന്നു തണലുമ്മ...;കുളിരുമ്മ..!

വഴിയില്‍ വീണൂകിടന്ന മാമ്പഴം....



കാലുകള്‍ പൊട്ടിയിരുന്നു. ഇറുകിയ ചെരുപ്പിനുള്ളിലിരുന്ന് എന്റെ പാദങ്ങള്‍ വേദനിച്ചു നിലവിളിച്ചു. എന്നാലും നടപ്പിനു ഒട്ടും വേഗത കുറക്കാതെ ഞാന്‍ നടന്നു. പുലര്‍ മഞ്ഞ് എന്നെ തലോടി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഒരു കാറ്റുവന്ന് എന്റെ മൂക്കില്‍ മുട്ടി. പിന്നെ എന്നെ ആകെ മൂടി.. ഒരു മാമ്പഴ സുഗന്ധം. ഞാന്‍ മൂക്ക് ഒന്നുകൂടെ ആഞ്ഞു വലിച്ചു. പിന്നെ മുകളിലേക്കു നോക്കി. അകാശം മൂടി ഒരു നാട്ടുമാവ്, ഞാന്‍ അതിന്റെ ചുവട്ടിലേക്ക് നോക്കിയപ്പോള്‍ അതാ ഒരു കുഞ്ഞു മാമ്പഴം.കൈയില്‍ എടുത്തപ്പോള്‍ അതില്‍ മണ്ണു പറ്റിയിരുന്നു.ഞെട്ടില്‍ നിന്നും ഒഴുകിയിറങ്ങിയ മാങ്ങാച്ചുനയും .
ഞെട്ടില്‍ നിന്നടര്‍ന്നപ്പോള്‍ പൊഴിഞ്ഞ കണ്ണീര്‍ തുള്ളി !

ഞാന്‍ പതിയെ മണ്ണും കണ്ണീരും തുടച്ചു മാറ്റി. പിന്നെ അരുമയോടെ ഒന്നു വാസനിച്ചു...!

എന്തിനാണു മനസ്സുമടുപ്പിക്കുന്ന ക്ലോറോ ഫോം വൈദ്യശാസ്ത്രം ഉപയോഗ്ഗിക്കുന്നത്...?

ഈ മാമ്പഴത്തിന്റെ ഹൃദ്യ സുഗന്ധത്തില്‍ അലിയിച്ച് ഒരാളുടെ ബോധമണ്ഡലത്തെ മരവിപ്പിച്ച് അവര്‍ക്ക് ഓപ്പറേഷന്‍ നടത്തിക്കൂടേ..?

വൈദ്യ ശാസ്ത്രം എന്നാണു ക്രൂരത കൈ വെടിയുക എന്നോര്‍ത്തു ഞാനെന്റെ കാലുകളിലേക്കു നോക്കി... ഇല്ല ! വേദന ഇല്ല


മയില്‍ കുറ്റി അഥവാ സന്യാസിക്കല്ല്



നടപ്പ് അവസാനിപ്പിക്കുന്നത് ചെമ്മലമറ്റം എന്ന പള്ളിയുടെ മുമ്പിലാണു... ഉയരത്തില്‍ ആകാശത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്ന കുരിശ്.. പള്ളിയിലേക്ക് നടന്നു കയറാന്‍ പടികള്‍.

ചെമ്മലമറ്റം എന്ന പേര് എങ്ങനെയുണ്ടായതാണു എന്നു ഞാന്‍ സുനിലിനോട് ചോദിച്ചു. ആള്‍ മറ്റെന്തോ ഗൗരവ ചിന്തയിലായിരുന്നു. അതിനാല്‍ എന്നെ നോക്കി വശ്യമധുരമായൊരു ചിരിചിരിച്ചു. ചെമ്മല മറ്റം അല്ല ചെമ്മല മുറ്റം ആയിരിക്കും എന്നു ഞാനും ചിരിച്ചു.. ചെമന്ന മലയുടെ മുറ്റം..! അതുകേട്ടപ്പോള്‍ സുനിലിനു കുറച്ചുകൂടി ഉദാരമായി ചിരിക്കേണ്ടി വന്നു.

റോഡില്‍ തപസ്സനുഷ്ഠിക്കുന്ന ആ മയില്‍ കുറ്റി എന്നിട്ടും ചിരിച്ചില്ല...!

എങ്ങനെ ചിരിക്കാനാ ? അവനെ മണ്ണില്‍ കുഴിച്ചിട്ട മനുഷ്യനോട് അവന്‍ പിണങ്ങിയതുപോലെയല്ലേ നില്‍ക്കുന്നത്..! എത്ര കുടിയന്മാരുടെ ചവിട്ട് അവനു സഹിക്കേണ്ടി വരുന്നു. എന്നിട്ടും അവന്‍ നിഷ്കാമ കര്‍മ്മയോഗിയെപ്പോലെ നില്‍ക്കുന്നു...

ദൂരങ്ങളെ സാക്ഷിപ്പെടുത്തി...!

ആല്‍ച്ചുവട്ടിലെ പ്രണയം...




അവന്‍ അവളെ നോക്കിയത് ആരും അറിഞ്ഞില്ല. അവള്‍ മാത്രം അവന്റെ നോട്ടത്തിന്റെ ശരമുന തിരിച്ചറിഞ്ഞു, തിരിഞ്ഞു നോക്കി മന്ദഹസിച്ചു. അവനു വേണ്ടിമാത്രം ചിരിക്കാന്‍ ഈ പെണ്ണു എങ്ങനെ ശീലിച്ചു.

ഹോ..! പ്രണയം പഠിപ്പിച്ചതാവും.

ആല്‍ച്ചുവട്ടില്‍ നിന്നപ്പോള്‍ ആലിലകളുടെ മര്‍മ്മരം അവളെ കാതരയാക്കി. നെറ്റിയില്‍ കുതിര്‍ന്ന സിന്ദൂരപ്പൊട്ടും ചന്ദനപ്പൊട്ടും മൂക്കിന്‍ തുമ്പിലേക്ക് അലിഞ്ഞിറങ്ങുന്നത്, അവനിലെ പ്രണയത്തെ ആര്ദ്രമാക്കി..

അവനെന്തോ പറഞ്ഞു.. അവളതു കേട്ടില്ലെന്നേ, ആ ഇലകളുടെ മര്‍മ്മരം അവന്റെ പ്രണയത്തെ മുക്കിക്കളഞ്ഞു.. ഒന്നൂടെ പറയൂന്നേ എന്നവള്‍ കണ്ണുകളാല്‍ യാചിക്കേ.. അവനതു പറയാന്‍ തുടങ്ങവേ..

"തൊഴുതു കഴിഞ്ഞാലും വീട്ടില്‍ പോവില്ലാ ല്ലേ....?" എന്നൊരു ക്രൂരമ്പ് അവരില്‍ തറച്ചു..

അവര്‍ വേപഥുവോടെ ഞെട്ടിയകന്നു നടക്കേ,

"നല്ലൊരു പ്രണയം പോലും അനുവദിക്കാത്ത കശ്മലന്മാരുടെ മുഖം എനിക്കൊന്നും കാണേണ്ടേ" എന്നും പറഞ്ഞ്...കൃഷ്ണന്‍ മുഖം തിരിച്ചിരുന്നു...!

ഹോ..!



അതിരാവിലെ മഞ്ഞ് വീണു കുതിര്‍ന്നു കിടന്ന റോഡിലൂടെ, അവന്‍ ഓടിവരുന്നു. പിന്നാലെ കൈയില്‍ കത്തിയുമായി മറ്റൊരാളും..
മുന്നേ ഓടിവരുന്നവന്റെ ഷേര്‍ട്ടിന്റെ പിന്‍ ഭാഗം ചോരയില്‍ നനഞ്ഞു കുതിര്‍ന്നിരുന്നു. അതില്‍ നിന്നും ചോര റോഡിലേക്ക് ഒഴുകിവീണുകൊണ്ടിരുന്നു. അമ്പലത്തിനു മുന്നിലെ മൈതാനത്തിലേക്ക് അവന്‍ ഓടിക്കയറവേ, നാട്ടുകാരില്‍ ചിലര്‍ പിന്നാലെ പാഞ്ഞു ചെന്നു..
അപ്പോഴേക്കും പിന്നാലെ പാഞ്ഞുവന്നയാള്‍ അവന്റെ നെഞ്ചില്‍ കയറിയിരിക്കുകയായിരുന്നു.. കൊല്ലരുതേടാ.. എന്ന അവന്റെ അലര്‍ച്ചക്ക് അപ്പുറത്തേക്ക് അപരന്റെ ശബ്ദം ഉയര്‍ന്നു. അത് മഞ്ഞുപോലെ തണുത്തിരുന്നു.. ഇനി നീ ജീവിക്കേണ്ടാ..
കഴുത്ത് അറുക്കുകയായിരുന്നു.. കൊല്ലല്ലേടാ എന്ന ശബ്ദം ശ്വാസനാളത്തിലൂടെ വികൃതമായൊരു കാറ്റായ് പുറത്തേക്ക് പരന്നു ചാടി, ഒപ്പം ഒരു കുടം ചോരയും....

ആരും സാക്ഷിപറയാനില്ലാതിരുന്നതിനാല്‍, കൊലപാതകം നടത്തിയ ആള്‍ ശിക്ഷിക്കപ്പെട്ടില്ല.. ആ കൊലപാതകം നാടിനൊരാശ്വാസവും ആയിരുന്നു.



ആറടി മണ്ണിലേക്ക്... ശാന്തരായ്...യാത്രയുടെ ഒടുക്കം...!





ബോഗന്‍ വില്ലകള്‍ അതിരിട്ട സെമിത്തേരി, ശവക്കുഴിക്കുമീതെ മാര്‍ബിള്‍ പാകി അതില്‍ പേരെഴുതി വെച്ച്, ഇങ്ങനെയൊരു മനുഷ്യന്‍ ഈ ലോകത്ത് ജീവിച്ചിരുന്നുവെന്നു വരും തലമുറയെ ഓര്‍മ്മിപ്പിക്കുന്ന ധാരാളം കുഴിമാടങ്ങള്‍..

പാവപ്പെട്ടവന്റെ നെഞ്ചിനു മുകളില്‍ പച്ചപ്പു പടര്‍ന്നു പിടിക്കുന്നു. അവരുടെ വിശപ്പിന്റെ തീവ്രത പുല്ലുകളിലെ കട്ടിയുള്ള ഹരിതകമായി മാറി സൂര്യര്‍ശ്മികളെ വാരിയെടുത്ത് ഭക്ഷണമാക്കുന്നു.

പ്രേമിച്ചു കൊതി തീരാതെ ആത്മഹത്യ ചെയ്യ്‌തവരുടെ കുഴിമാടങ്ങളിലെ പൂക്കള്‍ക്ക് പ്രണയത്തിന്റെ തീവ്ര ഗന്ധവും നിറവും.

കാലിലുടക്കി വലിക്കുന്ന തൊട്ടാവാടികള്‍.. ചിലപ്പോള്‍ അവയുടെ മുള്ളുകള്‍ കാലില്‍ ചോര പൊടിക്കും.. എന്തിനാവും അവ ഉടക്കി വലിക്കുന്നത്...? ഏതോ രഹസ്യം ഹൃദയത്തില്‍ സൂക്ഷിച്ചു മരിച്ചൊരാള്‍ അത് നിങ്ങളോടു പറയാന്‍ ശ്രമിക്കുന്നതാവും...!

ആത്മാക്കള്‍..........!ഏറ്റവും വിശുദ്ധിയുള്ളവര്‍ ... അവരുടെ ആവാസ ഭൂമിയിലേക്ക് ഒരു നാള്‍ ഞാനും.. അന്ന് എന്നെ അവിടേക്ക് ചുമന്നുകൊണ്ട് പോകാന്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ വേണം..

അവരുടെ കണ്ണിര്‍ എന്റെ കുഴിമാടത്തില്‍ പതിക്കുമ്പോള്‍, അവര്‍ക്ക് നല്‍കാനൊന്നുമില്ലല്ലോ എന്ന ദുഃഖത്തോടെ, എന്നാല്‍ അളവറ്റ സന്തോഷത്തോടെ ഞാന്‍ അവിടെ മയങ്ങിക്കിടക്കും..

എല്ലാ യാത്രകളും അവസാനിപ്പിച്ച്...... !


മഴത്തുള്ളീ മഴത്തുള്ളീ ....



കണ്ണുകളടച്ച് ആദിമ സൗഭാഗ്യ ശാന്തിയില്‍ നിറഞ്ഞ് ഞാന്‍ കണ്ണുകള്‍ അടച്ചു കിടന്നു. എന്റെ ഉടലിനെ പരിപൂര്‍ണ്ണമായി ഉറക്കിക്കിടത്തി . മരണം എന്നത് യാത്രചെയ്യാന്‍ മനസ്സില്ലാതെ ശരീരം ഉറങ്ങിവീഴുന്നതാണെന്നു ഞാനറിഞ്ഞു. മണ്ണിനടിയില്‍ എന്റെ ആത്മാവിനു ശ്വസിക്കാനും സ്വപ്നം കാണാനും കഴിയുമായിരുന്നു. എന്നിട്ടും അതിലൊന്നും താല്പര്യമില്ലാതെ ഞാനെന്റെ മരണം ആഘോഷിച്ചു കിടന്നു...

ഹേയ്, ആരാണു ആര്‍ദ്രലളിതമായ് എന്റെ നെറ്റിയില്‍ ഉമ്മവെച്ചത്..? കുളിര്‍ എന്റെ കവിളിലേക്ക് പകര്‍ന്നിങ്ങി... ഞാന്‍ കണ്ണുകള്‍ തുറന്നില്ല.. എന്നിട്ടും കാതില്‍ ഒരു കാതര ശബ്ദം. ! ഇത്രക്ക് മൃദുവായൊരു ശബ്ദത്തെ ഇതുവരെ എന്റെ കാതു കേട്ടിട്ടില്ല. 'സുഖമല്ലേ..?' എന്ന് ആ ശബ്ദം ശബ്ദമില്ലാതെ എന്നോട് ചോദിച്ചു.. ശബ്ദം അല്‍പം കൂടിയാല്‍ ഞാന്‍ മരണത്തിന്റെ ആലസ്യത്തില്‍ നിന്നും ഉണര്‍ന്നാലോ എന്ന് പേടിക്കുന്നതുപോലെ..

പിന്നീട് അനുരാഗലോലയായ് മൊഴിഞ്ഞു....... 'എന്നെ മനസ്സിലായില്ലേ..? ഞാന്‍ മഴത്തുള്ളിയാ..'!
നിന്നെ തേടി വന്നപ്പോള്‍ നീ ഭൂമിയുടെ ഗര്‍ഭപാത്രത്തിലുറങ്ങിയെന്നറിഞ്ഞു.. അപ്പോള്‍ മണ്ണിലേക്ക് ഊര്‍ന്നിറങ്ങി...

'അതേയ്, ഞാന്‍ യാത്ര മതിയാക്കാന്‍ എത്ര വട്ടം ആലോചിച്ചതാ.. എന്നിട്ടും സൂര്യന്‍ എന്നെ നീരാവിയാക്കും.. ആകാശത്ത് ഞാന്‍ മഴമേഘമായ് ഒഴുകി നടക്കും... അലസ യാത്ര.. പിന്നെ ടപ്പോന്ന് താഴോട്ട്.. പുഴയില്‍ വീണാല്‍ പുഴ എന്നെയും കൊണ്ട് അങ്ങനെ ഒഴുകിക്കോളൂം.. പുഴയാത്രയാണു ഏറ്റവും ആനന്ദിപ്പിക്കുന്നത്.. എന്തും സംഭവിക്കാവുന്ന യാത്ര...
ഹോ.! ഞാനിതാ വീണ്ടും നീരാവിയാകാന്‍ പോകുന്നൂ.... ഇനിയും അടുത്തവരവില്‍ കാണാം ട്ടോ...'

ശക്തമായി കഴുത്തിലൊന്നു ചുംബിച്ച്.. ആ മഴത്തുള്ളി നീരാവിയായ്...

യാത്ര തുടരാന്‍...!

2009, മാർച്ച് 17, ചൊവ്വാഴ്ച

ഹൃദയത്തില്‍ കവിതയൊഴുകിയിരുന്നവന്‍... യൂദാസ്.!

ഗോകുല്‍ത്താമലയിലേക്ക് വലിച്ചിഴക്കെപ്പെടുന്നു ഗുരു..! ചാട്ടവാറുകള്‍ അവന്റെ പുറം പൊളിക്കുന്നു...മരക്കുരിശ് അതിന്റെ ഭാരത്താല്‍ അവനെ ഭൂമിയോട് ചേര്‍ക്കാന്‍ ശ്രമിക്കുന്നു.. വിയര്‍പ്പും രക്തവും നിറഞ്ഞ മുഖത്തേക്ക് പടര്‍ന്നു വീണ നീണ്ട മുടിയിഴകള്‍.. അതിനുള്ളിലൂടെ അനന്തതയിലേക്കു നീളുന്ന നോട്ടം..!

യൂദാസ് പഴകിപ്പൊളിഞ്ഞ കെട്ടിടത്തിനു മറവിലേക്ക് മാറി നിന്നു വിമ്മി വിമ്മി കരഞ്ഞു. മുഖം കൈകളാല്‍ പൂഴ്ത്താന്‍ അവന്‍ മറന്നൂ. യേശുവിനു വേണ്ടി കരയുന്നൊരാളെ കണ്ടാല്‍ അവരെ വാളിനാല്‍ നേരിടുന്ന യഹൂദപ്പടയാളികളെ മറന്നു...

ഇന്നലെ അവന്‍ പ്രതീക്ഷിച്ചിരുന്നു ആള്‍ക്കൂട്ടം യേശുവിനെ വിട്ടയക്കാന്‍ പറയുമെന്നും അപ്പോള്‍ ഓടിപ്പോയ് അദ്ദേഹത്തിന്റെ കാല്പാദങ്ങളില്‍ വീണു കണ്ണീരാല്‍ ആ പാദങ്ങള്‍ തുടക്കണമെന്നും... ഹൃദ്യമായ സുഗന്ധ തൈലത്താല്‍ ആ കാല്പാദങ്ങള്‍ കഴികിത്തുടച്ച ധൂര്‍ത്തിനെക്കുറിച്ച് പറഞ്ഞതോര്‍ത്ത് അവന്റെ ഹൃദയം നുറുങ്ങി..ക്രൂശിക്കരുതേ എന്ന് ആരെങ്കിലും ഒന്നു വിളിച്ചു പറഞ്ഞിരുന്നെങ്കില്‍...ഗുരു ഒരു നിമിഷം വാക്കൊന്നു മാറ്റിപ്പറഞ്ഞ് തിരിച്ചിറങ്ങി വന്നിരുന്നെങ്കില്‍..

എന്നെ അദ്ദേഹം മാറോടൊന്നു ചേര്‍ത്തിരുന്നെങ്കില്‍..കഴിയും..എന്റെ ഗുരുവിനതിനു കഴിയും... ഒരു കരണത്തടിച്ചാല്‍ മറു കരണം കാണിച്ചുകൊടുക്കണം എന്നു പഠിപ്പിച്ച എന്റെ ഗുരുവിന് അതു സാധിക്കും.. അദ്ദേഹത്തിനെ അതിനു സാധിക്കൂ...

പീലാത്തോസ് ഈ രക്തത്തില്‍ പങ്കില്ലെന്നു പറഞ്ഞ് കൈ തുടച്ചപ്പോള്‍ യൂദാസ് കണ്ണീരു വീണു കുതിര്‍ന്ന മുഖം തുടച്ചു. കണ്ണിലേക്ക് കിനിഞ്ഞിറങ്ങിയ ഉപ്പിന്‍ നീറ്റലിന്‍ രൂക്ഷതയില്‍ അവന്‍ കണ്ണുകളടച്ചു..

ഗോകുത്താ മലയിലേക്കുള്ള യാത്രയില്‍ ഒരു അല്‍ഭുതം സംഭവിക്കുമെന്നും അതില്‍ മനുഷ്യരുടെ മനസ്സുകള്‍ മാറുമെന്നും യൂദാസ് വിചാരിച്ചു. ഒരു നിമിഷം ആള്‍ക്കാര്‍ അവനെ സ്നേഹിക്കുകയും അവനെ വിട്ടയക്കാന്‍ മുറവിളികൂട്ടുകയും ചെയ്യുന്നത്, അവനു ചുറ്റും അവര്‍ നൃത്തം ചെയ്യുന്നത്, ഗുരു അവര്‍ക്കു നടുവില്‍ ഒരു നക്ഷത്ര തേജസായ് ജ്വലിക്കുന്നത്...ജനിച്ചപ്പോഴേ മുതല്‍ എത്ര അല്‍ഭുതങ്ങളിലൂടെ വളര്‍ന്നവന്‍, ഇളം ശരീരങ്ങളെത്ര കൊത്തി മുറിക്കപ്പെട്ടു. എന്നിട്ടും മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് കടന്നു വന്നു ശബ്ദിച്ചവന്‍. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരേ ഊട്ടിയവന്‍.. ഇല്ല ആര്‍ക്കും അവനെ ഒന്നും ചെയ്യാനാവില്ല..!

അവന്റെ അരയില്‍ ചേര്ത്തുകെട്ടിയിരുന്ന വെള്ളിക്കാശുകള്‍ ചിലച്ചു.!

തലക്കുമുകളില്‍ കഴുകന്മാര്‍ പറന്നു നടക്കുന്നു.. യഹൂദരുടെ ആര്‍പ്പുവിളികള്‍. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കാന്‍ പറഞ്ഞൊരു സ്നേഹവിസ്മയത്തെ കുരിശിലേറ്റാന്‍ കൊണ്‍ടുപോകുന്നവരുടെ ആഹ്ലാദം.. രണ്ടു വസ്ത്രത്തിന്‍ ഒന്ന് ഇല്ലാത്തവനു കൊടുക്കാന്‍ പറഞ്ഞ അലിവിനെ അവസാനിപ്പിക്കാന്‍ കൊണ്ടുപോകുന്നവരുടെ ആക്രാന്തം..

യേശുവിന്റെ ഒപ്പം ചെലവഴിച്ച രാവുകള്‍.. നിലാവിനു സുഗന്ധം പോലെ അവന്റെ വാക്കുകള്‍. അത് മനസ്സിലേക്ക് അലിവോടെ ഒഴുകിയിറങ്ങുമ്പോള്‍ ഒരു നദിയില്‍ മുങ്ങിക്കുളിച്ച നിര്‍‌വൃതിയായിരുന്നു. ജറുസലേമിലെ വരണ്‍ടകാറ്റില്‍ ക്രിസ്തു ഒരു കുളിരായിരുന്നു. വാക്കുകള്‍ക്ക് മനസ്സിനെ തണുപ്പിക്കാനാവുമെന്നു അറിഞ്ഞപ്പോള്‍ അദ്യം അതിശയിച്ചത്. പിന്നെ ആ കുളിരില്ലാതെ നിലനില്‍ക്കാന്‍ ആവില്ലെന്നറിഞ്ഞപ്പോഴുള്ള ഉല്‍ക്കണ്ട. വിശക്കുന്നവന്റെ മുന്നില്‍ ദൈവം അപ്പമായ് പ്രത്യക്ഷപ്പെടും എന്നു പറഞ്ഞപ്പോള്‍ ഗുരു തന്നെ നോക്കി പുഞ്ചിരിച്ചോ...?എല്ലാ ശിഷ്യരുടെയും ഹൃദയത്തിലേക്കുള്ള ചിരി അവന്‍ സൂക്ഷിച്ചിരുന്നല്ലോ..!തനിക്ക് ആത്മാവിലായിരുന്നു അപ്പം വിളമ്പേണ്ടതെന്നു അവനറിഞ്ഞിരുന്നില്ലേ..? തന്റെ ആത്മാവായിരുന്നു ദാഹിച്ചു വലഞ്ഞതും വിശന്നു കരഞ്ഞതും..

എന്നിട്ടും എന്നെ എന്തിനു തെരഞ്ഞെടുത്തൂ...?

ഗോകുല്‍ത്താമലയുടെ ഉച്ചിയില്‍ ചോപ്പു പടര്‍ന്നു... യേശുവിന്റെ കൈകളിലേക്ക് ഇരുമ്പാണികള്‍ അടിച്ച് കയറ്റിയപ്പോള്‍ ചോര ചീറ്റിയുയര്‍ന്ന് ക്രൂരനായ പടയാളിയുടെ മുഖം നനച്ചു. ചോരചീറ്റിത്തെറിച്ച മുഖമുയര്‍ത്തി അവന്‍ കൂട്ടുകാരെ നോക്കി ആര്‍ത്തു അട്ടഹസിച്ചു.. ക്രിസ്തുവിന്റെ മുഖം വാടിത്തളര്‍ന്നിരുന്നു. ഒരു എതിര്‍പ്പും പ്രകടിപ്പിക്കാതെ അവന്‍ തന്റെ ബലി കര്‍മ്മത്തില്‍ യഹൂദരെ സഹായിച്ചു..

ആണിയടിച്ചു കയറ്റിയപ്പോള്‍ പൊട്ടിയ അസ്ഥിയുടെ ശബ്ദം കേട്ട് യൂദാസിന്റെ നെഞ്ചു കിടുങ്ങി !

ആകാശത്തേക്കുയര്‍ത്തപ്പെട്ട കുരിശില്‍ ക്രിസ്തു..! അവനു പിന്നില്‍ ചോരയില്‍ കുളിച്ച് ആകാശം..!

യൂദാസ് തിരിഞ്ഞു നടന്നു... മൂന്നു നാള്‍ പട്ടിണി കിടന്നതിനാല്‍ അവന്റെ ശരീരം ആടിയുലഞ്ഞിരുന്നു. കുപ്പായത്തില്‍ കാറ്റു വന്നു തട്ടിയപ്പോള്‍ പൊടി പറന്നു.. കല്ലുകളില്‍ തട്ടി കാല് പൊട്ടി ചോരയൊഴുകി. തെരുവിലൂടെ അവന്‍ അവനെ നഷ്ടപ്പെട്ട് നടന്നു.. ആരോ അവനു നേരേ മധുരപലഹാരം നീട്ടി.. ഒപ്പം വന്യമായൊരു മുരള്‍ച്ചയും... ''നസ്രയേത്തിലെ രാജാവ് കുരിശില്‍ തീര്‍ന്നു, ആഹ്ലാദിക്കൂ ,കുടിച്ച് തിമിര്‍ക്കൂ..."

അരയില്‍ കെട്ടിയിരുന്ന മുപ്പതുവെള്ളിക്കാശു കിലുങ്ങി!

ഭ്രാന്തനെപ്പോലെ യൂദാസ് അത് വലിച്ചു പറിച്ചെടുത്ത് യഹൂദ ദേവാലയത്തിലേക്കെറിഞ്ഞൂ.!.അവനെ കൂവി വിളിച്ച് യഹൂദന്മാര്‍ അവരുടെ ആഹ്ലാദങ്ങളില്‍ മുഴുകി.

വിജനമായ സ്ഥലം അവിടെ അവന്‍ തളര്‍ന്നിരുന്നു.. അവനരുകിലേക്കു പറന്നു വന്നൊരു കഴുകന്‍ അവനെ തുറിച്ച് നോക്കി.. അവന്‍ അതിന്റെ കണ്ണുകളിലേക്ക് മിഴിച്ച് നോക്കി.. മരണവും മരണവും തമ്മില്‍ കണ്ണുകോര്‍ത്തൂ...!

ക്രിസ്തു ഒരു വന്യസ്വപ്നത്തില്‍ ഭയങ്കരതയില്‍ കണ്ണുതുറന്നു...കണ്ട സ്വപ്നത്തിന്റെ തീവ്രതയില്‍ അവന്‍ ശരീരത്തിന്റെ വേദന മറന്നു... ഗുഹയുടെ കല്ലു നീക്കം ചെയ്യപ്പെട്ടിരുന്നു. സൂര്യ രശ്മികള്‍ അവന്റെ മുഖത്തേക്ക് സൗമ്യമായ് വന്നു വീണുകൊണ്ടിരുന്നു..

യൂദാസിനോട് സംസാരിച്ച് നിന്ന അത്തിമരത്തിന്റെ ചുവട്ടിലേക്ക് ക്രിസ്തു നടന്നു... കൂട്ടം തെറ്റിയ ഒരു ആട്ടിന്‍കുട്ടിയെ വിട്ട് കളയാന്‍ കഴിയാത്ത തന്റെ മനസ്സിനെ അടക്കാന്‍ കിസ്തു വല്ലാതെ ബുദ്ധിമുട്ടി. അത്തിമരത്തിനു ചുവട്ടില്‍ അത്തിപ്പഴങ്ങള്‍ വീണു കിടന്നിരുന്നു. അന്ന് യൂദാസിനോട് തന്നെ ഒറ്റുകൊടുക്കുന്ന കാര്യം പറഞ്ഞപ്പോല്‍ അവന്റെ മുഖം പേടികൊണ്ട് വിളര്‍ത്തിരുന്നു.. അപ്പോള്‍ രണ്ട് അത്തിപ്പഴമെടുത്ത് ഒന്ന് അവന്റെ കൈകളില്‍ വെച്ചുകൊടുത്തതും മറ്റേത് താന്‍ നുണഞ്ഞ് 'എന്തു മധുരമെന്ന്' പറഞ്ഞ് അവനെനോക്കി ചിരിയില്‍ മധുരം വാരിയിട്ടതും ക്രിസ്തു ഓര്‍ത്തൂ..

യൂദാസ്, അവനൊരു ശിശുമനസ്സായിരുന്നു. ഗുരുവിന്റെ വാക്കുകളെ ഒന്നൊഴിയാതെ കോരിയെടുത്തവന്‍. അതല്ലേ അവന്‍ സുഗന്ധ ദ്രവ്യങ്ങള്‍ തന്റെ കാലില്‍ പൂശിയപ്പോള്‍ അതിനെ പുശ്ചിച്ചത്.. താനോ, മറിയം അത്ര കഷ്ടപ്പെട്ട് തനിക്കായ് തന്റെ കാല്‍ക്കീഴില്‍ അര്‍പ്പിച്ചൊരു ആതിഥ്യത്തെ നോവിക്കാനും കഴിയാത്തൊരവസ്ഥയില്‍..

അന്നേ തീരുമാനിച്ചതാണു ഇവനാണു എന്നെ ഒറ്റുകൊടുക്കേണ്ടവന്‍..!
തന്നെ ശരിക്കും മനസ്സിലാക്കിയവന്‍, തന്റെ ആശയങ്ങള്‍ ഇവനു വെറുതെ ഉരുവിടാനുള്ളതല്ല. അത് പ്രവര്‍ത്തിയില്‍ കൊണ്ടുവരാനുള്ളതാണു.

തന്റെ ആശയങ്ങള്‍ക്ക് ഒരു രക്തസാക്ഷിത്വം ആവശ്യമാണു.. അതിനായ് മറ്റാരെയും തനിക്ക് ബലികൊടുക്കാനാവില്ല.. എന്റെ ചോരയാണ് എന്റെ ആശയങ്ങളുടെ പ്രതിഷ്ഠ നടത്തേണ്ടത്!

ക്രിസ്തു ഒരു അത്തിപ്പഴമെടുത്ത് നാവില്‍ വെച്ചു.. പിന്നെ തുപ്പിക്കളഞ്ഞു.

അവന്റെ ചുംബനം കവിളില്‍ നീറുന്നു. എന്തൊരു ചൂടായിരുന്നു യൂദാസിന്റെ ചുണ്ടുകള്‍ക്കപ്പോള്‍.?. മനസ്സുവെന്തിരിക്കുന്നൊരുവന്റെ ചുണ്ടുകള്‍ കനല്‍ക്കട്ടകളാകും.!.മറുകവിളും അവനുമ്മവെക്കാന്‍ നല്‍കാന്‍ കഴിഞ്ഞില്ലല്ലോ...ക്രിസ്തുവിനു തന്റെ മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. അവനെണീറ്റ് നടന്നു...

ആകാശത്തേക്ക് മിഴികള്‍ പറത്തിവിട്ടു.. അകലെ അകലെ കഴുകന്മാര്‍ വട്ടമിട്ടു പറക്കുന്നു.. വേവലാതിയോടെ ക്രിസ്തുവിന്റെ കാലുകള്‍ അവിടേക്കു ചലിച്ചു.

ഒരു കാഞ്ഞിരമരത്തിനു താഴെ ഒരു അസ്ഥികൂടം.!കഴുകന്‍ കൊത്തിത്തിന്ന ശരീരത്തില്‍ ഇനി ഒരു കാല്പാദം മാത്രം........!
'എന്റെ പിതാവേ..!'. ക്രിസ്തുവിന്റെ തൊണ്ടയില്‍ നിന്നും വാക്കുകള്‍ പുറത്തുചാടി..

താന്‍ കഴുകിത്തുടച്ച് കാല്പ്പാദം...!
ക്രിസ്തു അതിനരുകില്‍ നിശ്ബ്ദനായിരുന്നു...അപ്പോള്‍ കാറ്റ് അത്തിമരത്തില്‍ പടര്‍ന്ന് ദേവദാരുക്കളെ ഉമ്മവെച്ച്..ക്രിസ്തുവിനരുകില്‍ വന്ന് നിശ്ചലമായ് നിന്നു...!

2009, ഫെബ്രുവരി 8, ഞായറാഴ്‌ച

കൃഷ്ണനും ക്രിസ്തുവും കണ്ടുമുട്ടിയപ്പോള്‍.....

രാവിലെ ഒരു ചായകുടിക്കാന്‍ ക്രിസ്തു പുറത്തിറങ്ങി. ഡിസംബര്‍ ആരംഭിച്ചിരിക്കുന്നു. സ്വര്‍ഗ്ഗത്തെ മൂടി നില്‍ക്കുന്ന മഞ്ഞിലൂടെ ഒരു മൂളിപ്പാട്ടും പാടി ക്രിസ്തു നടന്നു..

"കാളിന്ദീ തീരം തന്നില്‍...നീ വാ വാ' അതി മനോഹരമായൊരു ഗാനം .

ക്രിസ്തു അവിടെക്കു ചെന്നപ്പോള്‍ മുളന്തണ്ടിലൂടെ ഗാനം പൊഴിച്ചൊരാള്‍. നല്ല സുന്ദരന്‍. ക്രിസ്തുവിന് ആളെക്കണ്ട് ഇഷ്ടായി, പാട്ടും ഇഷ്ടപ്പെട്ടു. ഗാനം ആസ്വദിച്ച് അതില്‍ അലിഞ്ഞ് ക്രിസ്തു അവിടിരുന്നു..
മെല്ലെ തോളില്‍ തലോടുന്നതറിഞ്ഞ് ക്രിസ്തു കണ്ണു തുറന്നു. നിറ മന്ദഹാസത്തോടെ പാട്ടുകാരന്‍ പറഞ്ഞു..

"ഞാന്‍ കൃഷ്ണന്‍, കണ്ണന്‍ എന്നും വിളിക്കും. നൊസ്റ്റാള്‍ജിയ കൊണ്ടു പാടിയതാണു.."
"എന്തു നൊസ്റ്റാള്‍ജിയാ?" ക്രിസ്തു അതിശയിച്ചു.
കാര്‍‌വര്‍ണ്ണന്‍ വൃന്ദാവനത്തിലെ കഥകള്‍ പറഞ്ഞുകേള്‍പ്പിച്ചു. കണ്ണും മിഴിച്ച് ക്രിസ്തു അതുകേട്ടിരുന്നു. സാധാരണ ഭൂമി എന്നു കേള്‍ക്കുമ്പോള്‍ ഒരു ഞെട്ടലാണു മനസ്സില്‍.. എന്നാല്‍ ഇപ്പോഴിതാ കണ്ണന്‍ ഭൂമി സ്വര്‍ഗ്ഗത്തെക്കാള്‍ മനോഹരമെന്നു പറയുന്നു...

'എന്നിട്ടന്താ തിരിച്ചു പോന്നത്...?'

അതോ തിരിച്ചുപോന്നതല്ലാ.. ഒരുത്തന്‍ എന്നെ അമ്പെയ്ത് തിരിച്ചയച്ചതാ.....കശ്മലന്‍..!

ക്രിസ്തുവിനു സമാധാനമായ്.........അനന്തരം ക്രിസ്തുവും കൃഷണനും ഒരുമിച്ച് ചായകുടിക്കാന്‍ പോയി...
"ഈ ചായക്കു മധുരമില്ലാ, ഈ പരിപ്പുവട വെന്തിട്ടില്ലാ..." എന്ന് ക്രിസ്തു പരാതി പറഞ്ഞപ്പോള്‍ കൃഷ്ണന്‍ അമ്പരന്നു.....
"അപ്പോള്‍ നിങ്ങളും കേരളത്തില്‍ പോയിട്ടുണ്‍ടല്ലേ...?"
ക്രിസ്തു തന്റെ കരമുയര്‍ത്തി, ആണിപ്പാടുകള്‍ കാണിച്ചുകൊടുത്തു...
ക്രിഷണനു തന്റെ കാല്പ്പാദം ഓര്‍മ്മ വന്നു..രണ്ടുപേരും നിശ്ശബ്ദരായിരുന്നു ചായകുടിച്ചു....

ആദ്യാനുരാഗം .... താറാവു പൂട.......

ഹോ! ചേട്ടന്റെ കടയില്‍ നിന്ന് പുറത്തേക്ക് നോക്കി നിന്ന് ഒരു സോഡാ നാരങ്ങാവെള്ളവും ഒരു മുഴുത്ത ബോണ്ടയും ആര്‍ത്തിയോടെ അകത്താക്കുമ്പോഴാണു ആ കാഴ്ച കണ്ടതും ബോണ്ട എന്റെ തൊണ്ടയില്‍ കുരുങ്ങിയതും.

അലസമായ്, എന്നാല്‍ ചുണ്ടിലൊരു മന്ദഹാസവുമായ് - മഴവില്ല് തോണ്ടിയെടുത്തു ചുണ്ടില്‍ തേച്ചപോലത്തെ പുഞ്ചിരിയുമായ്- മെല്ലെ മെല്ലെ നടന്നു വരുന്നു അവള്‍. സിന്ദൂരപ്പൊട്ട്, അത് വിയര്‍പ്പിലലിഞ്ഞ് കുതിര്‍ന്ന് നെറ്റിയില്‍ പടര്‍ന്നിരിക്കുന്നു. മുടിയിഴകള്‍ അലസമായ് മൂന്നാലിഴകള്‍ അവളുടെ മുഖത്തേക്ക് വീണു കിടക്കുന്നു. ഇത്ര ദിവസം കോളേജ് വരാന്തയിലൂടെ തേരാപ്പാരാ അലഞ്ഞിട്ടും ഇവളെ എന്തേ കണ്ടില്ലാ. ചിലപ്പോള്‍ പവിഴങ്ങള്‍ സമുദ്രത്തിനടിത്തട്ടിലെന്ന പോലെ ഇവള്‍ കോളേജിലെ ഏതെങ്കിലും ഇരുണ്ട് കോണീല്‍ എനിക്കായ് കാത്തിരുന്നതാവും.

ഒരിറക്ക് സോഡാ വിഴുങ്ങി, ഞാന്‍ പിന്നാലെ പാഞ്ഞു. പിന്നില്‍ നിന്നും ചേട്ടന്‍ വിളിച്ചു കൂവി, 'കാശു തന്നില്ലാ.. '
'പറ്റിലെഴുതിക്കോ' എന്ന് ഞാന്‍ വിളിച്ചു പറഞ്ഞു.
'ഏതു പറ്റ്?' എന്ന് ചേട്ടന്‍ വീണ്ടും കൂവിയതിനെ പ്രതിപക്ഷ ബഹളത്തിനിടയില്‍ അതു ശ്രദ്ധിക്കാതെ പ്രസംഗിക്കുന്ന മന്ത്രി പുംഗവനെപ്പോലെ ഞാനും എന്റെ കര്‍ത്തവ്യത്തില്‍ നിരതനായ്.

ഇപ്പോള്‍ എനിക്കൊരു ലക്ഷ്യമായ്, ഇനി കിട്ടുന്ന സമയത്ത് നായെപ്പോലെ അലഞ്ഞു തിരിഞ്ഞ് നടക്കേണ്ട്. നങ്കൂരമിടാനുള്ള സ്ഥലം ലഭിച്ചിരിക്കുന്നു!

എന്നും രാത്രിയില്‍ അവള്‍ക്കായ് ഓരോ കത്തെഴുതി, നേരം വെളുക്കുമ്പോള്‍, അതു വായിച്ച് ബോര്‍ അടിച്ച്, കീറിക്കളയും. ഒരു കത്ത്, മനസ്സില്‍ തിളക്കുന്ന ലാവ മുഴുവന്‍ പകര്‍ത്തി വെക്കണം.അതു വായിച്ച് അവള്‍ പ്രണയാഗ്നിയില്‍ ജ്വലിക്കണം.
കഷ്ടം ! മലയാള ഭാഷ എത്ര ശുഷ്കം...? എനിക്ക് അതിന്റെ മോന്തക്കിട്ട് ഒരു ചവിട്ട് കൊടുക്കാന്‍ തോന്നി. വെറുതെയല്ലാ ഇവിടെ പ്രണയങ്ങളൊന്നും പൂക്കാത്തത്.. ഭാഷ അപൂര്‍ണ്ണം...!

അങ്ങനെ ആ സുദിന കാലഘട്ടം വന്നണഞ്ഞു. കോളേജിലക്ഷന്‍ എന്ന സുന്ദര സുരഭില കാലം. എല്ലാ പെണ്ണൂങ്ങളെയും സ്വൈര്യമായ് പഞ്ചാരയടിക്കാനുള്ള ലൈസന്‍സ് കിട്ടിയ സ്വര്‍ഗ്ഗീയ നിമിഷങ്ങള്‍.കോളേജില്‍ വെച്ച് പഞ്ചാരയടിക്കുന്നതും പോരാതെ വീടു തെണ്ടി വോട്ടു പിടിക്കാനുള്ള ഭാഗ്യവും.

സാധാരണ വെയിലു കൊണ്ടു നടന്ന് നടത്തുന്ന ഈ തെണ്ടലില്‍ എനിക്ക് വലിയ താല്പര്യമൊന്നും ഇല്ലായിരുന്നു. കാരണം ഇഷ്ടം പോലെ വായിക്കാം. ക്രിക്കറ്റ് കളിക്കാം. എന്നാല്‍ ഇത്തവണ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന ചില കൂട്ടുകാരുമായ് വീടു തെണ്ടാം എന്നു വിചാരിച്ചു. യാത്ര തിരിച്ചപ്പോഴാണു പ്രശ്നം! എന്നെപ്പോലെ തന്നെ അവന്മാര്‍ക്കും ഓരോ ലക്ഷ്യം.... ഒരുത്തനു തലനാട് ആണെങ്കില്‍ മറ്റൊരുത്തനു അടിവാരം വേറൊരുത്തനു പൂഞ്ഞാര്‍....

അവളുടെ വീട്ടിലെത്തിയപ്പോള്‍ എന്റെ കാലുകള്‍ക്ക് ഒരു വിറയല്‍. ഹേയ്, തോന്നലാ... മനസ്സിനെ മെരുക്കാന്‍ ദീര്‍ഘമായ് ശ്വാസം വിട്ട് കരുത്തുനേടി....നല്ലൊരു വീട്, കൊള്ളാം സുന്ദരിക്ക് ചേരുന്ന വീടു തന്നെ.... വീടിന്റെ മുറ്റത്ത് നിറയെ ചെടികള്‍, ഒരു ചട്ടിയില്‍ കള്ളിമുള്‍ ച്ചെടി. അതില്‍ സൂക്ഷിച്ചു നോക്കിയപ്പോള്‍ എനിക്ക് സന്തോഷം സഹിക്കാന്‍ കഴിഞ്ഞില്ലാ. അവളുടെ പേര്‍, നഖം കൊണ്ട് അതില്‍ പോറിച്ചു വെച്ചിരിക്കുന്നു. ആ ചെടി പറിച്ച് വേരോടെ തിന്നാന്‍ എനിക്കു തോന്നി....

ഹോ..! മുള്ളൂകള്‍, ദരിദ്രവാസികള്‍..! എന്റെ പ്രണയത്തെ അനുവദിക്കാത്തവര്‍.. മുള്ളേ നീ മുടിഞ്ഞു പോകട്ടേ...!

സ്വീകരണമുറിയില്‍ ഞങ്ങള്‍ ഉപവിഷ്ടരായ്, അവളുടെ അപ്പന്‍, ഒരു മഹാ കത്തി. കോളേജില്‍ രാഷ്ട്രീയം പാടില്ലാ എന്നൊക്കെ കിളവന്‍ വെച്ചു കീച്ചുന്നു. മന്ദന്‍ മാത്രം രസിച്ചു കേള്‍ക്കുന്നുണ്ട്. ഷൈന്‍ തിന്നാന്‍ കോണ്ടുവരുന്ന സാധനങ്ങളെക്കുറിച്ച് ആലോചിച്ചാണെന്നു തോന്നുന്നു വെള്ളം വിഴുങ്ങുന്നു... കിളവന്റെ കത്തികേട്ട് ബോറടിച്ച് അനൂബ് ഇടക്ക് എന്റെ ചെവിയില്‍ പറഞ്ഞു മൂപ്പിലാനെ അങ്ങു പൂശിയാലോ... ഞാന്‍ അവനോട് മിണ്ടാതിരിക്കാന്‍ കണ്ണുകാണിച്ചു..

അപ്പോള്‍ അതാ അവള്‍ വരുന്നു. ചുണ്ടില്‍ ആ പുഞ്ചിരിയുണ്ട്, അവള്‍ എന്നെ സൂക്ഷിച്ചു നോക്കിയതുപോലെ, അവളുടെ ചിരി എനിക്കായ് മാത്രമാണെന്നു ഞാന്‍ വിചാരിച്ചു. എല്ലാര്‍ക്കും ഓരോഗ്ലാസ് ജൂസ്, പിന്നെ ഒരു താലത്തില്‍ ബിസ്ക്കറ്റ്.. ഞാന്‍ അവളെ നോക്കി നന്നായ് ചിരിച്ചു.

ഞാന്‍ ഒരു സ്വപ്നത്തില്‍ അലിഞ്ഞതുപോലെ.... അവളുടെ കൈ പിടിച്ച് ഞാന്‍ ഓടുന്നു... വാഗമണ്ണിലെ യൂക്കാലിക്കാടുകള്‍ക്കിടയിലൂടെ, ആ മൊട്ട കുന്നിലേക്ക് ഓടിക്കയറുന്നു.. ഓട്ടം ഓട്ടം... പിന്നെ അവളൂടെ തോളില്‍ ചാരി നിന്നു കിതക്കുന്നു.... പ്രണയം മഞ്ഞായ് എന്നില്‍ നിറയുന്നു..അവള്‍ക്ക് എന്തു നല്ല സുഗന്ധം..ഞാന്‍ ഒന്നുകൂടെ മണത്തു... അവളുടെ പിന്‍ കഴുത്തില്‍.......
ച്ചേയ്, ഒരു മീനുളൂമ്പിന്റെ നാറ്റം.....!!!
ഞാന്‍ സ്വപനത്തില്‍ നിന്നും ഇട്ടപ്പൊത്തോന്ന് താഴെ വീണൂ.....എല്ലാരും ജ്യൂസ് കുടിച്ച് ചിറി തുടച്ച് ബിസ്ക്കറ്റ് തിന്നുന്നു...ഞാന്‍ ഗ്ലാസില്‍ ഒന്നുകൂടെ മണത്തു നോക്കി.........

മത്തിയുടേ നാറ്റം..!ചിഞ്ഞ മത്തിയുടെ നാറ്റം.. !!
എനിക്ക് ഓക്കാനം വന്നു... അതു കണ്ട് കൂട്ടുകാര്‍ എന്നെ നോക്കി, ഏതു ഷാപ്പില്‍ നിന്നാ ഞാന്‍ അവരറിയാതെ വീശിയതെന്ന രൂക്ഷതയോടെ....!
അവിടെ നിന്നിറങ്ങിയപ്പോള്‍... എന്നില്‍ സ്വപ്നങ്ങളില്ലയിരുന്നു....
എവിടെയെങ്കിലും എന്റെ പ്രണയം ഒന്നു ഛര്ദ്ദിച്ചു കളയണമെന്നേ ഉണ്ടായിരുന്നുള്ളൂ.

ആദ്യാനുരാഗത്തിന്‍..... കോഴിത്തൂവലുകള്‍.....

കോളേജിലെത്തി,അലമ്പിന്റെ അത്യാവശ്യം കാര്യങ്ങളൊക്കെ പഠിച്ച് ഇനി ഏതു ചേട്ടന്മാരോടും ഒരു കൈ നോക്കാം എന്ന് ഒരു ഗമയൊക്കെ ആയപ്പോഴാണു. എനിക്ക് ഒരു പ്രണയമില്ലാത്തതിന്റെ ശൂന്യത ബോധ്യമായത്, നല്ല ചുള്ളത്തി പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജില്‍ എനിക്കു മാത്രം ഒരു പ്രണയമില്ലാതിരിക്കുക. ആലോചിച്ചാലോചിച്ച് എന്റെ മനസ്സിനു വരട്ടു ചൊറി പിടിച്ചു. പിന്നെ എപ്പോഴും മനസ്സില്‍ ചൊറിഞ്ഞുകൊണ്ടിരുന്നു,.

ഒരു പെണ്‍കുട്ടിയെ എങ്ങനെയാണു ലൈന്‍ ആക്കുക. ബിജുവാണു അതിനുത്തരം പറഞ്ഞത്. ആദ്യം നമുക്ക് ലൈന്‍ ആക്കേണ്ട കുട്ടിയെ തെരഞ്ഞെടുക്കുക. എന്നിട്ട് മൂന്നാലു വട്ടം വരാന്തയിലൂടെ തെക്കു വടക്കു നടക്കുക. ഒരു അലവലാതി വരാന്തയിലൂടെ ചുമ്മാ തേരാപ്പാരാ നടക്കുന്നത് അവള്‍ക്കു ബോധ്യപ്പെട്ടാല്‍ രണ്ടാം ഘട്ടമായ്, അവള്‍ നമ്മെളെ നോക്കും നമ്മുടെ നോട്ടം എപ്പോഴും ആ പോയിന്റില്‍ ആയതിനാല്‍ ഉടനെ പാക്ക് വിമാനം ഇന്ത്യന്‍ റഡാറില്‍ പതിക്കുന്നതിനെക്കാള്‍ സൂക്ഷമ‌മായും സുവ്യക്തമായും നമ്മുടെ റെറ്റിന പിടിച്ചെടുക്കും
നമ്മള്‍ അവളുടെ കണ്ണുകളിലേക്ക് നമ്മുടെ നോട്ടത്തെ ഫോക്കസ് ചെയ്യ്‌തിട്ട് ഒരു തവണ സൈറ്റ് അടിക്കുക (എങ്ങനാടാ സൈറ്റ് അടിക്കുന്നത്, ഞാന്‍ അറിയാതെ ഒന്നു ചോദിച്ചു പോയതിനു അവന്‍ വിളിച്ച തെറിക്ക് കണക്കില്ലാ, എങ്ങാണ്ടെത്തെ മഞ്ഞള്‍ മാറുന്നതിനു മുന്നെ കോളേജില്‍ വന്നവനാണു ഞാന്‍ എന്നൊക്കെ പറഞ്ഞു. എന്നിട്ടും ഞാന്‍ മിണ്ടിയില്ലാ, ഗുരുവേ നമഃ ഹ എന്നണല്ലോ. )ഒരു കണ്ണ് ട്യൂബ് ലൈറ്റ് പോലെ ഒന്നു മിന്നിക്കുന്നതാണു സൈറ്റ് അടിക്കുന്നതിലെ ശാസ്ത്രീയത എന്നവന്‍ പറഞ്ഞു തന്നു ഒരു നല്ല പുളിച്ച ചീത്തയുടെ അകമ്പടിയോടെ. ഞാന്‍ ഒന്നു ലൈന്‍ ആക്കിക്കോട്ടടാ എന്നിട്ട് നിന്നെ ഇതിന്റെ പത്തിരട്ടി തിരിച്ചു വിളിക്കുമെന്നു മനസ്സില്‍ പറഞ്ഞ് ആവശ്യം പോലെ മനസ്സില്‍ അവനെ ചീത്ത വിളിച്ചു സന്തൊഷിച്ചു.

മൂന്നാലു ദിവസത്തെ ശ്രമ ഫലമായ് ഒരു സുന്ദരിയെ കണ്ടു പിടിച്ചു. നല്ല ഉയരം, വെളുത്ത നിറം , നീണ്ട മുടി പിന്നാതെ അറ്റം കെട്ടിയിട്ടിരിക്കുന്നു.പോരാതെ ഫുള്‍ പാവാടയും ബ്ലൗസും. എന്നിലെ കാമുകനു സ്വപ്നം കാണാനും കവിത കുറിക്കാനും കഴിയുന്ന കണ്ണുകള്‍ (ഇത്രയും ഞാന്‍ ഒളിച്ചു നിന്നാണു കണ്ടത്)

ഒരു ദിവസം ഞാന്‍ വരാന്ത വഴി വന്നപ്പോള്‍, ദാ ആ കുട്ടി, ഒരു ചന്ദനക്കളര്‍ ബ്ലൗസും കറുത്ത ഫുള്‍ പാവാടയും ധരിച്ച്, മോഹിനിയായ് നില്‍ക്കുന്നു. ഹൃദയത്തില്‍ ഒരു മിന്നല്‍ , ഞാന്‍ അവളെ നോക്കിയപ്പോള്‍ അവള്‍ വശ്യമായ് ചിരിക്കുന്നു. ആ ചിരി എന്നില്‍ ആവേശത്തിന്റെ കൊടുങ്കാറ്റിളക്കി.
അടിച്ചൂ ഞാന്‍ സൈറ്റ്....!
ഒരു നിമിഷം ദാ ഫ്യൂസാവാന്‍ പോകുന്ന ട്യൂബ് ലൈറ്റ് പോലെ അവളുടെ കണ്ണുകള്‍ അടഞ്ഞു തുറക്കുന്നു.എനിക്ക് ബോധം പോയതുപോലെ തോന്നി.......ഒരു പാച്ചില്‍, എങ്ങനെ രക്ഷപ്പെട്ടുവെന്ന് എനിക്ക് അറിയില്ലാ. പണ്ടൊരിക്കല്‍ ഒരു എമണ്ടന്‍ പട്ടി എന്നെ ഓടിച്ചപ്പോഴും ഈ റ്റെക്ക്‌നിക്ക് ഞാന്‍ നന്നായ് പ്രയോഗിച്ചിരുന്നു.
ക്ലാസിലെത്തി, പിന്നിലത്തെ ബഞ്ചിലിരുന്നു,( ഒന്നാം ക്ലാസുമുതല്‍ അതാണു നമ്മുടെ രാജകീയ സ്ഥാനം,മുന്നിലിരുന്നാല്‍ പിന്നിലിരിക്കുന്ന ഒരുത്തനും ഒന്നും കാണാന്‍ പറ്റില്ലാ.)
വല്ലാത്ത കിതപ്പ്, "ഹേയ്, ഈ ക്ലാസിലാ പഠിക്കുന്നത്?"
തല ഉയര്‍ത്തിയപ്പോള്‍ ദാ, നിക്കണു നമ്മുടെ സൗന്ദര്യ ധാമം.. സത്യം പറയാല്ലോ അപ്പോള്‍ അവള്‍ക്ക് ഒട്ടും സൗന്ദര്യം തോന്നിയില്ലാ. അതോ തല മന്ദിച്ചിരിക്കുമ്പോള്‍ ഇങ്ങനാവും എല്ലാരും.
"ടാ മോനേ, കുറച്ചു നാളൂടെ കഴിഞ്ഞ് ഈ പരിപാടിക്കിറങ്ങിയാല്‍ മതീട്ടോ...."എന്നിട്ട് ആള്‍ ഒരു ബഹളച്ചിരിയും. ഞാനതു കണ്ടില്ലാ അതു കേട്ടു...

എന്തായാലും ആ ചേച്ചിയായിരുന്നു പിന്നീട് കോളേജിലെ എന്റെ ഏറ്റവും വലിയ ഒരു കൂട്ടുകാരി. ഒരിക്കല്‍ പാലായില്‍ വെച്ചു കണ്ടപ്പോള്‍ കെട്ടിയവനോട് എന്തോ പറഞ്ഞു ചിരിക്കുന്നു... അദ്ദേഹത്തിനും ചിരി..ഇന്ത്യന്‍ ഹോഫീ ഹൗസില്‍ കയറി കോഫി കുടിച്ച് ഇരുന്നപ്പോഴാ, തോമസ് ചേട്ടന്‍ എനിക്കിട്ട് ഒന്നു കുത്തിയത്. അന്ന് ഇവള്‍ മനോജിനെ പേടിപ്പിക്കാതിരുന്നെങ്കില്‍ ഞാന്‍ രക്ഷപ്പെടുമായിരുന്നല്ലേ.. ഗ്ലു..ഗ്ല്... ചൂട് കാപ്പി തൊണ്ടയില്‍ കുരുങ്ങുന്നത് അത്ര നല്ല കാര്യമല്ലാ..........